UPDATES

ട്രെന്‍ഡിങ്ങ്

ജിഷ്ണു കേസില്‍ മൊഴി നല്‍കിയതിന് നെഹ്റു കോളേജ് മാനേജ്മെന്‍റ് തോല്‍പ്പിച്ച കുട്ടികള്‍ക്ക് കോളേജിന് പുറത്തു നടത്തിയ പുനഃപരീക്ഷയില്‍ വിജയം

ഇന്ന് ജിഷ്ണു പ്രണോയിയുടെ രണ്ടാം ചരമ വാർഷികം

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി നല്‍കിയതിന് നെഹ്റു കോളേജ് മാനേജ്മെന്റ് പരീക്ഷയിൽ മനഃപൂർവം തോൽപ്പിച്ചതായി ആരോപണമുയർത്തിയ വിദ്യാർത്ഥികൾക്ക് ആരോഗ്യ സർവകലാശാല നടത്തിയ പുനഃപരീക്ഷയിൽ വിജയം. ജിഷ്ണു പ്രണോയ് കേസിലെ സാക്ഷികളും പാമ്പാടി നെഹ്റു കോളേജിലെ ഫാർമസി വിദ്യാർത്ഥിയുമായ അതുൽ ജോസ്, മുഹമ്മദ് ആഷിക് എന്നിവരാണ് ആരോഗ്യ സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ വച്ചു നടന്ന പ്രായോഗിക പരീക്ഷയിൽ വിജയിച്ചത്. എഴുപത് മാർക്കിന്റെ പ്രാക്ടിക്കൽ പരീക്ഷയിൽ അതുൽ ജോസിന് നാൽപ്പത്തി മൂന്ന് മാർക്കും മുഹമ്മദ് ആഷിക്കിന് 52 മാർക്കുമാണ് ലഭിച്ചത്.

തിയറി പരീക്ഷയിൽ വിജയിച്ചിരുന്ന ഈ കുട്ടികൾ നെഹ്റു കോളേജിൽ വച്ചു നടന്ന പ്രാക്ടിക്കൽ പരീക്ഷയിൽ രണ്ടു തവണയും അസാധാരണമായ രീതിയിൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് മാർക്ക് ഷീറ്റ് വെട്ടിത്തിരുത്തിയതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയിരുന്നത്. തുടർന്ന് വിദ്യാർത്ഥികൾ ആരോഗ്യ സർവ്വകലാശാലയെ സമീപിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ആരോപണത്തിൽ കഴമ്പുള്ളതായി ആരോഗ്യ സർവ്വകലാശാല നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ആർ. രാജേഷ് എംഎൽഎ അധ്യക്ഷനായ അഞ്ചംഗ അന്വേഷണ കമ്മീഷന്റെ ശുപാർശ അനുസരിച്ചാണ് ഈ കഴിഞ്ഞ ഡിസംബർ 31, ജനുവരി 1 തീയതികളിലായി നെഹ്റു കോളേജിന് പുറത്ത് മറ്റൊരു ക്യാംപസിൽ വച്ച് ജിഷ്ണു പ്രണോയ് കേസിലെ സാക്ഷികളായ ഈ വിദ്യാർത്ഥികൾക്ക് മാത്രമായി പുനഃപരീക്ഷ നടത്തിയത്.

ഈ വിജയം ഏറെ സന്തോഷിപ്പിക്കുന്നതായും അധ്യാപകർ സ്വന്തം വിദ്യാർത്ഥികളെ ചതിച്ചു അവരുടെ ഭാവി നശിപ്പിക്കാൻ ശ്രമിച്ചത് ഇപ്പോൾ പൊതുസമൂഹത്തിനു ബോധ്യമായിട്ടുണ്ടാവുമെന്നും അതുലും ആഷികും അഴിമുഖത്തോട് പറഞ്ഞു. മാർക്ക് ഷീറ്റ് വെട്ടിത്തിരുത്തിയ അനൂപ് സെബാസ്റ്റ്യൻ, വാർത്താ സമ്മേളനം നടത്തി തങ്ങളെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ച നെഹ്റു കോളേജിലെ മറ്റ് അധ്യാപകർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

നേരത്തെ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ഉണ്ടാവുമെന്ന മുന്നറിയിപ്പും എസ് എഫ് ഐ നൽകിയിരുന്നു.

അതിനിടെ ജിഷ്ണു പ്രണോയ് കേസിൽ നെഹ്റു കോളേജ് മാനേജ്മെന്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം. പരീക്ഷയിൽ പരാജയപ്പെടുത്തും എന്ന ഭീഷണി ഉയർത്തി മാനേജ്മെന്റ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ഈ കാരണത്താൽ കേസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ സാധിക്കാത്ത സാഹചര്യമാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ജിഷ്ണുവിനൊപ്പം ഹോസ്റ്റലിൽ ഉണ്ടായിരുന്ന കുട്ടികൾക്കും സഹപാഠികൾക്കും പല തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രധാന സാക്ഷികൾ ആരും തന്നെ മൊഴി നൽകാൻ എത്തിയില്ല. അന്വേഷണവുമായി സഹകരിച്ച കുട്ടികളെ പരീക്ഷയിൽ കൂട്ടത്തോടെ പരാജയപ്പെടുത്തിയും രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നതെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കോളേജ് അധികൃതർ തുടക്കത്തിലേ നശിപ്പിച്ചിരുന്നു. സാക്ഷി മൊഴികൾ കൂടെ ലഭിക്കാതായാൽ അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐ ഏറ്റെടുത്തത്. അന്വേഷണം ആരംഭിച്ചു ഒരു വർഷം പൂർത്തിയാവാറാവുന്ന സാഹചര്യത്തിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

ഇന്ന് ജിഷ്ണു പ്രണോയിയുടെ രണ്ടാം ചരമ വാർഷികമാണ്. ജിഷ്ണുവിന്റെ മരണത്തിൽ കുറ്റാരോപിതനായ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ കോളേജ് ക്യാംപസിൽ പ്രവേശിക്കുന്നതിൽ നിന്ന് കോടതി നേരത്തെ വിലക്കിയിരുന്നു. എന്നാൽ അടുത്തിടെ വിലക്കിന്റെ കാലാവധി അവസാനിച്ചപ്പോൾ മുതൽ കൃഷ്ണദാസ് പല തവണ ക്യാംപസിൽ വന്നു പോയതായും സാക്ഷികളായ വിദ്യാർത്ഥികളെ ഭീഷണിപെടുത്താൻ ശ്രമിച്ചതായുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി കൊടുത്തു; വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പ്പിച്ച് നെഹ്റു കോളേജ് മാനേജ്‌മെന്റിന്റെ വേട്ടയാടല്‍

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍