UPDATES

അതിരപ്പിള്ളി സമരം അവസാനിപ്പിക്കുന്നു

സര്‍ക്കാര്‍ ഈയിടെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചെങ്കിലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കഴിയില്ല എന്നതിനാലാണ് സമരം അവസാനിപ്പിക്കുന്നത്

അതിരപ്പിള്ളി സമരം അവസാനിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നടത്തിവന്ന പ്രതിരോധ സമരമാണ് അവസാനിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇനി ഒരു സമരത്തിന്റെ ആവശ്യമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സമരം അവസാനിപ്പിക്കാന്‍ സമരസമിതിക്കാര്‍ തീരുമാനിച്ചത്. ആഗസ്ത് 18ന് ചാലക്കുടിയില്‍ വിളിച്ചുചേര്‍ക്കുന്ന ബഹുജനസംഗമത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതിരപ്പിള്ളി പദ്ധതിക്കായി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് പാരിസ്ഥിതികാനുമതിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് കാണിക്കാനുള്ള സൂത്രപ്പണി മാത്രമാണെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ആരോപിക്കുന്നു.

2007ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിച്ചിരിക്കുന്നു. പാരിസ്ഥിതികാനുമതിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് വര്‍ക്ക് തുടങ്ങി എന്ന കാണിക്കാനായി ഒരു സൂത്രപ്പണി കാണിച്ചതാണ്. പക്ഷെ അത് വിലപ്പോവാന്‍ പോവുന്നില്ല. കാരണം ഇപ്പോള്‍ ഒരു ട്രാന്‍സ്‌ഫോമര്‍ കൊണ്ടുവയ്ക്കുകയാണ് ചെയ്തത്. പവര്‍ ഹൗസ് സൈറ്റിന്റെ അടുത്ത് വൈദ്യുതിവകുപ്പിന്റെ ഒരു ഓഫീസും അവിടേയക്കുള്ള വഴിയുമുണ്ട്. ഓഫീസില്‍ നിന്ന് പവര്‍ഹൗസ് സൈറ്റിലേക്കുള്ള വഴിയിലാണ് ട്രാന്‍സ്‌ഫോമര്‍ കൊണ്ടുവച്ചിരിക്കുന്നത്. എന്നാല്‍ വര്‍ക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ടാവാനുള്ള സാധ്യതയില്ല. കാരണം വര്‍ക്ക് ടെന്‍ഡര്‍ ചെയ്തിട്ടില്ല. വനഭൂമി കൈമാറാനുള്ള നടപടികളൊന്നും നടന്നിട്ടില്ല. മറുവശത്ത് വനാവകാശ നിയമപ്രകാരം ആദിവാസികളുടെ അനുമതി ഇതേവരെ തേടിയിട്ടില്ല. ആദിവാസികള്‍ കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഒരു പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെ യഥാര്‍ത്ഥ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന് പറയാന്‍ പോലും കഴിയാത്ത ഒരു ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ട് അതില്‍ പാരിസ്ഥിതികാനുമതിയുടെ കാലാവധി കഴിയുന്ന ദിവസത്തിന് രണ്ട് ദിവസം മുമ്പത്തെ തീയതിയും രേഖപ്പെടുത്തി ഇംപ്ലിമെന്റേഷന്‍ ഓഫ് അതിരപ്പിള്ളി പ്രോജക്ട് എന്ന ബോര്‍ഡും വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ജൂലൈ 17നാണ് പാരിസ്ഥിതികാനുമതിയുടെ കാലാവധി കഴിഞ്ഞത്. അപ്പോള്‍ അതിന് മുമ്പ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ട്, ഞങ്ങള്‍ പദ്ധതി ആരംഭിച്ചു എന്ന് പറഞ്ഞുകൊണ്ട്, പാരിസ്ഥിതികാനുമതി നീട്ടിക്കിട്ടാനാണ് ഇവര്‍ ശ്രമിക്കുന്നത്. പക്ഷെ പദ്ധതി തുടങ്ങുക എന്ന് പറഞ്ഞാല്‍, അത് തുടങ്ങുന്നതിനുള്ള നടപടികളെല്ലാം നടപ്പാക്കിയിരിക്കണമല്ലോ. അത് ഓരോന്നായി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ വനംവകുപ്പിന്റെയുള്‍പ്പെടെ അനുമതികള്‍ ഇവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല.’ ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം അംഗം എസ്. പി.രവി പറയുന്നു.

‘പദ്ധതി അനുവദിക്കില്ല എന്നതില്‍ സംശയമില്ല. 18ന് നടക്കുന്ന ബഹുജന സംഗമത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കും. കാരണം ഇനി സമരം ചെയ്യേണ്ട ആവശ്യമില്ല. ഈ പദ്ധതി നടപ്പാന്‍ കഴിയില്ല. സാങ്കേതികമായി അവര്‍ ശ്രമിക്കുന്ന കാര്യം പദ്ധതിയുടെ പാരിസ്ഥിതികാനുമതി നഷ്ടമായില്ല എന്ന് പറയാനാണ്. ഇനി അനുമതി നഷ്ടമാവില്ല എന്ന് തന്നെയാണെങ്കിലും പദ്ധതി നടക്കാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയാം. ഇത്രയും കാലം അനുമതിയുണ്ടായിരുന്നിട്ടും വൈദ്യുതിവകുപ്പിന് പദ്ധതിയ്ക്ക് വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്യാനായിട്ടില്ല. 1998ലാണ് പാരിസ്ഥിതികാനുമതി ലഭിക്കുന്നത്. 10 കൊല്ലമായി അനുമതി ഉണ്ടായിരുന്നു. ഈ സമയത്തൊന്നും നടക്കാത്തത് ഇനി നടക്കാനുള്ള സാധ്യതയുമില്ല, ഞങ്ങളെ സംബന്ധിച്ച് 2009ന് ശേഷം കാര്യമായ സമരങ്ങള്‍ നടത്തിയിട്ടില്ല. ഇടയ്ക്ക് ചില സൂചനാ സമരങ്ങള്‍ക്കപ്പുറം ഒന്നുമുണ്ടായിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സമരമില്ല. അത് ഇനി തുടരേണ്ട സാഹചര്യവുമില്ല. പാരിസ്ഥിതികാനുമതി ഒരു തവണ നീട്ടി നല്‍കിയതാണ്. അത് തന്നെ ചോദ്യം ചെയ്യപ്പെട്ട് നില്‍ക്കുകയാണ്. വര്‍ക്ക് തുടങ്ങി എന്ന് പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെങ്കില്‍ പിന്നെ അനുമതി നീട്ടി നല്‍കാന്‍ ആവശ്യപ്പെടേണ്ട ആവശ്യമില്ല. പദ്ധതി പ്രവര്‍ത്തനം തുടങ്ങിയാല്‍ പാരിസ്ഥിതികാനുമതി സാധുവാണ് എന്നാണ്. പക്ഷെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്യാതെ വര്‍ക്ക് തുടങ്ങി എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു പ്രധാന കാര്യം 2008 മുതല്‍ തന്നെ പദ്ധതിക്ക് സാങ്കേതിക-സാമ്പത്തിക അനുമതി ഇല്ല എന്നുള്ളതാണ്. വനാവകാശ നിയമ പ്രകാരം ആദിവാസി ഊരുകൂട്ടത്തിന്റെ അനുമതി പദ്ധതിയ്ക്ക് വേണമെന്നുണ്ട്. എന്നാല്‍ അതിരപ്പിള്ളിയ്ക്ക് അതും ലഭിച്ചിട്ടില്ല ‘- രവി കൂട്ടിച്ചേര്‍ത്തു.

"</p

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും നടപ്പാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാരും വൈദ്യുതി വകുപ്പും ഇതേവരെ ഉത്തരം പറഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കണമെങ്കില്‍ ഏതെങ്കിലും ഏജന്‍സികളെ ചുമതല ഏല്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പോലും ഇതേവരെ ആരംഭിച്ചിട്ടില്ല. പദ്ധതി നടപ്പാക്കണമെങ്കില്‍ പദ്ധതി പ്രദേശം വൈദ്യുതി ബോര്‍ഡിന് വിട്ടുകിട്ടണം. അതും ലഭ്യമാവാത്ത സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കും എന്ന പ്രഖ്യാപനത്തില്‍ മാത്രം അതിരപ്പിള്ളി പദ്ധതി ഒതുങ്ങിപ്പോവാനാണ് സാധ്യതയെന്നതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ആശങ്ക വേണ്ടതില്ല എന്ന നിലപാടിലാണ് പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരും.

അതിരപ്പിള്ളി പദ്ധതിയും സമരവും
1982ലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി ആദ്യരൂപരേഖ തയ്യാറാകുന്നത്. അക്കാലയളവില്‍ തന്നെ ചാലക്കുടിയിലേയും കോടാലിയിലേയും ചില വ്യക്തികളും സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. ആദ്യഘട്ടത്തില്‍ കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടെങ്കിലും 1998ല്‍ പാരിസ്ഥിതികാനുമതി ലഭിച്ചു. 2001ല്‍ കേരള ഹൈക്കോടതി ഈ അനുമതി തടഞ്ഞു. എന്നാല്‍ 2005ല്‍ കേന്ദ്രം വീണ്ടും പാരിസ്ഥിതികാനുമതി നല്‍കിയതോടെ അതിരപ്പള്ളി പദ്ധതി നടക്കുമെന്നായി. അതോടെ വിവിധയിടങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും പലപ്പോഴായി പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2005ല്‍ വിവിധ സംഘടനകളുടെ കൂട്ടായ്മയായി ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം രൂപീകരിച്ച് പ്രത്യക്ഷ സമരം ആരംഭിച്ചു. ചോലയാറിനെ ഇല്ലാതാക്കുന്ന, പുഴയെ ആശ്രയിച്ച് കഴിയുന്ന ആദിവാസി ഗോത്രവിഭാഗങ്ങളുള്‍പ്പെടെയുള്ള മനുഷ്യരുടെ ജീവിതം തകര്‍ക്കുന്ന, വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള പദ്ധതി ഇല്ലാതാവണം എന്ന ആവശ്യമാണ് സമരം മുന്നോട്ട് വച്ചത്. എന്നാല്‍ ഓരോ ഘട്ടത്തിലും പദ്ധതി നടപ്പാക്കുമെന്ന നിലപാട് തന്നെയായിരുന്നു കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ നിലപാടില്‍ ഇപ്പോഴും വ്യത്യാസമുണ്ടായിട്ടില്ലെങ്കിലും പദ്ധതി നടപ്പാവാനുള്ള സാധ്യതകള്‍ വിരളമാണെന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം.

വൈദ്യുതി ബോര്‍ഡിന്റെ വളഞ്ഞവഴികള്‍
അതിരപ്പള്ളി പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ച അന്നു മുതല്‍ വൈദ്യുതി ബോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒട്ടുംതന്നെ സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായേ ഇപ്പോഴത്തെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കലിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കണക്കാക്കുന്നുള്ളൂ. അതിരപ്പള്ളി പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശമെന്ന് പറയുന്നത് പുഴയെ പൂര്‍ണമായും മറന്നുകൊണ്ടുള്ള പദ്ധതിയാണ് എന്നതാണ്. പദ്ധതിയുടെ യഥാര്‍ത്ഥ രൂപരേഖ എന്ന് പറയുന്നത് വാഴച്ചാലില്‍ അണകെട്ടുന്നു, അതിനെ തുടര്‍ന്ന് എട്ട് കിലോമീറ്ററോളം പുഴ ഒഴുകും എന്നതാണ്. ഈ പ്രദേശം കഴിഞ്ഞുള്ളയിടങ്ങളില്‍ വൈകുന്നേരങ്ങളില്‍ മാത്രം പുഴയുണ്ടാവും, മറ്റ് സമയങ്ങളില്‍ പുഴയുണ്ടാവില്ല എന്നും വ്യക്തമായി പറയുന്നു. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ആ പുഴയ്ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍, പുഴയെ ആശ്രയിക്കുന്ന മനുഷ്യര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ, ഈ പദ്ധതി നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ആരോടും അഭിപ്രായം ആരായാതെ ഏകപക്ഷീയമായി ചെയ്ത പദ്ധതി രൂപരേഖയാണ് അതിരപ്പള്ളി. അത്തരത്തില്‍ ഒരു പദ്ധതി വിഭാവനം ചെയ്തയിടത്തു നിന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ഒളിച്ചുകളികള്‍ തുടങ്ങുന്നത്. വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി രൂപരേഖ പ്രകാരം പദ്ധതി നടപ്പാക്കുകയാണെങ്കില്‍ അടിത്തട്ടില്‍ വലിയതോതില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് ഉണ്ടാവുമെന്നുള്ളത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ, ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയില്‍ നിന്ന് വൈദ്യുതി ബോര്‍ഡ് ഒഴിഞ്ഞുമാറി. 1998ല്‍ എസ്.എന്‍.സി. ലാവലിന്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അതിരപ്പിള്ളി ചാര്‍ട്ടഡ് ഡോക്യുമെന്റ് എന്ന പേരില്‍ ഉള്ള റിപ്പോര്‍ട്ടില്‍, അതിരപ്പള്ളി പദ്ധതി അടിത്തട്ടില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കൃത്യമായി പറഞ്ഞിരുന്നു. വൈദ്യുതി ബോര്‍ഡിനുള്ളില്‍ നടന്ന പഠനമായിരുന്നു അത്. അതായത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന കാര്യം വൈദ്യുതി ബോര്‍ഡിന് വ്യക്തമായി അറിയാമായിരുന്നിട്ടും അത് കൃത്യമായി മറച്ചുവക്കപ്പെട്ടു.

രണ്ടാമത്തെ കാര്യം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള രണ്ട് പരിസ്ഥിതി ആഘാത പഠനങ്ങളാണ്. ആദ്യത്തേത് 1996ല്‍ ടി.ബി.ജി.ആര്‍.ഐ. ആണ് നടത്തിയത്. അവര്‍ നടത്തിയ പഠനം ഒരു പ്രത്യേക കാലാവസ്ഥയില്‍ മാത്രം ചെയ്യുന്ന റാപ്പിഡ് സ്റ്റഡിയായിരുന്നു. റാപ്പിഡ് സ്റ്റഡി നടത്തുന്നതിന്റെ ഗൈഡ്‌ലൈന്‍സില്‍ മണ്‍സൂണ്‍ ഒഴികെയുള്ള സീസണുകളില്‍ പഠനം നടത്താം എന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ടി.ബി.ജി.ആര്‍.ഐ പഠനം നടത്തിയത് മണ്‍സൂണ്‍ സമയത്താണ്. പുഴയുടെ വെള്ളം, വെള്ളത്തിന്റെ അളവ്, ഗുണം എന്നിവ കണക്കാക്കപ്പെട്ടിട്ടുള്ളത് ജൂലൈ മാസത്തിലെ കാലവര്‍ഷസമയത്ത് പുഴ നിറഞ്ഞൊഴുകുമ്പോഴാണ്.

രണ്ടാമത്തെ പഠനം വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് നടത്തിയതായിരുന്നു. രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്ന വിശദമായ പഠനം നടത്തിയെന്നാണ് ഏജന്‍സി അവകാശപ്പെട്ടത്. എന്നാല്‍ പഠനവുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ ഫീല്‍ഡ് ആക്ടിവിറ്റികള്‍ കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍, രണ്ട് പേര്‍വീതം രണ്ട് തവണ ഫീല്‍ഡില്‍ വന്നതിന്റെ രേഖകള്‍ മാത്രമാണ് ഏജന്‍സി സമര്‍പ്പിച്ചത്. ഏജന്‍സി പ്രതിനിധികള്‍ പദ്ധതി പ്രദേശത്ത് ചെലവഴിച്ചത് മൂന്നര ദിവസമാണെന്നും പറയുന്നു. ഫീല്‍ഡില്‍ വരാതെ കട്ട് ആന്‍ഡ് പേസ്റ്റ് രീതിയില്‍ നടത്തിയ പഠനവും റിപ്പോര്‍ട്ടുമെന്ന രീതിയില്‍ ഇതിനെ അന്നുതന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ‘ഈ പാരിസ്ഥിതിക പഠനങ്ങള്‍ എങ്ങനെ ഒരു പഠനം നടത്താന്‍ പാടില്ല എന്നത് മനസ്സിലാക്കാവുന്ന പാഠപുസ്തകങ്ങളാണ്’ എസ്.പി രവി പറയുന്നു.

മറ്റൊന്ന് 2002ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടിയിരുന്നു. വൈദ്യുതി ബോര്‍ഡ് നിര്‍ബന്ധിതമായി ചെയ്യേണ്ടിയിരുന്ന കാര്യം അവര്‍ ചെയ്യാതെ വന്നപ്പോള്‍ കോടതി ഇടപെട്ടുകൊണ്ടാണ് പൊതുജനാഭിപ്രായം തേടുന്നത്. 2002 ഫെബ്രുവരിയില്‍ ഹിയറിങ് നടക്കുന്ന സമയത്ത് വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ പഠനം തുടങ്ങിയതായാണ് രേഖകളില്‍ നിന്ന് ലഭിക്കുന്ന വിവരം. അന്ന് നടന്ന ഹിയറിങ്ങില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത് ടി.ബി.ജി.ആര്‍.ഐ നടത്തിയ പഠനത്തെക്കുറിച്ചായിരുന്നു. വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ഹിയറിങ്ങില്‍ ആദ്യത്തെ പഠനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിട്ടും രണ്ടാമത് പഠനം തുടങ്ങിയത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു. രണ്ടാമത്തെ പഠനം പൂര്‍ണമായും രഹസ്യമായാണ് നടന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇങ്ങനെയൊരു പഠനം നടക്കുന്നുണ്ടെന്ന കാര്യം വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലോ, അതിരപ്പള്ളി പഞ്ചായത്തിനെയോ, ചാലക്കുടി ബ്ലോക്കിനേയോ, ഇറിഗേഷന്‍ വകുപ്പിനേയോ, ആദിവാസികളേയോ, നാട്ടുകാരെയോ അറിയിച്ചിരുന്നില്ലെന്ന കാര്യം വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. 2002ലെ പബ്ലിക് ഹിയറിങ് പാനല്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പഠനം നടത്തണമെന്ന നിര്‍ദ്ദേശവും കൈമാറിയിരുന്നു. രണ്ടാമത്തെ പഠനം നടത്തിക്കഴിഞ്ഞാല്‍, അതിന്റെ അടിസ്ഥാനത്തിലും പബ്ലിക് ഹിയറിങ് നടത്തേണ്ടതുണ്ട്. എന്നാല്‍ അതുണ്ടായില്ല. രണ്ടാമത് നടത്തിയ പഠന റിപ്പോര്‍ട്ടിനൊപ്പം ടി.ബി.ജി.ആര്‍.ഐ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പബ്ലിക് ഹിയറിങ്ങിന്റെ വിവരങ്ങളും ചേര്‍ത്താണ് വൈദ്യുതി ബോര്‍ഡ് പദ്ധതിയ്ക്ക് അനുമതി വാങ്ങിയത്. ഇത് കോടതി പിന്നീട് തള്ളിക്കളയുകയുമുണ്ടായി.

"</p

2005ല്‍ പദ്ധതി സാങ്കേതിക-സാമ്പത്തിക അനുമതി നേടിയിരുന്നു. 2001 ജനുവരിയില്‍ 414 കോടി രൂപയ്ക്ക് പദ്ധതി കരാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം 2005 മാര്‍ച്ചില്‍, വൈദ്യുതി ബോര്‍ഡ് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയത് 360 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് കാണിച്ചായിരുന്നു. അമ്പത് മാസം കൊണ്ട് 55 കോടി രൂപ പദ്ധതി തുക കുറയുകയാണുണ്ടായത്. അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന ജോലി എന്ന് പറയുന്നത് അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. നിര്‍മ്മാണ സാമഗ്രികളുടെ വില വലിയ തോതില്‍ വര്‍ധിച്ചപ്പോഴാണ് 55 കോടി രൂപ കുറച്ച് കാണിച്ച് വൈദ്യുതി ബോര്‍ഡ് അനുമതി വാങ്ങുന്നത്. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ 570 കോടി രൂപയ്ക്ക് പദ്ധതി കരാര്‍ നല്‍കാന്‍ കെ.എസ്.ഇ.ബി.തീരുമാനിച്ചു. അതായത് വീണ്ടും അറുപത് ശതമാനം തുകയുടെ വര്‍ധനവ് കണക്കില്‍ വന്നു. സാങ്കേതിക-സാമ്പത്തിക അനുമതിയുടെ വ്യവസ്ഥകളില്‍ പദ്ധതി തുക വര്‍ധിക്കുവാന്‍ പാടുള്ളതല്ല എന്ന് വ്യക്തമായി പറയുന്നുമുണ്ട്. അനുമതി വാങ്ങുന്ന സമയത്ത് കെ.എസ്.ഇ.ബി. 399 കോടിയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിരുന്നതെങ്കിലും അത്രയും തുകയ്ക്ക് പദ്ധതി നടപ്പാക്കിയാല്‍ അത് നഷ്ടമാണെന്ന് വിലയിരുത്തലുണ്ടായതിനെ തുടര്‍ന്ന് 360 ആക്കി ചുരുക്കുകയായിരുന്നു. 399 കോടി ആയാല്‍ പോലും നഷ്ടമാവുമെന്ന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞ പദ്ധതിയാണ് വീണ്ടും 570 കോടി രൂപയ്ക്ക് കരാര്‍ നല്‍കാന്‍ കെ.എസ്.ഇ.ബി. തീരുമാനിക്കുന്നത്. എന്നാല്‍ ഇതോടെ കോടതി ഈ അനുമതി തടഞ്ഞു.

ഇപ്പോള്‍ പദ്ധതി തുക ആയിരം കോടിരൂപയില്‍ താഴെ ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്നത് എന്നാണ് വിമര്‍ശനം. നിലവില്‍ ആയിരം കോടിയില്‍ കൂടുതല്‍ തുക വരുന്ന പദ്ധതിയ്‌ക്കേ കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതിക-സാമ്പത്തിക അനുമതി ആവശ്യമുള്ളൂ. എന്നാല്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ 1500 കോടിയ്ക്ക് മുകളില്‍ തുക പദ്ധതിയ്ക്ക് ചെലവാകുമെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം പദ്ധതിയ്ക്ക് 1500 കോടി വരുമെന്ന് മന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയും ചെയ്തു. അങ്ങനെ വരികയാണെങ്കില്‍ സാങ്കേതിക-സാമ്പത്തിക അനുമതി തേടേണ്ടി വരും. എന്നാല്‍ ഇതേവരെ അതിനുള്ള നടപടികളും വൈദ്യുത ബോര്‍ഡ് സ്വീകരിച്ചിട്ടില്ല.

ജല ലഭ്യതയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ളത് 1942 മുതല്‍ 1995 വരെയുള്ള വിവരങ്ങളാണ്. 70-കളോടെ പുഴയില്‍ നിന്ന് തമിഴ്‌നാടും വെള്ളം കൊണ്ടുപോവാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സ്വാഭാവികമായി സംഭവിക്കുന്ന ജലശോഷണം വൈദ്യുത ബോര്‍ഡ് നല്‍കിയ വിവരങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല ജലലഭ്യത കൂടിയതായാണ് വിവരം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ ചാലക്കുടി റിവര്‍ പ്രൊക്ഷന്‍ ഫോറം രംഗത്ത് വന്നു. തുടര്‍ന്ന് 70-കള്‍ക്ക് ശേഷമുള്ള ഡാറ്റ മാത്രം നല്‍കിയാല്‍ മതിയെന്ന് വൈദ്യുതബോര്‍ഡിന് കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു. ‘പെരിങ്ങല്‍കുത്തില്‍ നിന്ന് മഴക്കാലത്ത് ഇടമലയാറിലേക്ക് ജലം കൊണ്ടുപോവുന്നുണ്ട്. ആ ജലം അവിടെ സംഭരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുകയാണ് ചെയ്യുക. വൈദ്യുതി ഉത്പാദനത്തിനും പെരിയാറിന്റെ വേനല്‍ക്കാല ആവശ്യങ്ങള്‍ക്കുമാണ് അത് ഉപയോഗിക്കുന്നത്. എന്നാല്‍ അങ്ങനെ ഒന്ന് ഉണ്ടെന്ന കാര്യം കേന്ദ്ര ഏജന്‍സികളെ വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടില്ല. ഞങ്ങള്‍ ഈ വിഷയം ഉന്നയിച്ച സമയത്ത് അങ്ങനെ ഒരു ഡൈവേര്‍ഷന്‍ ഉണ്ട് എന്നത് സമ്മതിച്ചു. എന്നാല്‍ അതിരപ്പള്ളി പദ്ധതി നടപ്പാക്കുമ്പോള്‍ അത് അടച്ചിടുമെന്നും അതുകൊണ്ട് പുഴയില്‍ വെള്ളം കുറയില്ല എന്നുമാണ് വൈദ്യുതബോര്‍ഡ് അറിയിച്ചത്. ഇടമലയാറിലേക്കുള്ള വഴി അടയ്ക്കുമ്പോള്‍ അവിടെയുള്ള വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വരും. അതിരപ്പള്ളിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്ന് ഇടമലയാറില്‍ കുറവ് വരുന്ന വൈദ്യുതി കുറച്ചാലേ ആകെ ഉത്പാദനമെത്രയെന്ന് കണക്കാക്കാനാവൂ. എന്നാല്‍ ഇടമലയാറില്‍ വൈദ്യുതിയുടെ കുറവ് വരുമെന്ന കാര്യം ബോര്‍ഡ് പറഞ്ഞിട്ടില്ല. അങ്ങനെ പല കാര്യങ്ങള്‍ കൊണ്ടും ജനങ്ങളില്‍ നിന്നും അധികൃതരില്‍ നിന്നും കാര്യങ്ങള്‍ മറച്ചുവച്ച് വളഞ്ഞവഴിയില്‍ പദ്ധതി നടപ്പാക്കാനാണ് വൈദ്യുത ബോര്‍ഡ് ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. വൈദ്യുത ബോര്‍ഡിന്റെ തട്ടിപ്പുകളുടെ നീണ്ട പരമ്പരയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്’- എസ്.പി. രവി പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍