UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: ആരോപണം എസ്എഫ്ഐക്കും പ്രിൻസിപ്പാളിനുമെതിരെ

സംഘടന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ വിദ്യാര്‍ത്ഥി യൂണിയനില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് പ്രേരണയായതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ ആരോപണം എസ്എഫ്ഐക്കും കോളജ് പ്രിൻസിപ്പാളിനുമെതിരെ. കാമ്പസിനുള്ളിലെ വിദ്യാര്‍ത്ഥിനികളുടെ വിശ്രമ മുറിയില്‍ പെണ്‍കുട്ടിയെ കൈയിലെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. മുറി വൃത്തിയാക്കാന്‍ വന്നവരാണ് രക്തം വാര്‍ന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ വിദ്യാര്‍ത്ഥി യൂണിയനില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് പ്രേരണയായതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വിദ്യാര്‍ത്ഥിനിയെഴുതിയതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച്ച കോളേജിലേക്ക് പോയ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൈകിട്ട് കാണാതായതിനു പിന്നാലെ വിളിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഓഫും ആയിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇപ്പോള്‍അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ക്ലാസ് സമയത്തും പരീക്ഷകള്‍ക്കിടയിലും ക്ലാസില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്തിറക്കി സംഘടന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ പങ്കെടുപ്പിക്കുന്നുവെന്നും തന്റെ പഠനം നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതിയാണ് രണ്ടു പേജില്‍ വരുന്ന ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നത്. എസ് എഫ് ഐ നേതാക്കന്മാര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി ഉന്നയിച്ചിരിക്കുന്നതെന്നു പറയുന്നു. നേരത്തെ തന്നെ പഠനം നഷ്ടപ്പെടുത്തി സംഘടന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ സാമൂഹ്യമാാധ്യമങ്ങളിലൂടെ പെണ്‍കുട്ടി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ചില അധ്യാപകരോടും സഹപാഠികളും തന്റെ വിഷമം ഈ പെണ്‍കുട്ടി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കോളേജിലെ മൊത്തം അവസ്ഥയെക്കുറിച്ചും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. അധ്യാപകര്‍ പോലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നുവെന്ന പരാതിയാണ് പെണ്‍കുട്ടി ഉയര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഘടന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നതിന്റെ പേരിലും താന്‍ നടത്തിയ പ്രതികരണങ്ങളുടെ പേരിലും തന്നെ ഒറ്റപ്പെടുത്തുന്ന നില വന്നെന്നും പ്രിന്‍സിപ്പലിന് അടക്കം ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടി പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തന്നോട് ഇത്തരത്തില്‍ യാതൊരു പരാതിയും വിദ്യാര്‍ത്ഥിനി പറഞ്ഞിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്നാണ് പൊലീസ് പ്രതികരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍