UPDATES

ആയിരത്തോളം പേര്‍, 40 ദിവസം, 12 കിലോമീറ്റര്‍; ഒരു നാട് തങ്ങളുടെ പുഴയെ തിരിച്ചു പിടിച്ച കഥ

കുട്ടമ്പേരൂരാറിനെ പുനരുജ്ജീവിപ്പിച്ചെടുത്തത് അക്ഷരാര്‍ത്ഥത്തില്‍ ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു

ഓണാട്ടുകരയ്ക്കും ഇടനാടിനും ജീവജലമേകിയിരുന്ന മൂന്ന് ആറുകളെ പുനരുജ്ജീവിപ്പിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വയ്ക്കുന്നത് ആലപ്പുഴയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എസ്.ഡി.വേണുകുമാറാണ്. കുട്ടിക്കാലത്ത് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന, കൂട്ടുകാരായിരുന്ന ആറുകള്‍ മരിച്ചു കിടക്കുന്ന കാഴ്ചയുടെ വേദനയില്‍ നിന്നാണ് ഈ ആശയമുരുത്തിരിയുന്നത്. മനുഷ്യരുടെ ദുഷ്പ്രവര്‍ത്തികളാല്‍ മൃതിയടഞ്ഞുപോയ ഈ ആറുകളെ ജീവിപ്പിച്ചെടുക്കാന്‍ മനുഷ്യര്‍ക്ക് തന്നെ ശ്രമിച്ചുകൂടെ എന്നതായിരുന്നു വേണുകുമാറിന്റെ ചോദ്യം. പക്ഷെ പ്രകൃതിയെ കൈവെടിഞ്ഞ് അവരവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓടുന്ന മനുഷ്യര്‍ ആ ആശയം ഏറ്റെടുക്കുമെന്നോ ആറുകള്‍ക്ക് എന്നെങ്കിലും അവയുടെ ജീവന്‍ തിരിച്ചുകിട്ടുമെന്നോ അദ്ദേഹം പോലും വിശ്വസിച്ചിരുന്നില്ല. കുട്ടമ്പേരൂരാര്‍ അതിന്റെ ജീവശ്വാസം വീണ്ടെടുക്കുന്നത് വരെ.

കുട്ടമ്പേരൂര്‍ ആറ് ഇന്ന് അതിന്റെ ജീവാംശം വീണ്ടെടുത്തിരിക്കുന്നു. പുല്‍ക്കാടും മണല്‍തിട്ടകളും കോണ്‍ക്രീറ്റ് നിര്‍മ്മിതികളും വിഴുങ്ങിയ ആറിനെ കുറേപേര്‍ ചേര്‍ന്ന് പുനരുജ്ജീവിപ്പിച്ചു. 12 കിലോമീറ്റര്‍ നീളമുള്ള കുട്ടമ്പേരൂരാറിനെ തിരിച്ചുപിടിക്കാന്‍ ഒരു പത്രപ്രവര്‍ത്തകനില്‍ തുടങ്ങിയ യത്‌നം നാടൊന്നാകെയേറ്റെടുത്തപ്പോള്‍ അത് ഒരു നാടിന് എന്നും അഭിമാനിക്കാനുള്ള വിജയകഥയായി മാറി. ഒരു വലിയ വിപ്ലവത്തിനുള്ള തീപ്പൊരി സമ്മാനിച്ച എസ്.ഡി.വേണുകുമാറിന്റെ വാക്കുകളിലേക്ക്- ‘എന്റെ വീട് വരട്ടാറിന്റെ കരയിലാണ്. ആറിനെ മാറ്റിനിര്‍ത്തിയൊരോര്‍മ്മ കുട്ടിക്കാലത്തെക്കുറിച്ചില്ല. അതില്‍ കളിച്ചും തിമിര്‍ത്തും നടന്ന ഞങ്ങള്‍ക്ക് വരട്ടാര്‍ ഇല്ലാതാവുന്ന കാഴ്ചയും കാണേണ്ടി വന്നു. മൂന്ന് ആറുകളാണ് ഇത്തരത്തില്‍ ഇല്ലാതായത്. വരട്ടാര്‍, ഉത്തരപ്പള്ളിയാര്‍, കുട്ടമ്പേരൂരാര്‍. ഒരു പ്രദേശത്തെ ജീവിതം, സംസ്‌കാരം, ആചാരങ്ങള്‍ എന്നിവയെല്ലാം ഈ ആറുകളുമായി ബന്ധപ്പെട്ട് ഉണ്ടായി വന്നിട്ടുള്ളതായിരുന്നു. മനുഷ്യരുടെ ചെയ്തികളാല്‍ ഇല്ലാതായ ഇവയില്‍ ഒന്നെങ്കിലും തിരികെ ലഭിച്ചു എന്ന് ആശ്വസിക്കാം. മറ്റ് ആറുകളും നമുക്ക് വീണ്ടെടുക്കാവുന്നതേയുള്ളൂ. അതിന് ഏകോപനമില്ലായ്മ മാത്രമാണ് പ്രശ്‌നം.’

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും നിരവധി സവിശേഷതകളുള്ളതാണ് കുട്ടമ്പേരൂരാര്‍. ബുധനൂര്‍ പഞ്ചായത്തിന്റെ തെക്ക് ഉളുന്തിയിലെ പള്ളിക്കടവ് എന്ന സ്ഥലത്ത് അച്ചന്‍കോവിലാറില്‍ നിന്നാണ് തുടക്കം. 12 കിലോമീറ്റര്‍ സഞ്ചരിച്ച് പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമല മൂഴിക്കല്‍ എന്ന ഭാഗത്ത് പമ്പാനദിയിലേക്ക് ഇത് ചേരും. രാജഭരണ കാലത്ത് വെട്ടിയുണ്ടാക്കിയ ആറാണിതെന്ന് ചരിത്രരേഖകള്‍ പറയുന്നു. പലയിടങ്ങളിലും 120 മീറ്റര്‍ വരെ വീതിയുണ്ടായിരുന്നു. ബുധനൂര്‍ പഞ്ചായത്തിലുള്ള കൊട്ടാരങ്ങളിലേക്ക് ചരക്കെത്തിക്കാനായാണ് രാജഭരണകാലത്ത് ഈ ആറ് മുഖ്യമായും ഉപയോഗിച്ചിരുന്നത്. തെക്കോട്ടും വടക്കോട്ടും ഒഴുകുന്ന ആറ് എന്നതാണ് കുട്ടമ്പേരൂരിന്റെ പ്രത്യേകത. അച്ചന്‍കോവിലാറ്റില്‍ വെള്ളം കൂടുതലായാല്‍ ആറിന്റെ ഒഴുക്ക് വടക്കോട്ടായിരിക്കും. പമ്പയാറ്റിലാണ് കൂടുതല്‍ വെള്ളമെങ്കില്‍ ആറ് തെക്കോട്ടൊഴുകും. ഇക്കാരണം കൊണ്ട് തന്നെ ഇതിന് ‘ഇരുതലമൂരി’, ‘കായംകുളം വാള്‍’ എന്നിങ്ങനെയുള്ള പേരുകളും വിളിക്കപ്പെട്ടു.

ബുധനൂര്‍, മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളിലെ മുഖ്യ ജലസ്രോതസ്സും കുട്ടമ്പേരൂരായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിമ്പ് കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന ജീവിതോപാധി. തിരുവല്ലയിലെ പമ്പാ ഷുഗര്‍ മില്ലും മന്നം ഷുഗര്‍ മില്ലും ഓണാട്ടുകരയിലെ കരിമ്പ് കര്‍ഷകരും തങ്ങളുടെ പ്രതാപകാലത്ത് ഏറെ ആശ്രയിച്ചിരുന്നത് കുട്ടമ്പേരൂരാറിനെയായിരുന്നു. പിന്നീട് പഞ്ചസാര ഫാക്ടരികള്‍ ഇല്ലാതായി. ക്രമേണ കരിമ്പ് കൃഷിയും നിലച്ചു. ഇതോടെ ആറിന്റെ ദുരിതകാലവും തുടങ്ങി.

ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റും 62കാരനുമായ വിശ്വംഭര പണിക്കരുടെ ഓര്‍മ്മകളിലേക്ക്- ‘എന്റെ ചെറുപ്പകാലത്ത്, അതായത് 1960,70കളില്‍ ഈ ആറ് വലിയ വിഭാഗത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടന്നിരുന്നതായിരുന്നു. കരിമ്പ് കൃഷി, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ ജീവനോപാധികളുടെ അത്താണിയായിരുന്നു കുട്ടമ്പേരൂരാര്‍. നല്ല ആഴവും വീതിയും ഒഴുക്കുമുള്ള ആറ്. ആറിന് ഇരുകരകളിലും ജീവിച്ചിരുന്നവരില്‍ ഒരു വിഭാഗം കരിമ്പ് കര്‍ഷകരായിരുന്നു. ആറിലൂടെ വള്ളത്തില്‍ പോവുമ്പോള്‍ ഇരുകരകളിലും കരിമ്പ് കൂട്ടം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. കരിമ്പ് ചങ്ങലയില്‍ കെട്ടി വള്ളത്തില്‍ പഞ്ചസാര ഫാക്ടറികളിലേക്കെത്തിക്കുന്ന കാഴ്ച അന്ന് ഞങ്ങള്‍ക്ക് സാധാരണമായിരുന്നു. പമ്പയാറിന്റെ കരകളിലായിരുന്നു ഈ പഞ്ചസാര ഫാക്ടറികളെന്നത് കുട്ടമ്പേരൂരാറിന്റെ പ്രസക്തി വര്‍ധിപ്പിച്ചിരുന്നു. ഈ ആറിനോട് ചേര്‍ന്ന് നാല്‍പ്പത് കൈത്തോടുകളുണ്ട്. ആറിലെ വെള്ളം ഈ തോടുകലിലൂടെ കയറി നെല്ല്, വാഴ, കരിമ്പ് കൃഷിയിടങ്ങളിലൂടെ കയറിയിറങ്ങി കുട്ടമ്പേരൂരാറിന്റെ തന്നെ മറ്റൊരു ഭാഗത്ത് ചെന്നുചേരും. ചെന്നിത്തല പഞ്ചായത്തിന്റെ കിക്കന്‍ മേഖലയിലും ബുധനൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുമായാണ് ആറ് ഒഴുകിയിരുന്നത്. മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല പഞ്ചായത്തുകളെ തമ്മില്‍ വേര്‍തിരിക്കുന്നതും ഈ ആറ് തന്നെയാണ്.

അറുന്നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് അന്ന് ആറിന്റെ ഇരുകരകളിലുമായി താമസിച്ചിരുന്നത്. അത്രകണ്ട് മത്സ്യ സമ്പത്തുണ്ടായിരുന്നു. ഈ ആറ്റില്‍ മത്സ്യബന്ധനം നടത്തിയാണ് അവര്‍ ജീവിച്ചിരുന്നത്. ഐതിഹ്യമാലയിലെ വിവരങ്ങള്‍ കടമെടുക്കുകയാണെങ്കില്‍ ഇത് രാജഭരണകാലത്ത് വെട്ടിയെടുത്ത ആറാണ്. തിരുവിതാംകൂറിലെ ഒരു രാജ്ഞി ഇതുവഴി പല്ലക്കില്‍ പോയപ്പോള്‍ പകിട കളിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ കല്ലെടുത്തെറിഞ്ഞുവത്രെ. അന്ന് കര്‍ഷകര്‍ കൃഷിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് അല്‍പ്പം മാറിയുള്ള ഉത്തരപ്പള്ളിയാറിനെയായിരുന്നു. കര്‍ഷകരോട് പ്രതികാരം ചെയ്യണമെന്നുറച്ച റാണി ഉത്തരപ്പള്ളിയാര്‍ മണ്ണിട്ട് മൂടി. അതോടെ കൃഷി മുന്നോട്ട് കൊണ്ടുപോവാന്‍ കര്‍ഷകര്‍ക്ക് വേറെ നിവൃത്തിയില്ലെന്ന് വന്നു. അപ്പോള്‍ ഉത്തരപ്പള്ളിയാറിന് പകരം വെട്ടിയെടുത്ത ആറാണ് കുട്ടമ്പേരൂരാര്‍ എന്നാണ് പറയപ്പെടുന്നത്.

പഞ്ചസാര ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ ആറ്റലൂടെയുള്ള യാത്രകള്‍ വളരെ കുറഞ്ഞു. ആറ് ആരും ശ്രദ്ധിക്കാതെയായി. ചൂഷണങ്ങള്‍ തുടങ്ങി. ഏതാണ്ട് രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് ആറിന്റെ നാശം അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്കെത്തുന്നത്. അശാസ്ത്രീയമായ ചില നിര്‍മ്മാണങ്ങള്‍ കൊണ്ട് ആറ്റിലെ ഒഴുക്ക് നിലച്ചു. പായല്‍ മൂടി. മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടു. അവിടെ പുല്ലും പടര്‍പ്പുകളും വളര്‍ന്നു. അങ്ങനെ ആറ് കണ്ടാല്‍ തിരപിച്ചറിയാനൊക്കാത്ത വിധമായി. കണ്ടാല്‍ കാട് കയറിക്കിടക്കുന്ന പ്രദേശമാണെന്നേ ആരും പറയുമായിരുന്നുള്ളൂ. ആറന്‍മുള വള്ളംകളിയ്ക്ക് ഏറ്റവും ദൂരെ നിന്നെത്തുന്ന പള്ളിയോടം ചെന്നിത്തലയില്‍ നിന്നുള്ളതാണ്. ചെന്നിത്തല പള്ളിയോടം കുട്ടമ്പേരൂരാര്‍ വഴി പമ്പയാറ്റിലെത്തും. അത് ആചാരത്തിന്റെ ഭാഗം കൂടിയാണ്. ആറ് ഇല്ലാതായതോടെ ആചാരം മുടങ്ങി. ഇത് നാട്ടുകാരായ ഞങ്ങളെ ചെറുതായൊന്നുമല്ല വിഷമിപ്പിച്ചത്.’

കാലാകാലങ്ങളിലുണ്ടായ കയ്യേറ്റങ്ങളാണ് ആറിനെ ഒരു പരിധിവരെ നശിപ്പിച്ചത്. കയ്യേറ്റങ്ങള്‍ വ്യാപകമായതോടെ ആറിന്റെ വീതി കുറഞ്ഞു. ഉളുന്തി മുതല്‍ ആറിന് കുറുകെ പണിത നാല് പാലങ്ങളാണ് നാശം പൂര്‍ണ്ണമാക്കിയത്. അശാസ്ത്രീയമായ പാല നിര്‍മ്മാണം ഒഴുക്കിന് തടസ്സമായി വന്നു. നെല്‍പ്പുരക്കടവില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം ആറിനുള്ളലേക്കാണ് നില്‍ക്കുന്നത്. ഇതോടെ ഈ പ്രദേശത്തെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെട്ടു. ഒഴുക്കില്ലാതായ ആറിനെ പോളകളാണ് ആദ്യം മൂടുന്നത്. മണ്ണടിഞ്ഞുണ്ടായ തിട്ടകളും അവയ്ക്ക മുകളില്‍ കിളിര്‍ത്ത പുല്ലുകളും പടലങ്ങളും ഇത് മുതലെടുത്തുകൊണ്ട് കൂടുതലായി നടത്തപ്പെട്ട കയ്യേറ്റങ്ങളും ആറിനെ ഇല്ലാതാക്കി. ഇതിനിടയില്‍ ഒരു ഭാഗത്ത് മണലെടുപ്പും തകൃതിയായി നടന്നു. ബുധനൂര്‍, മാന്നാര്‍ പ്രദേശങ്ങളാണ് കേരളത്തിലെ തന്നെ ഓട്ടുപാത്ര നിര്‍മ്മാണത്തില്‍ മുന്നില്‍ നിര്‍ക്കുന്നത്. ഈ പ്രദേശങ്ങളിലെ പശിമയുള്ള മണ്ണ് ഓട്ടുപാത്ര നിര്‍മ്മാണത്തിന് ഏറെ അനുയോജ്യവുമാണ്. ആറിലെ പശിമയുള്ള മണ്ണ് അങ്ങനെ ഓട്ടുപാത്ര നിര്‍മ്മാണ ശാലകളിലേക്ക് ഒരു തടസ്സവുമില്ലാതെ മാറ്റപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ മണ്ണ് ഇല്ലാതായപ്പോള്‍ അതിനടിയിലുള്ള ചരല്‍ വാരി കടത്താന്‍ തുടങ്ങി ചിലര്‍. അങ്ങനെ തങ്ങളാല്‍ കഴിയും വിധമെല്ലാം ഈ ആറിനെ ഇല്ലാതാക്കാന്‍ പലരും പണിപ്പെട്ടു.

കുട്ടമ്പേരൂരാറുമായി ബന്ധപ്പെട്ട് നിന്ന കൈത്തോടുകളെല്ലാം ഇതോടെ അടഞ്ഞു. കക്കൂസ് മാലിന്യമൊഴുക്കാനും മറ്റ് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുമുള്ള പ്രധാന കേന്ദ്രങ്ങളായി ഈ തോടുകള്‍ മാറി. ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും ശുദ്ധമായ വെള്ളം ലഭിച്ചിരുന്ന ബുധനൂര്‍, ചെന്നിത്തല, മാന്നാര്‍ പഞ്ചായത്തുകളിലെ കിണറുകളിലെ വെള്ളം അതോടെ ഉപയോഗ ശൂന്യമാവാന്‍ തുടങ്ങി. കുടിവെള്ളത്തിന് ദൗര്‍ലഭ്യം നേരിട്ടിട്ടില്ലാത്ത ഈ പഞ്ചായത്ത് നിവാസികള്‍ കിണറുകളുടെ മൂന്നും നാലും റിങ്ങുകള്‍ ഇറക്കേണ്ടി വന്നത് സമീപകാല സംഭവം. ആറിനെ ഇല്ലാതാക്കുക വഴി അവനവന്റെ ജീവിതത്തെ തന്നെ ഇല്ലാതാക്കുകയാണെന്ന തിരിച്ചറിവ് നാട്ടുകാരില്‍ ഉടലെടുക്കാന്‍ ഇതെല്ലാം കാരണമായി.

പത്രപ്രവര്‍ത്തകനായ എസ്.ഡി.വേണുകുമാറിന്റെ വാര്‍ത്തകളിലൂടെ ആറുകളുടെ പുനരുജ്ജീവന സാധ്യത തിരിച്ചറിഞ്ഞ ജില്ലാ ഭരണകൂടം 2014 മുതല്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2014ല്‍ ആറിന്റെ യഥാര്‍ത്ഥ വിസ്തീര്‍ണമളക്കാനും, കയ്യേറ്റങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്താനുമായി സര്‍വേ ആരംഭിച്ചു. എന്നാല്‍ സര്‍വേ തുടങ്ങിവച്ചതല്ലാതെ മുന്നോട്ട് പോയില്ല. ഇതിന് സമാന്തരമായി ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് ആറ് നവീകരണ ഉദ്ഘാടനവും നടത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ആറ് വൃത്തിയാക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അത് വേണ്ട രീതിയില്‍ വിജയം കണ്ടില്ല. പിന്നീട് ബുധനൂര്‍ പഞ്ചായത്തിലെ ഇപ്പോഴത്തെ ഭരണസമിതി എന്ത് വിലകൊടുത്തും ആറിനെ തിരിച്ചുപിടിക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും ആറ് നവീകരണമേറ്റെടുത്തത്. 700 തൊഴിലുറപ്പ് തൊഴിലാളികളെ ഇതിനായി നിയോഗിച്ചു. ചരിത്രപരമായ ദൗത്യത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇറങ്ങിയപ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ നിരവധി പേരെത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംഘടനകള്‍, പരിസ്ഥിതി സ്‌നേഹികള്‍, പമ്പാ സംരക്ഷണ സമിതി അങ്ങനെ ഒരു കൂട്ടായ്മ രൂപപ്പെട്ട് വന്നു. ആയിരത്തിലധികം ആളുകളുടെ നാല്‍പ്പത് ദിവസത്തെ രാപ്പകലില്ലാതെയുള്ള അധ്വാനം ഒടുവില്‍ ഫലം കണ്ടു. ഇരുവശത്തേയ്ക്കും ഒഴുക്കുള്ള കുട്ടമ്പേരൂരാറിനെ ചെറിയ പരിക്കുകളോടെയാണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇവര്‍ക്കായി.

ആറിനെ പുനരുജ്ജീവിപ്പിച്ചെടുത്തത് ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു എന്ന കാഴ്ചപ്പാടാണ് തൊഴിലുറപ്പ് തൊഴിലാളിയായ ഇന്ദിരാമ്മയ്ക്കുള്ളത് ‘അധ്വാനിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. അത്ര എളുപ്പമുള്ള ജോലിയല്ല ഏറ്റെടുത്തതെന്നും അറിയാമായിരുന്നു. എലി മുതല്‍ നീര്‍നായ വരെയുള്ള ജീവികളുടെ ഉപദ്രവമായിരുന്നു സഹിക്കാനാവാത്തത്. പക്ഷെ ഒന്നുകൊണ്ടും ഞങ്ങളിലൊരാള്‍ പോലും പിന്‍മാറിയില്ല. ആറുകളേയും പുഴകളേയും നമ്മള്‍ സ്ത്രീകളായാണല്ലോ കാണാറ്. ഒരു സ്ത്രീയെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍, അവളെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍, രക്ഷപെടാനുള്ള ഒരു കച്ചിത്തുമ്പ് എറിഞ്ഞ് നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് ഏറ്റവും നന്നായി ചെയ്യാന്‍ കഴിയുക സ്ത്രീകള്‍ക്ക് തന്നെയായിരിക്കും. ഞങ്ങള്‍ 700 പെണ്ണുങ്ങളാണ് ഞങ്ങടെ ആറിനെ രക്ഷിക്കാന്‍ ഇറങ്ങിയത്. ആറിനെ മുറിപ്പെടുത്തുന്ന തരത്തില്‍ ഒരു യന്ത്രം പോലും ഉപയോഗിക്കേണ്ടതില്ല എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. ഞങ്ങളുടെ കൈകൊണ്ടാണ് അവളെ രക്ഷിച്ചത്. ഒത്തുപിടിച്ചാല്‍ മലയും പോരും എന്നാണല്ലോ. ഞങ്ങള്‍ ഒത്തുപിടിച്ചു നോക്കി. പല തടസ്സങ്ങളും മുന്നിലുണ്ടായിരുന്നു. പക്ഷെ അതിലൊന്നും മനസ്സ് കൈവിടാതെ ഞങ്ങള്‍ അത് സാധിച്ചെടുത്തു. നാളെ എന്റെ കൊച്ചുമക്കളെ ഈ ആറ് കാണിച്ച് ഇത് അമ്മൂമ്മയും കൂടി ചേര്‍ന്ന് തിരിച്ചെടുത്ത സ്വത്താണെന്ന് എനിക്ക് പറയാമല്ലോ. അതില്‍ കൂടുതലെന്തെങ്കിലും ഈ ജീവിതത്തില്‍ നിന്ന് കിട്ടാനുണ്ടോ?’

60 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ‘പക്ഷെ ഇനിയും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. രക്ഷിച്ചെടുത്ത ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുമേറെ മുന്നോട്ട് പോവാനുണ്ട്. ഇപ്പോഴുള്ള പാലങ്ങള്‍ പൊളിച്ച് ശാസ്ത്രീയമായി നിര്‍മ്മിക്കണം. സര്‍വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഡ്രെഡ്ജിങ് നടത്തി ആഴം കൂട്ടണം. ഇതിനെല്ലാം സര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ. ഞങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. വേണ്ട സഹായം കിട്ടിയാല്‍ വരും തലമുറയ്ക്കായി ഈ ആറിനെ നല്‍കാനാവും. അല്ലെങ്കില്‍ ഇനിയുമിത് മരണപ്പെടാം’ ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭര പണിക്കരുടെ വാക്കുകള്‍ ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍