UPDATES

സണ്ണി എം കപിക്കാട്‌

കാഴ്ചപ്പാട്

Guest Column

സണ്ണി എം കപിക്കാട്‌

ദരിദ്ര പട്ടികജാതിക്കാരന്‍ ദരിദ്രനായരുടെ അടുത്ത് പെണ്ണുചോദിച്ചാല്‍ തരുമോ? അതിന്റെ ഉത്തരമാണ് സാമ്പത്തിക സംവരണത്തിന്റെ പ്രശ്നം

സമ്പത്തില്ല എന്നതുകൊണ്ട് ഇന്ത്യയിലെ ഏതെങ്കിലും ബ്രാഹ്മണന്‍ സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും സവര്‍ണന്‍ സാമൂഹികമായി ഒഴിവാക്കപ്പെട്ടിട്ടുണ്ടോ?

കേന്ദ്ര സര്‍ക്കാര്‍ പത്ത് ശതമാനം സംവരണം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അത് ബില്ലാക്കി പാസ്സാക്കുകയും ചെയ്തു. സംവരണം എന്നത് എങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടനയ്‌ക്കകത്ത് വന്നത്, എന്ത് കാരണങ്ങളാലാണ് എന്നത് പ്രധാനമായി അറിയേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 16 വകുപ്പുകള്‍ തമ്മിലാണ് യുദ്ധം നടക്കുന്നത്. 14-ാം വകുപ്പില്‍ ജാതി, മത, ഭാഷാ, ലിംഗ ഭേദമന്യേ എല്ലാവരും തുല്യരാണ് എന്ന് പ്രഖ്യാപിക്കുന്നതിനെതിരെയാണ് 15-ാം വകുപ്പ് പറയുന്നത്. 15-ാം വകുപ്പ് പറയുന്നത്, ഒരു സ്റ്റേറ്റിന് ഒരു വിഭാഗം പിന്നോക്കമാണെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് പ്രത്യേകമായ പരിരക്ഷ ഏല്‍പ്പെടുത്താം എന്നാണ്. അങ്ങനെ ഏര്‍പ്പെടുത്തുമ്പോള്‍ 14-ാം വകുപ്പില്‍ പറയുന്ന തുല്യതയെ ഹനിക്കുന്നു എന്നതാണ് ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വരുന്നത്. രണ്ട് തമിഴ് ബ്രാഹ്മണര്‍ കൊടുക്കുന്ന കേസായിരുന്നു അത്. ഈ പ്രത്യേക വിഭാഗത്തില്‍ സംവരണം നല്‍കുമ്പോള്‍ പൗരന്‍ എന്ന നിലയ്ക്ക് എന്റെ അവകാശം ഹനിക്കുന്നു എന്ന് പറഞ്ഞായിരുന്നു കേസ്. ഈ കേസിനെ നെഹ്‌റു നേരിട്ടത് സംവരണത്തെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടാണ്. അത് അങ്ങനെ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ്.

രണ്ട്, ഇന്ത്യന്‍ ഭരണഘടനയില്‍ 15-ാം വകുപ്പ് പറയുന്ന കാര്യം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, അവര്‍ക്കാണ് പ്രത്യേകമായ പരിരക്ഷ സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ കൊടുക്കാവുന്നത് എന്നാണ്. അത് സംവരണമാവാം മറ്റെന്തുമാവാം. 16-ാം വകുപ്പ് പറയുന്ന കാര്യം, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ജനവിഭാഗത്തിന് സര്‍ക്കാരില്‍ മതിയായ പ്രാതിനിധ്യം ഇല്ലെങ്കില്‍ അതിന് വേണ്ടി പ്രത്യേകമായ പരിരക്ഷ അവര്‍ക്ക് നല്‍കാം. ഈ കാര്യങ്ങളാണ് ഭരണഘടനയുമായി ബന്ധപ്പെട്ട സംവരണ തത്വത്തിലെ പ്രധാനപ്പെട്ട ഡിക്‌റ്റേഷന്‍സ്. രണ്ട് കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായിരിക്കുന്ന എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അതാണ് ഇന്ത്യയെ സംബന്ധിച്ച പ്രധാനമായ ഒരു കാര്യം. എന്നുപറഞ്ഞാല്‍ സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെടാനുള്ള സാഹചര്യം, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കാനുള്ള സാഹചര്യം, അതിന്റെ യഥാര്‍ഥ ഹേതു ജാതി ആണെന്നാണ് അതിലെ യഥാര്‍ഥ കാര്യം.

അയ്യായിരം കൊല്ലമായി വിദ്യാഭ്യാസമുണ്ടായിരുന്ന മനുഷ്യര്‍ അയ്യായിരം കൊല്ലവും പഠിപ്പിക്കാതെ പുറത്ത് നിര്‍ത്തിയിരുന്ന ഒരു സമൂഹമാണ് പിന്നോക്കം എന്നാണ് അതിന്റെ അര്‍ത്ഥം. രണ്ടാമതൊരര്‍ത്ഥം, സാമൂഹികമായി വിലമതിക്കപ്പെടാത്തവരാണ് എന്നതാണ്. അവര്‍ സാമ്പത്തികമായി വളരെ മുന്നിലായിരിക്കും, വിദ്യാഭ്യാസവും കാണും. എന്നാല്‍ സമൂഹം അവരെ അംഗീകരിക്കില്ല. ഇതാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട സാമൂഹിക അസമത്വം എന്ന് ഡോ. അംബേദ്കര്‍ വിവരിക്കുന്നത്. ഡോ.അംബേദ്കര്‍ വിദേശത്ത് പോയി വലിയ ജോലിയെല്ലാം നേടി, യൂറോപ്യന്‍ ഡ്രസ് ധരിച്ച് ഓഫീസില്‍ ഇരിക്കുമ്പോള്‍ പള്ളിക്കൂടത്തില്‍ പോവാത്ത ബ്രാഹ്മണന്‍ വെള്ളമെടുത്ത് നല്‍കാത്തതാണ് ജാതി. ഇയാള്‍ എത്രമേല്‍ വലിയവനാണെങ്കിലും ഞാന്‍ ബ്രാഹ്മണനായതുകൊണ്ടും അംബേദ്കര്‍ ദളിതനായതുകൊണ്ടും അയാളെ ഞാന്‍ അംഗീകരിക്കില്ല എന്ന് പറയുന്ന മനോഭാവമാണ് ജാതി. ഇതിനെ മറികടക്കാനാണ് യഥാര്‍ഥത്തില്‍ സംവരണം എന്ന തത്വം ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടാവുന്നത്. അതിന് സാമ്പത്തിക മാനദണ്ഡം ഇല്ലാത്തത് എന്തുകൊണ്ടെന്നതിനാല്‍, സമ്പത്ത് ഇല്ല എന്നത് ഒരു സവര്‍ണനേയും സമൂഹം ബഹിഷ്‌ക്കരിക്കാനുള്ള കാരണമാവുന്നില്ല എന്നതാണ്. സമ്പത്തില്ല എന്നതുകൊണ്ട് ഇന്ത്യയിലെ ഏതെങ്കിലും ബ്രാഹ്മണന്‍ സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും സവര്‍ണന്‍ സാമൂഹികമായി ഒഴിവാക്കപ്പെട്ടിട്ടുണ്ടോ? ഇതാണ് ചോദ്യം. ഈ ചോദ്യത്തിനാണ് സോഷ്യോളജിക്കലായി ഇന്ത്യ ഉത്തരം പറയേണ്ടത്. കോണ്‍സ്റ്റിറ്റ്യൂഷന്‍ അസംബ്ലിക്ക് മനസ്സിലായ ഒരു കാര്യം ബഹിഷ്‌ക്കരണ തന്ത്രങ്ങളും ഒഴിവാക്കലുകളും അതിന്റെ പ്രധാനപ്പെട്ട കാരണവും ജാതിയാണ്, സമുദായമാണ് എന്നതാണ്. അതുകൊണ്ട് ജാതി മാനദണ്ഡമായി.

ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന ജഗജീവന്‍ റാം സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഉപപ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് ഒരു പ്രതിമ അനാച്ഛാദനം ചെയ്യുന്നുണ്ട്, വാരണാസിയില്‍. അദ്ദേഹം തിരികെ ഡല്‍ഹിയിലെത്തുന്നതിന് മുമ്പ് ഒരു അധികാരവുമില്ല എന്ന് നമ്മള്‍ വിചാരിക്കുന്ന ബ്രാഹ്മണര്‍ അവിടെ ശുദ്ധി കലശം നടത്തുന്നുണ്ട്; ഇതാണ് ഇന്ത്യയുടെ ചരിത്രം. ഇന്ത്യന്‍ പ്രധാനമന്ത്രിയായാലും പ്രസിഡന്റായാലും, ആരായാലും അവര്‍ ഞങ്ങളേക്കാള്‍ താഴെയാണെന്ന് വിചാരിക്കുന്ന ഒരു ഹൈറാര്‍ക്കിക്കല്‍ കാര്യമാണ് ഇന്ത്യയിലുള്ളത്. അത് നമ്മള്‍ മനസ്സിലാക്കിയാലേ സംവരണത്തിനെതിരെയുള്ള യുദ്ധത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ

സംവരണം പാവപ്പെട്ട മനുഷ്യരെ രക്ഷിക്കാനുള്ളതല്ല എന്നത് വളരെ വ്യക്തമാണ്. ജഗജീവന്‍ റാമോ, കെ.ജി ബാലകൃഷ്ണനോ, കെ.ആര്‍ നാരായണനോ ഒക്കെ നേരിട്ടതായ അപമാനങ്ങളുടെ അര്‍ത്ഥം ഇന്ത്യക്ക് ഇവരെല്ലാം അപമാനമാണെന്നതാണ്. കെ ആര്‍ നാരായണന്‍ കോട്ടയത്ത് വരുമ്പോള്‍ ഉണ്ടാവുന്ന ട്രാഫിക്ക് ബ്ലോക്കില്‍ പൗരസമൂഹം രോഷാകുലരാവുന്നത് വെറുതെയല്ല. ജാതിയാണ് അത്. കെ ആര്‍ നാരായണനെപ്പോലൊരു പരവന്‍ ഇവിടെ വന്ന് പോവുന്നതിലുള്ള അസഹിഷ്ണുത, ഇതിനെ മറികടക്കാനാണ് യഥാര്‍ത്ഥത്തില്‍ സംവരണം ഉള്ളത്. സമ്പത്തുമായി അതിന് ഒരു ബന്ധവുമില്ല. സമ്പത്തും പദവിയും കിട്ടിയാലും അപമാനിക്കപ്പെടുന്ന ഒരു സ്ഥലത്താണ് ഇന്ത്യ എന്ന് നമ്മള്‍ അറിയണം.

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്ന മനുഷ്യര്‍ ഇന്ത്യയിലെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളാണ്. വളരെ വ്യക്തമായി പറഞ്ഞാല്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഎം. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ഇക്കാര്യത്തില്‍ യോജിപ്പാണ്. ഈ യോജിപ്പാണ് പ്രശ്‌നം. അതാണ് സവര്‍ണത. സിപിഎമ്മും ഈ അടുത്തകാലത്ത് നവോത്ഥാന പരിശ്രമങ്ങളുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങള്‍ നടത്തി. അതിന്റെ കൂടെയുള്ള ഒരാളാണ് ഞാന്‍. അതിനെ പിന്തുണച്ചയാളാണ് ഞാന്‍. ആ ധാര്‍മ്മികത എന്തുകൊണ്ടാണ് ഇടതുപക്ഷം പുലര്‍ത്താത്തത് എന്നൊരു ചോദ്യം ഉന്നയിക്കുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന ഭരണഘടനാ ധാര്‍മ്മികതയെ എന്തുകൊണ്ടാണ് സംവരണത്തിന്റെ കാര്യത്തില്‍ പുലര്‍ത്താത്തത്? ഇന്ത്യയ്ക്കകത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നത് ദളിതരും ആദിവാസികളുമാണെന്ന കണക്കുകള്‍ എല്ലാ വര്‍ഷവും പുറത്ത് വരാറുണ്ട്. ഇതൊന്നും കാണാതെ സവര്‍ണരിലെ ദരിദ്രര്‍ക്ക് എന്തോ വലിയ അപകടം സംഭവിച്ചിരിക്കുകയാണ് എന്നാണ്. അവര്‍ക്ക് ആകെ ഒരപകടമേ സംഭവിച്ചിട്ടുള്ളൂ. അവര്‍ക്ക് പൈസ ഇല്ലെന്നുള്ളത്. പൈസ സര്‍ക്കാര്‍ കൊടുക്കണം എന്നാണ് ഞാന്‍ പറയുന്നത്. പാവപ്പെട്ട മനുഷ്യന്‍മാരെ ആരെയും ദ്രോഹിക്കരുതെന്നും എനിക്കഭിപ്രായമുണ്ട്. പക്ഷെ പണക്കാരാനാണെങ്കിലും പാവപ്പെട്ടവരാണെങ്കിലും നമ്മള്‍ വേര്‍തിരിക്കപ്പെടുന്നു എന്നതാണ് ജാതിവിവേചനത്തിന്റെ യുക്തി.

കേരളത്തില്‍ കോട്ടങ്കല്‍ സ്‌കൂളില്‍ ഒരു അധ്യാപക ചെന്നപ്പോഴുള്ള വിഷയം നമുക്കറിയാം. അവര്‍ എക്‌സ്പര്‍ട്ട് അല്ലെന്ന് മൂന്ന് മാസത്തിനുള്ളില്‍ അവര്‍ കണ്ടുപിടിച്ചത്രേ. പട്ടികജാതിക്കാരനായ രജിസ്‌ട്രേഷന്‍ ഐജി പുറത്തിറങ്ങിയപ്പോള്‍ ചാണകവെള്ളം തളിച്ചതും നമ്മള്‍ കണ്ടതാണ്. ഇങ്ങനെ അനേകായിരം കഥകള്‍ നമുക്ക് ബോധ്യമുണ്ട്. വളരെ പ്രധാനപ്പെട്ട ആളാണെങ്കിലും ആ വിവേചനം ഞാന്‍ കാണിക്കും എന്ന ബോധമുണ്ടവര്‍ക്ക്. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു സാധാരണ നായര്‍ സ്ത്രീ തെറിവിളിക്കുകയാണ്, ചോവോന്‍ എന്ന് പറഞ്ഞ്. അയളുടെ മുഖം അടിച്ച് പറിക്കുമെന്നാണ് അവര്‍ പറയുന്നത്. അവര്‍ക്കെങ്ങനെ അതിന് ധൈര്യം കിട്ടുന്നു എന്ന് എന്തുകൊണ്ടാണ് ആലോചിക്കാത്തത്? മുഖ്യമന്ത്രിയായാലും ആരായാലും ഞാന്‍ നായരാണെന്നും അവന്‍ എന്നെക്കോള്‍ ചെറുതാണെന്നുമുള്ള ബോധ്യം കൊണ്ടാണ് ഈ പണി നടക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയോട് തെങ്ങുചെത്താന്‍ പൊയ്‌ക്കോള്ളാനാണ് പറയുന്നത്. കേരളം മനസ്സിലാക്കണം, ഇതാണ് ജാതി. കല്ലറ സുകുമാരന്‍ മുതല്‍ അമ്പത് വര്‍ഷമായി പറയുന്ന കാര്യം ജാതി പോയിട്ടില്ല എന്നതാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പോലും മുഖം അടിച്ച് പറിക്കണമെന്ന് പറയുന്ന ജാതിവാദികളുടെ ഒരു സ്ഥലമാണ് കേരളമെന്ന് അവര്‍ക്ക് മനസ്സിലായല്ലോ? നമുക്കിത് നേരിത്തെ ബോധ്യമുള്ള കാര്യമാണ്. ഇത് തുടര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം.

കേരളത്തിലെ മുഖ്യമന്ത്രി തെങ്ങുചെത്താന്‍ പൊയ്‌ക്കോ എന്ന് പറയുന്ന വികാരം തന്നെയാണ് സാമ്പത്തിക സംവരണം. തെങ്ങ് ചെത്താന്‍ പൊയ്‌ക്കോ എന്ന് കേട്ട മുഖ്യമന്ത്രിയും പറയുന്നത് ഞാന്‍ സാമ്പത്തിക സംവരണത്തിന് അനുകൂലമാണെന്നാണ്. ഇതാണ് അതിന്റെ പ്രശ്‌നം. ഈ പ്രശ്‌നം അഴിച്ചെടുക്കാന്‍ പറ്റുമോ? ഇടതുപക്ഷം എന്ന് പറഞ്ഞ് നടക്കുന്ന മനുഷ്യര്‍ പുനരാലോചിക്കണം. അല്ലെങ്കില്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മതി. എന്തിനാണ് പിന്നെ രണ്ട് പാര്‍ട്ടിയായി നില്‍ക്കുന്നത്? സംവരണം എന്നത് ഇന്ത്യയിലെ കീഴ്ത്തട്ട് സമൂഹത്തിന്റെ പ്രതീക്ഷയാണ്. അവര്‍ക്ക് രക്ഷപെടാന്‍ പറ്റുന്ന ഒരേയൊരു സ്ഥലമാണ് സംവരണം. അക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും ഒന്നിച്ചാണെങ്കില്‍ അവരെല്ലാം കൂടി ലയിച്ച് ഒരു പാര്‍ട്ടിയാകട്ടെ എന്നേ പറയാനുള്ളൂ. അയ്യായിരം പേരെ പിടിക്കുന്നു, കേസ് ഉണ്ടാക്കുന്നു… എന്തിനാണ് പിന്നെ ഇതൊക്കെ ചെയ്യുന്നത്? ഭരണഘടനാ ധാര്‍മ്മികത പുലര്‍ത്താനാവുന്നില്ലെങ്കില്‍ ഇവരെല്ലാം ലയിച്ച് തീരട്ടെ.

സംവരണത്തിനെതിരായ യുദ്ധം ആരംഭിക്കുന്നത് മഹാത്മാ ഗാന്ധിയാണ്. ഇന്ത്യയുടെ പൊളിറ്റിക്കല്‍ മനസ്സ് നിര്‍ണയിക്കാന്‍ ശേഷിയുണ്ടായിരുന്ന മഹാത്മാ ഗാന്ധിയാണ് അംബേദ്കര്‍ക്കെതിരെ, ഈ സംവരണ തത്വത്തിനെ എതിര്‍ത്ത് രംഗത്ത് വരുന്നത്. ഇന്ത്യന്‍ രാഷ്ട്രപിതാവ് ഉത്പാദിപ്പിച്ച ഒരു ബോധമാണ് ഇവരുടെയെല്ലാം തലയില്‍ കിടക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് പിന്നീട് വാഴ്ത്തപ്പെട്ട ഗാന്ധി 1932-ല്‍ ഉത്പ്പാദിപ്പിച്ച ബോധമാണ്, അതിങ്ങനെ പടര്‍ന്ന പന്തലിച്ച്, പട്ടികജാതിക്കാരിലടക്കം, ഇവിടെ വര്‍ക്ക് ചെയ്യുന്നത്. സംവരണത്തിന്റെ ലക്ഷ്യങ്ങളും അതിന്റെ കാരണങ്ങളും എല്ലാം വിട്ടുകളഞ്ഞിട്ട്, സാമ്പത്തിക സംവരണം തന്നെയാണ് വേണ്ടത് എന്ന് പട്ടികജാതിക്കാര്‍ പോലും പറയുന്നതരത്തിലുള്ള ഒരു പ്രൊപ്പഗന്‍ഡ മാധ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും മഹാത്മാ ഗാന്ധിക്ക് വേണ്ടി വലിയ പ്രചാരണം അന്ന് മുതല്‍ ആരംഭിക്കുകയും ചെയ്തു. അന്നുമുതല്‍ ഡോ. അംബേദ്കര്‍ കുറ്റവാളി പട്ടികയിലാണ്. എന്നാല്‍ ഡോ. അംബേദ്കറാണ് ജനാധിപത്യത്തിന്റെ വക്താവ്.

ഇടതുപക്ഷ സര്‍ക്കാര്‍ പോളിസി പുന:പരിശോധിക്കണം. സാമ്പത്തിക സംവരണമാണോ വേണ്ടത് അതോ സാമുദായിക സംവരണമാണോ? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് വേണ്ടത്. സംവരണം അവര്‍ക്ക് ആവശ്യമില്ല. സംവരണം ബഹിഷ്‌കൃത സമൂഹത്തിനുള്ളതാണ്. ദരിദ്ര നായരുടെ അടുത്ത് ദരിദ്ര പട്ടികജാതിക്കാരന്‍ ചെന്ന് പെണ്ണുചോദിച്ചാല്‍ അവര്‍ കൊടുക്കുമോ? രണ്ട് പേരും ദാരിദ്ര്യമുള്ളവരാണല്ലോ? ഒരു കോളനിക്കാരന്‍ ചെന്ന്, മണ്ണെണ്ണ വിളക്കിലിരുന്ന് വായിച്ചു പഠിച്ചു എന്ന് പറയുന്നവരുടെ അടുത്ത് ചെന്ന് പെണ്ണുചോദിച്ചാല്‍ തരുമോ? ഇതിന് മാത്രം ഉത്തരം തന്നാല്‍ മതി. ഇത് മാത്രമാണ് അതിന്റെ ഉത്തരം.

(കെ.ആര്‍ ധന്യയോട് സംസാരിച്ചത്)

സണ്ണി എം കപിക്കാട്‌

സണ്ണി എം കപിക്കാട്‌

ദളിത്‌ ചിന്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍