UPDATES

വയൽക്കിളി സമര നായകൻ സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ മത്സരിക്കും; ‘പരിസ്ഥിതി സമരത്തിന് ഒരു വോട്ട്’ എന്ന് മുദ്രാവാക്യം

കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിലാണ് ബൈപാസ് പാത നിർമിക്കുന്നതിനെതിരെ സ്ഥലമുടമകളുടെ സമരം നടന്നത്.

കീഴാറ്റൂരിൽ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ സ്ഥലമുടമകൾ സംഘടിപ്പിച്ച സമരം നയിച്ച ‘വയൽക്കിളികൾ’ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് ജനവിധി തേടുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.

സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുരേഷ് കീഴാറ്റൂർ.

കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിലാണ് ബൈപാസ് പാത നിർമിക്കുന്നതിനെതിരെ സ്ഥലമുടമകളുടെ സമരം നടന്നത്. നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കുമ്പോൾ കൂടുതല്‍ പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നത് മുന്നിൽക്കണ്ടാണ് കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ ബൈപാസ് റോഡിനുള്ള രൂപകൽപ്പന തയ്യാറായത്. ആദ്യത്തെ അലൈൻമെന്റ് പ്രകാരം 100 വീടുകൾ പോകുമായിരുന്നു. പുതിയ അലൈൻമെന്റിൽ മുപ്പതോളം വീടുകളേ നീക്കം ചെയ്യേണ്ടി വരൂ.

എന്നാൽ വയൽ നികത്തി റോഡ് പാടില്ലെന്ന നിലപാടുമായി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലും സമരം തുടങ്ങുകയായിരുന്നു. സ്ഥലം നഷ്ടപ്പെടുന്നതല്ല, വയലിന്റെ ആവാസവ്യവസ്ഥ നശിക്കുന്നതാണ് പ്രശ്നമെന്ന് സുരേഷ് കീഴാറ്റൂർ അവകാശപ്പെട്ടു. 250 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്നായിരുന്നു സുരേഷ് കീഴാറ്റൂരിന്റെ വാദം. എന്നാൽ 11 ഏക്കർ മാത്രമേ ഏറ്റെടുക്കുന്നുള്ളൂവെന്ന് സർക്കാർ അറിയിച്ചു. ഇതിൽ ആറേക്കറിൽ മാത്രമാണ് നെൽവയലുള്ളതെന്നും സർക്കാർ വാദിച്ചു. സമരനായികയായ നമ്പ്രാടത്ത്‌ ജാനകിക്ക്‌ കീഴാറ്റൂരിൽ വയലില്ല എന്നും സർക്കാർ വാദമായി ഉന്നയിച്ചു. പരിസ്ഥിതി പ്രക്ഷോഭത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ച ഭരണകക്ഷിയായ സിപിഎം പിന്നീട് സര്‍ക്കാര്‍ നിലപാടിനൊപ്പം മാറി.

ബിജെപി അടക്കമുള്ള പാർട്ടികളുടെ ശക്തമായ പിന്തുണ കൂടി ലഭിച്ചതോടെ സമരം ഏറെ ശക്തമായി മാറുകയുണ്ടായി. ബിജെപിയുടെ പരിസ്ഥിതി സെൽ പഠന സംഘം സ്ഥലത്തെത്തി പഠനം നടത്തുകയുമുണ്ടായി. ബിജെപിയുടെ ഉയർന്ന നേതാക്കളെല്ലാം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ടായിരുന്നു.

ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ ബിജെപി നേതാക്കൾക്കൊപ്പം ഡൽഹിയിൽ ചെന്ന് മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവന്നു. നിർദ്ദിഷ്ട റോഡ് പോകുന്നയിടത്ത് ഇദ്ദേഹത്തിനും ഭൂമിയുണ്ടായിരുന്നു.

എന്നാൽ രാജ്യത്തുതന്നെ ഏറ്റവും മോശമായ ദേശീയപാതയുള്ള ജില്ലകളാണ് കണ്ണൂരും കാസറഗോഡും ഉള്ളതെന്നും ഇതു വികസിപ്പിച്ചേ മതിയാകൂ എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. എലിവേറ്റഡ് ഹൈവേ കൊണ്ടുവരണമെന്ന ബിജെപിയുടെ വാദത്തെ കോടിയേരി അംഗീകരിക്കുകയും ചെയ്തു. ഇതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാരിൽ നിന്നും ബിജെപിക്ക് വാങ്ങിത്തരാവുന്നതാണ് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറിയതോടെ സമരത്തിന് അവസാനമായിരുന്നു. ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്ന് വയൽക്കിളികൾ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍