UPDATES

സുനില്‍ പി ഇളയിടം

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

സുനില്‍ പി ഇളയിടം

വായന/സംസ്കാരം

സച്ചിദാനന്ദന്‍ എഴുത്തച്ഛന്റെ തുടര്‍ച്ച – സുനില്‍ പി ഇളയിടം സംസാരിക്കുന്നു

ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളും വിമര്‍ശനങ്ങളും യഥാര്‍ഥത്തില്‍ നീതിബോധമുള്ള ഒരാളെ സംബന്ധിച്ച് അയാള്‍ ശരിയായ സ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ അടയാളമാണ്

സച്ചിദാനന്ദന്‍ മാഷ് മലയാളഭാഷയുടെ വിശാലചക്രവാളത്തില്‍ പ്രവര്‍ത്തിച്ചയാളാണ്. അത് കവിയെന്ന നിലയില്‍ മാത്രമല്ല. ഒരു ഭാഷയുടെ ഭാവിയെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുക എന്നുണ്ട്. മുമ്പ് കേസരി ബാലകൃഷ്ണപിള്ളയും എന്‍.വി.കൃഷ്ണവാര്യരടക്കമുള്ളവര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. സ്വയം ഒരു കവിയായിരിക്കുക എന്ന അര്‍ഥത്തില്‍ മാത്രമല്ല, അതിനപ്പുറം നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെ ഭാവിയെ ലക്ഷ്യം വച്ച്, വ്യക്തിപരം എന്നതിന് എത്രയോ അപ്പുറത്ത് ഭാഷയെയും സമൂഹത്തെയും സംസ്‌കാരത്തെയും നോക്കിക്കാണുന്ന ഒരു വിശാലമായ പ്രവര്‍ത്തനത്തിന്റെ ഉടമയാണ് സച്ചിദാനന്ദന്‍. മാഷ് കവിയാണ്, വിവര്‍ത്തകനാണ്, നിരൂപകനാണ്, നാടകകൃത്താണ്, യാത്രാവിവരണമെഴുതിയിട്ടുള്ളയാളാണ്, സൈദ്ധാന്തികനാണ്. ഇതിനെല്ലാമപ്പുറം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി കേരളത്തിന്റെ സാമൂഹിക നൈതിക ജാഗ്രതയുടെ പ്രതിനിധിയുമാണ്. അദ്ദേഹത്തിന്റെ ഒരു കവിതാ സമാഹാരത്തിന്റെ പേര് ബഹുരൂപിയെന്നാണ്. ആ ബഹുരൂപത്തില്‍ നൈതികതയുടെ ഏറ്റവും വലിയൊരു പ്രതിനിധിയായി നിലകൊണ്ടയാളാണ് സച്ചിദാനന്ദന്‍ മാഷ്. മാഷുടെ ഈ സാന്നിധ്യത്തെ ഹിന്ദുത്വത്തിന് ഒരുകാലത്തും ഉള്‍ക്കൊള്ളാനാവില്ല.

അദ്ദേഹത്തിന്റെ മധ്യകാല ഭക്തിപ്രസ്ഥാന പാരമ്പര്യത്തെ മുന്‍നിര്‍ത്തിയുള്ള കവിതകള്‍, അല്ലെങ്കില്‍ ഭക്തിപാരമ്പര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗഹനമായ അന്വേഷണങ്ങള്‍, കേരളീയ നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള ആലോചനകള്‍ ഇതെല്ലാം ഉടനീളം ഹിന്ദുത്വത്തിന്റെ അക്രമണോത്സുകതയിലേക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ ചുരുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ സമരങ്ങള്‍കൂടിയാണ്. മാഷ് അതിപ്പോള്‍ തുടങ്ങിയതല്ല. മുപ്പതോളം വര്‍ഷമായി അദ്ദേഹം ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാലം മുതല്‍ തന്നെ ബുദ്ധന്‍ ഒരു പ്രധാന സ്രോതസ്സാണ്. അല്ലെങ്കില്‍ ഇന്ത്യയിലെ ഭക്തിപാരമ്പര്യവും ഇന്ത്യയിലെ കീഴാള ജനതയും അവരുടെ സംസ്‌കാരവും പ്രധാന സ്രോതസ്സാണ്. ഇതെല്ലാം അടിസ്ഥാനപരമായി ഹിന്ദുത്വത്തിന്റെ വര്‍ഗീയ യുക്തിക്കെതിരായ നിലപാടുകളാണ്. അത് കവിതയിലായാലും പ്രഭാഷണത്തിലായാലും എഴുത്തിലായാലും അദ്ദേഹം ഈ നൈതിക ജാഗ്രത വിട്ടിട്ടില്ല. ഒരു ഘട്ടത്തിലും വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു വിഷയത്തെ മുന്‍ നിര്‍ത്തി സച്ചിദാനന്ദന്‍ മാഷിനെതിരെ അവര്‍ ആക്ഷേപമുന്നയിക്കുന്നുണ്ടെങ്കിലും അവരെ സംബന്ധിച്ച് മാഷ് എല്ലാക്കാലത്തും അവരുടെ ശത്രുപക്ഷത്തായിരിക്കും. കാരണം മാഷ് അടിസ്ഥാനപരമായി ജനാധിപത്യം, സാമൂഹ്യനീതി, മതനിരപേക്ഷത, നീതിബോധം ഇതിന്റെയൊക്കെ പ്രതിനിധിയായാണ് നിലകൊണ്ടത്.

നമ്മള്‍ സാധാരണ നല്ല സാഹിത്യം, നല്ല കല എന്ന് പറയാറുണ്ട്. അതെല്ലായ്‌പ്പോഴും വിപ്ലവകരമായിരിക്കും. വിപ്ലവകരം എന്നത് വ്യവസ്ഥാവിരുദ്ധം എന്ന അര്‍ഥത്തിലാണ്. എല്ലായ്‌പ്പോഴും അതില്‍ വ്യവസ്ഥക്കപ്പുറം പോവാനുള്ള ശ്രമമുണ്ടാവും. ജീവിതാനുഭവങ്ങളുടെ കാര്യത്തിലായാലും, രാഷ്ട്രീയത്തിലായാലും ഒക്കെ വ്യവസ്ഥക്കപ്പുറം പോവാനുള്ള ശ്രമമുണ്ടാവും. നമ്മുടെ പതിവ് അനുഭവങ്ങളെ സൂക്ഷ്മതലത്തില്‍ മറികടക്കാനുള്ള ശ്രമമുണ്ടാവും. അത് നിരന്തരം ചെയ്തുകൊണ്ടിരുന്നയാളാണ് സച്ചിദാനന്ദന്‍ മാഷ്. അദ്ദേഹം മൂന്നാ നാലോ പതിറ്റാണ്ടുകാലം സ്വയം പരിണമിക്കുകയും, തന്റെ കാവ്യഭാഷയെ പുതുക്കിപ്പണിയുകയും ഒപ്പം തന്നെ വലിയ അന്വേഷണങ്ങളിലേക്ക് പോവുകയും ചെയ്ത ആളാണ്. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നത്, ഹിന്ദുത്വത്തിന്റെ ഈ വിമര്‍ശനത്തെ ഏതെങ്കിലും നിലയില്‍ പരിഗണിച്ചുകൂടാത്തതാണ്. നാമതിനെ അര്‍ഹിക്കുന്ന അവജ്ഞയോടുകൂടെ സമ്പൂര്‍ണമായി തള്ളിക്കളയേണ്ടതാണ്. കാരണം എഴുത്തച്ഛനെഴുതുമ്പോള്‍ എന്ന കവിത അല്ലെങ്കില്‍ ഭക്തിപാരമ്പര്യത്തെക്കുറി്ച്ചുള്ള കവിത, അതിന്റെ രാഷ്ട്രീയവും നൈതികവുമായ ഉള്ളടക്കം എന്താണെന്ന് ഈ പറയുന്ന ഹിന്ദുത്വവാദികള്‍ക്ക് ഏതെങ്കിലുമൊരുകാലത്ത് വായിച്ച് മനസ്സിലാക്കാന്‍ കഴിയുന്നതല്ല.

എഴുത്തച്ഛനെ ഹിന്ദുകവിയാക്കരുത്; ആ പാരമ്പര്യം എന്റേതുകൂടി-എം എന്‍ കാരശ്ശേരി സംസാരിക്കുന്നു

ഇന്ത്യയുടെ യഥാര്‍ഥ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ആര് ശ്രമിച്ചാലും ഹിന്ദുത്വവാദികള്‍ അതിനെ ആക്രമിച്ചിരിക്കും. അതുകൊണ്ട് അവരുടെ ആക്രമണങ്ങളും വിമര്‍ശനങ്ങളും യഥാര്‍ഥത്തില്‍ നീതിബോധമുള്ള ഒരാളെ സംബന്ധിച്ച് അയാള്‍ ശരിയായ സ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ അടയാളമായി കണ്ടാല്‍ മതി. അതിനപ്പുറം ഒരു പ്രാധാന്യം അവരുടെ ഈ വിമര്‍ശനത്തിനില്ല. മാഷ് എംഎല്‍ പ്രസ്ഥാനത്തോട് ഒരു ഘട്ടത്തില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നയാളാണ്. പിന്നീടദ്ദേഹം ആ നിലപാടിലെ പരിമിതികളേയും പോരായ്മകളേയും തിരിച്ചറിഞ്ഞ് അതിനെ മറികടന്നുപോന്നയാളുമാണ്. ഇന്ത്യയിലെമ്പാടും ആദിവാസി മേഖലകളില്‍ നടക്കുന്ന, ഒറീസയിലോ ഝാര്‍ഖണ്ഡിലോ ഒക്കെ നടക്കുന്ന സമരം, ഈ സമരങ്ങളെല്ലാം മാവോവാദി സമരങ്ങളാണ്,ഭീകരപ്രവര്‍ത്തനങ്ങളാണ് എന്നുള്ളത് ഭരണകൂട വ്യാഖ്യാനമാണ്. ആ ഭരണകൂട വ്യാഖ്യാനം ഹിന്ദുത്വ ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ. അതല്ലാതെ ഇന്ത്യയിലെമ്പാടും ആദിവാസി മേഖലകളിലും ഉള്‍നാടുകളിലും നടക്കുന്ന സമരങ്ങള്‍ മുഴുവന്‍ വിധ്വംസക പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമാണെന്ന വാദം സാമൂഹ്യബോധമുള്ള ആര്‍ക്കാണ് അംഗീകരിക്കാനാവുക? കര്‍ഷക സമരങ്ങള്‍ സാമൂഹ്യവിരുദ്ധമാണെന്ന് കോര്‍പ്പറേറ്റുകള്‍ക്ക് തോന്നും, അതിന്റെ വക്താക്കളായ ഭരണകൂടങ്ങള്‍ക്ക് തോന്നും. പക്ഷെ നീതിബോധമുള്ള മനുഷ്യര്‍ക്ക് ആത്മഹത്യചെയ്തുകൊണ്ടേയിരിക്കുന്ന കര്‍ഷകരെക്കുറിച്ച് ഉത്കണ്ഠയുണ്ടാവും. അതവര്‍ പറയും. അതുകൊണ്ട് ഭരണകൂടത്തിന്റെ പിണിയാളുകളായിട്ട് സച്ചിദാനന്ദനെപ്പോലെയൊരാളെ ആക്രമിക്കാന്‍ വരുന്നവരുടെ വാക്കുകള്‍ക്ക് എന്തെങ്കിലും വിലകൊടുക്കേണ്ടതില്ല. അര്‍ഹിക്കുന്ന സമ്പൂര്‍ണമായ അവജ്ഞയോടെ തന്നെ അത്തരം വാക്കുകളെ കേരളസമൂഹം തള്ളിക്കളയണം. കേരളം വളരെ ആദരവോടെ പരിഗണിക്കുന്ന വലിയ മനുഷ്യരിലൊരാളാണ് സച്ചിദാനന്ദന്‍. അതദ്ദേഹത്തിന്റെ കവിതകൊണ്ട് മാത്രമല്ല. ഞാന്‍ മുമ്പ് പറഞ്ഞത് പോലെ തന്നെ ഭാഷയെ മുന്‍ നിര്‍ത്തി ഒരു ജനതയെ മുഴുവനായി കാണുക, ആ ഭാഷയില്‍ ജീവിക്കുന്ന ജനതയുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നീതിബോധത്തിനും വേണ്ടി നിലകൊള്ളുക, അതിനെ സ്വന്തം ജീവിതത്തിന്റെ ഏറ്റവും വലിയ ഒരു മൂല്യമായിട്ട് അരനൂറ്റാണ്ടോളമായി ഉയര്‍ത്തിപ്പിടിക്കുക, അത്രയും വലിയ ദൗത്യം മാഷ് നിറവേറ്റുന്നുണ്ട്. ഇതൊന്നും ഹിന്ദുത്വത്തിന്റെ പ്രതിനിധികള്‍ക്ക് മനസ്സിലാവുന്ന കാര്യമല്ല.

എഴുത്തച്ഛന്‍ വാസ്തവത്തില്‍ എന്താണ് ചെയ്തിരുന്നത്. നമ്മുടെ ഭാഷയുടെ ചരിത്രത്തില്‍ അതുവരെയുണ്ടായിരുന്ന ബ്രാഹ്മണ്യത്തിന്റെ പിടിയില്‍ നിന്ന് നമ്മുടെ രാമായണ മഹാഭാരതങ്ങളെ മോചിപ്പിച്ച് തദ്ദേശീയ സമൂഹത്തിന്റെ ഭാഷയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. വാസ്തവത്തില്‍ സച്ചിദാനന്ദന്‍ ഇന്നു ചെയ്യുന്ന കാര്യവും അതിന്റെ തുടര്‍ച്ചയാണ്. ഇന്ത്യയുടെ ബൗദ്ധപാരമ്പര്യത്തേയും ജനസംസ്‌കാരത്തേയും ഇന്ത്യയുടെ യഥാര്‍ഥ പാരമ്പര്യമായി തിരിച്ചറിഞ്ഞ് അതിനെ ആവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. അതിന്റെ ഒരു പൂര്‍വ സന്ദര്‍ഭമാണ് എഴുത്തച്ഛന്‍. എഴുത്തച്ഛന്‍ അക്കാലം വരെ പൗരോഹിത്യത്തിനും ബ്രാഹ്മണാധികാരത്തിനും മാത്രം കൈപ്പിടിയിലുണ്ടായിരുന്ന കൃതികളെ കേരളീയമായ ഭാവനയുടെ, ഒരു സമൂഹത്തിന്റെ പൊതുസ്വത്താക്കി മാറ്റുന്ന പണിയാണ് ചെയ്തത്. രാമായണ മഹാഭാരതങ്ങളൊക്കെ ഹിന്ദുക്കള്‍ എന്ന് പറയുന്ന ഒരു വിഭാഗത്തിന്റേതാണെന്ന ഒരു അടഞ്ഞ യുക്തികൊണ്ട് അതിനെ നോക്കാന്‍ ശീലിച്ചതുകൊണ്ടാണ്. വാസ്തവത്തില്‍ ഇന്ത്യയിലെ തദ്ദേശീയ സമൂഹങ്ങളും ഗോത്രവിഭാഗങ്ങളും വ്യത്യസ്തമതങ്ങളും ഇന്ത്യയ്ക്ക് പുറത്തുള്ള നാനാതരം വിഭാഗങ്ങളും ഒക്കെ രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും പല പല ആവിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഹിന്ദുത്വവാദികളോട് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കിതൊന്നും മനസ്സിലാവില്ല. കാരണം ചരിത്രമോ സംസ്‌കാരമോ ഒന്നും തിരിച്ചറിയാന്‍പോന്ന സാമൂഹ്യവിവേകം അവര്‍ക്കില്ല. അവരുടെ നോട്ടത്തില്‍ എഴുത്തച്ഛന്‍ രാമായണം എഴുതിയ ആളാണ്. രാമായണം ഹൈന്ദവമഹാകാവ്യമാണ്. അങ്ങനെയൊരാളുടെ പേരിലുള്ള പുരസ്‌കാരം അത് ഹിന്ദുത്വത്തിന്റെ പിന്നണിയായിരുന്ന ആര്‍ക്കെങ്കിലും കൊടുക്കണമെന്ന് അവര്‍ കരുതും. അത്രയേ അവരുടെ ബുദ്ധി വികാസമുള്ളൂ എന്നേ നമുക്ക് പറയാനാവൂ.

(സുനില്‍ പി ഇളയിടവുമായി അഴിമുഖം പ്രതിനിധി കെ ആര്‍ ധന്യ ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത്)

സച്ചിദാനന്ദന്‍ പാക്കിസ്ഥാനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കിയ ആളെന്ന് സംഘപരിവാര്‍; കവിക്കെതിരെ ആക്ഷേപവര്‍ഷം

സുനില്‍ പി ഇളയിടം

സുനില്‍ പി ഇളയിടം

ചിന്തകന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍, പ്രഭാഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍