UPDATES

കേരളം

കാടിനെ കാടിന് തന്നെ വിട്ടുകൊടുത്ത് കാടിറങ്ങുകയാണ് ഈ മനുഷ്യര്‍

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ഏക സ്ഥലമാണ് വയനാട് വന്യജീവി കേന്ദ്രം

കാടിനെ കാടിന് തന്നെ വിട്ടുകൊടുത്ത് കാട്ടില്‍ നിന്നിറങ്ങുകയാണ് ചില മനുഷ്യര്‍. നൂറ്റാണ്ടുകളായി ഉള്‍ക്കാടുകളില്‍ കഴിഞ്ഞിരുന്ന അവര്‍ കാടിനെ വളരാന്‍ വിടുകയാണ്. മനുഷ്യനേക്കാള്‍ വനമൃഗങ്ങള്‍ക്കാണ് ആ കാട് ആവശ്യമെന്ന് മനസ്സിലാക്കി നാട്ടിലേക്ക് കുടിയിറങ്ങിക്കഴിഞ്ഞു പലരും. കുടിയിറക്കം ഇപ്പോഴും തുടരുന്നു. വയനാട് വന്യജീവി കേന്ദ്രത്തിലെ മനുഷ്യരാണ് ഇത്തരത്തില്‍ ധീരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജീവിത സൗകര്യങ്ങളോടും ജീവിതത്തോടുമുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിയുമായി പലരും ഈ കുടിയിറക്കത്തെ വിശേഷിപ്പിച്ചേക്കാം. എന്നാല്‍ ജനിച്ചുവീണ മണ്ണ് വിട്ട്, ഇന്നലെ വരെ കൃഷി ചെയ്തിരുന്ന വയലുകളെ വിട്ട് അവര്‍ ഒഴിയാന്‍ തീരുമാനിച്ചത് അവര്‍ക്ക് വേണ്ടി മാത്രമല്ല, കാടിനും കാട്ടുമൃഗങ്ങള്‍ക്കുമെല്ലാം വേണ്ടിക്കൂടിയാണ്.

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ഏക സ്ഥലമാണ് വയനാട് വന്യജീവി കേന്ദ്രം. ആരേയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കില്ല. കാടും വീടും വിട്ടുപോവാന്‍ ഒരുവിധ സമ്മര്‍ദ്ദവും ചെലുത്തില്ല. സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നവരെ മാത്രം പുനരധിവസിപ്പിക്കും; അതാണ് പദ്ധതിയുടെ പ്രത്യേകത. പത്തില്‍ താഴെ കുടുംബങ്ങളാഴിച്ച് മറ്റെല്ലാവരും സ്വയം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

മുത്തങ്ങ, സുല്‍ത്താന്‍ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ ഫോറസ്റ്റ് റേഞ്ചുകള്‍ക്ക് കീഴിലുള്ള വന്യജീവി കേന്ദ്രത്തിലുള്ള കുടുംബങ്ങളാണ് കാടൊഴിയുന്നത്. ഇതിനോടകം നാനൂറ് കുടുംബങ്ങള്‍ മാറിത്താമസിച്ചു കഴിഞ്ഞു. ഇനിയും നിരവധി പേര്‍ അതിന് സന്നദ്ധരായി എത്തുന്നുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ബാദുഷ പറയുന്നു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഓഫ് ഇന്ത്യ ഗൈഡ്‌ലൈന്‍ അനുസരിച്ച് വന്യജീവി സങ്കേതത്തിനകത്ത് താമസിക്കുന്ന ആദിവാസികളേയും ഇതര വിഭാഗക്കാരേയും പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കി വരുന്നത്. 2008ല്‍ എംപി ആയിരുന്ന സി എസ് സുജാതയാണ് വയനാട് വന്യജീവി സങ്കേതത്തിലെ ജനങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മനുഷ്യരും മൃഗങ്ങളും തമ്മില്‍ നിരന്തരം സംഘട്ടനത്തിലേര്‍പ്പെടേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരാവശ്യം മുന്നോട്ട് വച്ചത്. അന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് വന്യജീവി സങ്കേതത്തിനുള്ളില്‍ പെട്ടിരിക്കുന്ന മനുഷ്യര്‍ക്കായി പുനരധിവാസ പദ്ധതി എന്ന ആലോചന കൊണ്ടുവന്നു. ഇത് സംബന്ധിച്ച പഠനം നടത്താനായി കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ നിയോഗിച്ചു. സര്‍ക്കാര്‍ ഡോ. ശേഖറിനെ പഠനങ്ങള്‍ക്കായി നിയോഗിച്ചു.

“110 ജനവാസ കേന്ദ്രങ്ങളിലായിരുന്നു ഡോ. ശേഖറിന്റെ നേതൃത്വത്തില്‍ പഠനം. 1400 കുടുംബങ്ങളിലായി ഏഴായിരത്തിലധികം പേര്‍ അവിടെ താമസിക്കുന്നതായി അവരുടെ റിപ്പോര്‍ട്ടിലുണ്ട്. വൈദ്യുതി, വിദ്യഭ്യാസം, വിള സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലെ 14 സെറ്റില്‍മെന്റുകളിലായി താമസിക്കുന്ന 800 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കണം എന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് പുനരധിവാസ പദ്ധതിക്കായി 80 കോടി രൂപ ഇതിനായി അനുവദിക്കണമെന്ന് 2009ല്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2011 നവംബര്‍ 29ന് പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.” ബാദുഷ പറഞ്ഞു.

കുറിച്യാട് റേഞ്ചിലെ കോലൂര്‍, അമ്മവയല്‍ തുടങ്ങിയ രണ്ട് സെറ്റില്‍മെന്‍റുകളിലെ 55 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി 5.5 കോടി രൂപ അനുവദിച്ചു. സുല്‍ത്താന്‍ ബത്തേരി റേഞ്ചിലെ കൊട്ടന്‍കര, വെള്ളക്കോട്, അരവണ്ടി, തോല്‍പ്പെട്ടി റേഞ്ചിലെ നരിമാഞ്ചി, കൊല്ലി, ഈശ്വരന്‍കൊല്ലി, മുത്തങ്ങ റേഞ്ചിലെ ചെട്യാലത്തൂര്‍ എന്നിവിടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായാരുന്നു പദ്ധതി. പലയിടങ്ങളിലേയും കുടുംബങ്ങള്‍ കാട് വിട്ട് പലയിടങ്ങളിലായി താമസം മാറാന്‍ സ്വമേധയാ തയ്യാറായി. വയനാട് വന്യജീവി സങ്കേതത്തിലെ ഏറ്റവും ജനസംഖ്യയേറിയ ഗ്രാമമായ ചെട്യാലത്തൂരിലെ കുടുംബങ്ങള്‍ ഇപ്പോള്‍ യാത്ര തുടങ്ങിയിരിക്കുകയാണ്. 2011 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ആദിവാസികളുടേതുള്‍പ്പെടെ 200 കുടുംബങ്ങളാണ് മാറിത്താമസിച്ചത്.

ബാദുഷ തുടരുന്നു, “കാട്ടില്‍ താമസിച്ചിട്ടുണ്ടെങ്കില്‍, അര്‍ഹരായ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപയാണ് നല്‍കുന്നത്. ഓരോ കുടുംബത്തിലേയും പ്രായപൂര്‍ത്തിയായവര്‍, വിധവകള്‍, അവിവാഹിതരായ സ്ത്രീകള്‍ എന്നിവരെ അര്‍ഹരായ കുടുംബമായാണ് കണക്കാക്കുന്നത്. കാട്ടില്‍ എത്ര ഭൂമി കൈവശമുണ്ടായിരുന്നോ എന്നത് വിഷയമേയല്ല. 400 കുടുംബങ്ങളില്‍ വയനാടന്‍ ചെട്ടികളും, പണിയരും, കാട്ടുനായ്ക്കരും എല്ലാം ഉള്‍പ്പെടുന്നു. പത്ത് ലക്ഷം രൂപ നല്‍കുക അല്ലെങ്കില്‍ വനംവകുപ്പ് ഭൂമി കണ്ടെത്തി വീട് വച്ചുനല്‍കുക എന്നതാണ്. ആദിവാസി വിഭാഗങ്ങള്‍ക്കായി വനംവകുപ്പ് വനമേഖലകളില്‍ തന്നെ ഭൂമി കണ്ടെത്തുകയും അവരുടെ വനാവകാശം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.’

ഈ മേഖലകളില്‍ പുലിയുടെ ആക്രമണത്തില്‍ ആളുകളില്‍ മരിച്ചത് അടുത്തകാലത്താണ്. ആനകളുടേയും പുലികളുടേയും മറ്റ് വന്യമൃഗങ്ങളുടേയും നിരന്തര ആക്രമണത്തിന് ഇരകളാവുകയും ഭയന്ന് ജീവിക്കുകയും ചെയ്യുന്നവരായിരുന്നു വന്യജീവി സങ്കേതത്തിലുള്‍പ്പെട്ടിരുന്നവര്‍. കുട്ടികളുടെ വിദ്യാഭ്യാസം അതിനേക്കാള്‍ ദുഷ്‌കരമായിരുന്നു. ഏകാധ്യാപക വിദ്യാലയമാണ് ആകെയുണ്ടായിരുന്നത്. അതിനാല്‍ കിലമീറ്ററുകള്‍ ദൂരെയുള്ള സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തിയിരുന്നത് മണിക്കൂറുകള്‍ നീണ്ട യാത്രകളിലൂടെയാണ്.

ആശുപത്രി സൗകര്യമോ, വാഹനസൗകര്യമോ ഇല്ലാതെ നിരന്തരം വന്യജീവികളെ പേടിച്ച് കഴിഞ്ഞിരുന്ന ജീവിതത്തില്‍ നിന്ന് ലഭിച്ച മോചനം കൂടിയാണിതെന്ന ചെട്യാലത്തൂര്‍ സ്വദേശിയായിരുന്ന ശ്രീധരന്‍ പറയുന്നു “ഞാനൊക്കെ ജനിച്ചത് ഈ കാട്ടിനുള്ളിലാണ്. ഉള്‍ക്കാട്ടില്‍ ആണെങ്കിലും അവിടുത്തെ സുഖം പുറത്തേക്ക് വന്നപ്പോളില്ല എന്ന യാഥാര്‍ഥ്യം പറയാതിരിക്കാനും കഴിയില്ല. പക്ഷെ ഞങ്ങള്‍ അനുഭവിച്ചിരുന്ന ദുരിതത്തിന് ഒരു അതിരുമില്ലായിരുന്നു. രാവിലെ എട്ടുമണിക്ക് ഒരു ജീപ്പ് ഉണ്ട്. അതിലാണ് പഠിക്കുന്ന കുട്ടികളും ജോലിക്കാരുമെല്ലാം പോവുന്നത്. തിരിച്ച് ഊരിലേക്ക് ആ ജീപ്പ് പുറപ്പെടാന്‍ വൈകിട്ട് അഞ്ച്, ആറ് മണിവരെയെങ്കിലും ആവും. എട്ടുമണി വരെ കാത്തിരിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുമുണ്ട്. അതുവരെ പഠിക്കുന്ന കുട്ടികളും ജോലിക്കാരുമെല്ലാം ഏതെങ്കിലും കടത്തിണ്ണകളില്‍ കാത്തിരിക്കുമായിരുന്നു. മഴക്കാലത്ത് ഈ ജീപ്പ് ഞങ്ങടെ വീട്ടിലേക്ക് ഇറങ്ങുകയുമില്ല. വീടിന്റെ അടുത്ത് പോലും ആനയും മറ്റ് മൃഗങ്ങളും ഉണ്ടാവും. സത്യത്തില്‍ കാടിന്റെ നടുക്കുള്ള ദ്വീപായിരുന്നു ഞങ്ങളുടെ താമസസ്ഥലം. ആശുപത്രിയില്‍ പോവേണ്ട സാഹചര്യമുണ്ടായാല്‍ പോലും അതിന് നിവൃത്തിയില്ലാത്ത അവസ്ഥയായിരുന്നു. അങ്ങനെ നോക്കിയാല്‍ ഞങ്ങള്‍ക്ക് കിട്ടിയ ഒരു അവസരം കൂടിയാണിത്. പലതും നഷ്ടമായി. പക്ഷെ മറ്റ് പലതും കിട്ടി. കാടിനെ വളരാന്‍ അനുവദിക്കുന്നത് തന്നെയാണ് ഞങ്ങളുടെ സന്തോഷവും”, ശ്രീധരന്‍ പറയുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍