UPDATES

Exclusive: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭൂമികുംഭകോണത്തിലെ വിവാദ ഇടനിലക്കാരന്‍ സാജു വര്‍ഗീസുമായി എന്താണ് ബന്ധം? വിവാദമുയര്‍ത്തി പുതിയ ചിത്രം

ഭൂമിക്കച്ചവടത്തില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം വരുത്തിവച്ച രീതിയില്‍ ഇടപാടുകള്‍ നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് റിസല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സാജു വര്‍ഗീസ് കുന്നേല്‍

സീറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടത്തില്‍ ഇടനിലക്കാരനായി നിന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ സാജു വര്‍ഗീസ് കുന്നേലുമായി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നതിനു പുതിയ തെളിവുകള്‍. സാജു വര്‍ഗീസിന്റെ അനുജന്‍ ബൈജു വര്‍ഗീസ് കുന്നേലിന്റെ ക്ഷണപ്രകാരം ഒരു സ്വകാര്യ ചടങ്ങില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി പങ്കെടുത്തതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സിറോ മലബാര്‍ സഭയെ ആകെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന ഭൂമിവില്‍പ്പന വിവാദത്തില്‍ കുറ്റാരോപിതനായി നില്‍ക്കുകയും നിയമനടപടികള്‍ നേരിടുകയും ചെയ്യുന്ന സാജു വര്‍ഗീസുമായി കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ടെന്ന പരാതി ശരിവയ്ക്കുകയാണ് പ്രസ്തുത ചടങ്ങിലെ പങ്കാളിത്തം എന്നാണ് വിമര്‍ശനം.

അതീവ രഹസ്യമായൊരു ചടങ്ങ്

അണക്കര പാസ്റ്ററല്‍ അനിമേഷന്‍ സെന്ററില്‍ നടന്ന സ്വകാര്യചടങ്ങിലാണ് രഹസ്യസ്വഭാവത്തോടു കൂടി കര്‍ദ്ദിനാള്‍ ആലഞ്ചേരി പങ്കെടുത്തതെന്നാണ് ഈ വിവരം അഴിമുഖവുമായി പങ്കുവച്ച കേന്ദ്രങ്ങള്‍ പറയുന്നത്. 2019 ജനുവരി ഒന്നിന് കുമളിയില്‍ നടന്ന പട്ടം നല്‍കല്‍ (വൈദിക സ്ഥാനാരോഹണം) ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആലഞ്ചേരി 2018 ഡിസംബര്‍ 31-ന് അണക്കരയില്‍ തങ്ങിയാണ് പിറ്റേദിവസം ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അണക്കരയിലെ പാസ്റ്ററല്‍ അനിമേഷന്‍ സെന്ററിലായിരുന്നു താമസം. കുമളിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിന് അണക്കരയില്‍ വന്നു താമസിക്കാന്‍ കാരണം സാജു വര്‍ഗീസിന്റെ അനുജന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ആക്ഷേപം. ബൈജു വര്‍ഗീസ് കുന്നേല്‍ ജെസിഐ ക്ലബ്ബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും അതിന്റെ ഇന്‍സ്റ്റുലേഷന്‍ സെറിമണിക്ക് അധ്യക്ഷം വഹിക്കാനാണ് ആലഞ്ചേരി എത്തിയതെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. 31-ആം തീയതി പാസ്റ്ററല്‍ അനിമേഷന്‍ സെന്ററില്‍ നടന്നത് ബൈജു വര്‍ഗീസ് ജെസിഐ ക്ലബ്ബിന്റെ പ്രസിഡന്റ് ആയതിന്റെ അനുമോദന ചടങ്ങ് ആയിരുന്നു. ഈ ചടങ്ങ് അതീവരഹസ്യമായാണ് പാസ്റ്ററല്‍ അനിമേഷന്‍ സെന്ററില്‍ വച്ച് നടത്തിയത്. പാസ്റ്ററല്‍ അനിമേഷന്‍ സെന്ററില്‍ പുറത്തുനിന്നുള്ള പരിപാടികളൊന്നും തന്നെ നാളിതുവരെ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജെസിഐയുടെ യാതൊരു പരിപാടിയും മുമ്പ് ഇവിടെ വച്ച് നടത്തിയതായും അറിവില്ല. ഏതെങ്കിലും റിസോര്‍ട്ടുകളില്‍ വച്ചായിരിക്കും ക്ലബ്ബിന്റെ പരിപാടികള്‍ നടത്താറുള്ളത്. ഇത്തവണയും ഒരു റിസോര്‍ട്ടില്‍ ആയിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനുവേണ്ടി റിസോര്‍ട്ട് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ നിന്നും പരിപാടി പാസ്റ്ററല്‍ സെന്ററിലേക്ക് മാറ്റുന്നത് കര്‍ദ്ദിനാളിന്റെ ആവശ്യപ്രകാരമായിരുന്നുവത്രേ! താന്‍ ഇവിടെ നിന്നും യാതൊരു കാരണവശാലും പുറത്തുവരില്ലെന്നും അതിനാല്‍ പരിപാടി ഇങ്ങോട്ട് മാറ്റുന്നതാണ് ഉചിതമെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞതായാണ് ഇക്കാര്യത്തെക്കുറിച്ച് വിവരം നല്‍കിയവര്‍ പങ്കുവയ്ക്കുന്നത്. ഇതുപ്രകാരം 31 രാത്രി എട്ടര മണിയോടെ പരിപാടി പാസ്റ്ററല്‍ അനിമേഷന്‍ സെന്ററില്‍ നടക്കുകയായിരുന്നു. ആലഞ്ചേരി ഇതിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. ബൈജു വര്‍ഗീസിന് പ്രത്യേകം അനുമോദനങ്ങള്‍ നേരാനും കര്‍ദ്ദിനാള്‍ തയ്യാറായി.

പാസ്റ്ററല്‍ സെന്ററില്‍ സ്വകാര്യ ചടങ്ങ് നടത്തിയതില്‍ പ്രതിഷേധം

അണക്കര പാസ്റ്ററല്‍ സെന്ററില്‍ സ്വകാര്യ ചടങ്ങ് നടത്തിയതില്‍ ഇടവകക്കാരില്‍ പ്രതിഷേധം ഉണ്ടെന്നാണ് അഴിമുഖത്തോട് സംസാരിച്ച ഒരു വ്യക്തി പറയുന്നത്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ വ്യക്തി പറയുന്നത്, ആര്‍ച്ച് ബിഷപ്പ് തന്റെ അധികാരം ഉയോഗിച്ചാണ് പാസ്റ്ററില്‍ സെന്ററില്‍ ഇത്തരൊരു ചടങ്ങ് നടത്തിച്ചതെന്നും ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കര്‍ദ്ദിനാള്‍ അവഗണിക്കുകയാണ് ഉണ്ടായതെന്നും ഈ വ്യക്തി പറയുന്നു. അതിരൂപത ഭൂമിയിടപാടിലെ വിവാദവ്യക്തിയുടെ അനുജന്റെ പരിപാടിയില്‍ നിര്‍ബന്ധബുദ്ധിയോടെന്ന പോലെ പങ്കെടുത്തതു വഴി പിതാവ് വ്യക്തമാക്കുന്നത് തനിക്ക് സാജു വര്‍ഗീസുമായി അടുത്ത ബന്ധമാണ് ഉള്ളതാണോ എന്നും ഇവര്‍ ചോദിക്കുന്നു. ഒരു റിസോര്‍ട്ടില്‍ നടത്താന്‍ തീരുമാനിച്ച് സ്ഥലം ബുക്ക് ചെയ്തിരുന്ന പരിപാടിയാണ് ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശപ്രകാരം പാസ്റ്ററല്‍ സെന്ററിലേക്ക് മാറ്റിയത്. ഇതു തെളിയിക്കുന്നത് വലിയൊരു കള്ളത്തരം പിതാവിന്റെ ഭാഗത്ത് ഉണ്ടെന്നാണെന്നും ഇവര്‍ പറയുന്നു.

ഇത്തരമൊരു പരിപാടി പാസ്റ്ററല്‍ അനിമേഷന്‍ സെന്ററില്‍ വച്ച് നടത്തുന്നതില്‍ വൈദികര്‍ ഉള്‍പ്പെടെ പലരും എതിര്‍പ്പ് അറിയിച്ചിരുന്നതായും വിവരമുണ്ട്. ജെസിഐ അംഗങ്ങളായ ഇടവകക്കാര്‍പോലും ചടങ്ങ് ബഹിഷ്‌കരിച്ചുവെന്നതും വാസ്തവമാണ്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം മൊബൈല്‍ ഫോണുകളും കാമറകളും പുറത്തുവയ്ക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അത്രയ്ക്ക് രഹസ്യമായാണ് പരിപാടി നടത്തിയത്.

വലിയ വിവാദമായ ഭൂമിയിടപാട് കേസില്‍ കുറ്റാരോപിതനായി നില്‍ക്കുകയും നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാജു വര്‍ഗീസുമായി കര്‍ദിനാളിന് ബന്ധമുണ്ടെന്ന് ആക്ഷേപങ്ങള്‍ നിലനില്‍ക്കെ തന്നെ അതീവരഹസ്യ സ്വഭാവത്തോടുകൂടി പ്രസ്തുത വ്യക്തിയുടെ സഹോദരന്റെ ഒരു ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്തുവെങ്കില്‍, ഭൂമിയിടപാടില്‍ ആലഞ്ചേരിക്കെതിരേ പറഞ്ഞുകേള്‍ക്കുന്ന പരാതികളില്‍ വാസ്തവമുണ്ടെന്നാണ് ഈ വിവരം പങ്കുവച്ചവര്‍ പറയുന്നത്. സാജു വര്‍ഗീസുമായി ബന്ധപ്പെട്ട ചടങ്ങില്‍ കര്‍ദ്ദിനാള്‍ പങ്കെടുക്കുന്നതില്‍ വൈദികരും സഭ നേതൃത്വത്തിലുള്ളവരും എതിര്‍പ്പ് അറിയിച്ചിട്ടുപോലും അത് വകവയ്ക്കാതെയാണ് ആര്‍ച്ച് ബിഷപ്പ് പോയതെന്നതാണ് ഈ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച് ബൈജു വര്‍ഗീസ്

അണക്കരയിലെ ചടങ്ങുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിന്റെയും ആവശ്യമില്ലെന്നാണ് ബൈജു വര്‍ഗീസ് പറയുന്നത്. അതൊരു സ്വകാര്യ ചടങ്ങായിരുന്നുവെന്നും അതില്‍ പിതാവ് പങ്കെടുത്തുവെന്ന് പറയുന്നത് തീര്‍ത്തും ശരിയല്ല എന്നാണ് ബൈജു വര്‍ഗീസ് അഴിമുഖത്തോട് പ്രതികരിച്ചത്. “ജെസിഐ എന്നത് ഒരു ഓര്‍ഗനൈസേഷനാണ്. വര്‍ഗീസ് വി സി ഇരുമേടയില്‍ ആണ് ജെസി ഐ, അണക്കര, സ്‌പെസ് വാലിയുടെ നിലവിലെ പ്രസിഡന്റ്. ജെസിഐയുടെ ഭാഗമായി ഒരു ചാരിറ്റി ഫൗണ്ടേഷന്‍ 2010 മുതല്‍ നടത്തിവരുന്നുണ്ട്. കാന്‍സര്‍ രോഗികളായവര്‍, നിര്‍ദ്ധന കുടുംബങ്ങള്‍, വിദ്യാഭ്യാസം നടത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ ഇവര്‍ക്കെല്ലാം സഹായങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ചാരിറ്റി പ്രോഗമായ കൈത്താങ്ങ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങാണ് അണക്കര പാസ്റ്ററല്‍ അനിമേഷന്‍ സെന്ററില്‍ നടന്നത്. അതൊരു സ്വകാര്യ ചടങ്ങല്ല. ആ ചടങ്ങാണ് പിതാവ് ഉദ്ഘാടനം ചെയ്തത്. ഞാന്‍ ക്ലബ് പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് എന്നു പറയുന്നതും തെറ്റാണ്. വരുന്ന ഫെബ്രുവരി മാസത്തില്‍ മാത്രമാണ് ഞാന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. ചടങ്ങിലേക്ക് പിതാവിനെ ക്ഷണിക്കുന്നതും ഞാനല്ല. പിതാവ് അവിടെ പട്ടം നല്‍കാന്‍ വന്നായിരുന്നു. അപ്പോള്‍ പള്ളിയുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ സംസാരിച്ചതിന്‍പ്രകാരമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. പിതാവ് ചടങ്ങില്‍ പങ്കെടുത്തതുമായി സംബന്ധിച്ച് എനിക്ക് യാതൊരു ബന്ധവുമില്ല. ആ ചടങ്ങില്‍ ഞാന്‍ സംസാരിക്കുന്നതു പോലുമില്ല. ജെസിഐയുടെ നിലവിലെ പ്രസിഡന്റും ഞാനല്ല. അതുകൊണ്ട് ഇപ്പോള്‍ ക്ലബ്ബ് എന്തു പരിപാടി നടത്തിയാലും അതിന്റെ ചുമതലക്കാരന്‍ ഞാനാകില്ല”.

ചടങ്ങിനെ കുറിച്ച് അറിയില്ലെന്ന് ബിഷപ്പ് ഹൗസ്

ഇങ്ങനെയൊരു ചടങ്ങിനെ കുറിച്ച് അറിയില്ലെന്നാണ് ബിഷപ്പ് ഹൗസ് വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പ്രതികരിച്ചത്. പിതാവിന്റെ ഔദ്യോഗിക പ്രോഗ്രാം ലിസ്റ്റില്‍, ഈ പറയുന്ന ചടങ്ങ് ഉള്‍പ്പെട്ടിട്ടില്ലെന്നും വക്താവ് വ്യക്തമാക്കുന്നുണ്ട്. പിതാവ് അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുത്തതില്‍ എതിര്‍പ്പുയര്‍ത്തുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ പിതാവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണം എന്നും പറഞ്ഞ് വക്താവ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.

സാജു വര്‍ഗീസും കര്‍ദിനാളും തമ്മിലുള്ള അവിശുദ്ധം ബന്ധം തെളിഞ്ഞിരിക്കുന്നു; എഎംടി

പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ച് അഭിപ്രായം തേടിയപ്പോള്‍, അണക്കര പാസ്റ്ററല്‍ അനിമേഷന്‍ സെന്ററില്‍ രഹസ്യമായി നടത്തിയ ചടങ്ങില്‍ പങ്കെടുത്തതോടെ അതിരൂപ ഭൂമിക്കച്ചവടത്തിന്റെ ഇടനിലക്കാരനായി നിന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ സാജു വര്‍ഗീസുമായി ചേര്‍ത്ത് കര്‍ദിനാളിനെതിരേ ഉയര്‍ന്ന പരാതികള്‍ ശരിയായിരിക്കുകയാണെന്നാണ് ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി (എഎംടി) പ്രതികരിച്ചത്.

“അണക്കരയിലെ പരിപാടി സംഘടിപ്പിക്കുന്നത് സാജു വര്‍ഗീസിന്റെ അനുജന്‍ ബൈജു വര്‍ഗീസ് കുന്നേല്‍ ആണ്. അദ്ദേഹത്തിന്റെ ക്ഷണം അനുസരിച്ചാണ് ആലഞ്ചേരി പിതാവ് പങ്കെടുക്കുന്നത്. ഇതിലൂടെ സംശയമില്ലാത്ത വിധം വ്യക്തമായിരിക്കുന്നത് സാജു വര്‍ഗീസും ആലഞ്ചേരി പിതാവും തമ്മില്‍ ഇപ്പോഴും ബന്ധം തുടരുന്നു എന്നു തന്നെയാണ്. ഇരുവര്‍ക്കുമിടയില്‍ ഒരു അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. അങ്ങനെയില്ലായിരുന്നുവെങ്കില്‍ ഭൂമിക്കച്ചവടം ഇപ്പോഴും വലിയ വിവാദമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും സാജു വര്‍ഗീസിന്റെ അനിയന്റെ കൂടെ വേദി പങ്കിടാന്‍ പിതാവ് തയ്യാറാകില്ലായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വ്യാജരേഖകളുടെ വാര്‍ത്തകളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. എറണാകുളത്ത് കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നൈപുണ്യ സ്‌കൂളിന് എതിര്‍വശത്തുള്ള ഭൂമി വ്യാജരേഖ ഉണ്ടാക്കിയാണ് വില്‍പ്പന നടത്തിയിരിക്കുന്നത് എന്ന വാര്‍ത്ത പുറത്തു വന്നു കഴിഞ്ഞു. അതിരൂപ ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മിഷന്‍ പറയുന്നൊരു കാര്യമുണ്ട്. 2016 ഡിസംബര്‍ 19-ആം തീയതിയിലുള്ള ഒരു ആലോചന സമിതി യോഗത്തില്‍ മുന്‍ ഫിനാന്‍സ് ഓഫിസറായിരുന്ന ഫാ. ജോഷി പുതുവ പറയുന്നത്, നൈപുണ്യ സ്‌കൂളിനു മുന്നിലുള്ള ഭൂമിയുടെ രേഖകള്‍ കൃത്യമല്ലാത്തതുകൊണ്ട് വില്‍പ്പന ബുദ്ധിമുട്ടാണെന്നാണ്. എങ്കില്‍ എല്ലാ രേഖകളും ശരിയാക്കിയെടുത്ത്, ആ രേഖകള്‍ പ്രകാരം ഭൂമി വില്‍പ്പന നടത്താനാണ് കര്‍ദ്ദിനാള്‍, ജോഷി പുതുവയെ ചുമതലപ്പെടുത്തുന്നത്. ഡിസംബര്‍ മാസം 19-ന് ഈ തീരുമാനം വരുന്നത്. എന്നാല്‍ ആ തീയതിക്കും മുമ്പ് 22 ആധാരങ്ങളിലായി നാല് ഭൂമി വില്‍പ്പനകള്‍ നടന്നിരുന്നു. പിന്നീട് നൈപുണ്യ സ്‌കൂളിനു സമീപമുള്ള ഭൂമിക്ക് ആലഞ്ചേരി പറഞ്ഞപ്രകാരം വ്യാജ രേഖകള്‍ ആണ് ഉണ്ടാക്കിയത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കൈയില്‍ ഉള്ളത് ആ ഭൂമിയുടെ പണയാധാരം മാത്രമായിരുന്നു. ആ പണയാധാരത്തിന് ഔദ്യോഗികമായ പട്ടയം കിട്ടാന്‍ സമയം എടുക്കും. അതിനു തയ്യാറാകാതെയാണ് വ്യാജപട്ടയം ചമച്ച് അതിന്റെ പേരില്‍ പോക്കുവരവ് നേടിയത്. വളരെ ഗുരുതരമായൊരു കുറ്റമാണത്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നതിന് സഹായം ചെയ്തവരുമായി ആലഞ്ചേരിക്കുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് അണക്കരയിലെ ചടങ്ങ്. ഞങ്ങള്‍ മുന്‍പേ തന്നെ ഉയര്‍ത്തിയിരുന്ന പരാതിയും ഇതു തന്നെയായിരുന്നു. സഭയെ മൊത്തത്തില്‍ പിടിച്ചു കുലുക്കിയ ഭൂമി കുംഭകോണത്തില്‍ ആലഞ്ചേരി പിതാവിനെ സാജു വര്‍ഗീസ് പറ്റിച്ചതാണെന്നു പറഞ്ഞാല്‍ പ്രശ്‌നം തീരുമായിരുന്നുവെങ്കിലും അതിനു തയ്യാറാകാതെ, എന്തുകൊണ്ടാണ് സാജു വര്‍ഗീസിനെ കര്‍ദ്ദിനാള്‍ ഇപ്പോഴും സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് സാജു വര്‍ഗീസിന്റെ കുടുംബവുമായി ഇത്രയും അടുത്ത ബന്ധം പുലര്‍ത്തുന്നത്? 31-ആം തീയതിയിലെ പരിപാടി കഴിഞ്ഞിട്ട്, പിറ്റേദിവസം ബൈജു വര്‍ഗീസിന്റെ വീട് കര്‍ദ്ദിനാള്‍ സന്ദര്‍ശിച്ചത് എന്തുകൊണ്ടാണ്? ഒരു റിയല്‍ എസ്റ്റേറ്റ് മാഫിയുമായി അവിശുദ്ധ ബന്ധം കര്‍ദ്ദിനാള്‍ ആലഞ്ചേരി കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഇതിനൊക്കെയുള്ള ഉത്തരം. സഭയേയും സാധാരണ വിശ്വാസികളെയും വഞ്ചിക്കുകയാണ് കര്‍ദ്ദിനാള്‍”; എഎംടി പ്രതിനിധി ഷൈജു വര്‍ഗീസിന്റെ വാക്കുകള്‍.

കര്‍ദിനാള്‍ ആലഞ്ചേരിയും സാജു വര്‍ഗീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ചും ഭൂമിവില്‍പ്പനയ്ക്കായി വ്യാജരേഖകള്‍ ചമച്ചതുമായി ബന്ധപ്പെട്ടും ഇതെല്ലാമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് ആരോപണങ്ങളെക്കുറിച്ചും ഭൂമി കച്ചവടത്തെ കുറിച്ച് അന്വേഷിക്കുന്ന ഔദ്യോഗിക കമ്മിഷനിലും എല്ലാ ബിഷപ്പുമാരുടെ മുന്നിലും തെളിവുകളടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞതായും എഎംടി വ്യക്തമാക്കുന്നു. “അവര്‍ ഈ കാര്യത്തില്‍ എന്തു നടപടിയെടുക്കും എന്നാണ് ഞങ്ങളിപ്പോള്‍ വീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ നീതിപരമായ ഒരു തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം വിശ്വാസി സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരും. ഒരു സാധാരണ മനുഷ്യന്‍പോലും ചെയ്യാത്ത കാര്യമാണ് ഒരു ക്രിസ്ത്യന്‍ സഭയുടെ തലവന്‍ ചെയ്തിരിക്കുന്നത്”; എഎംടി പറയുന്നു.

വിവാദ ഭൂമിയിടപാടുകളും സാജു വര്‍ഗീസും

ഏറെ വിവാദമായ അതിരൂപത ഭൂമിക്കച്ചവടത്തില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം വരുത്തിവച്ച രീതിയില്‍ ഇടപാടുകള്‍ നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് റിസല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സാജു വര്‍ഗീസ് കുന്നേല്‍. ആലഞ്ചേരിയുമായി നേരിട്ട് വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന സാജു വര്‍ഗീസ് കര്‍ദ്ദിനാളിന്റെ ആശീര്‍വാദത്തോടെയാണ് അതിരൂപതയിലെ വസ്തുക്കച്ചവടത്തിന്റെ ചുമതലക്കാരനായതെന്നായിരുന്നു ആരോപണം. ഭൂമി മാഫിയായുടെ ആളാണെന്നു പലരും പരാതി പറഞ്ഞിട്ടും സാജു വര്‍ഗീസിനെ കൂടെ നിര്‍ത്തുകയായിരുന്നു ആലഞ്ചേരി ചെയ്തതെന്നും, വലിയ വിവാദങ്ങള്‍ പിന്നീട് കച്ചവടവുമായി ബന്ധപ്പെട്ട് ഉയര്‍ന്നപ്പോഴും സാജു വര്‍ഗീസിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കര്‍ദ്ദിനാള്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. താന്‍കൂടി പങ്കാളിയായ ഭൂമികുഭകോണത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സാജു വര്‍ഗീസിനെ എതിര്‍പ്പുകള്‍ അവഗണിച്ചും സംരക്ഷിച്ചതെന്നും പരാതികള്‍ ഉണ്ടായിരുന്നു. സാജു വര്‍ഗീസ് ആലഞ്ചേരി പിതാവിനെ വഞ്ചിക്കുകയാണ് ഉണ്ടായതെന്ന് ഒരു വിഭാഗം പ്രതിരോധം ഉയര്‍ത്തിയപ്പോള്‍ പോലും സാജു വര്‍ഗീസിനെതിരേ സംസാരിക്കാന്‍ ആലഞ്ചേരി തയ്യാറായില്ല. പകരം തനിക്ക് അബദ്ധം സംഭവിച്ചെന്നു മാത്രമാണ് പറഞ്ഞത്. സ്ഥലക്കച്ചവടം നടക്കുന്നതിനും മുമ്പേ തന്നെ സാജു വര്‍ഗീസിന് ഒരു വിശ്വാസിക്ക് കിട്ടാത്ത സ്വീകരണമായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനത്ത് കിട്ടിക്കൊണ്ടിരുന്നതെന്നു പറഞ്ഞിട്ടുള്ളത് ബിഷപ്പ് ഹൗസില്‍ തന്നെയുള്ളവരായിരുന്നു. വിലകൂടിയ കാറുകളില്‍ മാറി മാറി വന്നിരുന്ന സാജു വര്‍ഗീസ് അതിരൂപത ആസ്ഥാനത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും സാക്ഷ്യം പറയുന്നവര്‍ നിരവധിയുണ്ട്.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ ചുമതലക്കാരനയി എത്തി കര്‍ദ്ദിനാളിന്റെ വിശ്വസ്തനായി മാറുകയായിരുന്നു സാജു വര്‍ഗീസ് എന്നും, ആലഞ്ചേരി പിതാവ് ഇയാളെ കണ്ണടച്ച് വിശ്വസിച്ച് ഭൂമി ഇടപാടിന്റെ ഇടനിലക്കാരനാക്കിയപ്പോള്‍ അതിരൂപത 90 കോടിയുടെ കടക്കെണിയിലായി എന്നുമാണ് ഒരാക്ഷേപം. ഈ ഇടപാടിലേക്ക് സാജു വര്‍ഗീസ് വരുന്നതു പിതാവ് വഴിയാണെന്നും അതിരൂപത ഫിനാന്‍സ് ഓഫിസറായിരുന്ന ഫാദര്‍ ജോഷി പുതുവയല്ല സാജു വര്‍ഗീസിനെ ഭൂമിക്കച്ചവടത്തില്‍ കൊണ്ടുവരുന്നതെന്നും അതുകൊണ്ട് തന്നെ ഭൂമിയിടപാടിലെ ക്രമക്കേടുകളെ വെറും അബദ്ധമായി കാണാന്‍ കഴിയില്ലെന്നും ആരോപണമുയര്‍ത്തിയവരും അണക്കരയില്‍ നടന്ന ചടങ്ങിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ തങ്ങളുടെ ആക്ഷേപങ്ങള്‍ ശരിയായിരിക്കുന്നുവെന്ന് ഉറപ്പിക്കുകയാണ്.

ഭൂമിക്കച്ചവടത്തില്‍ കോടികള്‍ സ്വന്തമാക്കിയ തട്ടിപ്പ്

എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന്റെ ഭാഗമായി ആദായ നികുതി വകുപ്പ്, വിവാദ വില്‍പ്പനയില്‍പ്പെട്ട കാക്കനാട്ടെ 64 സെന്റ് ഭൂമി കണ്ടുകെട്ടിയിരുന്നു. ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഭൂമിയിടപാടില്‍ കള്ളപ്പണം ഇടപാടും നടന്നിട്ടുണ്ടെന്ന് ആദായ നികുതിവകുപ്പ് കണ്ടെത്തിയിരുന്നു. സാജു വര്‍ഗീസിന്റെ വാഴക്കാലയിലുള്ള ആഡംബര വീടും ഭൂമിയും കണ്ടുകെട്ടി. സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിക്കുകയും പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. 3.94 കോടി രൂപയ്ക്ക് രൂപത വില്‍പന നടത്തിയ ഭൂമി ആറുമാസത്തിന് ശേഷം 39 കോടി രൂപയ്ക്ക് മറിച്ച് വിറ്റതായാണ് ആദായ വകുപ്പിന്റെ കണ്ടത്തല്‍. സാജു വര്‍ഗീസ് വഴി വി.കെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരില്‍ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടിയിരുന്നു. ഇടപാടില്‍ സാജു വര്‍ഗീസും വി.കെ ഗ്രൂപ്പും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതിലൂടെ ഭൂമിയിടപാടില്‍ ഇടനിലക്കാരന്‍ പത്തുകോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

കുറ്റക്കാരനൊപ്പം കര്‍ദ്ദിനാളിന് കൂട്ട് എന്തിന്?

അതിരൂപത ഭൂമിയിടപാടുകൊണ്ട് സാജു വര്‍ഗീസ് കോടികള്‍ സ്വന്തമാക്കിയെന്നത് വളരെ മുന്‍പ് തന്നെ ഉയര്‍ന്ന ആക്ഷേപമായിരുന്നു. അതിരൂപത ഭൂമി വിറ്റതിന്റെ തുക മുഴുവന്‍ നല്‍കാന്‍ കൈയില്‍ പണമില്ലെന്നു പറഞ്ഞ സാജു, ഇടുക്കിയില്‍ കോടികള്‍ വിലവരുന്ന ഭൂമി വാങ്ങിച്ചു കൂട്ടുകയും ചെയ്തിരുന്നു. 18 കോടിയോളം രൂപയാണ് സാജു സഭയ്ക്ക് വസ്തു കച്ചവടത്തിന്റെ ഭാഗമായി കൊടുക്കേണ്ടിയിരുന്നത്. നോട്ട് നിരോധനമായിരുന്നു പണം നല്‍കാന്‍ കഴിയാതെ പോയതിന്റെ കാരണമായി സാജു പറഞ്ഞത്. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് അയാള്‍ ഭൂമി വാങ്ങിച്ചു കൂട്ടിയതും. മാത്രമല്ല, സഭയ്ക്ക് നല്‍കേണ്ട പണത്തിനുപകരമായി കോതമംഗലത്തും ദേവികുളത്തും ഭൂമി അതിരൂപതയ്ക്കു മേല്‍ കെട്ടിവച്ചു കൊടുക്കുകയും ചെയ്തു. ഈ രണ്ടു സ്ഥലങ്ങളും വാങ്ങാനായി അതിരൂപത ബാങ്ക് ലോണ്‍ എടുത്തിട്ടുമുണ്ട്. ഇതെല്ലാം കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് നടന്നിരിക്കുന്നതെന്നും പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ തന്നെയാണ് സാജു വര്‍ഗീസിന്റെ അനുജന്റെ ക്ഷണപ്രകാരം ചടങ്ങില്‍ ആലഞ്ചേരി പങ്കെടുക്കുന്നതും ബൈജു വര്‍ഗീസിന്റെ വീട് സന്ദര്‍ശിക്കുന്നതുമെല്ലാം. താനുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്നുണ്ടെന്നറിയാമായിരുന്നിട്ടും കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നുപോലും ചിന്തിക്കാതെ സാജു വര്‍ഗീസിന്റെ അനുജന്റെ പരിപാടിയില്‍ പങ്കെടുത്തുവെങ്കില്‍ പിതാവിന് അത്രമേല്‍ അടുപ്പം സാജു വര്‍ഗീസിന്റെ കുടുംബവുമായി ഉണ്ടെന്നാണ് കാണിക്കുന്നതെന്നു വിവരം നല്‍കിയ കേന്ദ്രങ്ങള്‍ വിമര്‍ശനമുയര്‍ത്തുന്നു. അതീവരഹസ്യമായി അത്തരമൊരു പരിപാടി സംഘടിപ്പിച്ചതും പലതും ഒളിച്ചുവയ്ക്കാന്‍ കര്‍ദ്ദിനാളിന് ഉണ്ടെന്നതിന്റെ ഉദാഹരണമാണെന്നും ഇവര്‍ പറയുന്നു.

ഈ വിഷയത്തില്‍ പ്രതികരണമറിയാന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാല്‍ കര്‍ദ്ദിനാളിന്റെ ഔദ്യോഗിക ഇ-മെയില്‍ വഴി അഴിമുഖത്തിന് അദ്ദേഹത്തില്‍ നിന്നും അറിയേണ്ട വിവരങ്ങള്‍ ചോദിച്ച് ചോദ്യാവലി അയച്ചെങ്കിലും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വരെ അതിനോട് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അഴിമുഖം ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയായിരുന്നു;

1-2018 ഡിസംബര്‍ 31 ന് അണക്കര പാസ്റ്ററല്‍ ആനിമേഷന്‍ സെന്ററില്‍ നടന്ന സ്വകാര്യ ചടങ്ങായ ജെസിഐ ക്ലബ്ബിന്റെ ഇന്‍സ്റ്റുലേഷന്‍ സെറിമണിയില്‍ പിതാവ് പങ്കെടുക്കുകയുണ്ടായോ? പങ്കെടുത്തെങ്കില്‍ അതിനുണ്ടായ സാഹചര്യം വിശദമാക്കാമോ?

2 പ്രസ്തുത ചടങ്ങ് ജെസിഐ ക്ലബ് പ്രസിഡന്റായി ശ്രീ ബൈജു വര്‍ഗീസ് കുന്നേല്‍ സ്ഥാനമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നു മനസിലാക്കുന്നു. ശ്രീ ബൈജു വര്‍ഗീസുമായി പിതാവിന് വ്യക്തിബന്ധമോ പരിചയമോ ഉണ്ടോ?

3 പാസ്റ്റല്‍ ആനിമേഷന്‍ സെന്ററില്‍ സ്വകാര്യ ചടങ്ങുകള്‍ അനുവദനീയമല്ല എന്നിരിക്കെ, എന്തുകൊണ്ടാണ് ഒരു സ്വകാര്യ ക്ലബ്ബിന്റെ ചടങ്ങ് സെന്ററില്‍ നടത്താനുണ്ടായ സാഹചര്യം?

4 കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവാദമായി ഉയര്‍ന്നു നില്‍ക്കുന്ന ഭൂമിക്കച്ചവടത്തിന്റെ ഇടനിലക്കാരന്‍ ആയി നിന്ന ശ്രീ സാജു വര്‍ഗീസ് കുന്നേലിന്റെ അനുജനാണ് ശ്രീ ബൈജു വര്‍ഗീസ് കുന്നേല്‍ എന്നിരിക്കെ, പിതാവ് ആ വ്യക്തിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ രഹസ്യമായി പങ്കെടുത്തതിലെ ഔചിത്യം എന്താണ്?

5 ശ്രീ സാജു വര്‍ഗീസ് കുന്നേലിനും പിതാവിനും തമ്മില്‍ ഉണ്ടെന്നു പറയുന്ന ബന്ധത്തെ സാധൂകരിക്കുന്ന തരത്തില്‍ അണക്കരയില്‍ നടന്ന ചടങ്ങിനെ വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടിയാല്‍ പ്രതിരോധിക്കാന്‍ കഴിയുമോ?

6 ശ്രീ ബൈജു വര്‍ഗീസിന്റെ ചടങ്ങില്‍ പങ്കെടുക്കൂക വഴി, നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശ്രീ സാജു വര്‍ഗീസുമായി പിതാവ് ഇപ്പോഴും ബന്ധം തുടരുന്നു എന്ന പരാതി ഉയര്‍ത്തിയാല്‍ നിഷേധിക്കാനാകുമോ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍