UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്കൂള്‍ കലോത്സവം: വിധിയെഴുതാന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ജൂറിമാരും

Avatar

എ കെ നസീം അലി

കോഴിക്കോട് നടക്കുന്ന അമ്പത്തിയഞ്ചാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമാന്തര ജൂറിയുമായി ഒരുപറ്റം സാംസ്‌കാരിക നായകരും പൊതുജനങ്ങളും. സിവിക് ചന്ദ്രന്‍, മാമൂക്കോയ, അനൂപ് ചന്ദ്രന്‍, കല്‍പ്പറ്റ നാരായണന്‍, പ്രകാശ് ബാരെ, വി ആര്‍ സുധീഷ്, സജിത മഠത്തില്‍, ഹിമ ശങ്കര്‍, ഷിബു മുഹമ്മദ്, താഹ മാടായി, ഡോ. ഖദീജ മുംതാസ്, മൈന ഉമൈബാന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അമ്പതംഗ സംഘമാണ് സമാന്തര ജൂറിയായി പ്രവര്‍ത്തിക്കുന്നത്.

കലോത്സവങ്ങള്‍ പണക്കൊഴുപ്പിന്റെ മേളയാകുമ്പോള്‍ ബലിയാക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് സമാന്തര ജൂറി എന്ന ആശയം വന്നതെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു.

കലോത്സവങ്ങളില്‍ നിന്ന് എത്ര പുതിയ കവികളും കലാകാരന്മാരും, അഭിനേതാക്കളും പുറത്തു വരുന്നുണ്ട് എന്ന കണക്കുകള്‍ ആളുകള്‍ പരിശോധിക്കുന്നില്ല. യുവജനോത്സവങ്ങള്‍ക്കു വേണ്ടി മാത്രം പ്രത്യേകം പരിശീലിപ്പിച്ച്, വേദികളില്‍ മാത്രം എരിഞ്ഞു തീരുകയാണ് ഒരുപറ്റം കലാകാരന്മാര്‍. രക്ഷിതാക്കള്‍ അവരുടെ നടക്കാതെപോയ സ്വപ്‌നങ്ങളെ തങ്ങളുടെ മക്കളുടെ മേല്‍ അടിച്ചമര്‍ത്തുന്ന കാഴ്ചപുറത്തുവര്‍കളാണ് കലോത്സവ നഗരികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

പണക്കിലുക്കത്തിന്റെ ബലത്തില്‍ വിധി എഴുതുന്ന ജൂറിമാര്‍ എന്നും കലോത്സവത്തിന്റെ തീരാകളങ്കമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജൂറിമാര്‍ ഈ വര്‍ഷവും മത്സര വിധി എഴുതാനുണ്ട് എന്നത് വലിയൊരു വീഴ്ചയാണ്. പണം വാങ്ങി വിധി എഴുതുന്ന ജൂറിമാരെ പിടികൂടാന്‍ വിജിലന്‍സ് ഉണ്ടെങ്കിലും അവര്‍ക്കിടയില്‍ തന്നെ ഒരു അവിശുദ്ധ കൂട്ട് കെട്ടുണ്ടെന്ന് സമാന്തര ജൂറിക്കാര്‍ ആരോപിക്കുന്നു.

കലോത്സവങ്ങളിലെ ചില പരിപാടികള്‍ കണ്ടാല്‍ തന്നെ മത്സരങ്ങളുടെ നിലവാരത്തകര്‍ച്ച നമുക്ക് മനസ്സിലാക്കാം. കാണികള്‍ക്ക് നേരം പുലരുവോളം പുതിയതരം സദ്യകള്‍ കൊണ്ട് മനം നിറയ്ക്കാനുള്ള നാടകസദസ്സുകള്‍ ഈ വര്‍ഷം ഒഴിഞ്ഞു കിടന്നു. നാടകങ്ങളുടെ നിലവാരത്തകര്‍ച്ച നമുക്ക് സദസില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ടി വി റിയാലിറ്റി ഷോകളുടെ തനിയാവര്‍ത്തനവും പുതുമകള്‍ ഒന്നും നല്‍കാതെയുമാണ് നാടകങ്ങള്‍ കഴിഞ്ഞുപോയത്. സംഗീതത്തിന്റെ അതിപ്രസരം വിദ്യാര്‍ത്ഥികള്‍ക്ക് അഭിനയിക്കാനുള്ള ഇടത്തെ ഇല്ലാതാക്കി.

വെള്ളിയാഴ്ച നടന്ന നാടകമത്സരവേദിയിലായിരുന്നു സമാന്തര ജൂറിയുടെ പ്രധാന പ്രവര്‍ത്തനം. പ്രകാശം ബാരെ, അനൂപ് ചന്ദ്രന്‍, മാമുക്കോയ എന്നിവര്‍ ജനകീയ വിധി എഴുത്തുകാരായി. ഭരതനാട്യം, ഗസല്‍, ഗാനമേള, ഒപ്പന, ലളിതഗാനം, പ്രസംഗം തുടങ്ങിയ വേദികളിലും ജനകീയ എഴുത്തുകാര്‍ അണിനിരന്നു. അപ്പീലുകള്‍ വഴിവന്ന പലമത്സരങ്ങളും കാഴ്ച്ചക്കാര്‍ക്ക് വിരസത മാത്രം നല്‍കി. ഇതുവരെ അപ്പീല്‍ വഴിമാത്രം ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തിനായി എത്തിയിട്ടുണ്ട്.

സമാന്തര ജൂറിക്ക് സദസുകള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിധി നിര്‍ണയത്തിന് എത്തിയ ജൂറികമ്മിറ്റികള്‍ക്ക് അവരുടെ വിധി എഴുത്തുകള്‍ പുനഃപരിശോധിക്കാന്‍ ജനകീയ ജൂറിയുടെ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു.

സാംസ്‌കാരിക ജൂറിയുടെ കീഴില്‍ ദിവസവും ഓപ്പണ്‍ ഫോറം എന്ന പേരില്‍ ഡെയ്‌ലി ബുള്ളറ്റിനും ഇറങ്ങുന്നുണ്ട്. അതേസമയം കലോത്സവനഗരിയില്‍ തന്നെ സമാന്തര ജൂറിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. സമാന്തര ജൂറി സാംസ്‌കാരിക സദാചാര പൊലീസോ? എന്ന പേരില്‍ പുറത്തിറങ്ങിയ ലഘുലേഖകള്‍ ജനകീയ ജൂറിയെ വിചാരണ ചെയ്യാനാണ് ശ്രമിക്കുന്നത്.

യുവജനോത്സവങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയും വിശ്വാസ്യതയും ഫലപ്രാപ്തിയും നേടിയെടുക്കണമെന്നും,അതിനുവേണ്ടി ഒരു സമ്പൂര്‍ണ്ണ ശുദ്ധീകരണം ആവശ്യമാണ്. ഈജിയന്‍ തൊഴുത്തായി മാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ ഈ ഗിന്നസ് മഹാത്ഭുതം വികേന്ദ്രീകരിക്കാന്‍ സമയമായി. കലാമണ്ഡലത്തിന്റെ സഹാായത്തോടെ ക്ലാസിക്കല്‍ കലോത്സവം, സ്‌കൂള്‍ ഓഫ് ഡ്രാമയുടെ കീഴില്‍ അഭിനയോത്സവം, മലയാളം സര്‍വകലാശാലയുടെ കീഴില്‍ സാഹിത്യോത്സവം; ഈ രൂപത്തില്‍ സംസ്ഥാന യുവജനോത്സവത്തെ മാറ്റേണ്ടതുണ്ട് എന്ന് സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍