UPDATES

കുറ്റം വിധിച്ചത് നാലു മിനുട്ടുകൊണ്ട്; വലിയമല സ്പേസ് കാമ്പസിലെ വിദ്യാര്‍ത്ഥിയുടെ ‘ആത്മഹത്യ’ മറ്റൊരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകമോ?

2015ൽ ഇതേ കാമ്പസ്സിലെ ഒരു ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതും സമ്മർദ്ദങ്ങൾ താങ്ങാനാകാതെയാണെന്ന് സൂചനയുണ്ട്.

വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആൻഡ് ടെക്നോളജി കാമ്പസിൽ ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. എഗുരി പ്രണീത് കുമാർ എന്ന മൂന്നാംവർഷ ബിടെക് വിദ്യാർത്ഥിയെ ഏപ്രിൽ 27ന് ഉച്ചതിരിഞ്ഞാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അന്നേദിവസം രാവിലെ നടന്ന സെമസ്റ്റർ പരീക്ഷക്കിടയിൽ പ്രണീത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് ഇൻവിജിലേറ്റർ പിടികൂടിയിരുന്നു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു എന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ, ഇതിനോട് യോജിക്കാൻ പ്രണീതിന്റെ സഹപാഠികൾ തയ്യാറാകുന്നില്ല. കാമ്പസിൽ വിശാലമായ സുഹൃദ്ബന്ധങ്ങളുള്ള പ്രണീത് എക്സാമിനിടയിൽ പിടിക്കപ്പെട്ടു എന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്യില്ല എന്ന് സഹപാഠികൾ ഉറപ്പിച്ച് പറയുന്നു. കൂടാതെ, ഏഴാമത്തെ സെമസ്റ്റർ പരീക്ഷയെഴുതുന്ന പ്രണീത്, കഴിഞ്ഞ ആറ് സെമസ്റ്ററിലും മികച്ച മാർക്ക് നേടിയ വിദ്യാർത്ഥിയാണ്. എൻജിനീയറിങ് പരീക്ഷകളിൽ വളരെ സാധാരണമായ കാര്യമാണ് പേപ്പറുകൾ വീണ്ടും എഴുതിയെടുക്കുന്നതും മറ്റും. ഇത് ആത്മഹത്യക്ക് കാരണമാകാവുന്ന ഒരു വിഷയമേയല്ല കാമ്പസിലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. പ്രണീതിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുവരണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

തികച്ചും വിദ്യാർത്ഥി വിരുദ്ധമായ സാഹചര്യങ്ങൾ കാമ്പസ്സിലുണ്ടെന്ന് പരാതിയുണ്ട്. ബഹിരാകാശ വകുപ്പിന് കീഴിൽ വരുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് ഐഐഎസ്‌ടി. ഇവിടെ വിദ്യാർത്ഥികൾക്ക് സംഘടനാ പ്രവർത്തന സ്വാതന്ത്ര്യമില്ല. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ യുജിസി നിയമം അനുശാസിക്കുന്ന ഗ്രീവൻസ് റിഡ്രസൽ സെൽ, ഓംബുഡ്സ്മാൻ തുടങ്ങിയ സംവിധാനങ്ങളും കാമ്പസിലില്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇക്കാരണത്താൽ രജിസ്ട്രാറോ, ഡയറക്ടറോ ഏകപക്ഷീയമായ നടപടികളെടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാനാകാതെ കീഴടങ്ങുക മാത്രമാണ് വിദ്യാർത്ഥികളുടെ മുന്നിലുള്ള ഏക പോംവഴി. ഈ സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്താണ് പ്രണീതിന്റെ മരണത്തെയും കാണേണ്ടതെന്നും കേവലമൊരു പരീക്ഷാ ഹാളിലെ സംഭവം മാത്രമല്ല ഇതിനു പിന്നിലുള്ളതെന്നും വിദ്യാർത്ഥികൾ പറയുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥർ എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളിൽ തങ്ങളുടെ വാദങ്ങൾ നിരത്താൻ വിദ്യാർത്ഥികൾക്ക് അവസരം കിട്ടാറില്ല. ഇത് പ്രണീതിന്റെ കേസിലും ആവർത്തിച്ചു. ഗവേഷക വിദ്യാർത്ഥികൾക്കും ഇത്തരം സന്ദർഭങ്ങളെ നേരിടേണ്ടി വരാറുണ്ട്.

കാര്യങ്ങൾ തീരുമാനിക്കപ്പെട്ടത് വെറും നാലു മിനിറ്റിനുള്ളിൽ

ഡയറക്ടർ വിദ്യാർത്ഥികള്‍ക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നതു പ്രകാരം നാല് മിനിറ്റിലധികം നേരമെടുത്തിട്ടില്ല പ്രണീതിനെ മൊബൈലുമായി പിടികൂടിയ സംഭവത്തിൽ രജിസ്ട്രാർ തീരുമാനമെടുക്കുന്നതിന്. വിദ്യാർത്ഥിയെ ഓഫീസിൽ കൊണ്ടു ചെന്നിരുത്തുകയും ഇൻവിജിലേറ്റർ തന്റെ ഭാഗം വിശദീകരിക്കുന്ന കുറിപ്പ് രജിസ്ട്രാർ എ ചന്ദ്രശേഖറിന് നൽകുകയും ചെയ്യുന്നു. ശേഷം രജിസ്ട്രാർ വിദ്യാർത്ഥിയോട് അയാള്‍ക്ക് പറയാനുള്ളത് എഴുതാന്‍ തന്റെ പിഎ വഴി ആവശ്യപ്പെടുന്നു. ഒറ്റവരിയിൽ താൻ മൊബൈൽ ഉപയോഗിച്ചു എന്നെഴുതി പിഎയുടെ നിർദ്ദേശ പ്രകാരം നേരിട്ട് രജിസ്ട്രാറുടെ മേശയിൽ കൊണ്ടുചെന്ന് വെക്കുന്നു. നാലു മിനിറ്റിനുള്ളില്‍ കുറ്റവും കുറ്റവാളിയും തീരുമാനിക്കപ്പെട്ടു. കൂടുതൽ ചോദ്യോത്തരങ്ങൾക്ക് യാതൊരു സാധ്യതയുമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

സംഭവസ്ഥലത്തേക്ക് പൊലീസിന് കടക്കണമെങ്കിലും നൂലാമാലകൾ

സംസ്ഥാനത്തിനകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം പൊലീസിലാണ് നിക്ഷിപ്തമായിരിക്കുന്നത്. എന്നാൽ, ഇവിടെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കടക്കാൻ അവർക്ക് അധികാരമില്ല എന്നതാണ് സ്ഥിതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആൻഡ് ടെക്നോളജി കാമ്പസ്സിലേക്ക് പൊലീസിന് കടക്കണമെങ്കിൽ സിഐഎസ്എഫിന്റെ അനുമതി ആവശ്യമാണ്. സിഐഎസ്എഫിനാണ് സ്ഥാപനത്തിന്റെ സുരക്ഷാ ചുമതല. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ ആ സ്ഥലത്തേക്ക് എത്തിപ്പെടണമെങ്കിലും പൊലീസിന് ഈ നൂലാമാലകളിലൂടെ സഞ്ചരിക്കണം. പെട്ടെന്നുള്ള പൊലീസ് ഇടപെടല്‍ സാധ്യമല്ല എന്നും തെളിവുകൾ നശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ അത് തടുക്കാനാകില്ല എന്നും ചുരുക്കം. പ്രണീതിന്റെ കേസിലും സിഐഎസ്എഫിന്റെ അനുമതി ആവശ്യമായി വന്നുവെന്നാണ് പൊലീസ് പറയുന്നത്.

ലഭ്യമായ വിവരങ്ങൾ പ്രകാരം, കാലത്ത് 11.10ന് രജിസ്ട്രാറിന്റെ മുറിയിൽ നിന്നും ഇറങ്ങിയ പ്രണീത് ഒന്നും എഴുതി വെക്കാതെ ഹോസ്റ്റൽ മുറിക്കകത്ത് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. അതായത് ആത്മഹത്യക്കുറിപ്പ് ഇതുവരെ കിട്ടിയിട്ടില്ല. പ്രണീതിന്റെ പിതാവ് പൊലീസിനു നൽകിയ മൊഴിയിൽ ആത്മഹത്യാപ്രേരണ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി വലിയമല എസ്ഐ അജേഷ് അഴിമുഖത്തോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് ‘ഇതുവരെ കണ്ടെടുത്തിട്ടില്ല’ എന്ന മറുപടിയാണ് പൊലീസ് നൽകിയത്.

സംഭവം നടന്ന് മൂന്നാമത്തെ ദിവസം കാമ്പസിൽ നടന്ന യോഗത്തിൽ വെച്ച് ചില വിദ്യാര്‍ത്ഥികൾ പ്രണീതിന്റെ മരണത്തെക്കുറിച്ച് ചോദ്യമുന്നയിക്കാൻ ധൈര്യം കാണിച്ചിരുന്നു. എന്നാൽ രജിസ്ട്രാറോട് ചോദ്യങ്ങളുന്നയിക്കാൻ ഡയറക്ടർ വിനയ് കുമാർ ധധ്‍വാൾ അനുവദിച്ചില്ല. തെറ്റ് സംഭവിച്ചിട്ടില്ലെങ്കിൽ എന്തിനാണ് ഒളിഞ്ഞിരിക്കുന്നതെന്നും അന്ന് വിദ്യാർത്ഥികൾ ചോദിച്ചുവെങ്കിലും മറുപടി ലഭിക്കുകയുണ്ടായില്ല.

ഐഐഎസ്‌ടിയിൽ ഇത് ആദ്യത്തെ സംഭവമല്ല

രോഹിത് വെമുല എന്ന ദളിത് ഗവേഷക വിദ്യാർത്ഥി ഹൈദരാബാദ് സർവ്വകലാശാലയിൽ നിരവധി പീഡനങ്ങളിലൂടെ കടന്നുപോയതിനു ശേഷം ആത്മഹത്യ ചെയ്തത് 2016 ജനുവരി മാസത്തിലാണ്. രാജ്യത്തെ സർവ്വകലാശാലകളിൽ നടക്കുന്ന ‘ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതക’ങ്ങളെക്കുറിച്ച് പൊതുസമൂഹം ആദ്യമായി ചർച്ച ചെയ്ത് തുടങ്ങിയത് ഈ സംഭവത്തിനു ശേഷമായിരുന്നു. എന്നാല്‍, വെമുലയുടെ മരണത്തിനും ആറുമാസം മുമ്പ് കേരളത്തില്‍ അത്തരമൊരു ‘കൊലപാതകം’ അരങ്ങേറി. ദളിത് സംഘടനകളോ പൊതുസമൂഹമോ മാധ്യമങ്ങളോ ഈ വിഷയം ചർച്ചയ്ക്കെടുക്കുകയുണ്ടായില്ല. എല്ലാംകൊണ്ടും ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു സുരേഖയുടെ ആത്മഹത്യ.

രോഹിത് വെമുല: പൂര്‍ത്തിയാകാത്ത ഒരു ഛായാചിത്രം

2015 മെയ് മാസത്തിലാണ് 19കാരിയായ ജി സുരേഖ എന്ന, ഐഐഎസ്‌ടിയിലെ ദളിത് വിദ്യാർത്ഥിനിയുടെ മൃതദേഹം തുമ്പയിൽ നിന്നും 25 കിലോമീറ്റർ അകലെ കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ കൃഷ്ണനഗർ ജില്ലയില്‍ വീരുല്ലപാഡു എസ്‌സി കോളനിയിലെ ഗുദീശ രാജു, ജയ രാജു ദമ്പതികളുടെ മകളാണ് സുരേഖ. വളരെ ദരിദ്രമായ ജീവിതപശ്ചാത്തലത്തിൽ നിന്നും വന്ന സുരേഖ ഏവിയോണിക്സിൽ ബിടെക് ചെയ്യുകയായിരുന്നു. ഇടയ്ക്കുവെച്ച് ഫെല്ലോഷിപ്പ് നഷ്ടമായതാണ് സുരേഖയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭ്യമായ സൂചനകൾ. ഫെല്ലോഷിപ്പ് നഷ്ടപ്പെടാൻ ഇടയാക്കിയത് ‘മെറിറ്റ്’ ഇല്ലായ്മയും! ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകം എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒന്നാണ് സുരേഖയുടേതെന്ന് സംശയലേശമില്ലാതെ പറയാം. ഈ വിഷയത്തിൽ ദേശീയ പട്ടികജാതി കമ്മീഷന്റെ ശ്രദ്ധ പതിയണമെന്നാവശ്യപ്പെട്ട് പ്രശസ്ത എഴുത്തുകാരി ഡോ. ജെ ദേവിക കത്തെഴുതിയിരുന്നു.

ജോയിന്റ് എൻട്രൻസ് എക്സാം വഴിയാണ് ഐഐഎസ്‌ടിയിലേക്ക് അഡ്മിഷൻ നടത്തുന്നത്. ഈ സന്ദർഭത്തിൽ മറ്റെല്ലാ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടുകളെയും പോലെ സംവരണം നൽകുന്നുണ്ട് ഐഐഎസ്‌ടി. എന്നാൽ, അഡ്മിഷനു ശേഷമുള്ള ഫെല്ലോഷിപ്പിന്റെ കാര്യത്തിലെത്തുമ്പോഴാണ് കാര്യങ്ങൾ മാറിമറിയുന്നത്. ഫീസും മറ്റു ചെലവുകളും നേരിടാനായി എല്ലാവർക്കും ഫെല്ലോഷിപ്പ് നൽകുന്നുണ്ട്. ഈ ഫെല്ലോഷിപ്പ് ഓരോ വർഷവും തുടർന്നു കിട്ടണമെങ്കിൽ ചില മെറിറ്റ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഓരോ സെമസ്റ്ററിലും നിർദ്ദിഷ്ട കുമുലേറ്റീവ് ഗ്രേഡ് പോയിന്റ് (CGAP)ആവറേജ് നിലനിർത്തിയാൽ മാത്രമേ ഫെല്ലോഷിപ്പ് തുടര്‍ന്നു കിട്ടുകയുള്ളൂ. ഐഐഎസ്‌ടിയിൽ ജനറൽ കാറ്റഗറിയിൽ പെട്ട കുട്ടികൾ തങ്ങളുടെ GAP നിലനിർത്തുന്നതും, എസ്‌സി വിദ്യാർത്ഥികൾക്ക്‌ ഇതിന് സാധിക്കാതെ ഫെല്ലോഷിപ്പ് നഷ്ടപ്പെടുന്നതും സാധാരണമാണ്. അതായത് രണ്ടാമത്തെ സെമസ്റ്റർ മുതൽ പട്ടികജാതി വിദ്യാർത്ഥികൾ ഫീസ് കയ്യിൽ നിന്നെടുത്ത് അടയ്ക്കേണ്ടി വരുമെന്ന് ചുരുക്കം. ഇവർക്ക് മറ്റ് ഫെല്ലോഷിപ്പുകൾക്ക് അപേക്ഷിക്കാനാകില്ല എന്ന പ്രശ്നം വേറെയും.

ഇങ്ങനെ സമ്മർദ്ദത്തിലായതിനു ശേഷമാണ് സുരേഖയുടെ മരണം സംഭവിക്കുന്നത്. ഒന്നാംവർഷ പരീക്ഷയിൽ GAP നിലനിർത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സുരേഖ മരണത്തിന്റെ വഴി തെരഞ്ഞെടുത്തതെന്ന് ജെ ദേവിക ചൂണ്ടിക്കാട്ടിയിരുന്നു.

പ്രണീതിന്റെ മരണത്തില്‍ ഐഐഎസ്‌ടിയുടെ പ്രതികരണം ലഭ്യമായിട്ടില്ല

ഏറ്റവുമൊടുവിൽ നടന്ന പ്രണീതിന്റെ മരണം സംബന്ധിച്ച് ഐഐഎസ്‌ടിയുടെ പ്രതികരണമറിയാൻ അഴിമുഖം ശ്രമങ്ങൾ നടത്തിയിരുന്നു. ഞങ്ങളുടെ അന്വേഷണങ്ങൾക്ക് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. കിട്ടുന്ന മുറയ്ക്ക് ഈ വാർത്ത അപ്ഡേറ്റ് ചെയ്യുന്നതാണ്.

കോട്ടയം പുഷ്പനാഥിന്റെ മുന്നൂറ്റൻപതിലേറെ പുസ്തകങ്ങളുടെ അവകാശി ഇനി ഇവനാണ്

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍