UPDATES

പിള്ളയുടെ കള്ളക്കളികള്‍ കൃഷ്ണന് അറിയാമായിരുന്നു; ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജറുടെ ഭര്‍ത്താവിന്റെ ആത്മഹത്യ ഉയര്‍ത്തുന്ന ദുരൂഹതകള്‍

കൃഷ്ണന്റെ മരണത്തെ ദുരൂഹമാക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. അതിലൊന്ന് പിള്ളയ്ക്ക് ഈ മരണത്തില്‍ ഉണ്ടാകാനിടയുള്ള പങ്കാണ്

വിവാദനായകന്‍ എം.കെ രാജേന്ദ്രന്‍ പിള്ളയെന്ന ശ്രീവത്സം പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണന്റെ ആത്മഹത്യ ഒരു വന്‍ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ വഴികളടയ്ക്കാനോ? ഇന്ന് രാവിലെ ഹരിപ്പാട് ഉള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷ്ണന്‍, ശ്രീവത്സം പിള്ളയുടെ അനധികൃത സ്വത്തുക്കളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തിയാണെന്ന് ആദായനികുതി വകുപ്പ് സംശയിച്ചിരുന്നു. ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ കൃഷ്ണന്റെയും രാധാമണിയുടെയും വീട്ടിലും റെയ്ഡ് നടത്തിയതും ഇതിനാലായിരുന്നു. പല സാമ്പത്തിക ഇടപാടുകളും കൃഷ്ണനും ശ്രീവത്സം പിള്ളയും തമ്മിലുണ്ടായിരുന്നതായുള്ള വിവരങ്ങളും കൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയേറ്റുന്നു. ഭര്‍ത്താവ് മരിച്ചിട്ടും രാധാമണിയില്‍ അത് വലിയ പ്രശ്നമുണ്ടാക്കാതിരിക്കുകയും അവര്‍ ഒളിച്ചു നില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളും സംശയങ്ങളെ കൂടുതല്‍ കൂടുതല്‍ ബലപ്പെടുത്തുകയാണ്.

കൃഷ്ണന്റെ മരണത്തെ ദുരൂഹമാക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. അതിലൊന്ന് പിള്ളയ്ക്ക് ഈ മരണത്തില്‍ ഉണ്ടാകാനിടയുള്ള പങ്കാണ്. പിള്ളയുടെ ആയിരം കോടിയിലേറെ വരുന്ന സ്വത്തുക്കളെ കുറിച്ച് കൃഷ്ണനും രാധാമണിക്കും അറിയായിരുന്നുവെന്ന് ആദായ നികുതി വകുപ്പ് സംശയിച്ചിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണന്റെ മരണം സംഭവിച്ചിരിക്കുന്നത്. ശ്രീവത്സം പിള്ളയെന്ന എംകെആര്‍ പിള്ള കരുതിയതിലും വലിയ ക്രിമിനലാണെന്ന് ഇന്റലിജന്‍സ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാഗാ കലാപകാരികള്‍ക്കും പിള്ള പണം നല്‍കിയിരുന്നെന്നാണ് ഇന്റലിജന്‍സിന്റെ ഒരു റിപ്പോര്‍ട്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനും ആദിവാസികളുടെ വികസനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് നാഗാലാന്‍ഡിന് അനുവദിക്കുന്നത്. എന്നാല്‍ ഇതിനൊന്നും വേണ്ടി ഇവിടെ ആരും ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നതാണ് സത്യം. ഈ പണത്തില്‍ വലിയ തോതില്‍ അധികൃതര്‍ കൈക്കലാക്കുന്നതാണ് പതിവ്. അങ്ങനെയൊരു ഗുണഭോക്താവായിരുന്നു പിള്ളയെന്നും ഉള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തു വന്നിരുന്നു.

നാഗാലാന്‍ഡില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാജേന്ദ്രന്‍ പിള്ള എന്ന എഎസ്പി ആയാണ് വിരമിച്ചത്. നാഗാലാന്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും പിള്ള സര്‍ എന്നറിയപ്പെടുന്ന ശ്രീവത്സം പിള്ളയുടെ കോടികള്‍ വിലമതിക്കുന്ന ആസ്തി ഇന്നും ആദായനികുതി വകുപ്പിനെ കുഴയ്ക്കുന്ന ചോദ്യമാണ്. നേരിട്ട് തട്ടിയെടുത്ത തുക കൂടാതെ പലരുടെയും ബിനാമിയായും പിള്ള പ്രവര്‍ത്തിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. ഇയാള്‍ക്കും മക്കളായ വരുണ്‍ രാജിനും അരുണ്‍ രാജിനുമെതിരെ കേസുണ്ടെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

നാഗാലാന്‍ഡില്‍ പിള്ളയ്‌ക്കൊപ്പം ഉണ്ടായിരുന്നവരാണ് കൃഷ്ണന്‍-രാധാമണി ദമ്പതികള്‍. ആദായനികുതി വകുപ്പ് അന്വേഷിക്കുന്ന കോണ്‍സ്റ്റബിള്‍ പിള്ളയില്‍ നിന്നും ശ്രീവത്സം പിള്ളയിലേക്കുള്ള വളര്‍ച്ച കണ്ടെത്താന്‍ കൃഷ്ണനും രാധാമണി വഴിയ സാധിക്കുമെന്നിരിക്കെയാണ് കൃഷ്ണന്റെ മരണം. നാഗാലാന്‍ഡില്‍ മാത്രമല്ല കേരളത്തിലും വന്‍തോക്കാണ് പിള്ള എന്നതിന്റെ സൂചനകളും ഇതിനിടെ പുറത്തുവന്നിരുന്നു. മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുമായി ചേര്‍ത്താണ് പിള്ളയുടെ പേര് ഏറ്റവും ഉയര്‍ന്നുകേട്ടത്. എന്നാല്‍ തനിക്ക് ശ്രീവത്സം ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്നും യുഡിഎഫിനെ കരിവാരിത്തേക്കാന്‍ തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്നുമാണ് ചെന്നിത്തല വാദിച്ചത്. അതേസമയം ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രണ്ട് വര്‍ഷം മുമ്പ് തന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ലഭിച്ച ഈ റിപ്പോര്‍ട്ടിനെ അവഗണിച്ചുവെന്ന് പുതിയ വിവരം പുറത്തുവന്നു. ശ്രീവത്സം ഗ്രൂപ്പിനെതിരെ ഉന്നയിച്ച ഇടപാടുകളെക്കുറിച്ച് യാതൊരു അന്വേഷണവും ഉണ്ടായില്ല.

"</p

പണം കടത്താനായി പിള്ള നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചുവെന്നതായിരുന്നു ഉയര്‍ന്ന മറ്റൊരു ആരോപണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭൂമിയിടപാടുകളില്‍ പിള്ളയ്ക്കുള്ള പങ്കും പോലീസ് കണ്ടെത്തി. പ്രദേശത്തു നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാഗാലാന്‍ഡില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ വന്നുപോകുന്നതായും പോലീസ് കണ്ടെത്തി. എന്നാല്‍ ഈ വാഹനങ്ങളില്‍ എന്ത് കടത്തുന്നുവെന്ന് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. പിള്ളയുടെ ഉന്നതതല ബന്ധങ്ങള്‍ മൂലം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിക്കപ്പെടുകയായിരുന്നു. പിള്ളയ്ക്ക് വിവിധ സംസ്ഥാനങ്ങളിലായി കോടികളുടെ ആസ്തിയുണ്ടെന്നും പത്തു ബാങ്കുകളിലെ 20 അക്കൗണ്ടുകളിലായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ടെന്നും കണ്ടെത്തി. ഡല്‍ഹിയില്‍ മൂന്ന് ഫ്ലാറ്റുകളും ബംഗളൂരുവില്‍ രണ്ട് ഫ്ലാറ്റുകളും വാണിജ്യസ്ഥാപനങ്ങളും മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവയും കണ്ടെത്തി. ഇതിന് പുറമേ കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിയിടപടാണ് ശ്രീവത്സം ഗ്രൂപ്പിനുള്ളതെന്നും ഇതിന്റെയെല്ലാം വിശദാംശങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

എന്തായാലും പിള്ളയെക്കുറിച്ചുള്ള അന്വേഷണം ജൂണിന് ശേഷം അധികമൊന്നും വാര്‍ത്തയായിരുന്നില്ല. അതേസമയം ആദായനികുതി വകുപ്പ് ഇയാളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയായിരുന്നുവെന്നാണ് അറിയുന്നത്. കൃഷ്ണന്റെയും രാധാമണിയുടെയും വീടുകളില്‍ നടത്തിയ റെയ്ഡ് അതിന്റെ ഭാഗമായിരുന്നു. അനധികൃത സ്വത്തിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് അവര്‍ കരുതിയിരുന്ന കൃഷ്ണന്റെ മരണത്തോടെ പിള്ള വീണ്ടും വാര്‍ത്തയാകുന്നത് അതിനാലാണ്.

കൃഷ്ണന്റെ മരണത്തിന് പിന്നാലെയുണ്ടായ രാധാമണിയുടെ അപ്രത്യക്ഷമാകലാണ് ദുരൂഹതയുടെ രണ്ടാമത്തെ കാരണം. ശ്രീവത്സം പിള്ളയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡിലാണ് ആയിരം കോടിയുടെ ബിനാമി ഇടപാടുകളും നാഗാ സായുധ സംഘങ്ങളുമായുള്ള ബന്ധവും വ്യക്തമായത്. അതോടെ രാധാമണി പിള്ളയുടെ ബിനാമിയാണെന്ന് ആദായനികുതി വകുപ്പിന് വ്യക്തമായിരുന്നു. ഈ രഹസ്യങ്ങളെല്ലാം അറിയാവുന്ന വ്യക്തിയായിരുന്നു കൃഷ്ണന്‍. രാധാമണിയുടെ മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലാണ്. പിള്ളയുടെ 10 കോടിയുടെ നിക്ഷേപങ്ങളുടെ രേഖകള്‍ രാധാമണിയുടെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ ആത്മഹത്യ ചെയ്യേണ്ട കാര്യം കൃഷ്ണനില്ലെന്ന നാട്ടുകാരുടെ മൊഴിയും പോലീസ് ഗൗരവത്തോടെയാണ് കണക്കാക്കുന്നത്.

ഇവര്‍ക്ക് വേണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ എറണാകുളത്തുണ്ടെന്ന് കണ്ടെത്തി. ചികിത്സയ്ക്കായി എറണാകുളത്തെത്തി എന്നാണ് ഇവര്‍ പോലീസിനോട് ഫോണില്‍ അറിയിച്ചത്. എന്നാല്‍ മരണ വിവരം അറിഞ്ഞിട്ടും ഹരിപ്പാട് മടങ്ങിയെത്താന്‍ ഇവര്‍ വൈകുന്നതാണ് പോലീസിന്റെ സംശയത്തിന്റെ കാരണം. രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചുവെന്ന് ഡ്രൈവര്‍ പറയുന്നുണ്ട്. മരണം സംഭവിച്ചത് അതിന് മുമ്പാണോ ശേഷമാണോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരികയും ഇവരെ ചോദ്യം ചെയ്യുകയും വേണം. ഇരുവരും തമ്മില്‍ ഇന്നലെ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. കുടുംബ പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യയെന്ന സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. പക്ഷെ പിള്ളയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്ന കൃഷ്ണന്റെ മരണം വരുംദിവസങ്ങളില്‍ പോലീസിന് തലവേദനയാകുമെന്ന് ഉറപ്പ്. അതോടൊപ്പം ഒരു ഇടവേളയ്ക്ക് ശേഷം പിള്ള വീണ്ടും മാധ്യമങ്ങളില്‍ നിറയുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍