മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശമായതിനാല്‍ കുട്ടികളെ തിരിച്ചറിയാന്‍ യൂണിഫോം നടപ്പിലാക്കിയതെന്ന അധ്യാപകരുടെ വിവാദ പ്രസ്താവന ഉണ്ടായ കോളേജാണ് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക സര്‍ക്കാര്‍ കോളേജ്
ഏതാനും മുറികള്‍ മാത്രമുള്ള ഒരു ഒറ്റനിലക്കെട്ടിടം. മേല്‍ക്കൂരയ്ക്കു പകരം ഷീറ്റുകള്‍, വൈദ്യുതിബന്ധം എത്തിയിട്ടില്ലാത്ത ക്ലാസ്മുറികള്‍, തകര ഷീറ്റുകൊണ്ട് മറച്ച ഷെഡു പോലൊരു കാന്റീന്‍, ഒരിക്കലും തുറക്കാത്ത ഒരു ലൈബ്രറി, ഫ്‌ളോറിംഗും വയറിംഗും കഴിഞ്ഞിട്ടില്ലാത്ത കെട്ടിടമുറികളില്‍ അപര്യാപ്തതകളുടെ നടുക്കിരുന്നു പഠിക്കുന്ന കുറച്ചു വിദ്യാര്‍ത്ഥികള്‍. ഇത്രയുമാണ് അട്ടപ്പാടിയിലെ സര്‍ക്കാര്‍ കോളേജ് അഥവാ രാജീവ് ഗാന്ധി സ്മാരക സര്‍ക്കാര്‍ കലാലയം. കോട്ടത്തറയില്‍ 2012ല്‍ മാത്രം പ്രവര്‍ത്തനമാരംഭിച്ച, അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ആശ്രയിക്കുന്ന സര്‍ക്കാര്‍ കോളജില്‍ ആവശ്യത്തിന് കുടിവെള്ളം എത്തിക്കാനുള്ള സംവിധാനങ്ങള്‍ പോലും നിലവിലില്ല. കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി സമരത്തിലേക്ക് കടക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിട്ടുണ്ട്. എന്നാല്‍, പ്രാഥമിക സൗകര്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല ആ സമരം.
കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പാസ്സായിട്ടും കെട്ടിടത്തിനോ മറ്റു സൗകര്യങ്ങള്‍ക്കോ വേണ്ടി ഒന്നും നടപ്പിലാകാത്ത അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെ ക്ലാസ്മുറികളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മെന്റ്. കൊടും ചൂടില്‍ ഒരു ഫാന്‍ പോലുമില്ലാതെ പഠിക്കുന്ന, വേണ്ടത്ര ലാബുകളോ ലൈബ്രറി സൗകര്യങ്ങളോ ഇല്ലാത്ത കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതിനു പകരം, പുതിയതായി പാസ്സാകുന്ന പ്ലാന്‍ ഫണ്ടുകള്‍ സി.സി.ടി.വി ക്യാമറകള്‍ പോലുള്ള ആവശ്യങ്ങളിലേക്ക് വകയിരുത്തുന്നതിനെ എതിര്‍ക്കുകയാണ് വിദ്യാര്‍ത്ഥികളെല്ലാം. കോളേജില്‍ പരിപാടികള്‍ നടക്കുമ്പോള്‍ തയ്യാറാകാന്‍ ഗ്രീന്‍ റൂമുകളോ പെണ്‍കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ലേഡീസ് റൂമുകളോ ഇല്ലാത്തിടത്ത് ക്ലാസ്മുറികളില്‍ ക്യാമറ സ്ഥാപിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ആരോപിക്കുന്നുണ്ട്.
ബിഎ മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഹിസ്റ്ററി, ബികോം എന്നിങ്ങനെ നാലു കോഴ്‌സുകളാണ് കോളേജില്‍ ഇപ്പോഴുള്ളത്. ബോട്ടണി, സുവോളജി എന്നിങ്ങനെ രണ്ടു സയന്‍സ് കോഴ്‌സുകള്‍ കൂടി നേരത്തേ പാസ്സായിട്ടുണ്ടെങ്കിലും, ഇവയ്ക്കു വേണ്ടത്ര സൗകര്യങ്ങളോടു കൂടിയ ലാബുകള്‍ ഒരുക്കാന്‍ സാധിക്കാത്തതിനാല്‍ ഇതുവരെ അഡ്മിഷന്‍ ആരംഭിച്ചിട്ടില്ല. ഇതിനു പുറമേ രണ്ടു പി.ജി കോഴ്‌സുകള്‍ കൂടി ഈയിടെ അനുവദിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടു ക്ലാസ് മുറികളുള്ള ഷീറ്റിട്ട കെട്ടിടത്തില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. പ്ലാനിംഗ് ഫണ്ടുകള്‍ കോളേജിനു വേണ്ടി യഥേഷ്ടം പാസ്സാകുന്നുണ്ടെങ്കിലും ഒന്നും തങ്ങളുടെ ഉപയോഗത്തിലെത്തുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. കെട്ടിടം മെച്ചപ്പെടുത്തുന്നതു മുതല്‍ ഗേറ്റു സ്ഥാപിക്കുന്നതുവരെയുള്ള പദ്ധതികളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആരോപണം.
ഈ വസ്തുതകള്‍ നിലനില്‍ക്കേയാണ് പുതിയ പ്ലാനിംഗ് ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് ക്ലാസ് മുറികളിലും വരാന്തകളിലും ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനമായിട്ടുള്ളത്. ക്ലാസ് മുറികളില്‍ ക്യാമറ വച്ച് അത് ഓഫീസിലിരുന്ന് നിരീക്ഷിക്കുന്ന സംവിധാനത്തോട് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ എതിര്‍പ്പാണുള്ളത്. അത്യാവശ്യമായി ചെയ്തു തീര്‍ക്കേണ്ട മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യവികസനവും നടപ്പില്‍ വരുത്തിയതിനു ശേഷം ക്യാമറയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. സംയുക്ത സമരസമിതിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷവും പ്രിന്‍സിപ്പാള്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍, സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ഇവരുടെ നീക്കം.
മൂന്നാം വര്‍ഷ ബി.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിയായ യാസിന്‍ പറയുന്നതിങ്ങനെ: “നൂറ്റിയെണ്‍പതു കുട്ടികള്‍ ഒരു ബാച്ചില്‍ അഡ്മിഷന്‍ എടുക്കുന്നുണ്ട് ഇവിടെ. അതില്‍ ഇരുപത്തിയഞ്ചും മുപ്പതും ശതമാനം ഡ്രോപ്പൗട്ടാകുകയാണ്. വിജയശതമാനവും ഇരുപത്തിയഞ്ചിനും മുപ്പതിനുമിടയില്‍ മാത്രമാണ്. ഒരു ക്ലാസ്സില്‍ അറുപതു കുട്ടികള്‍ പരീക്ഷയെഴുതിയാല്‍, ഡിഗ്രി പാസ്സാകുന്നത് പത്തോ പന്ത്രണ്ടോ പേര്‍ മാത്രമാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ അധികമായി പഠിക്കുന്ന കോളേജില്‍ മണ്ണാര്‍ക്കാട്ടു നിന്നും മറ്റുമുള്ള മറ്റുവിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. പുറത്തുനിന്നുള്ള കുട്ടികള്‍ അധികമായെത്തുന്ന ബികോം കോഴ്‌സിനാണ് അല്പമെങ്കിലും വിജയശതമാനം കൂടുതല്‍ അവകാശപ്പെടാനുള്ളത്. അക്കാദമികമായും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യമെടുത്താലും കോളേജ് പരാജയമാണ്. അതിനിടെയാണ് ക്ലാസിനകത്ത് ക്യാമറ വയ്ക്കാനുള്ള നീക്കം നടക്കുന്നത്. അതല്ല നമുക്കാദ്യം വേണ്ടത് എന്നാണ് ഞങ്ങള്‍ പറയാനുദ്ദേശിക്കുന്നത്.”
ക്ലാസിനകത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് പൊതുവേ വിദ്യാര്‍ത്ഥികള്‍ എതിരാകാനുള്ള കാരണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടുക്കുക എന്നതുകൂടിയാണ്. പരീക്ഷാ ഹാളുകളില്‍ ക്യാമറ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കോളേജ് അധികൃതരുടെ വാദം. പ്രത്യേകം പരീക്ഷാ ഹാളില്ലാത്ത കോളേജില്‍ ഇത് നടപ്പിലാക്കണമെങ്കില്‍ ക്ലാസ് മുറികളില്‍ ക്യാമറ വയ്ക്കുക തന്നെ വേണം. എന്നാല്‍, പരീക്ഷാ ഹാള്‍ പ്രത്യേകം മാറ്റി അതില്‍ ക്യാമറ വയ്ക്കട്ടെ എന്നും, ക്ലാസ്മുറികളില്‍ ഇത് അനുവദിക്കാനാകില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ഒരു വലിയ വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കോളേജില്‍ ആകെയുള്ള ഒരു ലൈബ്രറി സ്റ്റാഫില്ല എന്ന കാരണം കാണിച്ച് അടച്ചിട്ടിരിക്കുകയാണ്. പഠനാവശ്യത്തിനും മറ്റുമായി പുസ്തകം ചോദിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ മടക്കിയയ്ക്കുകയാണ് അധികൃതര്‍. പഠന നിലവാരം വര്‍ദ്ധിപ്പിക്കാനായി ഇത്തരം ന്യൂനതകള്‍ ആദ്യം പരിഹരിക്കണമെന്നാണ് ഇവരുടെ പക്ഷം.
തങ്ങള്‍ക്കായി പാസ്സായിക്കിട്ടുന്ന ബഹുഭൂരിപക്ഷം ഫണ്ടുകളും അധികൃതരുടെ കൈമറിഞ്ഞെത്തുമ്പോഴേക്കും നഷ്ടപ്പെടുന്നത് സ്ഥിരം കാഴ്ചയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. കോടികളുടെ അഴിമതി കോളേജിന്റെ പേരില്‍ നടക്കുന്നതായാണ് ഇവരുടെ സംശയം. ഇതിനുദാഹരണമായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത് കോളേജിനു മുന്നിലെ ഗേറ്റും. “പത്തു ലക്ഷം ചെലവിട്ടു നിര്‍മിച്ച ഗേറ്റാണെന്നാണ് പറയുന്നത്. ഇതു കണ്ടാല്‍ പക്ഷേ, ഒരു ലക്ഷത്തിന്റെ മതിപ്പു പോലുമില്ല. അട്ടപ്പാടിയിലെ മറ്റിടങ്ങളെ വച്ചു നോക്കിയാല്‍ വലിയ സാധ്യതകളുള്ള കോളേജാണ്. പക്ഷേ, അതിന്റേതായ യാതൊരു നീക്കവും ഇവിടെയുണ്ടാകുന്നില്ല.” പ്രാഥമികമായി കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയെങ്കിലും ആദ്യം നോക്കണമെന്നും, സീലിംഗ്, ഫ്‌ളോറിംഗ്, സമ്പൂര്‍ണ വൈദ്യുതീകരണം എന്നിവയും ഉടനെ തന്നെ നടപ്പിലാക്കാനും ആവശ്യപ്പെട്ടിരിക്കുകയാണിവര്‍. ഈ ആവശ്യങ്ങള്‍ പരിഗണിക്കാത്ത പക്ഷം സമരനടപടികളിലേക്ക് നീങ്ങുമെന്നും നിസ്സഹകരണവുമായി മുന്നോട്ടു പോകുമെന്നും വിദ്യാര്‍ത്ഥികള്‍ തറപ്പിച്ചു പറയുന്നുണ്ട്. ക്ലാസ് മുറികളില്‍ ക്യാമറ വച്ചാല്‍, മുറികളില്‍ നിന്നും പുറത്തിറങ്ങി മരച്ചുവടുകളിലിരിക്കുമെന്നും, അധ്യാപകര്‍ അവിടെയെത്തി അധ്യയനം നടത്തട്ടേ എന്നുമാണ് വിദ്യാര്‍ത്ഥികളുടെ വാദം.
അതേസമയം, പരീക്ഷാഹാളില്‍ ക്യാമറകള്‍ ആവശ്യമാണെന്നത് കോടതിയുത്തരവാണെന്നും, കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഈ അവസ്ഥയില്‍ തുടരാന്‍ കാരണം കരാറുകാരുടെ അനാസ്ഥയാണെന്നുമാണ് പ്രിന്‍സിപ്പാള്‍ അനില്‍ പ്രകാശിന് പറയാനുള്ളത്. “ഹാബിറ്റാറ്റ് ഗ്രൂപ്പുകാരാണ് കെട്ടിടനിര്‍മാണം നടത്തിയത്. വൈദ്യുതീകരണം ഉള്‍പ്പടെയുള്ള ജോലികള്‍ അവരുടെ കരാറിലുള്‍പ്പെട്ടതാണ്. അവരത് പൂര്‍ത്തീകരിച്ചിട്ടില്ല. ആദ്യമേ ഈ ജോലികള്‍ക്കായി ഫണ്ടു വകയിരുത്തിക്കഴിഞ്ഞതിനാല്‍ പുതിയ ഫണ്ടുപയോഗിച്ച് ഇവ ചെയ്യാന്‍ സാധിക്കില്ല. ചൂടു നിയന്ത്രിക്കാനുള്ള ഫാള്‍സ് സീലിംഗ് അവരുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍, അതിനുള്ള തുക പുതിയ ഫണ്ടില്‍ കണ്ടെത്തിയിട്ടുണ്ട്. പത്തു ലക്ഷം രൂപ പാസ്സായതില്‍ എട്ടു ലക്ഷവും മാറ്റി വച്ചിരിക്കുന്നത് ഫോള്‍സ് സീലിംഗിനു വേണ്ടിയാണ്. അതിനു പുറമേയാണ് പബ്ലിക് അഡ്രസ് സിസ്റ്റവും നിരീക്ഷണ ക്യാമറകളും ഒന്നര ലക്ഷം രൂപ ചെലവിട്ട് നടപ്പില്‍ വരുത്തുന്നത്. കുട്ടികളെ നിരീക്ഷിക്കുക എന്നതല്ല, ക്ലാസുകളുടെ കൃത്യമായ നടത്തിപ്പ്, പരീക്ഷാഹാളിലെ സുരക്ഷ എന്നിവയാണ് ക്യാമറയുടെ ലക്ഷ്യം. പ്രൈവസി നഷ്ടപ്പെടുമെന്നാണ് കുട്ടികള്‍ പറയുന്നത്. ക്ലാസ് മുറികളിലെന്താ പ്രൈവസി? അതൊരു പൊതുസ്ഥലമല്ലേ? ഇനി അത്തരം ആശങ്കകളുണ്ടെങ്കില്‍, പരീക്ഷാ സമയത്ത് മാത്രമേ ലൈവായി ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ എന്നു തീരുമാനിക്കാനും തയ്യാറാണ്. റെക്കോര്‍ഡിംഗ് എല്ലായ്‌പ്പോഴും നടക്കുമെങ്കിലും, ലൈവായ നിരീക്ഷണം പരീക്ഷാ സമയത്തേക്ക് ചുരുക്കാന്‍ തയ്യാറാണ്.”
കുടിവെള്ളപ്രശ്‌നം, കെട്ടിട നിര്‍മാണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ കിഫ്ബി അടക്കമുള്ള ഏജന്‍സികളെ സമീപിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ധ്രുതഗതിയില്‍ത്തന്നെ നടക്കുന്നുണ്ടെന്നും നിലവില്‍ പിടിഎ ഫണ്ടുപയോഗിച്ച് കുടിവെള്ള ക്യാനുകള്‍ വാങ്ങിക്കുന്നുണ്ടെന്നുമാണ് അധികൃതരുടെ പക്ഷം. പതിമൂന്നു ലക്ഷം രൂപയുടെ ഫണ്ടില്‍ കമ്പ്യൂട്ടര്‍ ലാബ് നവീകരണം പോലുള്ള വികസനങ്ങള്‍ കോളേജില്‍ വരുന്നുണ്ടെന്നും, എന്നാല്‍ ഹാബിറ്റാറ്റുകാര്‍ക്ക് കൊടുത്തേല്‍പ്പിച്ച ജോലി പുതിയ ഫണ്ടുപയോഗിച്ച് ചെയ്യിച്ചാല്‍ അതു തനിക്ക് ബാധ്യതയാകുമെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. ഹാബിറ്റാറ്റിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള അനാസ്ഥയാണ് കോളേജിന്റെ പരിതാപകരമായ അവസ്ഥയ്ക്കു കാരണമെന്നും, നിലവില്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ജോലികള്‍ ചെയ്തു തീര്‍ക്കാതെ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും അവര്‍ക്കു പാസ്സാക്കില്ല എന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
“ആദ്യമേ ടെന്‍ഡറിന്റെ നോട്ടീസുകള്‍ നോട്ടീസ് ബോര്‍ഡിലിട്ടിരുന്നതാണ്. വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഇത്തരമൊരു എതിര്‍പ്പ് പ്രതീക്ഷിച്ചതുമില്ല. മറ്റെല്ലാ കോളേജുകളിലും ഇത് നടപ്പില്‍ വരുത്തിയിട്ടുള്ളതാണ്. കുട്ടികള്‍ ജനുവിനായിരിക്കുന്നിടത്തോളം ഇതൊന്നും പ്രശ്‌നമുള്ള കാര്യമല്ല. പദ്ധതി എന്തായാലും നടപ്പിലാക്കും. എഗ്രിമെന്റു വച്ച് ചെയ്തു കഴിഞ്ഞ ഒരു കാര്യം ഇനി നടപ്പില്‍ വരുത്തിയില്ലെങ്കില്‍ എനിക്കത് സാമ്പത്തിക ബാധ്യതയുണ്ടാക്കും. ചര്‍ച്ച നടത്തുകയും കുട്ടികളുടെ ആശങ്ക പരിഹരിക്കാനുള്ള പദ്ധതികള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ടല്ലോ.”
അപര്യാപ്തതകളുടെയും ഫണ്ട് വിനിയോഗത്തിന്റെയും കഥകള്‍ക്കൊപ്പം യൂണിഫോം വിവാദവും കോളേജില്‍ നിന്നും നേരത്തേ കേട്ടിട്ടുള്ളതാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശമായതിനാല്‍ കുട്ടികളെ തിരിച്ചറിയാനാണ് യൂണിഫോം നടപ്പിലാക്കിയതെന്ന അധ്യാപകരുടെ വിവാദ പ്രസ്താവനയും, സര്‍ക്കാര്‍ കോളേജുകളില്‍ യൂണിഫോം എന്തിനെന്ന വിദ്യാര്‍ത്ഥികളുടെ മറു ചോദ്യവും കോളേജില്‍ ഉയര്‍ന്നിട്ട് അധികകാലമായിട്ടില്ല. റാഗിംഗ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പതിയെ കരകയറി വരുന്നതിനിടെയാണ് സി.സി.ടി.വി പ്രശ്‌നം തലപൊക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം പി.ജി. കോഴ്‌സുകളടക്കം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അടിസ്ഥാന നിലവാരത്തിലേക്കെങ്കിലും തങ്ങളുടെ കോളേജ് ഉയരേണ്ടതുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.