UPDATES

ട്രെന്‍ഡിങ്ങ്

കുറിഞ്ഞി ഉദ്യാനം: റവന്യൂ മന്ത്രി പറയുന്നതല്ല വനം വകുപ്പിന്റെ അഭിപ്രായം

അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന് വന്യജീവി ബോര്‍ഡ്; ആവശ്യത്തില്‍ ദുരുദ്ദേശ്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണമെന്ന് സംസ്ഥാന വന്യജീവി ബോര്‍ഡ്. വന്യജീവി വാര്‍ഡന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നിര്‍ദ്ദേശിക്കുന്നത്. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കളക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് പതിനൊന്ന് വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതോടെ 2006ല്‍ പ്രഖ്യാപിച്ച നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് അനുകൂലമായ നിലപാടാണ് വന്യജീവി ബോര്‍ഡും സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

കുറിഞ്ഞിമല സങ്കേതത്തിന്റെ ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷനില്‍ അതിരുകള്‍ നിര്‍ണ്ണയിച്ചതിലെ അപാകതകള്‍ കാരണം ജനവാസ കേന്ദ്രങ്ങള്‍, പട്ടയഭൂമികള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതി സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് സങ്കേതത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്യജീവി വാര്‍ഡനോട് ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. പി.എച്ച്.കുര്യന്‍ നേതൃത്വം നല്‍കുന്ന സെക്രട്ടറിതല സമിതിയും മന്ത്രി എം.എം.മണിയുള്‍പ്പെടുന്ന മന്ത്രിതല സമിതിയും എടുക്കുന്ന തീരുമാനങ്ങളില്‍ വന്യജീവി വാര്‍ഡന്റെ റിപ്പോര്‍ട്ട് നിര്‍ണായകമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പടിഞ്ഞാറേ അതിര്‍ത്തി നിര്‍ണയത്തില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നതായും വന്യജീവി വാര്‍ഡന്‍ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഫയര്‍ലൈന്‍ കഴിഞ്ഞുള്ള പ്രദേശങ്ങളും അതിനുള്ളിലും ആളുകളുടെ താമസസ്ഥലവും കൃഷിസ്ഥലവും ഉള്‍പ്പെടുന്നതായും അതിനാല്‍ അതിര്‍ത്തി നിര്‍ണയിക്കേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ‘കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി സങ്കേതവുമായി ബന്ധപ്പെട്ട പ്രശ്നം, പരിഹാരം കാണാതെ അവശേഷിക്കുകയാണ്. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ നിരന്തരം വാക്കുതര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. അടുത്ത വര്‍ഷം കുറിഞ്ഞി പൂക്കുന്നതിന് മുമ്പ് ഈ പ്രശ്നം പരിഹരിക്കേണ്ടത് ഈ പ്രദേശത്തിന്റെ സംരക്ഷണത്തിന് ആവശ്യമാണ്. ആതിനാല്‍ കുറിഞ്ഞിമല സങ്കേതത്തിന്റെ റൈറ്റ്സ് സെറ്റില്‍ ചെയ്തുകൊണ്ടും പടിഞ്ഞാറ് അതിര്‍ത്തി നിര്‍ണയിച്ചുകൊണ്ടും സെറ്റില്‍മെന്റ് ഓഫീസറായ സബ്കളക്ടര്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കണം’ എന്നാണ് വന്യജീവി വാര്‍ഡന്‍ തയ്യാറിക്കായ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. സങ്കേതത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ വനംവകുപ്പ് നിലവില്‍ ജണ്ടകള്‍ കെട്ടിയും ഫയര്‍ലൈനുകള്‍ തെളിച്ചും സംരക്ഷിച്ചുവരുന്ന സ്ഥലങ്ങളെ അതിരുകളായി നിര്‍ണയിച്ചുകൊണ്ട് അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നാണ് സര്‍ക്കാരിന് ലഭിച്ച അപേക്ഷകളില്‍ പറയുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുറിഞ്ഞിമല സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാവുന്നതും കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാവുന്നതുമാണെന്നും മൂന്നാര്‍ വന്യജീവി വാര്‍ഡന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പ്; ഈ ‘ഇടതു സ്വതന്ത്രന്‍’ സിപിഎമ്മിന് ഭാരം

2006 ഡിസംബര്‍ ആറിന് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിക്കുന്നത്. ദേവികുളം താലൂക്കില്‍ വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62 ഉും കോട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58 ഉും ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രദേശം. ഈ മേഖലയിലെ 3,200 ഹെക്ടര്‍ഭൂമിയാണ് ഇതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഭൂമിയിലെ അവകാശവാദങ്ങള്‍ തീര്‍പ്പാക്കുന്നതിന് അന്ന് ദേവികുളം സബ്കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായും ചുമതലപ്പെടുത്തി. എന്നാല്‍ ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷനും സെറ്റില്‍മെന്റ് ഓഫീസറായ സബ്കളക്ടര്‍ ഇറക്കിയ നോട്ടിഫിക്കേഷനും തമ്മില്‍ ഭൂമിയുടെ വിസ്തൃതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടെന്ന് വന്യജീവി വാര്‍ഡന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009ല്‍ സെറ്റില്‍മെന്റ് ഓഫീസര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ വട്ടവടവില്ലേജിലെ 247.7211 ഹെക്ടര്‍ഭൂമിയും കൊട്ടക്കമ്പൂര്‍ വില്ലേജിലെ 1983 ഹെക്ടര്‍ഭൂമിയുമാണ് സങ്കേതത്തിനുള്ളതെന്ന് രേഖപ്പെടുത്തിയിരുന്നു. അതായത് ആകെ 2230.7211 ഹെക്ടര്‍ ഭൂമി. ഇതിലുള്ള വ്യത്യാസങ്ങള്‍ പരിശോധിച്ച് പരിഹരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മുന്‍ എംഎല്‍എ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ പറയുന്നത് പോലെ പദ്ധതി പ്രദേശത്ത് വാണിജ്യസ്ഥാപനങ്ങളോ, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളോ, ആശുപത്രികളോ, ആരാധനാലയങ്ങളോ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊട്ടക്കമ്പൂര്‍ വില്ലേജില്‍ കടവരിയിലുള്ള കമ്മ്യൂണിറ്റി ഹാള്‍ ഒഴികെ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനങ്ങളുമില്ല. എന്നാല്‍ കൃഷിയിടങ്ങളും ആളുകള്‍ താമസിക്കുന്ന വീടുകളുമുണ്ടെന്നും യൂക്കാലി കൃഷിയാണ് ഈ മേഖലയില്‍ വ്യാപകമായി കൃഷിചെയ്ത് വരുന്നതെന്നും ചില മേഖലകളില്‍ പച്ചക്കറികൃഷിയും ഉള്ളതായും പറയുന്നു. വട്ടവട വില്ലേജില്‍ പദ്ധതി പ്രദേശത്ത് ഒരു സ്ഥാപനങ്ങളുമില്ലെന്നും ആളുകള്‍ കൈവശം വച്ചിരിക്കുന്ന കൃഷിസ്ഥലങ്ങളാണുള്ളതെന്നും മുന്‍ എംഎല്‍എ യുടെ പരാതിയില്‍ പറയുന്ന സ്ഥാപനങ്ങള്‍ ഏത് റീസര്‍വേ നമ്പറിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രഖ്യാപിച്ച പദ്ധതിയ്ക്ക് തുരങ്കം വക്കുന്നതാണെന്ന അഭിപ്രായങ്ങളും ആക്ഷേപങ്ങളും ശക്തമാണ്. കയ്യേറ്റക്കാരെ സഹായിക്കാനായി വന്യജീവി വകുപ്പും കൂട്ടുനില്‍ക്കുന്നതിന്റെ തെളിവായാണ് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നത്.

സുഭാഷ് പാര്‍ക്കല്ല സര്‍ കുറിഞ്ഞി പാര്‍ക്ക്; കൊഴിഞ്ഞു പോകുന്ന ഓരോ ദിനവും പ്രധാനം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍