മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോണ്‍ഗ്രസ് എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നു ചോദിക്കരുത്
ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനു പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തു വന്നിരിക്കുന്നു. ശ്രീറാമിനെ സംരക്ഷിക്കണമെന്നതാണ് ആവശ്യം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നിന്നും സബ് കളക്ടറെ സിപിഎം തടയുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇടുക്കി ജില്ലയിലെ സിപിഎം നേതാക്കളുടെതടക്കമുള്ള കയ്യേറ്റം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ നടപടി സ്വീകരിച്ചാല്‍ പതിനായിരക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്തി ശ്രീറാമിനു സുരക്ഷയൊരുക്കുമെന്നണ് ഇടുക്കി ഡിസിസിയുടെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ദേവികുളത്ത് കയ്യേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ തടയുകയും വൈദ്യുതി മന്ത്രി എം എം മണി, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിരന്തരം സബ് കളക്ടറെ വിമര്‍ശിക്കുകയും പരോക്ഷഭീഷണി മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു ശ്രീറാം വെങ്കിട്ടരാമന്റെ സംരക്ഷണം കോണ്‍ഗ്രസ് എറ്റെടുക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൂന്നാര്‍ സന്ദര്‍ശനം പരാജയപ്പെട്ടതിനു ശേഷം കോണ്‍ഗ്രസ് വീണ്ടുമൊരുക്കില്‍ കൂടി കളത്തില്‍ ഇറങ്ങി നോക്കുകയാണ്. ഇത്തവണ സബ് കളക്ടറുടെ പൊതുജന പിന്തുണയില്‍ പിടിച്ചാണു കളി.
ശ്രീറാം വെങ്കിട്ടരാമന്‍ ഒരു റവന്യു ഉദ്യോഗസ്ഥനാണ്. അദ്ദേഹം ചെയ്യുന്നത് ഡ്യൂട്ടിയാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യനിര്‍വഹണം തടയുന്നത് നിയമപരമായി ശിക്ഷ കിട്ടുന്ന കേസാണ്. അതിപ്പോള്‍ പഞ്ചായത്ത് മെംബര്‍ ചെയ്താലും മന്ത്രി ചെയ്താലും നടപടിയുണ്ടാകണം. അങ്ങനെയുണ്ടായില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ത്താവുന്നതാണ്.
ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള നടപടികളാണ് സബ് കളക്ടര്‍ ചെയ്യുന്നത്. ശ്രീറാമിന്റെ സ്ഥാനത്ത് ഏതൊരാള്‍ ഇരുന്നാലും ചെയ്യേണ്ടതു തന്നെ. ഇത്രനാളും ആരും അതിനു തയ്യാറായില്ലായെന്നിടത്ത് മെനക്കിട്ടിറങ്ങി ഇന്നതാണു ശ്രീറാമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന ഹീറോയിസം. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു വിശേഷം അധികപ്പറ്റാണെങ്കില്‍ പോലും. ശ്രീറാം തന്നെ പറയുന്നുണ്ട്; ഞാന്‍ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. അതു ചെയ്യാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ ശൈലിയുണ്ട്. ആര്‍ക്കും നമ്മുടെ പ്രവര്‍ത്തനരീതികള്‍ മാറ്റാന്‍ കഴിയില്ല. അത്രയൊന്നും എക്‌സ്ട്രീം ലെവലില്‍ ഞാനും കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ആരെയും പ്രത്യേകം ടാര്‍ഗറ്റ് ചെയ്തു പ്രവര്‍ത്തിച്ചിട്ടുമില്ല. എന്റെ കണ്ണില്‍ പെടുന്ന തെറ്റുകള്‍ തിരുത്താനാണു ശ്രമിക്കുന്നത്. എല്ലാവരും അവരുവരുടെ കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ എനിക്കിത്രയും ഭാരം ചുമക്കേണ്ടി വരില്ലായിരുന്നു എന്ന്.
മൂന്നാറില്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചുപോന്നിട്ടുള്ള ഉദ്യോഗസ്ഥര്‍ അവരവരുടെ കടമ കൃത്യമായി ചെയ്തിരുന്നില്ല എന്നതാണു ശ്രീറാമിന്റെ വാക്കുകളില്‍ ഉള്ളത്. മൂന്നാറിലെ കയ്യേറ്റക്കാര്‍ ടാറ്റ മാത്രമല്ല, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കു വരെ മൂന്നാറില്‍ ഭൂമി കയ്യേറുകയും കെട്ടിടം പണിയുകയും ചെയ്യുന്നുണ്ടെന്ന വസ്തുത പതിറ്റാണ്ടിനും മുന്നേ പുറത്തു വന്നതാണ്. തുടക്കത്തിലെ നടപടിയെടുക്കാതെ പോയിടത്താണ് ഇന്നു മൂന്നാറിനു കയ്യേറ്റക്കാരുടെ പറുദീസ എന്ന ദുഷ്‌പേര് കേള്‍ക്കേണ്ടി വന്നത്.
പറഞ്ഞു വന്നതു മറ്റൊന്നുമല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കളിയെക്കുറിച്ചാണ്. ഒരുവശത്ത് കയ്യേറ്റങ്ങളെയും കയ്യേറ്റക്കാരെയും സംരക്ഷിക്കുന്ന, മറുവശത്ത് കയ്യേറ്റം ഒഴിപ്പിക്കുന്നതിനു സബ് കളക്ടര്‍ക്കു സംരക്ഷണം ഒരുക്കുന്ന കളിയെ കുറിച്ച്. അണികളെ വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം, നാട്ടുകാരെ മുഴുവന്‍ അതിനാകണം എന്നില്ല. മൂന്നാറില്‍ കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്, അതിനു രാഷ്ട്രീയ പിന്തുണയുമുണ്ട്. രാഷ്ട്രീയക്കാരും കയ്യേറിയിട്ടുണ്ട്. പക്ഷേ അതില്‍ സിപിഎം മാത്രമല്ല, കോണ്‍ഗ്രസുമുണ്ട്. മൂന്നാര്‍ ടൗണിലും ദേവികുളത്തും ഒന്നു ചുറ്റിത്തിരിഞ്ഞാല്‍ മനസിലാക്കാന്‍ മാത്രം എളുപ്പമായ സത്യങ്ങളാണത്. എല്ലാ സത്യങ്ങളും മൂടിവയ്ക്കാന്‍ തക്ക തന്ത്രങ്ങളൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ല.
മൂന്നാറില്‍ നിന്നും ഒഴിപ്പിക്കേണ്ടത് കയ്യേറ്റങ്ങളാണോ അതോ സിപിഎമ്മിനെയാണോ എന്നു ചോദിക്കണം കോണ്‍ഗ്രസിനോട്. കയ്യേറ്റങ്ങള്‍ എന്ന് ഉത്തരം പറയാന്‍ അവര്‍ ബുദ്ധിമുട്ടും. സ്വന്തം കുഴിതോണ്ടാന്‍ മാത്രം ബുദ്ധിശൂന്യത അവര്‍ക്കില്ലല്ലോ. ഇതിപ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണ്. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്റെ ചെലവില്‍ എഴുതിയെടുക്കാന്‍ നോക്കുന്ന രാഷ്ട്രീയനേട്ടം. മൂന്നാറില്‍ ഉള്ളത് സിപിഎം കയ്യേറ്റങ്ങള്‍ മാത്രമല്ലെന്ന് ശ്രീറാമിന്റെ കയ്യിലിരിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്. അതില്‍ പറയുന്ന പേരുകാരുടെ രാഷ്ട്രീയം കോണ്‍ഗ്രസിനെ തിരിഞ്ഞു കടിക്കുന്ന സമയം വരുന്നതേയുള്ളൂ. പണ്ട് പൂച്ചകള്‍ മൂന്നാറില്‍ ഇറങ്ങിയപ്പോള്‍ തിരിച്ചോടിക്കാന്‍ കൂട്ടംകൂടിയവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസുകാരുണ്ടായിരുന്നു. മൂന്നാറില്‍ മുഴുവന്‍ സിപിഎം കയ്യേറ്റമായിരുന്നുവെങ്കില്‍ സുരേഷ് കുമാറിനും കൂട്ടര്‍ക്കും പതിനായിരങ്ങളെ അണിനിരത്തി സംരക്ഷണമൊരുക്കാന്‍ റോയ് പൗലോസും കൂട്ടരും തയ്യാറാകാതിരുന്നത് എന്തുകൊണ്ടായിരുന്നു? ദൗത്യസംഘത്തിനെതിരെ മൂന്നാറില്‍ നടന്ന സര്‍വകക്ഷി ഹര്‍ത്താലിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് കോണ്‍ഗ്രസുകാര്‍. മൂന്നാറിലെ ഇടതുപക്ഷ പാര്‍ട്ടി ഓഫിസുകള്‍ സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിന് എങ്ങനെ വന്നു?
വി എസിന്റെ മൂന്നാര്‍ ദൗത്യം പരാജയപ്പെട്ടെങ്കിലും മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൊതുശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ആ പ്രവര്‍ത്തികള്‍ക്കു കഴിഞ്ഞിരുന്നു. വി എസ് സര്‍ക്കാരിനുശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ക്കെതിരേ എന്തു ചെയ്തു? റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഴക്കിയ വീരവാദങ്ങള്‍ സ്വയം വിഴുങ്ങാന്‍ അധികനാളൊന്നും എടുത്തില്ല. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ കയ്യേറ്റക്കാരന്‍ എംഎല്‍എ എന്ന് ആക്ഷേപിക്കുന്ന എസ് രാജേന്ദ്രന്‍ തന്നെയായിരുന്നു റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ മൂന്നാറില്‍ എത്തിയപ്പോള്‍ കൂടെ നടന്നു കുട പിടിച്ചു കൊടുത്തതും വഴികാട്ടിയായതും. അഞ്ചുവര്‍ഷം അധികാരം കോണ്‍ഗ്രസിന്റെ കൈയിലായിരുന്നു. കയ്യേറ്റക്കാരില്‍ നിന്നും ഒരിഞ്ചു ഭൂമി ഞങ്ങള്‍ തിരിച്ചു പിടിച്ചു എന്നു പറയാന്‍ തിരുവഞ്ചൂരിനുമായില്ല, അടൂര്‍ പ്രകാശിനുമായില്ല. അന്നും ഇടുക്കിയിലെ കോണ്‍ഗ്രസിനെ നയിച്ചിരുന്നാളുടെ പേര് റോയ് കെ പൗലോസ് എന്നു തന്നെയായിരുന്നു. പതിനായിരക്കണക്കിനു കോണ്‍ഗ്രസുകാരുടെ സംരക്ഷണം ഉണ്ട്, ധൈര്യമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചോ എന്നു പ്രഖ്യാപിക്കാന്‍ ഡിസിസി പ്രസിഡന്റിന്റെ നാവു പൊന്തിയിരുന്നില്ല. സിപിഎമ്മും സിപി ഐയും ആണു മൂന്നാറിലെ പ്രധാന കയ്യേറ്റക്കാരെന്നിരിക്കട്ടെ, എങ്കിലും ഇവിടുത്തെ കയ്യേറ്റങ്ങള്‍ക്കെതിരേ നടപടികള്‍ ഉണ്ടായിരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തു തന്നെയാണ്. യുഡിഎഫ് ഭരണകാലത്ത് മൂന്നാര്‍ എപ്പോഴും ശാന്തമാണ്.
ഉമ്മന്‍ ചാണ്ടിയുടെ ആദ്യത്തെ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ രവീന്ദ്രന്‍ പട്ടയത്തിന്റെ ഉപജ്ഞാതാവ് തഹസില്‍ദാര്‍ രവീന്ദ്രനെതിരെ വിജിലന്‍സ് അന്വേഷണം നടത്തി അയാളെ പ്രതിയാക്കി ഒരു എഫ് ഐ ആര്‍ ഇട്ടിരുന്നു. രവീന്ദ്രനെതിരേയുള്ള ചാര്‍ജ് ഷീറ്റും ക്രൈംബ്രാഞ്ച് തയ്യാറാക്കി വച്ചിരുന്നെങ്കിലും നാളിതുവരെ അതു കോടതിയില്‍ എത്തിയില്ല. രവീന്ദ്രനെ സംരക്ഷിക്കേണ്ടതു കോണ്‍ഗ്രസുകാരുടെ കൂടി ആവശ്യമായിരുന്നോ? രവീന്ദ്രനെതിരേയുള്ള ചാര്‍ജ് ഷീറ്റ് കോടതിയില്‍ ഹാജരാക്കാതിരിക്കാന്‍ ക്രൈംബ്രാഞ്ചിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആരാണ്?
1977 ലെ കയ്യേറ്റ ഭൂമികള്‍ മുന്‍കാല പ്രാബല്യത്തോടെ വില്‍ക്കുന്നതു സാധൂകരിച്ച് ലാന്‍ഡ് അസൈന്‍മെന്റ് ആക്ടില്‍ മാറ്റം വരുത്തുന്ന ഓര്‍ഡിനന്‍സ് പാസാക്കുന്നത് വി എസ് സര്‍ക്കാരിന്റെ അവസാനദിനങ്ങളിലായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാന്‍ കഴിയാതെ പോയ ആ ഓര്‍ഡിനന്‍സ് യാതൊരു ഭേദഗതിയും കൂടാതെ വീണ്ടുമെടുത്തു പാസാക്കിയെടുത്തത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. കിട്ടിയ പട്ടയം മറിച്ചു വില്‍ക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സ് ആയിരുന്നു അതെന്നോര്‍ക്കണം.
മൂന്നാറിലെ രാഷ്ട്രീയ കൂട്ടുകച്ചവടത്തെ കുറിച്ചു പറയാന്‍ തെളിവുകള്‍ ഇതുപോലെ പലതുണ്ട്. ജനങ്ങള്‍ക്ക് അതില്‍ പലതും അറിയുകയും ചെയ്യാം. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും രാഷ്ട്രീയക്കാരുടെ നാടകങ്ങള്‍ക്ക് ആളുകൂടണം എന്നില്ല.