UPDATES

തട്ടമിട്ട് വരാന്‍ കുട്ടികളെ അനുവദിക്കാറില്ലെന്ന് ജ്യോതി നിലയം സ്‌കൂള്‍; വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ്

കാരണം ചോദിച്ചപ്പോള്‍ വര്‍ഷങ്ങളായി ഇവിടുത്തെ രീതി ഇതാണെന്നാണ് മറുപടി ലഭിച്ചത്‌

തട്ടമിട്ട് സ്‌കൂളില്‍ പോയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിരുവനന്തപുരം മേനംകുളത്തെ ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഈ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പുതുതായി ചേര്‍ന്ന ഷംഹാന ഷാജഹാന്‍ എന്ന വിദ്യാര്‍ത്ഥിനിയെയാണ് പുറത്താക്കിയത്. തട്ടമിട്ട് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പുറത്താക്കല്‍.

കവടിയാറിലെ നിര്‍മ്മല ഭവന്‍ സ്‌കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ കുട്ടി പഠിച്ചിരുന്നത്. ഈ വര്‍ഷം കണിയാപുരത്തിനടുത്ത് കഠിനംകുളത്തേക്ക് താമസം മാറിയതോടെയാണ് ജ്യോതി നിലയം സ്‌കൂളില്‍ ചേര്‍ത്തത്. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂള്‍ തുറന്ന് ക്ലാസിലെത്തിയപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഷംഹാനയോട് തട്ടം മാറ്റാന്‍ പറയുകയായിരുന്നു. ആദ്യമായി ഇത്തരമൊരു അനുഭവമുണ്ടായതിനാല്‍ കുട്ടിക്ക് കാര്യം മനസിലായില്ല. വെള്ളിയാഴ്ച വീണ്ടും സ്‌കൂളിലെത്തിയപ്പോഴാണ് തട്ടമിട്ടുകൊണ്ട് സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത്. സംഭവം വാര്‍ത്തയായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ആദ്യമൊന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.

തട്ടമിട്ട് വരുന്ന കുട്ടികളെ ഈ സ്‌കൂളില്‍ അനുവദിക്കാറില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അഴിമുഖത്തോട് അറിയിച്ചു. അതിന്റെ കാരണം ചോദിച്ചപ്പോള്‍ വര്‍ഷങ്ങളായി ഇവിടുത്തെ രീതി ഇതാണെന്നുമാണ് ഓഫീസ് ജീവനക്കാരനായ ശ്രീജു അറിയിച്ചത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അര്‍ച്ചന പോളിന്റെ മൊബൈല്‍ നമ്പരിലേക്ക് വിളിച്ചപ്പോഴാണ് ശ്രീജു ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പലിനോട്‌ സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ സഭയുടെ മീറ്റിംഗിലാണെന്നും ഉടനെയൊന്നും സംസാരിക്കാനാകില്ലെന്നുമാണ് മറുപടി ലഭിച്ചത്.

സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാണെന്നത് അംഗീകരിക്കാനാകാതെ കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ ടി സി വാങ്ങിപ്പോകുകയായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. മറ്റുള്ള കുട്ടികള്‍ ധരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ഈ കുട്ടി സ്‌കൂള്‍ യൂണിഫോം ധരിച്ച് വന്നത്. കുട്ടി തട്ടമിട്ടിരുന്നു. അത് യൂണിഫോമിനൊപ്പം അനുവദിക്കാനാകില്ല. തട്ടമിടാതിരിക്കാന്‍ കുട്ടിയ്ക്ക് സാധിക്കില്ലെന്നതുകൊണ്ട് ടി സി ആവശ്യപ്പെടുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും എത്രയോ വര്‍ഷങ്ങളായി എടുത്തിരിക്കുന്ന തീരുമാനമാണ് ഇത്. യൂണിഫോമിന് ഒരു പാറ്റേണ്‍ ഉണ്ട്. ആ പാറ്റേണില്‍ മാറ്റം വരുത്താനാകില്ലെന്നത് മാനേജ്‌മെന്റിന്റെ തീരുമാനം. അത് മതത്തിന്റെയോ ഒന്നും കാര്യമല്ലെന്നും ശ്രീജു അഴിമുഖം പ്രതിനിധിയെ അറിയിച്ചു. യൂണിഫോം പാറ്റേണില്‍ തട്ടത്തെ ഉള്‍പ്പെടുത്താനാകില്ലെന്നാണ് സ്‌കൂള്‍ പ്രതിനിധി പറയുന്നത്. ഒരാള്‍ക്ക് അവരവരുടേതായ മതസ്വാതന്ത്ര്യമില്ലേയെന്ന ചോദ്യത്തിന് ഇദ്ദേഹം വ്യക്തമായ മറുപടി പറയുന്നുമില്ല. ഇന്ന് നിരവധി ഫോണ്‍ വന്നതുകൊണ്ട് ഫോണ്‍ എടുക്കുന്നില്ലെന്ന ധാരണയുണ്ടാക്കെണ്ടെന്ന് കരുതിയാണ് പ്രിന്‍സിപ്പല്‍ മീറ്റിംഗിന് പോയപ്പോള്‍ ഫോണെടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും ഇയാള്‍ പറയുന്നു.

പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കുന്നില്ലെന്നും പിന്നെന്തുകൊണ്ട് നിങ്ങളുടെ കുട്ടിയ്ക്ക് മാത്രം തട്ടമിടാതെ വന്നുകൂട എന്നുമാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തന്നോട് ചോദിച്ചതെന്നും കുട്ടിയുടെ മാതാവ് ഷാമില അറിയിച്ചിരുന്നു. ഫീസ് തിരികെ വാങ്ങി പൊയ്ക്കോളാനാണ് അവര്‍ പറഞ്ഞത്. നാളെ വന്ന് ടി സി വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ടി സി നല്‍കിയാണ് വിട്ടത്. ടി.സിയ്ക്ക് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ കാരണം എഴുതേണ്ട കോളത്തില്‍ എഴുതിയത് തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ട് ഞങ്ങള്‍ പോകുന്നുവെന്നാണ്. പക്ഷേ ടി.സിയില്‍ അവര്‍ ‘ബെറ്റര്‍ ഫെസിലിറ്റീസ്’ എന്ന് തിരുത്തി. മാധ്യമങ്ങളോട് സ്‌കൂള്‍ അധികൃതര്‍ ഇന്നലെ പറഞ്ഞത് കുട്ടിയുടെയും രക്ഷിതാക്കളുടെയും താല്‍പര്യപ്രകാരമാണ് പോയതെന്നാണ്. ഈ ബെറ്റര്‍ ഫെസിലിറ്റിയെന്ന വാദവും കുട്ടിയുടെയും രക്ഷിതാക്കളുടെയും താല്‍പര്യവും തള്ളിയാണ് ഇപ്പോള്‍ അധികൃതര്‍ തട്ടമിടുന്നതാണ് ഇതിന് കാരണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഈ സ്‌കൂളില്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പോയപ്പോഴും പിന്നീട് അഭിമുഖത്തിന് പോയപ്പോഴും ഷംഹാന തട്ടമിട്ട് തന്നെയാണ് പോയതെന്ന് കുട്ടിയുടെ അച്ഛന്‍ ഷാജഹാന്‍ പറയുന്നു. അന്നൊന്നും ഇത് പറയാതെ ഇവര്‍ ഇപ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. തല മറയ്ക്കാന്‍ അനുവദിക്കില്ലെങ്കില്‍ അവര്‍ക്ക് അഭിമുഖത്തിന് ചെന്നപ്പോഴെങ്കിലും പറയാമായിരുന്നു. മകള്‍ കുട്ടിക്കാലം മുതല്‍ ഇത് ശീലമാക്കിയതാണെന്നും ഷാജഹാന്‍ വ്യക്തമാക്കി. മറ്റൊരു സ്‌കൂളിലും ഇത്തരമൊരു കടുംപിടിത്തമില്ല. മകള്‍ ഏഴാം ക്ലാസ് വരെ പഠിച്ച കവടിയാര്‍ നിര്‍മ്മല സ്‌കൂളിലും തട്ടമിട്ട് തന്നെയാണ് പോയിരുന്നത്. മകള്‍ക്ക് മറ്റൊരു സ്‌കൂളില്‍ അഡ്മിഷനായി ശ്രമിക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കുന്നുണ്ടെന്നും ഷാജഹാന്‍ അഴിമുഖത്തോട് വ്യക്തമാക്കി.

(representation image)

read more:തട്ടമിട്ട് സ്‌കൂളില്‍ പോയതിന് തിരുവനന്തപുരം ജ്യോതിനിലയം സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥിനിയെ പുറത്താക്കി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍