UPDATES

ട്രെന്‍ഡിങ്ങ്

മുല്ലപ്പെരിയാർ: സംസ്ഥാനത്തെ വെള്ളത്തിലാഴ്ത്തിയതിൽ തമിഴ്നാടിന്റെ പങ്ക് ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയിൽ

ഡാമിലെ പരമാവധി ശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്തിച്ച് ഡാം ശക്തമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയായിരുന്നു തമിഴ്നാട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിൽ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് ചെവിക്കൊള്ളാതിരുന്നത് പ്രളയത്തിന് കാരണമായെന്ന് കേരളം സുപ്രീംകോടതിയിൽ. അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും പെട്ടെന്ന് തുറക്കേണ്ട സാഹചര്യമുണ്ടാക്കിയത് തമിഴ്നാടാണ്. ജലനിരപ്പ് 136 അടിയായപ്പോൾ വെള്ളം അൽപാൽപമായി തുറന്നുവിടണമെന്ന കേരളത്തിന്റെ ആവശ്യം ഡാമിന്റെ നിയന്ത്രണമുള്ള തമിഴ്നാട് നിരാകരിച്ചു.

136 അടിയായപ്പോൾ തന്നെ ഷട്ടറുകൾ തുറന്നുവിടാൻ തമിഴ്നാട് സമ്മതിച്ചിരുന്നെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കാൻ 24 മണിക്കൂർ അധികമായി ലഭിക്കുമായിരുന്നെന്ന് കേരളം സമർപ്പിച്ച സത്യവാങ്മൂലം ചൂണ്ടിക്കാട്ടി. പെട്ടെന്ന് മുല്ലപ്പെരിയാർ ഡാം തുറന്നതോടെ ഇടുക്കി ഡാമിലേക്ക് വെള്ളം ഇരച്ചെത്തുകയും അവിടെ ഷട്ടറുകൾ തുറക്കാൻ കേരളം നിർബന്ധിതമാകുകയും ചെയ്തെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.

കേരള ചീഫ് സെക്രട്ടറി ടോം ജോസ് ആണ് സത്യവാങ്മൂലം സമർപ്പിച്ചത്.

കേരളത്തിലാണ് മുല്ലപ്പെരിയാർ ഡാമും അതിലേക്കുള്ള വൃഷ്ടിപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നതെങ്കിലും അതിന്റെ പൂർണനിയന്ത്രണം തമിഴ്നാടിനാണുള്ളത്.

ഡാമിലെ പരമാവധി ശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്തിച്ച് ഡാം ശക്തമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയായിരുന്നു തമിഴ്നാട്. കേരളം മഹാപ്രളയത്തിലകപ്പെടുമെന്ന സ്ഥിതി വന്നപ്പോഴും ജലം തുറന്നുവിടാൻ തമിഴ്നാട് തയ്യാറായില്ല. തമിഴ്നാടിന്റെ ഭാഗത്തേക്കുള്ള ഡാമുകളിലേക്ക് ജലം കൊണ്ടുപോകാനും അവർ തയ്യാറായില്ല. ഇതാണ് കേരളത്തിലെ പ്രളയസ്ഥിതി രൂക്ഷമാക്കിയത്.

ഇത്തരം ദുരന്തങ്ങൾ ഭാവിയിലുണ്ടാകാതിരിക്കാൻ ഒരു മാനേജ്മെന്റ് കമ്മറ്റി രൂപീകരിക്കാൻ കോടതി തയ്യാറാകണമെന്ന് കേരളം ആവശ്യപ്പെട്ടു. ഈ കമ്മറ്റി സുപ്രീംകോടതി നിയോഗിച്ച സൂപ്പർവൈസറി കമ്മറ്റിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നും ഡാമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നോക്കിനടത്താനുള്ള അധികാരം ഇവർക്കാകണമെന്നും കേരളം സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

ആഗസ്റ്റ് 15ന് അർധരാത്രിയിലാണ് തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകളും പെട്ടെന്ന് തുറന്നത്. പരിഭ്രാന്തിയിലായ ജില്ലാ ഭരണകൂടം വേഗത്തിൽ‍ തീരപ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാൻ തുടങ്ങിയെങ്കിലും സമയം തീരെ കുറവായിരുന്നു. മുന്നൂറിലധികം പേർ മരിക്കുകയും പതിനായിരങ്ങൾക്ക് വീടില്ലാതാകുകയും ചെയ്ത, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് ഇത് കാരണമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍