പട്ടികജാതിക്കാരെ ഉപയോഗിച്ച് പട്ടികജാതിക്കാരെ വെട്ടുക എന്നത് ബ്രാഹ്മണ്യത്തിന്റെ രീതിയാണ്. ബിജെപിയുടെ ഓപ്പറേഷനാണത്.
തനിക്കും പുന്നല ശ്രീകുമാറിനുമെതിരെ വധഭീഷണി മുഴക്കിയത് പട്ടികജാതി മോര്‍ച്ചയുടെ നേതാവാണെന്നും, പട്ടികജാതിക്കാരെ ഉപയോഗിച്ച് പട്ടികജാതിക്കാരെ എതിര്‍ക്കുക എന്ന സംഘപരിവാര്‍ രീതി തന്നെയാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നതെന്നും സണ്ണി എം. കപിക്കാട്. ദളിത് സൈദ്ധാന്തികനായ കപിക്കാടിനും കെപിഎംഎസ് ജനറല്‍ സെക്രട്ടറിയായ പുന്നല ശ്രീകുമാറിനുമെതിരെ, ദളിത് എംപവര്‍മെന്റെ മൂവ്‌മെന്റ് പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ടയാള്‍ വധഭീഷണി മുഴക്കിയിരുന്നു. മൂവ്‌മെന്റ് നാളെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തുന്ന ‘സംവരണം, നവോത്ഥാനം, ഭരണഘടന’ എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തും എന്നായിരുന്നു ഭീഷണി.
ഭീഷണിപ്പെടുത്തിയയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നും, ഇയാളെ പൊലീസ് അറസ്റ്റു ചെയ്തുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നാളത്തെ പരിപാടി എന്നത് ഒരു കാരണം മാത്രമാണെന്നും, സംഘപരിവാര്‍ ആക്രമണ പദ്ധിതകളുടെ ചുവടുപിടിച്ചുള്ള രീതി തന്നെയാണ് ഈ ഭീഷണിക്കും എന്നും സണ്ണി എം. കപിക്കാട് പറയുന്നു. എന്തു പ്രതിബന്ധങ്ങളുണ്ടായാലും നാളെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും കപിക്കാട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. “പട്ടികജാതി മോര്‍ച്ചയുടെ നേതാവാണ് ഫോണില്‍ വധഭീഷണി മുഴക്കിയത്. പുന്നലയും ഞാനും നാളത്തെ പരിപാടിയില്‍ പങ്കെടുത്താല്‍ വടിവാളിന് വെട്ടും എന്നാണ് ഭീഷണി. ഇയാള്‍ അറസ്റ്റു ചെയ്യപ്പെട്ടു എന്നാണ് അറിഞ്ഞത്. കേവലമായ ഒരു ഭീഷണി എന്നതിനപ്പുറം ആസൂത്രിതമായ ഒരു നീക്കം തന്നെയാണ്. എന്നെ വിട്ടേക്കൂ, പുന്നലയെപ്പോലെ ആയിരക്കണക്കിന് അനുയായികളുള്ള ഒരാളെ വെട്ടും എന്ന് പറയുന്നത് ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. അതു പറയാനുള്ള ധൈര്യം പരിശോധിക്കുന്ന ഘട്ടമാണിത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങനെ പറഞ്ഞാല്‍ എന്തു സംഭവിക്കും എന്നു നോക്കുകയാണ്. വെട്ടുമെന്നു തന്നെയാണ് അതിന്റെ അര്‍ത്ഥം. കേരളത്തിലെ ദളിത് സമുദായത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന, ഏറ്റവും സെന്‍സിറ്റീവായി അഭിപ്രായങ്ങള്‍ പറയുന്ന ഒരാളെയാണ് കൊന്നു കളയും എന്നു പറയുന്നത്. അത് ടെസ്റ്റു ചെയ്തു നോക്കാം എന്നതാണ് അവരുടെ പദ്ധതി. സംഘപരിവാറിന്റെ രീതി ശാസ്ത്രത്തെക്കുറിച്ച് തന്നെയാണ് മനസ്സിലാക്കേണ്ടത്. ശബരിമല വിഷയത്തില്‍ ധാരാളം സ്ത്രീകളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. അവരെല്ലാവരും ദളിതരാണ്. നാളെ ഞാന്‍ തിരുവനന്തപുരത്തുണ്ട്. ധൈര്യമുണ്ടെങ്കില്‍ അവര്‍ ചെയ്തു കാണിക്കട്ടെ. പുന്നല ശ്രീകുമാറിനെ വെട്ടാന്‍ ധൈര്യമുള്ളവര്‍ വെട്ടട്ടെ. കേരളത്തിലെ നേതാക്കളോടല്ല, കേന്ദ്രത്തിലെ നേതാക്കളോടും നരേന്ദ്ര മോദിയോടുമാണ് പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ വെട്ടട്ടെ.”
Also Read: പുന്നല ശ്രീകുമാറിനും സണ്ണി എം കപിക്കാടിനും സംഘപരിവാര്‍ വധഭീഷണി
പട്ടികജാതി മോര്‍ച്ചയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഇവിടെ പ്രവര്‍ത്തിക്കുന്നത് സംഘപരിവാറിലെ സവര്‍ണന്റെ ആക്രമണ പദ്ധതിയാണെന്നും, ബ്രാഹ്മണ്യത്തിന്റെ രീതി എല്ലാ കാലത്തും അങ്ങനെ തന്നെയാണെന്നുമാണ് കപിക്കാടിന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെത്തന്നെ രംഗത്തിറക്കിയതുപോലെ, പട്ടികജാതിക്കാര്‍ക്കെതിരെ പട്ടികജാതിക്കാരെത്തന്നെ അണിനിരത്തുകയാണ് ഇവിടെ എന്നാണ് കപിക്കാടിന്റെ പക്ഷം. “പട്ടികജാതി മോര്‍ച്ചയുടെ നേതാക്കള്‍ മാത്രമേ ഇതു ചെയ്യുകയുള്ളൂ. ബിജെപിയിലെ ഒരു സവര്‍ണനും പുന്നലയെയും സണ്ണിയെയും വെട്ടുമെന്ന് വിളിച്ചു പറയില്ല. ഒട്ടും വെളിവില്ലാത്ത മനുഷ്യരാണ് പട്ടികജാതി മോര്‍ച്ചയിലുള്ളത്. അവരത് ചെയ്യുകയും ചെയ്യും. പുന്നലയെ വെട്ടിയാല്‍ അവന്റെ തമ്പുരാക്കന്മാര്‍ അവനെ നോക്കിക്കൊള്ളും എന്നാണ് അവന്‍ കരുതുന്നത്. ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. ഇപ്പോള്‍ അകത്തു പോയവനടക്കം എല്ലാവരും അനാഥരാകും. പട്ടികജാതിക്കാരെ ഉപയോഗിച്ച് പട്ടികജാതിക്കാരെ വെട്ടുക എന്നത് ബ്രാഹ്മണ്യത്തിന്റെ രീതിയാണ്. ബിജെപിയുടെ ഓപ്പറേഷനാണത്. പട്ടികജാതിക്കാര്‍ക്കെതിരെ പട്ടികജാതിക്കാരെ നിര്‍ത്തുക, സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ നിര്‍ത്തുക- എല്ലാം ബ്രാഹ്മണ്യത്തിന്റെ ഓപ്പറേഷന്‍ തന്നെ.”
നാളെ നടക്കാനിരിക്കുന്ന പരിപാടി നവോത്ഥാനം, ഭരണഘടന, സംവരണം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണം മാത്രമാണെന്നും, അതിന്റെ പേരില്‍ യഥാര്‍ത്ഥത്തത്തില്‍ സംഘപരിവാര്‍ പ്രകോപിതരാകേണ്ട കാര്യമില്ലെന്നും കപിക്കാട് ചൂണ്ടിക്കാട്ടുന്നുണ്ട്. വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇനിയും പറയുക തന്നെ ചെയ്യും. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദളിത് സ്ത്രീകളുടെ വീടുകളാക്രമിച്ചിട്ടും വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാകാത്ത സാഹചര്യത്തില്‍, തന്നെയോ പുന്നലയെയോ ആക്രമിച്ചാലും കുഴപ്പമില്ല എന്നു കരുതുന്ന ഒരു സ്ഥിതി ഇപ്പോള്‍ കേരളത്തിലുണ്ട്, കപിക്കാട് പറയുന്നു. “കൊല്ലപ്പെട്ടാലും കുഴപ്പമില്ല എന്നു കരുതി ജീവിക്കുന്നയാളാണ് ഞാന്‍. പക്ഷേ പുന്നലയ്ക്ക് വലിയ സാമുദായിക ബലമുണ്ട്. അദ്ദേഹത്തെപ്പോലൊരാളെ വെട്ടുമെന്ന് പറയണമെങ്കില്‍, ആ ബോധമില്ലായ്മ വരുന്നത് ബിജെപിയില്‍ നിന്നു തന്നെയാണ്. ബിജെപിയിലെ സവര്‍ണന്റെ ബുദ്ധിയാണത്. ഞാന്‍ നാളെ വൈകീട്ട് നാലുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലുണ്ട്. ധൈര്യമുണ്ടെങ്കില്‍ വെട്ടട്ടെ. കന്റോണ്‍മെന്റ് പൊലീസുകാര്‍ സുരക്ഷയേര്‍പ്പെടുത്താം എന്ന് അറിയിച്ചതായി സംഘാടകര്‍ പറയുന്നുണ്ട്. അത് അവര്‍ ചെയ്താല്‍ നല്ലത് എന്നേയുള്ളൂ. പൊലീസ് വരുന്നതുകൊണ്ടല്ല ഞാന്‍ പോകുന്നത്. അവര്‍ സംരക്ഷണം തന്നാലുമില്ലെങ്കിലും, വൈകീട്ട് ഞാന്‍ പ്രസ് ക്ലബ്ബിലുണ്ടാകും.”