UPDATES

ആഹാരം കഴിക്കണമെങ്കില്‍ കൈയ്യില്‍ നിന്നും കാശുകൊടുത്ത് പാചകക്കാരനെ നിര്‍ത്തണം; കാസറഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സമരം

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലെ പാചക തൊഴിലാളികളെ പിരിച്ചു വിടുക, ഒരു ഹോസ്റ്റല്‍ മുറിയില്‍ മൂന്നുപേര്‍ താമസിക്കുക എന്ന നിയമം കൊണ്ടു വരിക, നാലുവര്‍ഷം പൂര്‍ത്തിയായ പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ സര്‍വകലാശാല തീരുമാനങ്ങള്‍ക്കെതിരേയാണ് ഇപ്പോള്‍ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്

തങ്ങളുടെ വീഴ്ച കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് തിരിഞ്ഞതെന്നു സമ്മതിക്കുമ്പോഴും അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളുടെ മേല്‍ തീരുമാനം എടുക്കാതിരിക്കുന്ന ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു എന്ന ആക്ഷേപം ഏറ്റുവാങ്ങുകയാണ് കാസറഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള അധികൃതര്‍. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലെ പാചക തൊഴിലാളികളെ പിരിച്ചു വിടുക, ഒരു ഹോസ്റ്റല്‍ മുറിയില്‍ മൂന്നുപേര്‍ താമസിക്കുക എന്ന നിയമം കൊണ്ടു വരിക, നാലുവര്‍ഷം പൂര്‍ത്തിയായ പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ സര്‍വകലാശാല തീരുമാനങ്ങള്‍ക്കെതിരേയാണ് ഇപ്പോള്‍ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. നിരാഹാരസമരം രണ്ടു ദിവസം പിന്നിട്ടപ്പോള്‍ സമരക്കാരില്‍ ഒരു വിദ്യാര്‍ത്ഥി ബോധരഹിതനാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു. മറ്റു രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി വൈസ് ചാന്‍സിലര്‍ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും അവര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം തങ്ങളുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായതായി വൈസ് ചാന്‍സിലര്‍ സമ്മതിക്കുകയും ചെയ്യുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോട് പറഞ്ഞു. അതിനാല്‍ തന്നെ സമരവുമായി മുന്നോട്ടു പോവുകയാണെന്നും പുതിയ അഞ്ചുപേര്‍ നിരാഹാര സമരം തുടരുമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ തങ്ങളുടെ സമരം തുടരുക തന്നെ ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍ ഉറപ്പിച്ചു പറയുന്നു. അതേസമയം ഉന്നതതലയോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

പുറം കരാര്‍ ജോലിക്കാരെ ഒഴിവാക്കാന്‍ യുജിസി നിര്‍ദ്ദേശം ഉണ്ടെന്നു പറഞ്ഞാണ് ഹോസ്റ്റല്‍ പാചകക്കാരെ പുറത്താക്കുവാനുള്ള തീരുമാനം യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊണ്ടത്. അനുവദനീയമായ പരിധികള്‍ക്ക് അധികമായുള്ള സ്റ്റാഫുകളെ പുറത്താക്കാനുള്ള നിര്‍ദ്ദേശത്തിന്റെ മറപിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ള പാചക തൊഴിലാളികളെ പുറത്താക്കുന്നതില്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് യാതൊരു ആലോചനയും വേണ്ടിവന്നില്ല. ജെ എന്‍ യു, എച്ച് സി യു, ഇഫ്‌ലു, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കര്‍ണാടക തുടങ്ങി നിരവധി സര്‍വകലാശാലകളില്‍ പാചക തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി നിലനിര്‍ത്തുമ്പോള്‍, കേന്ദ്രസര്‍വകലാശാല കേരളയില്‍ പാചകക്കാരെ സ്ഥിരം ജീവനക്കാരാക്കാന്‍ സര്‍വകലാശാല തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നു തങ്ങള്‍ക്ക് മനസിലാകുന്നില്ല; ഇതാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം. ഈ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്ഥിരം സ്റ്റാഫുകളെ നിയമിക്കേണ്ടിയിരുന്ന അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസുകള്‍, ലാബുകള്‍ തുടങ്ങിയവയില്‍ ഇപ്പോഴും പരിധിയില്‍ കൂടുതല്‍ പുറം കരാര്‍ ജീവനക്കാര്‍ ജോലിചെയ്യുന്നുമുണ്ട്. യൂണിവേഴ്‌സിറ്റി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ 2016-17 വര്‍ഷം 3.31 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി പറയുന്നു. എന്നാല്‍ ഈ അധിക ബാധ്യത ഉണ്ടാവാന്‍ കാരണം എന്താണെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. നിലവില്‍ സര്‍വകലാശാല സി എ ജി, വിജിലന്‍സ്, സി ബി ഐ അന്വേഷണങ്ങള്‍ നേരിടുന്നുണ്ട്. ഈ ക്രമക്കേടുകളുടെ ഭാരം വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ കെട്ടിവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത് എന്ന് ഞങ്ങള്‍ സംശയിക്കുന്നു.

പാചകക്കാരുടെ ശമ്പളം വിദ്യാര്‍ത്ഥികളില്‍ നിന്നും പിടിക്കാനായിരുന്നു അധികൃതരുടെ നിര്‍ദേശം. ഇതനുസരിച്ച് ഓരോ വിദ്യാര്‍ത്ഥിയും അഞ്ഞൂറു രൂപ വീതം നല്‍കണം. ഇപ്പോള്‍ തന്നെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ ആയിരത്തി അഞ്ഞൂറു രൂപ നല്‍കുന്നുണ്ടെന്നും അതിന്റെ കൂടെയാണ് വീണ്ടും അഞ്ഞൂറു രൂപ നല്‍കേണ്ടി വരിക, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സമരം ചെയ്യുന്നവര്‍ പറയുന്നത്. മറ്റൊരു കേന്ദ്രസര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തില്‍ പാചകകക്കാര്‍ക്കു നല്‍കേണ്ട ശമ്പളത്തിനുവേണ്ടി പണം പിരിക്കുന്നില്ലെന്നും സമരക്കാര്‍ പറയുന്നു.

വിസിമായി നടന്ന ചര്‍ച്ചയിലും ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായിട്ടില്ല. അടുത്ത ചൊവ്വാഴ്ച ഉന്നതതല കമ്മിറ്റി കൂടുന്നുണ്ടെന്നും അതില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും മാത്രമാണ് വൈസ് ചാന്‍സിലര്‍ പറയുന്നത്. അങ്ങനെയൊരു യോഗം നടന്നാല്‍ തന്നെ ഞങ്ങള്‍ക്ക് അനുകൂലമായൊരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്ക പങ്കുവയ്ക്കുന്നു. പുതിയ പാചകക്കാരനെ നിയമിക്കുകയാണെങ്കില്‍ ശമ്പളം കുറയ്ക്കുമെന്നും പകുതി-പകുതി എന്ന വ്യവസ്ഥയില്‍ പാചകക്കാര്‍ക്കുള്ള ശമ്പളത്തിനായി വിദ്യാര്‍ത്ഥികളും ഒരു പങ്ക് തരണമെന്നും ഉള്ള ഉപാധി അധികൃതര്‍ മുന്നോട്ടുവച്ചെങ്കിലും അതും അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറായില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.

നാലു വര്‍ഷം പൂര്‍ത്തിയാക്കിയ പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും ഒഴിപ്പിക്കാനുള്ള തീരുമാനവും എടുത്തിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആ തീരുമാനം പിന്‍വലിക്കാമെന്ന് അറിയിച്ചു. ആകെ അവര്‍ സമ്മതിച്ച ഞങ്ങളുടെ ഒരാവിശ്യം അതുമാത്രമാണ്. അതേസമയം ഒരു ഹോസ്റ്റല്‍ മുറിയില്‍ മൂന്ന് പേരെ വച്ച് താമസിക്കണം എന്ന നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്‍വലിയാന്‍ സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ തയ്യാറായിട്ടില്ല. സ്ഥലപരിമിതിയുടെ പേര് പറഞ്ഞാണ് ഈ നീക്കം സര്‍വകലാശാല ന്യായീകരിക്കുന്നത്. ഈ അധ്യയന വര്‍ഷം ആദ്യത്തില്‍ വിദ്യാര്‍ഥികള്‍ ഇതേ പ്രശ്‌നം സ്റ്റുഡന്റ് റെഫ്യൂജി മൂവ്‌മെന്റ് മുഖേന ഉയര്‍ത്തിയപ്പോള്‍ 10 മാസത്തിനുള്ളില്‍ എസ് സി/എസ് ടി/ഒ ബി സി ഹോസ്റ്റലുകള്‍ പണിയാം എന്നും താത്കാലിക ഭക്ഷണ മുറികളും വായനാമുറികളും പണിയാം എന്നുമുള്ള ഉറപ്പാണ് സര്‍വകലാശാല നല്‍കിയത്. ഇത് വിശ്വസിച്ചാണ് ചാലയിലും പടന്നക്കാടും താല്‍ക്കാലിക ഹോസ്റ്റലുകളില്‍ താമസ സൗകര്യം ഒരുക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുത്തത്. ഈ ഹോസ്റ്റലുകളുടെ കാലാവധി ഈ വര്‍ഷം ഏപ്രിലില്‍ അവസാനിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ അത് കൊണ്ടുതന്നെ ഹോസ്റ്റല്‍ സൗകര്യത്തിന്റെ പ്രശ്‌നം രൂക്ഷമാകും. സര്‍വകലാശാല അതിന്റെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് ഈ പ്രശ്‌നം ഇത്ര രൂക്ഷമാവാന്‍ കാരണം. സര്‍വകലാശാലയുടെ ദുര്‍ഭരണം വരുത്തിവച്ച ഭാരം വിദ്യാര്‍ത്ഥികളുടെ ചുമലില്‍ ഏല്‍പ്പിച്ചു കൊടുക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. താല്‍ക്കാലിക ഹോസ്റ്റലുകളുടെ പണി ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നിലവില്‍ ഉള്ള താല്‍ക്കാലിക ഹോസ്റ്റലുകള്‍ നിലനിര്‍ത്താന്‍ സര്‍വകലാശാല തയ്യാറാവുകയാണ് വേണ്ടത്. അങ്ങനെയൊരു നിലപാടിലേക്ക് എത്തുന്നതുവരെ ഞങ്ങള്‍ സമരം തുടരുകയും ചെയ്യും. അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്ന പേരില്‍ സര്‍വകലാശാല പ്രവേശനത്തിന് വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്ന തരത്തിലുള്ള മണ്ടന്‍ തീരുമാനങ്ങള്‍ നടപ്പില്‍ വരുന്നതൊക്കെ എത്രമാത്രം അപഹാസ്യമായിരിക്കും. അതുകൊണ്ടെല്ലാം തന്നെ ഞങ്ങളുടെ നിലപാടുകളില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുകയാണ്. നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ പൊതുജനങ്ങളുടെ പിന്തുണയാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്; കാസറഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍