UPDATES

വ്യവസായ പാര്‍ക്കിന് വെള്ളം വേണം, കൃഷി നിര്‍ത്തിക്കോളാന്‍ സര്‍ക്കാര്‍; കുടിവെള്ളമെങ്കിലും തന്നിട്ടു പോരെയെന്ന് ജനം

ഇത്രയും എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോള്‍ പദ്ധതിയെക്കുറിച്ച് പോലും വ്യക്തമായി അറിയില്ല എന്ന് മന്ത്രി പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കൃഷി വേണോ വ്യവസായം വേണോ? കൃഷി ഇല്ലാതായാലും വ്യവസായം തഴച്ചുവളര്‍ന്നാല്‍ മതിയെന്നാണോ സര്‍ക്കാര്‍ നയം? പാലക്കാട്ടുകാരുടെ ചോദ്യമാണ്. വെള്ളം കിട്ടാതെ കൃഷിനിലങ്ങള്‍ തരിശിടേണ്ടി വരുന്ന, വെള്ളം ഇല്ലാത്തതു കൊണ്ട് തന്നെ രണ്ടാം കൃഷി ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ കര്‍ഷകരോട് അപേക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്. കൃഷിക്കോ കുടിക്കാനോ വെള്ളം കിട്ടാനില്ലാത്ത അതേയിടത്ത് തന്നെയാണ് വ്യവസായ പാര്‍ക്കിനായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളമെത്തിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നത്. എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ മറുവശത്ത് കൃഷിയും ജീവിതവും ഇല്ലാതാവുന്ന സാധാരണക്കാര്‍ നിസ്സഹായരാവുന്നു.

കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതി

2013ല്‍ യുഡിഎഫ് സര്‍ക്കാരാണ് പദ്ധതി തീരുമാനിച്ചത്. കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളമെത്തിക്കുന്നതാണ് പദ്ധതി. വ്യവസായ പാര്‍ക്കിലെ 102 കമ്പനികള്‍ക്ക് 20 ദശലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. ഈ വര്‍ഷം സപ്തംബര്‍ 19ന് ജല അതോറിറ്റി എംഡി ഷൈനമോള്‍ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പെരുമ്പാവൂര്‍ സ്വദേശി ഒ.കെ ജോസ് എന്നയാള്‍ക്ക് 33.3 കോടി രൂപയ്ക്ക് കരാര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് പൈപ്പ് കൊണ്ടുവരാന്‍ തീരുമാനിക്കുകയും 32 ലോഡ് പൈപ്പ്, പദ്ധതി പ്രദേശത്ത് ഇറക്കുകയും ചെയ്തു. ജല അതോറിറ്റിയ്ക്കാണ് പദ്ധതി നിര്‍വ്വഹണ ചുമതല. വെള്ളമെത്തിക്കുന്നതിനുള്ള ചെലവ് കിന്‍ഫ്ര വഹിക്കും.

കേരളം കടുത്ത വറുതിയിലാണെങ്കിലും നിര്‍ബാധം ജലമൂറ്റി കഞ്ചിക്കോട്ടെ പെപ്സി കമ്പനി; പ്രതിഷേധത്തിന് പുല്ലുവില

ജലസേചനവും നെല്‍ കൃഷിയും

പദ്ധതി എങ്ങനെ ഇപ്പോഴത്തെ പാലക്കാടന്‍ ജീവിതത്തെ ബാധിക്കും എന്ന് നിരീക്ഷിക്കുന്നതിന് മുമ്പ് മനസ്സിലാക്കേണ്ടതാണ് മലമ്പുഴ ഡാമില്‍ നിന്നുള്ള ജലസേചനവും കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട്ടെ നെല്‍കൃഷിയുടെ അവസ്ഥയും. കാര്‍ഷിക ജലസേചനമായിരുന്നു മലമ്പുഴ ഡാമിന്റെ ലക്ഷ്യം. പിന്നീട് വരള്‍ച്ചാ ബാധിത മേഖലയില്‍ കുടിവെള്ളം നല്‍കുക എന്നത് ഇതിനൊപ്പം വന്നു. മലമ്പുഴയില്‍ നിന്ന് തൃശൂര്‍ തിരുവില്വാമല വരെയുള്ള പ്രദേശങ്ങളിലേക്ക് ജലസേചനത്തിന് വെള്ളമെത്തിക്കുന്നു. 20.753 ഹെക്ടറായിരുന്നു ജലസേചന പദ്ധതിയുടെ പരിധി. എന്നാല്‍ ഇതോടൊപ്പം ചേരാമംഗലം പദ്ധതിയും കൂടി ഉള്‍പ്പെട്ടതോടെ ആകെ പരിധി 22.554 ഹെക്ടറായി. ഇത്രയും സ്ഥലത്ത് ജലസേചനത്തിനായി 188.328 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് ഒരു വര്‍ഷം മലമ്പുഴ ഡാമില്‍ നിന്ന് ആവശ്യമായി വരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജലസേചനത്തിന്റെ അളവില്‍ വന്ന വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുക:

* 2006-2007- 102 ദിവസം, 2007-2008- 97 ദിവസം, 2008-2009- 78 ദിവസം, 2009-2010- 86 ദിവസം, 2010-2011- 91 ദിവസം, 2011-2012- 104 ദിവസം, 2012-2013- 65 ദിവസം, 2013-2014- 100 ദിവസം, 2014-2015- 93 ദിവസം, 2015-2016- 64 ദിവസം, 2016-2017- 27 ദിവസം (ഇതേവരെ).

ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കില്‍ ഇനി 29 ദിവസത്തെ ജലസേചനത്തിനുള്ള വെള്ളം മാത്രമേ ഡാമില്‍ അവശേഷിക്കുന്നുള്ളൂ. കാലവര്‍ഷത്തിന്റെ കുറവും വരള്‍ച്ചയുമാണ് ജലസേചനത്തില്‍ വന്ന കുറവിന് ജലവിഭവ വകുപ്പ് കാരണമായി പറയുന്നത്. ജലസേചനം കുറഞ്ഞതോടെ പാലക്കാട്ടെ രണ്ടാം കൃഷി ഏറെക്കുറെ ഇല്ലാതായി. കൃഷി വകുപ്പിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ 2015-16 വര്‍ഷത്തില്‍ 1.2 ലക്ഷം ടണ്‍ നെല്ലാണ് രണ്ടാംകൃഷിയില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ 2016-17 വര്‍ഷത്തില്‍ ഇത് 25,332 ടണ്‍ ആയി ചുരുങ്ങി. 2016-17 വര്‍ഷത്തില്‍ ആകെയുള്ള 42,000 ഹെക്ടര്‍ നിലത്തില്‍ 19,000 ഹെക്ടറില്‍ മാത്രമാണ് രണ്ടാംകൃഷി നടന്നത് എന്നതു കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. വെള്ളം കിട്ടാതായതോടെ ഈ പാടശേഖരങ്ങളില്‍ പലതിലേയും നെല്ല് കരിഞ്ഞുണങ്ങി കാലികള്‍ക്ക് ഭക്ഷണമായി. ബാക്കിയുള്ള 13,000 ഹെക്ടര്‍ നിലത്ത് രണ്ടാം കൃഷിയിറക്കരുതെന്ന് ജില്ലാ കളക്ടര്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ചു. ജലക്ഷാമം മൂലം അത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിതമാവുകയായിരുന്നു.

കുടിവെള്ളത്തിന്റെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. 92 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു നഗരസഭയ്ക്കും ആറ് പഞ്ചായത്തുകള്‍ക്കുമായി മലമ്പുഴയില്‍ നിന്ന് നല്‍കേണ്ടത്. പക്ഷെ 74 ദശലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ ജലവിഭവ വകുപ്പ് ജലഅതോറിറ്റിക്ക് നല്‍കുന്നത്. അതായത് കുടിവെള്ളവും വേണ്ടപോലെ ലഭിക്കാതെയായി.

കര്‍ഷകനും അധ്യാപകനും; ജന്മിത്വം തൂത്തെറിഞ്ഞ കാലത്തിന്റെ ഓര്‍മയില്‍ ഇരട്ടസഹോദരങ്ങള്‍

കിന്‍ഫ്രയിലേക്ക് പൈപ്പ് വഴി വെള്ളമെത്തിക്കുമ്പോള്‍

നിലവിലെ സാഹചര്യത്തില്‍ മലമ്പുഴയില്‍ നിന്ന് ഇതര ആവശ്യങ്ങള്‍ക്കുള്ള അധികജലം ലഭ്യമല്ലെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജലഅതോറിറ്റി കൂടുതല്‍ കുടിവെള്ളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടിനെ മറികടന്നുകൊണ്ടാണ് വ്യവസായ ആവശ്യങ്ങള്‍ക്ക് ദിവസേന 20 ദശലക്ഷം ലിറ്റര്‍ വെള്ളം മലമ്പുഴ ഡാമില്‍ നിന്ന് കിന്‍ഫ്രയിലേക്ക് പൈപ്പ് വഴി എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മലമ്പുഴ ഡാമില്‍ നിന്ന് കൃഷിക്കോ, കുടിവെള്ളത്തിനോ പര്യാപ്തമായ രീതിയില്‍ വെള്ളം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് വെള്ളമൂറ്റുന്ന പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.

എന്നാല്‍ കൃഷിയെ, സാധാരണക്കാരുടെ ജീവിതത്തെ ഇല്ലാതാക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ല എന്ന നിലപാടിലാണ് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധസമിതി. സമിതി കണ്‍വീനര്‍ ബോബന്‍ മാട്ടുമന്ത പറയുന്നു: “മലമ്പുഴയില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരത്തില്‍ 600 എംഎം വ്യാസമുള്ള പൈപ്പ് ലൈന്‍ ഉപയോഗിച്ച് ജലമെത്തിക്കുന്നതാണ് പദ്ധതി. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഡാമില്‍ പ്രതിവര്‍ഷം ജലനിരപ്പും സംഭരണശേഷിയും കുറയുകയാണെന്ന് ജലസേചന വകുപ്പിന്റെ പഠനങ്ങളില്‍ നിന്ന് വ്യക്തമാണ്. കുടിവെള്ള വിതരണത്തിന് ഇപ്പോള്‍ തന്നെ നിയന്ത്രണമുണ്ട്. രാത്രികാലങ്ങളില്‍ മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. 58 ദശലക്ഷം ലിറ്ററാണ് കുടിവെള്ളത്തിന്റെ പ്രതിദിന ഉപയോഗം.

ഒപ്പം, രണ്ടാംകൃഷിക്ക് 90 ദിവസം ലഭിച്ചിരുന്ന വെള്ളം 2016-ല്‍ 25 ദിവസം മാത്രമാണ് തുറന്നുവിട്ടത്. പാലക്കാട് പൊതുവെ വരള്‍ച്ചാ ബാധിത പ്രദേശമാണ്. അതില്‍ മലമ്പുഴ അതീവഗുരുതര മേഖലയാണ്. അവിടെയാണ് ഇനിയും വെള്ളമെടുക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ വരുന്നത്. വ്യവസായ ആവശ്യത്തിന് ജലമെടുത്താല്‍ പിന്നെ കൃഷിക്ക് വെള്ളമൊന്നും ബാക്കിയുണ്ടാവില്ല. ഈ വര്‍ഷം തന്നെ രണ്ടാം കൃഷിയിറക്കരുതെന്ന് കര്‍ഷകരോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശിക്കേണ്ടി വന്നു. കുടിവെള്ളമില്ലാതെ പല പഞ്ചായത്തുകളും ടാങ്കര്‍ ലോറിയില്‍ വരുന്ന വെള്ളത്തെ ആശ്രയിക്കുമ്പോള്‍ സര്‍ക്കാരിന് അവരോടില്ലാത്ത സ്‌നേഹം വ്യവസായ ലോബിയോട് ഉണ്ടാവുന്നത് ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും വ്യവസായ ലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണമാണ് വേണ്ടത്.”

കോളകമ്പനി മാത്രമല്ല ജലം ഊറ്റാന്‍ സര്‍ക്കാര്‍ അനുമതിയോടെ മദ്യകമ്പനികളും

ജില്ലാ വികസന സമിതിയും എംഎല്‍എയും അവഗണിക്കപ്പെടുമ്പോള്‍

പദ്ധതി പുന:പരിശോധിക്കണമൊവശ്യപ്പെട്ട് മലമ്പുഴ എംഎല്‍എയും ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന് കഴിഞ്ഞ ഒക്ടോബറില്‍ കത്ത് നല്‍കിയിരുന്നു. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മലമ്പുഴ ഡാമില്‍ നിന്ന് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് വെള്ളം നല്‍കാനുള്ള പദ്ധതി മാനുഷിക പരിഗണനയോടെ പരിശോധിക്കണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടു. വ്യവസായ ആവശ്യങ്ങള്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ജലസേചനത്തേയും കുടിവെള്ള ആവശ്യത്തേയും കൂടി പരിഗണിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കരുതെന്ന് പാലക്കാട് ജില്ലാ വികസന സമിതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പൈപ്പിടല്‍ ജോലികള്‍ ആരംഭിക്കുന്നത്.

വി.എസ് അച്യുതാനന്ദന്റെ കത്തും പ്രദേശവാസികളുടെ സമരവുമുള്‍പ്പെടെ പദ്ധതിക്കെതിരെയുള്ള നിലപാടുകള്‍ വരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോവാനാണോ സര്‍ക്കാരിന്റെ തീരുമാനം എന്ന ചോദ്യത്തോട് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പ്രതികരിച്ചത്, “എതിര്‍പ്പുകള്‍ ഉണ്ടെന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ എന്നാണ് ആ പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന കാര്യം എനിക്ക് വ്യക്തമല്ല. ഫയലുകള്‍ പരിശോധിച്ചതിന് ശേഷമേ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനാവൂ. എനിക്ക് പദ്ധതിയെക്കുറിച്ച് കൃത്യമായി ഓര്‍മ്മയില്ല” എന്നാണ്. ഈ വര്‍ഷം സപ്തംബര്‍ 19-നാണ് ജലഅതോറിറ്റി അനുമതി നല്‍കിയതെന്ന് ഓര്‍മ്മിപ്പിച്ചപ്പോഴും തനിക്ക് അക്കാര്യം അറിയില്ല, പരിശോധിച്ചതിന് ശേഷം പറയാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

എന്നാല്‍ ഇത്രയും എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോള്‍ പദ്ധതിയെക്കുറിച്ച് പോലും വ്യക്തമായി അറിയില്ല എന്ന് മന്ത്രി പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. വെള്ളം കാര്‍ഷികാവശ്യത്തിന് ശേഷം മാത്രമേ വ്യവസായ ആവശ്യത്തിന് നല്‍കാവൂ എന്ന് ഇതിനിടെ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിരുന്നു. രണ്ടാം കൃഷിക്ക് ജലലഭ്യതയില്ലാത്തത് ചൂണ്ടിക്കാട്ടി കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചതിന് ശേഷമാണ് രണ്ടാംകൃഷിയുടെ ആവശ്യത്തിലേക്കായി ജലം ലഭ്യമാക്കണമെന്ന് കോടതി നിര്‍ദ്ദശിച്ചത്. രണ്ട് മാസം നിലനില്‍ക്കുന്ന ഇടക്കാല ഉത്തരവാണ് കോടതിയില്‍ നിന്ന് ഹര്‍ജിക്കാര്‍ സമ്പാദിച്ചത്. ജനുവരി ആറിന് ഈ വിഷയത്തില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും. അടുത്ത വാദം കേള്‍ക്കുന്ന ദിവസം ജലഅതോറിറ്റിയോടും ജലസേചന വകുപ്പിനോടും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അണക്കെട്ടുകളില്‍ നിന്ന് വെള്ളം വിട്ടു നല്‍കില്ല; പാലക്കാടന്‍ നെല്‍ കര്‍ഷകര്‍ ദുരിതത്തിലേക്ക്?

ജല അതോറിറ്റിയും ജലസേചന വകുപ്പും രണ്ട് തട്ടില്‍

നിലവില്‍ കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് 10 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ജലസേചന വകുപ്പ് പറയുന്നത്. എന്നാല്‍ നിലവില്‍ ജലം നല്‍കുന്നില്ലെന്നാണ് ജലഅതോറിറ്റിയുടെ മറുപടി. കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും നല്‍കിയ മറുപടികളിലും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു. കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതി കരാര്‍ ജലഅതോറിറ്റിയുടെ ഓഫീസില്‍ ലഭ്യമാണെന്ന് ജലസേചന വകുപ്പ് പറയുന്നു. എന്നാല്‍ നിലവില്‍ പുതിയ പദ്ധതിക്കായി ജലം ആവശ്യപ്പെട്ട് കിന്‍ഫ്ര അപേക്ഷ സമര്‍പ്പിച്ചില്ലെന്നും പൈപ്പ് ലൈന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയില്ലെന്നുമാണ് ജലഅതോറിറ്റി അധികൃതര്‍ നല്‍കിയ മറുപടി.

എന്നാല്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയില്ലെന്ന് പറയുമ്പോഴും ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ പോയി പൈപ്പിന്റെ ഗുണമേന്‍മ പരിശോധിക്കുകയുണ്ടായി. പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള അതോറിറ്റി പദ്ധതിയെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിലപാടാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ജലസേചന വകുപ്പ് നല്‍കിയ മറുപടിയില്‍ മലമ്പുഴ ഡാമിന്റെ ലക്ഷ്യം കാര്‍ഷിക ജലസേചനമാണെന്നും പിന്നീട് അത് വരള്‍ച്ചാബാധിത പ്രദേശത്തെ കുടിവെള്ള വിതരണവും കൂടിയായി മാറി എന്നും വിശദീകരിച്ചിട്ടുമുണ്ട്.

സര്‍ക്കാര്‍ ഒപ്പം നിന്നു; കൊക്ക കോളയുമായുള്ള കേസ് നടത്തിപ്പിന് പെരുമാട്ടി പഞ്ചായത്തിന് രണ്ടു ലക്ഷം രൂപ ഉപയോഗിക്കാം

ഞങ്ങളുടെ ദാഹത്തേക്കാള്‍ വലുതാണോ സര്‍ക്കാരിന് തമിഴ്നാട്? ചിറ്റൂര്‍ ഉണങ്ങുകയാണ്; പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘിച്ചിട്ടും നടപടിയില്ല

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍