ഇപ്പോഴുണ്ടായിരിക്കുന്ന മരണം യാദൃശ്ചികമായി സംഭവിച്ചത്. പൊലീസിനെ വെടിവെച്ചപ്പോള്‍ തിരികെ വെടിവയ്ക്കുക എന്നതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു
വയനാട്ടില്‍ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടലുണ്ടായ വൈത്തിരിയ്ക്കടുത്തുള്ള സുഗന്ധഗിരി ആദിവാസി മേഖലയില്‍ നേരത്തേയും മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി കല്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍. സുഗന്ധഗിരി മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ ഒരു വര്‍ഷത്തോളമായി മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാണെന്നും, നേരത്തെയും പണവും ഭക്ഷണവും ആവശ്യപ്പെട്ട് പരിസരപ്രദേശങ്ങളില്‍ ഇവര്‍ എത്തിയിരുന്നതായും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. സുഗന്ധഗിരിയിലെ ആദിവാസികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും മാവോയിസ്റ്റുകള്‍ ശേഖരിച്ചിരുന്നതായാണ് സി.കെ. ശശീന്ദ്രന്റെ പ്രസ്താവന. പ്രളയകാലത്ത് മണ്ണിടിഞ്ഞും വീടും സ്ഥലവും ഒലിച്ചു പോയും ഏറെ ബുദ്ധിമുട്ടിയിരുന്ന സുഗന്ധഗിരിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകളടക്കമുള്ളവര്‍ എത്തിച്ചുകൊടുത്തിരുന്ന ഭക്ഷ്യവസ്തുക്കള്‍ പോലും ഇവിടെയെത്തിയ മാവോയിസ്റ്റുകള്‍ കൊണ്ടുപോയിരുന്നതായി ശശീന്ദ്രന്‍ പറയുന്നു.
‘മാവോയിസ്റ്റുകളുടെ ഒരു സംഘം സുഗന്ധഗിരിയിലെത്തി നേരത്തേയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നു. സായുധരായെത്തി ആളുകളെ ഭയപ്പെടുത്തുന്ന രീതിയായിരുന്നു അവരുടേത്. അതിന്റേതായ ഒരു ഭീതി ആദിവാസികള്‍ക്കുമുണ്ടായിരുന്നു. ഇവര്‍ക്ക് ഉപയോഗിക്കാനുള്ള അരിയെടുത്തുകൊണ്ടുപോകുക, നിര്‍ബന്ധിച്ച് ഭക്ഷണം പാകം ചെയ്യിപ്പിക്കുക, ഇതൊക്കെയായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലി. പ്രളയകാലത്ത് ദുരിതാശ്വാസമായി എത്തിച്ച അരിയടക്കം ഇവര്‍ കൊണ്ടുപോയിട്ടുണ്ട്. ഇന്നലെയും ഹോട്ടലുടമയെ സമീപിച്ച് പണം വേണമെന്നാണ് ആവശ്യപ്പെട്ടത്. കൈയില്‍ പണമില്ല എന്നു പറഞ്ഞപ്പോള്‍ എ.ടി.എമ്മില്‍ നിന്നും എടുത്തു വരാന്‍ പറഞ്ഞയച്ച സമയത്താണ് പൊലീസിലറിയിക്കാന്‍ ഉടമയ്ക്ക് സാധിച്ചത്. സാധാരണഗതിയില്‍ ഭയപ്പെട്ട് ആളുകള്‍ പണം കൊടുക്കുകയാണ് പതിവ്.‘ സി.കെ. ശശീന്ദ്രന്‍ പറയുന്നു.
ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുകൊണ്ട് ആവിഷ്‌കരിച്ച രണ്ടു പദ്ധതികളാണ് സുഗന്ധഗിരിയിലുള്ളത്. പൂക്കോട് ഡയറി പ്രോജക്ട്, സുഗന്ധഗിരി കാര്‍ഡമം പ്രോജക്ട് എന്നിങ്ങനെ രണ്ടു പദ്ധതികളും, അതിന്റെ ഭാഗമായുള്ള ആദിവാസി സെറ്റില്‍മെന്റുകളും ഇവിടെയുണ്ട്. 1500 ഹെക്ടറിലായി പടര്‍ന്നു കിടക്കുന്ന പ്രദേശത്ത് 602 കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ വീതമാണ് ഭൂമി പതിച്ചു നല്‍കിയിരുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകള്‍ തൊട്ടുതന്നെ ഇവിടെ ആദിവാസികള്‍ക്ക് പാര്‍പ്പിടങ്ങളൊരുങ്ങിയിട്ടുണ്ട്. ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന ഈ മേഖല കഴിഞ്ഞ പ്രളയത്തില്‍ ഏറെ ദുരിതത്തിലായ പ്രദേശം കൂടിയാണ്. സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ ഭൂരിഭാഗവും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും പെട്ട് നഷ്ടപ്പെട്ടുപോകുകയും, വീടുകളടക്കം ഒലിച്ചുപോകുകയും ചെയ്തിരുന്നു. കൃഷിഭൂമിയും പാടേ നശിച്ചിരുന്നു. സുഗന്ധഗിരിയിലേക്ക് എത്തിപ്പെടാനുള്ള ഒരേയൊരു റോഡും തകര്‍ന്നുപോയ അവസ്ഥയിലായിരുന്നു. ആദിവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് കെട്ടിപ്പടുത്ത സുഗന്ധഗിരിയിലെ പുനരധിവാസ പദ്ധതി പ്രദേശം വലിയ ദുരിതത്തിലായതോടെ, സന്നദ്ധ സംഘടനകളും പ്രദേശവാസികളും തങ്ങളാലാകുന്ന സഹായങ്ങളുമായി ഇവിടെയെത്തുകയും ചെയ്തിരുന്നതാണ്. ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോയ കോളനികളിലേക്കു ലഭിച്ച ഭക്ഷണ സാധനങ്ങള്‍ പോലും മാവോയിസ്റ്റുകള്‍ തട്ടിയെടുക്കുന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നതെന്നും, ജനസമ്മതിയോടെയുള്ള രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നില്ല സുഗന്ധഗിരിയില്‍ മാവോയിസ്റ്റുകള്‍ നടത്തിപ്പോന്നിരുന്നതെന്നുമാണ് എം.എല്‍.എയുടെ പക്ഷം.
അതേസമയം, ഏകദേശം ഒരുവര്‍ഷക്കാലത്തോളമായി സുഗന്ധഗിരിയില്‍ മാവോയിസ്റ്റു സാന്നിധ്യമുണ്ടെന്നും, ഇക്കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അനക്കമുണ്ടായിട്ടില്ലെന്നുമാണ് പ്രദേശവാസികളുടെയും വൈത്തിരിയിലെ സാമൂഹ്യപ്രവര്‍ത്തകരുടെയും വാദം. മാവോയിസ്റ്റു രാഷ്ട്രീയത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുക എന്നതാണ് നയമെന്നും ഇപ്പോഴുണ്ടായിരിക്കുന്ന മരണം യാദൃശ്ചികമായി സംഭവിച്ചതാണെന്നും സി.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പൊലീസിനെ വെടിവെച്ചപ്പോള്‍ തിരികെ വെടിവയ്ക്കുക എന്നതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നുവെന്നും രാഷ്ട്രീയമായിത്തന്നെ മാവോയിസ്റ്റുകളെ തുറന്നുകാണിക്കുക എന്ന രീതിയിലാണ് വിശ്വസിക്കുന്നതെന്നും ശശീന്ദ്രന്‍ പറയുന്നു. മാവോയിസ്റ്റുകള്‍ സുഗന്ധഗിരിയില്‍ പിന്തുടരുന്ന രാഷ്ട്രീയരീതിയല്ല നമുക്കാവശ്യമെന്നും, തോക്കേന്തി പ്രത്യേക വേഷധാരികളായി വരുന്നവരോട് സ്വാഭാവികമായും ആദിവാസികള്‍ക്കുണ്ടാകുന്ന ഭയം ജനപിന്തുണയായി തെറ്റിദ്ധരിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.