UPDATES

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ വഴി ക്ഷേത്ര ഭരണം നിര്‍വ്വഹിക്കുന്നത്

“ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് പറയുന്നവര്‍ കാണുന്നില്ലേ ഞങ്ങളെപ്പോലുള്ളവരുടെ ദുരിതം? എന്നെപ്പോലുള്ള പിന്നോക്കക്കാരെ ഇവിടെയിട്ട് ഇഞ്ചിഞ്ചായി കൊല്ലുവാണ്…” സുധികുമാര്‍ ചോദിക്കുന്നത് തനിക്ക് അയിത്തം കല്‍പ്പിക്കുന്ന സമൂഹത്തോടും സമുദായങ്ങളോടുമാണ്. സുധികുമാര്‍ കീഴ്ശാന്തിയാണ്; ചെട്ടികുളങ്ങര ക്ഷേത്രത്തില്‍. പൊരുതി നേടിയ നിയമനം. എന്നാല്‍ നിയമനം ലഭിച്ച അന്നുമുതല്‍ സുധികുമാറിന് അനുഭവിക്കേണ്ടി വരുന്നത് പുരോഗമന കേരളം ഇല്ലെന്ന് നടിക്കുന്ന തൊട്ടുകൂടായ്മയും വിവേചനവും. ശബരിമലയിലെ സ്ത്രീ പ്രവശേനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുകയും ഹിന്ദു സമൂഹം ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ ജാതിചിന്തയില്ലാത്ത ഒരു ഹിന്ദു ഐക്യം ഉണ്ടാവുമോ എന്നാണ് സുധികുമാര്‍ ചോദിക്കുന്നത്.

സുധികുമാര്‍ പറയുന്നു, “ശബരിമല വിഷയത്തില്‍ കോടതിയില്‍ നിന്നുണ്ടായത് സ്വാഗതാര്‍ഹമായ, പുരോഗമന കേരളം ആഗ്രഹിച്ചിരുന്ന ഒരു വിധിയാണ്. അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന അനുസരിച്ചല്ലാതെ ഒരു സര്‍ക്കാരിന് എങ്ങനെയാണ് പ്രവര്‍ത്തിക്കാനാവുക? പക്ഷെ ഒരുകൂട്ടര്‍ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. എന്നെയുള്‍പ്പെടെയുള്ള അവര്‍ണരായവരെ ശാന്തിമാരായി നിയമിച്ചതിലും അസ്വസ്ഥതയുള്ളത് ഈ വിഭാഗത്തിനാണ്. അവരത് ഇപ്പോഴും തുടരുകയാണ്. തിരുവല്ലയില്‍ നിയമിതനായ ആദ്യ ദളിത് പൂജാരി യദുകൃഷ്ണന് അവിടെ നില്‍ക്കാനാവാത്ത അവസ്ഥ വന്നു. ഒടുവില്‍ അദ്ദേഹം തന്നെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് മറ്റൊരിടത്തേക്ക് പോയി. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായ എനിക്ക് ജീവത എഴുന്നള്ളിക്കാനോ, ശ്രീകോവിലില്‍ കയറാനോ ഇപ്പോഴും കഴിയുന്നില്ല. തിടപ്പള്ളിയില്‍ പായസം വയ്ക്കാം. പക്ഷെ അത് ശ്രീകോവിലില്‍ കൊണ്ടുപോയി വയ്ക്കാന്‍ പോലുമുള്ള അനുവാദമില്ല. ജീവത എഴുന്നള്ളിച്ചാല്‍ അത് മഹാ അപരാധമായാണ് കണക്കാക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി ഞാന്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് പരാതി. ഞാന്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞപ്പോള്‍ അത് അമ്പലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. ഉത്സവത്തോടനുബന്ധിച്ച് പറയ്‌ക്കെഴുന്നള്ളിക്കുന്നത് കീഴ്ശാന്തിമാരാണ്. അവര്‍ണനായതിനാല്‍ എന്നോട് എഴുന്നള്ളിക്കേണ്ട എന്നുപറഞ്ഞു. പിന്നീട് കരക്കാര്‍ ഇടപെട്ട് പ്രശ്നമായപ്പോള്‍ അവര്‍ക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു. ഇതെല്ലാം കാണിച്ച് എനിക്കെതിരെ നിരവധി കള്ളപ്പരാതികളാണ് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് പോലും നല്‍കിയിരിക്കുന്നത്. മാനസികമായി തകര്‍ത്ത് പുകച്ച് പുറത്തുചാടിക്കാനാണ് ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ശ്രമിക്കുന്നത്. എന്നെ ഇവിടെയിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നവരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറഞ്ഞിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ഒരു നയവും ഞങ്ങളുടെ കാര്യത്തില്‍ മറ്റൊരു നയവുമാണോ ഇവര്‍ക്ക്?”

ചെട്ടികുളങ്ങരയില്‍ നിയമിതനായ അബ്രാഹ്മണ ശാന്തിക്ക് തൊട്ടുകൂടായ്മ അനുഭവിക്കേണ്ടി വരുന്ന വാര്‍ത്ത് ആദ്യം പുറത്തുകൊണ്ടുവന്നത് ‘അഴിമുഖ’മാണ്: നവോത്ഥാന കേരളത്തിലെ തൊട്ടുകൂടായ്മ; ചെട്ടികുളങ്ങരയിലെ ഈഴവ ശാന്തിക്ക് അയിത്തം. സുധികുമാറിനോടുള്ള ക്ഷേത്ര അധികാരികളുടെ സമീപനത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യൂണിയന്‍ നേതൃത്വം ക്ഷേത്രത്തിന് മുന്നില്‍ സമരം തുടങ്ങിയിരുന്നു. വിഷയം വിവാദമായപ്പോള്‍ ഇനി അത്തരത്തില്‍ വിവേചനപരമായ നിലപാടുണ്ടാവില്ലെന്ന് ക്ഷേത്ര ഭരണസമിതി ഉറപ്പ് നല്‍കുകയും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സമരം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും തനിക്ക് അതേ വിവേചനവും തൊട്ടുകൂടായ്മയും തന്നെയാണ് നേരിടേണ്ടി വന്നതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ പരമാവധി പുറത്തുപറയാതിരുന്നതാണെന്നും സുധികുമാര്‍ പറഞ്ഞു.

ഈഴവസമുദായാംഗമായ സുധികുമാര്‍ കീഴ്ശാന്തിയായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം കഴിയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ചുമതലയേല്‍ക്കേണ്ടിയിരുന്ന സുധികുമാറിന്റെ നിയമനം ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ തടഞ്ഞുവച്ചത് വലിയ വിവാദമായിരുന്നു. തീരുമാനം പുന:പരിശോധിക്കണമെന്ന് നിരന്തര ആവശ്യങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സുധികുമാറിനെ ചെട്ടികുളങ്ങരയില്‍ തന്നെ കീഴ്ശാന്തിയായി നിയമിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഉത്തരവിട്ടതിന് അടുത്ത ദിവസം തന്നെ സുധികുമാര്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ഗുരുതരമായ ദേവീകോപം നേരിടേണ്ടി വരുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് ഉത്തരം പറയേണ്ടി വരുമെന്നും കാണിച്ച് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. നിയമനവുമായി മുന്നോട്ട് പോയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന് ക്ഷേത്രഭരണം നടത്തുന്ന ശ്രീദേവി വിലാസം ഹിന്ദു മത കണ്‍വെന്‍ഷന്‍ അംഗങ്ങളും പ്രഖ്യാപിച്ചു. അബ്രാഹ്മണ ശാന്തിയെ നിയമിക്കുന്നതിനെതിരെ ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രമേയവും പാസ്സാക്കി. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് നിയമനം തല്‍ക്കാലം നിര്‍ത്തിവക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേംദാസ് ഉത്തരവിട്ടത്. എന്നാല്‍ ഇവരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെും ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലൈന്ന് വിലയിരുത്തിയ ദേവസ്വം ബോര്‍ഡ് സുധികുമാറിനെ കീഴ്ശാന്തിയായി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു. തന്ത്രിയുടെ വാദം ഹിന്ദുമത വിശ്വാസങ്ങള്‍ക്ക് നിരക്കുതല്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് എടുത്തതും. ദേവസ്വത്തിന്റെ ഭരണപരമായ അവകാശങ്ങളില്‍ തന്ത്രിയുടെ അഭിപ്രായം ആവശ്യമില്ലെന്നും ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലെന്നുമാണ് നിയമനം ശരിവച്ചുകൊണ്ട് ബോര്‍ഡ് നിരീക്ഷിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ വഴി ക്ഷേത്ര ഭരണം നിര്‍വ്വഹിക്കുന്നത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു ഭരണസമിതി നിയമലംഘനമാണെന്നും സുധികുമാര്‍ പറയുന്നു. തനിക്ക് മുകളില്‍ തൊട്ടുകൂടായ്മ അടിച്ചേല്‍പ്പിക്കുന്നത് ഈ ഭരണസമിതിയാണെന്നും സുധികുമാര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.

‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

നവോത്ഥാന കേരളത്തിലെ തൊട്ടുകൂടായ്മ; ചെട്ടികുളങ്ങരയിലെ ഈഴവ ശാന്തിക്ക് അയിത്തം

ദളിതനെ തന്ത്ര വിദ്യ പഠിപ്പിച്ചത് ബ്രാഹ്മണന്‍; വിവാദം സിപിഎമ്മിന്റെ കുത്തിത്തിരിപ്പെന്ന് ഹിന്ദു ഐക്യ വേദി

അബ്രാഹ്മണന്‍ പൂജിച്ചാല്‍ അയ്യപ്പന്‍ കനിയില്ലേ?; ചെട്ടിക്കുളങ്ങര അവസാനിക്കുന്നില്ല

പ്രതിഷേധം ശക്തം; ദലിത് പൂജാരി യദുകൃഷ്ണനെതിരായ സമരത്തിനില്ലെന്ന് യോഗക്ഷേമ സഭ

ദലിത് പൂജാരിമാരില്‍ നിന്നും നിങ്ങള്‍ പുണ്യാഹം വാങ്ങുമോ? കാസര്‍കോടും ചെട്ടിക്കുളങ്ങരയും തുറന്നുകാട്ടുന്ന ‘നവകേരളം’

ജാതിപ്പഴമ അസംബന്ധം; ചെട്ടികുളങ്ങരയില്‍ ഈഴവന്‍ കീഴ്ശാന്തിയാകും; തീരുമാനം ദേവസ്വം ബോര്‍ഡിന്റേത്

ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍