UPDATES

ഇങ്ങനേയും മനുഷ്യരോ? വീടില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി എഴുതിക്കൊടുത്ത ഒരു പോലീസുകാരന്റെ കഥ

പോലീസ് എന്ന് കേട്ടാല്‍ പേടിയോടെയും വെറുപ്പോടെയും നോക്കുന്നവര്‍ക്കും നാട്ടുകാരെ മെക്കിട്ട് കയറുന്ന പോലീസുകാര്‍ക്കും ലെസ്ലി അഗസ്റ്റിന്‍ ഒരു വ്യത്യസ്തതയുള്ള പാഠമാണ്.

ചിലരുടെ കഥകള്‍ ഇങ്ങനെയാണ്, ഫ്ലാഷ് ബാക്കില്‍ നിന്നേ തുടങ്ങാനാവൂ. ആദ്യം ശ്രീക്കുട്ടിയില്‍ നിന്ന് തുടങ്ങാം. ഈ കഥയിലെ പ്രധാന കഥാപാത്രം അവളല്ല. പക്ഷെ അവളില്‍ നിന്നേ തുടക്കമുള്ളൂ. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ തിരഞ്ഞെടുപ്പ് കാലം. ശ്രീക്കുട്ടി അന്ന് ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുകയാണ്. അന്നത്തെ അവളെക്കുറിച്ചുള്ള വിവരണം ഒറ്റവാചകത്തില്‍ പറഞ്ഞാല്‍- ശ്രീക്കുട്ടി, ക്ലാസ്- ഏഴ്-ബി, എസ്.വി.ഡി സ്‌കൂള്‍, പുറക്കാട് / മേല്‍വിലാസം- ഏഴ്-സി, എസ്.വി.ഡി. സ്‌കൂള്‍, പുറക്കാട്!

തിരഞ്ഞെടുപ്പിന് പോളിങ് ബൂത്തൊരുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പോളിങ് ബൂത്താവേണ്ട ക്ലാസ് മുറി ഒരു വീടാണെന്നറിയുന്നത്. ശ്രീക്കുട്ടിയുടെ മാത്രമല്ല. മൂന്ന് കുടുംബങ്ങള്‍ ആ കുഞ്ഞുമുറിയിലാണ് കഴിഞ്ഞുകൂടിയിരുന്നത്. വിവിധയിടങ്ങളില്‍ നിന്നെത്തിയ മൂന്ന് കുടുംബങ്ങള്‍. സ്ത്രീകളും പുരുഷന്‍മാരും പെണ്‍കുട്ടികളും കൈക്കുഞ്ഞുങ്ങളുമുള്‍പ്പെടെ ആകെ 11 പേര്‍. അവര്‍ ആ ക്ലാസ് മുറിയുടെ ‘ഠ’ വട്ടത്തിനുള്ളില്‍ ഒതുങ്ങിക്കൂടി. വീടും പറമ്പും കടലെടുത്തപ്പോള്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലേക്കെത്തിയതാണ് ഇവര്‍. ലൈലയും കുഞ്ഞുമുഹമ്മദും അവരുടെ ചെറുമകന്‍ അന്‍സാരിയും ഉള്‍പ്പെടുന്ന കുടുംബം ആലപ്പുഴ പഴയങ്ങാടിയില്‍ നിന്നെത്തിയതായിരുന്നു. ശ്രീക്കുട്ടിയും ചേച്ചി ശ്രുതിയും അമ്മ ശ്രീകുമാരിയും അച്ഛന്‍ രാജീവനുമടങ്ങുന്ന കുടുംബം പുറക്കാടായിരുന്നു താമസം. ഉദയനും കാമിനിയും ആറ് മാസം പ്രായമായ കുഞ്ഞ് കൃഷും രണ്ട് വയസ്സുകാരന്‍ ബാലുവും അടങ്ങുന്നതായിരുന്നു മറ്റൊരു കുടുംബം.

പോവാന്‍ വേറെയിടമില്ലാതിരുന്ന ഇവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പോയില്ല. സ്‌കൂള്‍ അധികൃതര്‍ ഇറക്കിവിട്ടതുമില്ല. ക്ലാസ് മുറിയില്‍ കിടക്കാം. സ്‌കൂളിലെ കഞ്ഞിപ്പുരയില്‍ കഞ്ഞിയും കറിയും വയ്ക്കാം. പക്ഷെ സ്‌കൂളില്‍ പ്യൂണും കുട്ടികളുമെത്തുന്നതിന് മുമ്പ് ക്ലാസിനകത്ത് (വീടിനകത്ത്) കയറിയിരിക്കണം. അപ്പോള്‍ ആ മുറിയുടെ വാതില്‍ അടഞ്ഞാല്‍ പിന്നെ തുറക്കണമെങ്കില്‍ നാല് മണിയുടെ അവസാന ബെല്ലും കഴിഞ്ഞ്, സ്‌കൂളിലെ അവസാന കുട്ടിയും പോവണം. കൈക്കുഞ്ഞിനെയടക്കം പകല്‍ മുഴുവന്‍ ഒരു മുറിയില്‍ പൂട്ടിയിടേണ്ട അവസ്ഥ. നീണ്ട് നിവര്‍ന്ന് കിടക്കാന്‍ പോലും സ്ഥലമില്ല. ഒരു ക്ലാസ് മുറി വീടും തൊട്ടുത്തുള്ള ക്ലാസ് മുറി പഠിക്കുന്ന ക്ലാസ്സും- ശ്രീക്കുട്ടി ഈ സൗജന്യം ആസ്വദിച്ചെങ്കിലും അഭയാര്‍ഥികളായുള്ള ജീവിതം തങ്ങള്‍ക്ക് ദുരിതം മാത്രമേ സമ്മാനിക്കൂ എന്ന തിരിച്ചറിവ് അവള്‍ക്കുമുണ്ടായിരുന്നു. പക്ഷെ എന്തു ചെയ്യാന്‍. രണ്ടര വര്‍ഷത്തോളം സ്‌കൂളില്‍ തന്നെ ജീവിതം കഴിഞ്ഞുപോയി.

സ്‌കൂള്‍ നവീകരണം നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്ന ഷണ്‍മുഖ വിലാസം സ്‌കൂള്‍ മാനേജ്‌മെന്റിനും ഈ കുടുംബങ്ങളെ ഒഴിപ്പക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവരുടെ ദൈന്യസ്ഥിതി കണ്ട് അത്തരത്തിലൊരു തീരുമാനമെടുത്തില്ലെന്ന് മാത്രം. അങ്ങനെയിരിക്കെയാണ് സ്‌കൂള്‍ പോളിങ് ബൂത്ത് ആക്കണമെങ്കില്‍ മൂന്ന് കുടുംബങ്ങളും സ്‌കൂളില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. അതോടെ സ്‌കൂള്‍ അധികൃതര്‍ക്ക് ആ തീരുമാനം അനുസരിക്കേണ്ടി വന്നു. മൂന്ന് കുടുംബങ്ങളോടും തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് സ്‌കൂളില്‍ നിന്ന് ഇറങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതോടെ അവരുടെ സ്‌കൂള്‍ ജീവിതത്തിന്റെ അവസാന മണിയും മുഴങ്ങി. കൈക്കുഞ്ഞുങ്ങളും കൗമാരക്കാരികളുമായി അവര്‍ സ്‌കൂളിന്റെ പടിയിറങ്ങി. പക്ഷെ എങ്ങോട്ട്? തെരുവിലേക്കിറങ്ങുമ്പോള്‍ ഈ ചോദ്യം മാത്രമേ കൈമുതലായുണ്ടായിരുന്നുള്ളൂ.

ശ്രുതിയും ശ്രീക്കുട്ടിയും

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം: ശ്രീക്കുട്ടി പത്താം ക്ലാസ്സിലാണ്. പൊള്ളേത്തൈ ഹൈസ്‌കൂളില്‍. മുഖത്ത് നിറഞ്ഞ ചിരി. സന്തോഷം. ഇത് വെറും സന്തോഷമല്ല. ഇന്നവള്‍ക്ക് കയറിക്കിടക്കാന്‍ സ്വന്തമായി വീടുണ്ട്, ഭൂമിയുണ്ട്. കടലോര ഗ്രാമമായ പുറക്കാട് നിന്നും കിലോമീറ്ററുകള്‍ക്കിപ്പുറത്തെ മറ്റൊരു കടലോര ഗ്രാമമായ പൊള്ളേത്തൈയിലേക്കുള്ള പറിച്ചു നടീല്‍ അടച്ചുറപ്പുള്ള ഒരു വീടിന്റെ സുരക്ഷിതത്വത്തിലേക്കായിരുന്നു. ലൈലയുടേയും കാമിനിയുടേയും കുടുംബവും ഒപ്പമുണ്ട്. പക്ഷേ പഴയ പോലെ ഒരു കൂരയ്ക്ക് കീഴെയല്ല. അടുത്തടുത്തായുള്ള മൂന്ന് വീടുകളിലായി, അയല്‍പ്പക്കക്കാരായി അവര്‍ ഒന്നിച്ച് ജീവിക്കുന്നു. പട്ടിണിയുടേയും പരിവട്ടത്തിന്റേയും കഥകള്‍ ഇന്നവര്‍ക്ക് പറയാനില്ല. ഓരോരുത്തരും അവരാല്‍ കഴിയുന്ന ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നു. കുഞ്ഞുമുഹമ്മദ് മത്സ്യബന്ധനത്തിന് പോവും. ഉദയന്‍ എറണാകുളത്ത് സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്യുന്നു. ശ്രീകുമാരിയും രാജീവനും സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയില്‍ തൃപ്തരാണ്. കാമിനി ആലപ്പുഴയിലെ കുടനിര്‍മ്മാണ സ്ഥാപനത്തിനായി കുട തയ്ച്ച് നല്‍കുന്നു. അവധിക്കാലത്തെ മുഷിപ്പ് മാറ്റാനും അല്‍പ്പം പോക്കറ്റ് മണി ഒപ്പിക്കാനുമായി ശ്രീക്കുട്ടിയും പ്ലസ്ടു വിദ്യാര്‍ഥിനി ശ്രുതിയും കാമിനിയെ കുട നിര്‍മ്മാണത്തില്‍ സഹായിക്കുന്നു. കൃഷും ബാലുവും ഒരു പ്രദേശം മുഴുവന്‍ തങ്ങളുടെ കളിസ്ഥലമാക്കി ഓടിനടക്കുന്നു. സ്വന്തമായി മൂന്ന് സെന്റ് സ്ഥലവും വീടുമുണ്ട്. ഇനി എവിടേക്കും ഇറങ്ങിപ്പോവേണ്ടി വരില്ല എന്ന ഉറപ്പും സമാധാനവും കൂടെയുണ്ട്.

ഈ മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ എന്താണ് സംഭവിച്ചത്?
ആരാണ് ഇവര്‍ക്ക് കൈത്താങ്ങേകിയത്? ആ ചോദ്യത്തില്‍ നിന്നാണ് ഈ കഥയിലെ പ്രധാന കഥാപാത്രത്തിലേക്കെത്തുന്നത്. ‘ഒരു വലിയ മനുഷ്യന്‍. അന്ന് ആ മനുഷ്യന്‍ അങ്ങനെ ചെയ്യാനില്ലായിരുന്നെങ്കില്‍? ലൈലയുമ്മ പറയുന്ന ആ ‘വലിയ മനുഷ്യന്‍’ ഒരു പോലീസുകാരനാണ്; പേര് – ലെസ്ലി അഗസ്റ്റിന്‍.

സ്‌കൂളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന മൂന്ന് കുടുംബങ്ങളുടെ കഥ കേട്ടറിഞ്ഞ ലെസ്ലി താന്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി ഇവര്‍ക്ക് ഇഷ്ടദാനമായി നല്‍കുകയായിരുന്നു. പൊള്ളേത്തൈ പള്ളിയുടെ സമീപമുള്ള ഒമ്പത് സെന്റ് ഭൂമി. ‘സ്‌കൂളില്‍ നിന്ന് ഇറങ്ങിയ അന്ന് തന്നെ ലെസ്ലി സാര്‍ ഞങ്ങളെ വിളിച്ചു. ഭൂമി നല്‍കാമെന്ന് പറഞ്ഞു. ആദ്യം ആരോ വിളിച്ച് പറ്റിക്കുകയാണെന്നാ കരുതീത്. ആര്‍ക്കും വേണ്ടാത്ത ഞങ്ങളെ ഒരാള്‍ പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ സഹായിക്കുമെന്ന് വിശ്വസിക്കാന്‍ പാടായിരുന്നു. സ്‌കൂളില്‍ കഴിഞ്ഞ രണ്ടര വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഞങ്ങളുടെ ചെരുപ്പ് തേഞ്ഞതിന് കണക്കില്ല. പലരും വന്ന് സഹായം നല്‍കാമെന്ന് പറഞ്ഞു. രാഷ്ട്രീയ നേതാക്കളെല്ലാം പലതും തരമെന്ന് പറഞ്ഞു പോയതല്ലാതെ പിന്നെ ആ വഴിക്ക് കണ്ടിട്ടില്ല. അക്കൂട്ടത്തില്‍ ഇന്നത്ത മന്ത്രിമാര്‍ പോലുമുണ്ടായിരുന്നു. ഒന്നും തന്നില്ലെന്ന് പറയാന്‍ പറ്റില്ല. ഒരു ദിവസം വലിയവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയും റവന്യൂ ഉദ്യോഗസ്ഥര്‍ തന്നിരുന്നു. കുറേ കാലം കഴിഞ്ഞപ്പോള്‍ അത് കിട്ടാതായി. പലവ്യഞ്ജന കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കോളാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ട് പോയി. പക്ഷെ അവിടെ ചെല്ലുമ്പോള്‍ അരക്കിലോ അരി, കാല്‍ക്കിലോ പഞ്ചസാരയൊക്കെയാണ് കിട്ടിയത്. അതുകൊണ്ട് ഞങ്ങളെങ്ങനെ കഴിഞ്ഞുകൂടാനാണ്. കടല് കൊണ്ടുപോയ വീടും സ്ഥലത്തിനും പകരം വേറൊന്ന് തരുമെന്ന് പറഞ്ഞ് പലരും പറ്റിച്ചു. ആരും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവില്‍ കഴിയേണ്ടി വരുമെന്ന് ഓര്‍ത്ത് സ്‌കൂളില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് അദ്ദേഹം വിളിക്കുന്നത്. എന്തായിരിക്കും അദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് സംശയവുമുണ്ടായിരുന്നു. പക്ഷെ ആ സംശയവും ആശങ്കയും എല്ലാം വെറുതെയായിരുന്നു. ഇന്ന് ഞങ്ങള്‍ക്ക് എന്തിനാണ് കുറവ്. ഇതെല്ലാം അദ്ദേഹം തന്നതാണ്. ഞങ്ങളെല്ലാം പല മതങ്ങളിലുള്ളതാണ്. പല വിശ്വാസക്കാര്‍. പക്ഷെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ഇന്നൊരു ദൈവമുണ്ട്. അതാണ് ലെസ്ലി എന്ന ആ നല്ല മനുഷ്യന്‍‘- 75 വയസുള്ള ലൈലയുമ്മ പറയുന്നു.

തനിക്ക് സ്വന്തമായുണ്ടായിരുന്ന 30 സെന്റ് ഭൂമിയില്‍ നിന്നാണ് ലെസ്ലി അഗസ്റ്റിന്‍ ഒമ്പത് സെന്റ് ഭൂമി ഈ കുടുംബങ്ങള്‍ക്ക് നല്‍കിയത്. പിന്നീട് ഈ മുപ്പത് സെന്റില്‍ ബാക്കിയുള്ള ഭൂമിയും അദ്ദേഹം പലര്‍ക്കായി ദാനം ചെയ്തു. പല നാട്ടില്‍ നിന്നുള്ള, സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കയറിക്കിടക്കാന്‍ ഇടമോ ഇല്ലാത്തവര്‍ക്കായി. പക്ഷെ കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായ ലെസ്ലിക്ക് ഇവര്‍ക്കായി വീട് വച്ച് നല്‍കാനുള്ള സാമ്പത്തികാവസ്ഥയില്ലായിരുന്നു. വീട് വച്ച് നല്‍കാന്‍ സഹായം അഭ്യര്‍ഥിച്ച് ലെസ്ലി പല വാതിലുകളും മുട്ടി. പക്ഷെ ആരും സഹായിച്ചില്ല. ഒടുവില്‍ ഈ ആവശ്യവുമായി അദ്ദേഹം തന്നെ അമൃതാനന്ദമയീ മഠത്തില്‍ പല തവണ കയറിയിറങ്ങി. ഒടുവില്‍ മഠം അധികൃതര്‍ 10 കുടുംബങ്ങള്‍ക്കും വീട് വച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കി. അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീടുമായി.

ലെസ്ലി അഗസ്റ്റിന്‍

പത്ത് കുടുംബങ്ങള്‍ക്കായാണ് സ്ഥലം നല്‍കിയത്. അതില്‍ പുറക്കാട് സ്‌കൂളില്‍ നിന്ന് ഇറങ്ങേണ്ടി വന്ന മൂന്ന് കുടുംബങ്ങളാണ് ആദ്യം താമസമാക്കിയത്. പലരും പലപ്പോഴായി പറഞ്ഞുകേട്ട, ഒരു തുണ്ട് ഭൂമി പോലുമില്ലാതെ കഷ്ടതയനുഭവിക്കുന്നവരെ തേടിപ്പിടിച്ച് ഭൂമി നല്‍കുകയായിരുന്നു. എല്ലാവരും അര്‍ധ പട്ടിണിക്കാരോ മുഴുപ്പട്ടിണിക്കാരോ ആയിരുന്നു. ഇതില്‍ ഒരു കൂട്ടര്‍ എറണാകുളം പൂക്കാട്ടുപടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷമീറും ഷാഹിദയുമാണ്. ഷമീറിന് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായതിനാല്‍ വാടക പോലും നല്‍കാനാവാതെ അവിടെ നിന്ന് ഇറങ്ങേണ്ട അവസ്ഥയിലായിരുന്നു. മറ്റൊന്ന് പൊള്ളേത്തൈയില്‍ തന്നെയുള്ള ബേബിക്കാണ് നല്‍കിയത്. വൃക്ക രോഗിയായ ഷാലറ്റും കുടുംബവും, പള്ളിത്തോട് സ്വദേശിയായ ജോസഫും കുടുംബവും, പൊള്ളേത്തെയില്‍ തന്നെയുള്ള ലാലി, അനിത, സെലീന, മണികണ്ഠന്‍ എന്നിവര്‍ക്കാണ് ബാക്കിയുള്ള ഭൂമിയും വീടം നല്‍കിയത്.

ഇതില്‍ മണികണ്ഠന്‍ തമിഴ്‌നാട്ടുകാരനാണ്. എറണാകുളത്തെ വാത്തുരുത്തി ചേരിയില്‍ ഷീറ്റ് വലിച്ചുകെട്ടി താമസിക്കുകയാണ്. ഐലന്‍ഡ് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ പറഞ്ഞാണ് ഞാന്‍ അയാളെക്കുറിച്ച് അറിയുന്നത്. മഠം നിര്‍മ്മിച്ച വീടിന് രണ്ട് മുറികള്‍ മാത്രമേയുള്ളൂ. അതിന് അടുക്കളയും കുളിമുറിയും പണിതാലേ അവര്‍ക്കത് വാസയോഗ്യമാവൂ. ഞാന്‍ അതിനുള്ള ശ്രമത്തിലാണ്. പക്ഷെ ഇതൊന്നുമല്ല, ഇതിലുമേറെ ഭാരിച്ച് ഒരു ജോലി എനിക്കിനിയുണ്ട്. പൊള്ളേത്തെയില്‍ വീടും സ്ഥലവും നല്‍കിയ സെലീനയ്ക്ക് അവിടെ നില്‍ക്കാന്‍ പല സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ഞാന്‍ ആ സ്ഥലവും വീടും മറ്റൊരാള്‍ക്ക് മറിച്ച് നല്‍കി. സെലീനയ്ക്കും കുടുംബത്തിനുമായി എഴുപുന്നയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ആവുന്നതേയുള്ളൂ. സ്ഥലം വാങ്ങാനുള്ള പണം എന്റെ കയ്യിലുണ്ട്. പക്ഷെ അവര്‍ക്ക് വീട് വേണം. കുറച്ച് സഹായം എനിക്ക് ചെയ്യാനാവും. പക്ഷെ അത് പോര. പലരോടും സഹായത്തിനഭ്യര്‍ഥിച്ചിട്ടുണ്ട്. സെലീനയും കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ ഭര്‍ത്താവും രണ്ട് പെണ്‍കുഞ്ഞുങ്ങളും ഇപ്പോള്‍ കുമ്പളങ്ങിയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. സെലീന കാറ്ററിങ് ജോലി ചെയ്യുന്നുണ്ട്. അതാണ് അവരുടെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. പൊള്ളേത്തെയില്‍ താമസിച്ചാല്‍ അവരുടെ ജോലി മുന്നോട്ട് പോവില്ല. അതുകൊണ്ടാണ് അവിടെ നിന്ന് മാറിയത്. പക്ഷെ അതിന് പകരം ഒന്ന് അവര്‍ക്ക് നല്‍കുക എന്നത് എന്റെ സ്വപ്‌നവും ലക്ഷ്യവുമാണ്. ജൂണ്‍ മാസമാദ്യം ആ സ്ഥലം ഞാന്‍ അവര്‍ക്ക് വാങ്ങി നല്‍കും. ഇസ്ലാം മതവിശ്വാസികളുടെ ചെറിയപെരുന്നാള്‍ ജൂണിലാണ്. അതിന് മുമ്പ് അവര്‍ക്കുള്ള പെരുന്നാള്‍ സമ്മാനമായി അഞ്ച് സെന്റ് ഭൂമി ഞാന്‍ കൈമാറും. പക്ഷെ അവര്‍ക്ക് സുരക്ഷിതമായി കിടക്കാനുള്ള കിടപ്പാടം ഉണ്ടാക്കണമെങ്കില്‍ ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ. അതിനാണ് ഇപ്പോള്‍ എന്റെ ശ്രമം മുഴുവനും.‘ ലെസ്ലി അഗസ്റ്റിന്റെ നന്മയുള്ള വാക്കുകള്‍.

ലൈല, കുഞ്ഞുമുഹമ്മദ്‌, കാമിനി, ശ്രുതി, ശ്രീക്കുട്ടി, ക്രിഷ്, ബാലു എന്നിവര്‍ വീടിനു മുന്നില്‍

കുമ്പളങ്ങി പോലീസ് സ്‌റ്റേഷന് സമീപമുള്ള വീട്ടില്‍ ഭാര്യ ജയശ്രീക്കും രണ്ട് ആണ്‍ മക്കള്‍ക്കുമെപ്പമാണ് ലെസ്ലി താമസിക്കുന്നത്. എറണാകുളം ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എസ്.ഐയാണ് അദ്ദേഹം. പ്രതിഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക എന്നത് മാത്രമാണ് തന്റെ ധര്‍മ്മം എന്ന് ഇദ്ദേഹം പറയുന്നു. ചെയ്യുന്ന കാര്യങ്ങള്‍ പൊതുജനത്തിന് മുന്നില്‍ വിളിച്ച് പറയാന്‍ താത്പര്യവുമില്ല. ‘ഞാന്‍ ജനിച്ചത് വലിയ മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ള വീട്ടിലാണ്. എനിക്കുള്ളതെല്ലാം ഞാന്‍ തന്നെ അനുഭവിക്കേണ്ടതാണെന്ന വിശ്വാസം ചെറുപ്പകാലം മുതലേ എനിക്കില്ല. എന്നെക്കൊണ്ടാവും വിധം എല്ലാവരേയും സഹായിക്കും. പക്ഷെ അതുപറഞ്ഞ് നടക്കാനോ, വലിയ കയ്യടികള്‍ വാങ്ങിക്കാനോ എനിക്ക് ആഗ്രഹമില്ല. വലതുകൈ നല്‍കുന്നത് ഇടതുകൈ അറിയരുതെന്ന് തന്നെയാണ് എന്റെ വിശ്വാസം. കുമ്പളങ്ങിയില്‍ ഞാനുള്‍പ്പെടെയുള്ള ഒരു സംഘമാളുകളുകളുടെ ഒരു കൂട്ടായ്മയുണ്ട്. ഞങ്ങള്‍ ആഘോഷനാളുകളില്‍ പാവപ്പെട്ടവര്‍ക്ക് അരിവിതരണം ചെയ്യാറുണ്ട്. ചികിത്സാ സഹായങ്ങള്‍ കഴിയുന്നത് പോലെ നല്‍കാറുണ്ട്. പക്ഷെ എനിക്കിപ്പോള്‍ ജോലി ഒഴിഞ്ഞിട്ട് അതിന്റെയൊക്കെ പിറകെ പോവാന്‍ സമയമില്ലെന്ന് മാത്രം. ഇനി 15 മാസത്തെ സര്‍വീസ് കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ സമയവും മാറ്റിവയ്ക്കാനാണ് തീരുമാനം’- ലെസ്ലി അഗസ്റ്റിന്‍ പറഞ്ഞ് നിര്‍ത്തി.

പോലീസ് എന്ന് കേട്ടാല്‍ പേടിയോടെയും വെറുപ്പോടെയും നോക്കുന്നവര്‍ക്കും നാട്ടുകാരെ മെക്കിട്ട് കയറുന്ന പോലീസുകാര്‍ക്കും ലെസ്ലി അഗസ്റ്റിന്‍ ഒരു വ്യത്യസ്തതയുള്ള പാഠമാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍