UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയയെ മാത്രമല്ല, ആ വീട്ടുകാരെയും കേള്‍ക്കണം; പെണ്‍കുട്ടികള്‍ പോയതിനെ തള്ളിപ്പറഞ്ഞിട്ടില്ല: സണ്ണി എം. കപിക്കാട് വിശദീകരിക്കുന്നു

ഹാദിയയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച പ്രതികരണം സംബന്ധിച്ച് വിവിധ ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ചില വിശദീകരണങ്ങള്‍

ഹാദിയയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച പ്രതികരണം (ഹാദിയ മാത്രമല്ല, ആ കുടുംബമൊട്ടാകെ അനുകമ്പയും കരുതലും അര്‍ഹിക്കുന്നുണ്ട്: ഹാദിയയുടെ വീട് സന്ദര്‍ശിച്ചവര്‍) ഇപ്പോള്‍ പലതരം ചര്‍ച്ചകളിലേക്കും കടന്നിരിക്കുന്നു. ആ സാഹചര്യത്തില്‍ ഇതില്‍ ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമാണെന്ന് കരുതുന്നു.

ഒന്ന്, ആ പെണ്‍കുട്ടികള്‍ അവിടെപ്പോയത് തെറ്റാണെന്ന് ഞാന്‍ പറഞ്ഞ തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അനുഷ പോള്‍ അടക്കമുള്ള ഒരു സംഘം ഹാദിയയുടെ വീട്ടില്‍ പോയി. അവിടെ പ്രതിഷേധിച്ചു. അത് കുഴപ്പമായെന്നോ തെറ്റാണെന്നോ ഉള്ള ഒരഭിപ്രായവും എനിക്കില്ല. അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ആ കുട്ടികള്‍ അവരുടേതായ തലത്തില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്ന് അഭിപ്രായവുമാണുള്ളത്. അവരുടെ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിക്കാണിക്കാന്‍ ധൈര്യം കാണിച്ച ആ കുട്ടികളോടൊപ്പം അന്നുമുതല്‍ ഇന്നുവരെ നില്‍ക്കുന്നയാളാണ് ഞാന്‍. കോട്ടയത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ അനുഷ പോളിനെ വിളിക്കുകയും അവരുടെ അനുഭവം സംസാരിപ്പിക്കുകയും ചെയ്തു. അനുഷ കോട്ടയത്ത് സംസാരിച്ചപ്പോള്‍, ഹാദിയ മരിച്ചതിന് ശേഷം പ്രതികരിച്ചിട്ട് കാര്യമില്ല, ഇപ്പോള്‍ തന്നെ ഇടപെടേണ്ടതുണ്ട് എന്ന് പറഞ്ഞതാണ് പെട്ടെന്ന് തന്നെ ഒരു സംഘത്തെ രൂപീകരിച്ച് ഹാദിയയുടെ വീട് സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് പ്രേരണയായത്. അന്ന് ആ കുട്ടികള്‍ കാണിച്ച വീര്യവും ധൈര്യവും ആദരിക്കപ്പെടേണ്ടതാണെന്ന അഭിപ്രായമുള്ളയാളാണ് ഞാന്‍.

കുട്ടികള്‍ പോയപ്പോള്‍, അവിടെ അവര്‍ പ്രതിഷേധിച്ചപ്പോള്‍ ഉണ്ടായിരുന്ന അന്തരീക്ഷത്തില്‍ നിന്ന് ഭിന്നമായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലവിലുള്ളത് എന്നാണ് പറയാന്‍ ശ്രമിച്ച ഒരു കാര്യം. അവിടെ അങ്ങനെയൊരു സമാധാനാന്തരീക്ഷമുണ്ട് എന്നാണ്. പുറത്തുനിന്ന് ആര് ചെന്നാലും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന വിചാരം സത്യമല്ല എന്ന കാര്യമാണ് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. അവിടെ എന്തോ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്നുള്ള ഇമേജ് ശരിയല്ല എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. അവിടെ ആര് ചെന്നാലും നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുമെന്നുള്ളത് ഒരു പ്രചാരണം മാത്രമാണ്. അവിടെ അങ്ങനെയില്ല. ഇത് ഞങ്ങള്‍ അനുഭവിച്ച കാര്യമാണ്.

രണ്ടാമത്, ഹാദിയയുടെ പ്രശ്‌നം മാത്രമായി അതിനെ കാണരുതെന്ന ഞാന്‍ പറഞ്ഞതിനാണ് പിന്നീട് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഹാദിയയുടെ പ്രശ്‌നം മാത്രമായി അതിനെ കാണരുതെന്ന അഭിപ്രായം ഇപ്പോഴുമുണ്ട്. ഹാദിയയെ കേള്‍ക്കാന്‍ കേരളത്തിനും കേരളത്തോട് സംസാരിക്കാന്‍ ഹാദിയയ്ക്കും അവകാശമുണ്ട്. ആ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുമ്പോഴും ഹാദിയയുടെ അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ ഞങ്ങള്‍ കേള്‍ക്കില്ല എന്ന് വാശി പിടിക്കരുതെന്നാണ് നിലപാട്. അവരുടെ വാക്കുകള്‍ കൂടി കേള്‍ക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. കുടുംബക്കാരെ ശത്രുവായി പ്രഖ്യാപിക്കണമെന്ന നിലപാടുകളോടാണ് എനിക്ക് വിയോജിപ്പുള്ളത്. അതില്‍ എന്ത് മാനുഷികതയും ജനാധിപത്യവുമാണുള്ളതെന്ന് അത് പറയുന്നവര്‍ തന്നെ പരിശോധിക്കണം. ആ അച്ഛനും അമ്മയും ഈ സംഘര്‍ഷത്തില്‍ അകപ്പെട്ട് നില്‍ക്കുന്ന മനുഷ്യരാണ്. അവരെ ഞങ്ങള്‍ കേള്‍ക്കില്ല, ഹാദിയയെ മാത്രമേ കേള്‍ക്കൂ എന്ന് പറയുന്നത് എന്ത് ജനാധിപത്യ ബോധമാണെന്നതാണ് ഞാന്‍ ചോദിക്കുന്ന കാര്യം. ആ കുടുംബത്തിന്റെ തകര്‍ച്ചയെക്കൂടി അതിവിശാലമായ അര്‍ഥത്തില്‍ കാണാന്‍ നമുക്ക് കഴിയണം. കേവലം രണ്ട് ശക്തികള്‍ തമ്മിലുള്ള മത്സരത്തിന്റെ കേന്ദ്രമായി മാത്രം അതിനെ കണക്കാക്കരുത്. അപ്പോള്‍ അശോകനെ കേള്‍ക്കണം എന്ന അഭിപ്രായം എനിക്കുണ്ട്. അത് അത്രവലിയ ജനാധിപത്യ വിരുദ്ധതയാണെന്നോ സ്ത്രീവിരുദ്ധതയാണെന്നോ ഞാന്‍ കരുതുന്നില്ല.

ആര്‍.എസ്.എസിനേയും മുസ്ലീം സംഘടനകളേയും ഞാന്‍ സമീകരിച്ചു എന്നാണ് ചിലരുടെ വാദം. ഞാനങ്ങനെ കണ്ടിട്ടില്ല. വിരുദ്ധതാത്പര്യങ്ങള്‍ സംഘര്‍ഷപ്പെടുന്ന സ്ഥലമായി ആ വീട് മാറിയിട്ടുണ്ട്. അശോകന്‍ സംസാരിക്കുന്ന വാക്കുകള്‍ പോലും അയാളുടേതല്ല എന്നാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. അത്, കാര്യങ്ങള്‍ പുറത്തുനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബിജെപിയുടേയും സംഘപരിവാര്‍ ശക്തികളുടേയും വാക്കുകളാണ് അയാള്‍ പറയുന്നത്. അതുകൊണ്ട് അയാളെ ഇപ്പോള്‍ തന്നെ കൊല്ലണമെന്നാണോ? എന്താണ് ആളുകള്‍ പറയുന്നതിന്റെ അര്‍ഥം? അയാളെ നമ്മള്‍ ആക്രമിക്കണോ, അതോ ശത്രുവായി പ്രഖ്യാപിക്കണോ? സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ തമ്മിലുള്ള ഇടപാടില്‍ നടക്കുന്ന കാര്യമാണിത്.

രണ്ട് വിരുദ്ധ ചേരിയില്‍ നിന്നുകൊണ്ടുള്ള ആക്രമണവും പ്രത്യാക്രമണവും കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. അതിന്റെ ഒരു സംഗമ സ്ഥലമായി ആ വീട് മാറിയിരിക്കുന്നു. അതിന് പുറത്തുകടന്ന് ഒരു ജനാധിപത്യരീതിയില്‍ സര്‍ക്കാര്‍ ഇടപെട്ട് ആ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്നതാണ് എന്റെ ആവശ്യം. അല്ലാതെ ഈ തര്‍ക്കം മൂര്‍ച്ഛിപ്പിക്കുക എന്നത് എന്റെ ആവശ്യമല്ല. കോടതിവിധിയുടെ മറവില്‍ അനധികൃതമായ കുറേ ദുരൂഹതകള്‍ പോലീസ് അവിടെ സൃഷ്ടിക്കുന്നുണ്ട്. അതില്ലാതാവണം എന്നാണ് പറയുന്നത്. അതിന് വേണ്ടി ജില്ലാ ഭരണകൂടത്തിനും സംസ്ഥാന ഭരണകൂടത്തിനും ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

അതില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഒന്ന്, അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയച്ച് ഹാദിയയുടേയും വീട്ടുകാരുടേയും ശാരീരിക, മാനസിക നില പരിശോധിക്കണം, രണ്ട്, കേരളത്തിലെ മുഖ്യമന്ത്രി നിയമസഭാ സാമാജികരുടെ സംഘത്തെ അയച്ച് നിജസ്ഥിതി അന്വേഷിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യണം എന്നാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സണ്ണി എം കപിക്കാട്‌

സണ്ണി എം കപിക്കാട്‌

ദളിത്‌ ചിന്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍