UPDATES

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

അതിരൂപതാദ്ധ്യക്ഷന്റെയും സഹായികളുടെയും മേല്‍ വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടുത്തുന്ന കള്ളത്തരങ്ങളാണ് ഇനിയുമുള്ളതെന്നാണ് വിശ്വസി സമൂഹവും വൈദിക സംഘങ്ങളും പറഞ്ഞു തുടരുന്നത്

ഉറ പോയ ഉപ്പ് വലിച്ചെറിഞ്ഞു കളയുക എന്നാണ്. മറ്റുള്ളവരാല്‍ വിശ്വാസം നഷ്ടപ്പെട്ട ഒരുവന്റെ കാര്യത്തിലെന്നപോലെ… എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ നടന്ന ഭൂമിയിടപാടില്‍ അതിരൂപതാധ്യക്ഷന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്യത്തില്‍ സഭാവിശാവാസികള്‍ക്കും സഭയെ പ്രതിനിധാനം ചെയ്യുന്ന വൈദികര്‍ക്കും ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും വിശ്വാസം നഷ്ടപ്പെടല്‍ തന്നെയാണെന്നാണ് SAVE ARCHDIOCESE CAMPAIGN ല്‍ അംഗങ്ങളായ വൈദികരും വിശ്വാസികളും പറയുന്നത്. ഇങ്ങനെയൊരു തട്ടിപ്പ് അതിരൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണെന്നും ഇനിയിത്തരത്തില്‍ ഒന്നും അതിരൂപതയുടെ കീഴില്‍ നടക്കാതിരിക്കാനുമാണ് തങ്ങളുടെ പോരാട്ടമെന്നും ഇവര്‍ പറയുന്നു.

2015 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക-ഭൂമി ഇടപാടുകളെക്കുറിച്ച് പല ഉഹാപോഹങ്ങളും പ്രചരിക്കുകയുണ്ടായെന്നും ഈ വിഷയത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അതിരൂപതയെ സ്‌നേഹിക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണെന്നും അതിരൂപത സംരക്ഷണ കാമ്പയിന്റെ ഭാഗമായ പുരോഹിതന്‍ പറയുന്നു.

അതിരൂപതയ്ക്ക് പൈതൃക സ്വത്തായി കിട്ടിയിട്ടുള്ള ഭൂമിയാണ് ചിലര്‍ ചേര്‍ന്ന് കള്ളക്കച്ചവടം നടത്തി സഭയേയും വിശ്വാസികളെയും ഒരുപോലെ വഞ്ചിച്ച് സ്വാര്‍ത്ഥലാഭം നേടിയിരിക്കുന്നതെന്നാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നവര്‍ പറയുന്നത്. എല്ലാവരുടെയും കണ്ണില്‍പൊടിയിട്ട് നടത്താമെന്നു വിചാരിച്ച ഈ ഭൂമികുംഭകോണം വെളിച്ചത്തില്‍ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പോലും കഴിയാതെ, എന്നാല്‍ ധാര്‍ഷ്ഠ്യം നിറഞ്ഞ പെരുമാറ്റത്താടെ സ്വയം രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയാണ് കുറ്റം ചെയ്തവര്‍ കാണിക്കുന്നത്. നിങ്ങള്‍ വേണമെങ്കില്‍ കോടതിയില്‍ പോയക്കോളൂ എന്നു പറയുന്ന അഹങ്കാരം ചോദ്യം ചെയ്യപ്പെടുമെന്നും വ്യക്തമായ തെളിവുകളാണ് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉള്ളതെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരത്തിനു വരെ തയ്യാറാകുന്ന വൈദികര്‍ പറയുന്നത്. ദൈവശാസനം തള്ളിക്കളയുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ പ്രതിനിധികളായി വിശ്വാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത് സ്വയം അപമാനിക്കപ്പെടലാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതിരൂപതയുടെ പൈതൃക സ്വത്തുവില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് വന്‍ ക്രമക്കേടാണെന്നും കോടികളുടെ നഷ്ടവും സാമ്പത്തികബാധ്യതയുമാണ് ഇപ്പോള്‍ അതിരൂപതയ്ക്ക് ഉണ്ടാക്കി വച്ചിരിക്കുന്നതെന്നും ആരോപിക്കാന്‍ ഇവര്‍ നിരത്തുന്ന വാദങ്ങള്‍ പലതാണ്.

സഭാവഴക്കിന്റെ ചരിത്രം അഥവ തോറ്റുപോയ ന്യായങ്ങള്‍

ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന സ്ഥലം വില്‍പ്പനയിലെ ക്രമക്കേടുകള്‍ക്കു പുറമെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടും വന്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആരോപണം. വേണ്ടായെന്നു തീരുമാനിച്ച മെഡിക്കല്‍ കോളേജ് പ്രൊജക്ടിന് മാര്‍ ആലഞ്ചേരി മുന്‍കൈയെടുത്ത് നടത്തിയ ഇടപാടുകളാണ് ഇപ്പോഴത്തെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട അഴിമതിയിലേക്ക് ശ്രദ്ധ കൊണ്ടെത്തിച്ചതെങ്കിലും ഇതിനുമപ്പുറം അഴിമതികള്‍ അതിരൂപതയ്ക്കുള്ളില്‍ നടന്നിട്ടുണ്ടെന്നാണ് തങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസിലായതെന്ന് ആക്ഷേപം ഉയര്‍ത്തുന്നവര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആരംഭിക്കാനെന്ന പേരില്‍ മറ്റൂരില്‍ 23.22ഏക്കര്‍ വാങ്ങാന്‍ ലോണ്‍ എടുത്തതില്‍ തന്നെ വലിയ കള്ളത്തരം നടന്നിട്ടുണ്ടെന്നു പറയുന്നു. 43.21 കോടി രൂപ സ്ഥലം വാങ്ങാന്‍ ചെലവിട്ടപ്പോള്‍ ഈ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും അതിരൂപത ലോണ്‍ എടുത്തത് 58 കോടി! 43 കോടി രൂപ മാത്രം വിലവരുന്ന ഭൂമി വാങ്ങാന്‍ 58 കോടി ലോണ്‍ എടുത്തതിന് ഉത്തരമില്ല. ബാക്കി വന്ന 15 കോടി എന്തിന് ഉപയോഗിച്ചു എന്നതിനും മറുപടിയില്ല! ഈ പണം കള്ളപ്പണമായി അതിരൂപത ഉടമസ്ഥന് നല്‍കിയോ? വക മാറ്റി ഉപയോഗിച്ചോ? അതോ ആരെങ്കിലും കൈക്കലാക്കിയോ? ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. പക്ഷേ ഒന്നുണ്ട്, 58 കോടി രൂപ ലോണ്‍ എടുത്തതിന് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ഏകദേശം 18 കോടി രൂപ (ഒരു വര്‍ഷം ആറുകോടി പലിശ എന്ന നിലയില്‍) അതിരൂപത പലിശനയിത്തില്‍ ചെലവിട്ടിട്ടുണ്ട്. ഈ പണം ആരുടെ കൈയില്‍ നിന്നും പോകുന്നു? ഇടവകകള്‍ക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് അതിരൂപതയിലേക്ക് നല്‍കും. ഇങ്ങനെ കിട്ടുന്ന പണമാണ് പലിശയടയ്ക്കാന്‍ ഉപയോഗിക്കുന്നത്. അതായത് പവപ്പെട്ട വിശ്വാസികളുടെയടക്കം പണമാണ് ഒരു സംഘം അവരുടെ കള്ളത്തരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്; പിടിയരി ശേഖരിച്ചും മറ്റും വരുമാനം ഉണ്ടാക്കി വളര്‍ന്നൊരു അതിരൂപതയാണിത്. അതാണ് ഇന്ന് ചിലര്‍ ചേര്‍ന്ന് തങ്ങളുടെ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത്; വൈദികര്‍ പറയുന്നു.

ലോണ്‍ ബാധ്യത തീര്‍ക്കാനെന്നാണ് തൃക്കാക്കര, മരട്, വെണ്ണല, കാക്കനാട് എന്നിവിടങ്ങളിലൊക്കെയുള്ള സ്ഥലങ്ങള്‍ വിറ്റതിനു കാരണം പറയുന്നത്. അതിരൂപതയുടെ കീഴിലുള്ള തുണ്ടു ഭൂമികളാണ് വിറ്റതെന്നാണ് ന്യായം. നഗരഭാഗത്ത് ലക്ഷങ്ങള്‍ സെന്റിന് വിലവരുന്ന ഭൂമിയാണ് തുണ്ടു ഭൂമിയെന്ന് നിസ്സാരവത്കരിക്കുന്നത്. ഈ വില്‍പ്പന പോലും തികച്ചും ഗോപ്യമായിട്ടായിരുന്നു നടത്തിയത്. അതിരൂപതയുടെ കീഴിലുള്ള വൈദിക സമൂഹമോ ലക്ഷക്കണക്കിന് വിശ്വാസികളും അറിയാതെ, ഒന്നോരണ്ടോ പേരുടെ താത്പര്യത്തിന് പുറത്തായിരുന്നു ഇത്. ആലോചന സമിതി, സാമ്പത്തികാര്യ സമിതി, വൈദിക സമിതി, പാസ്റ്റര്‍ സമിതി പോലെ പല സമിതികളും ഉണ്ടായിട്ടും കോടിക്കണക്കിനു വിലവരുന്ന ഭൂമിയിടപാട് നടക്കുമ്പോള്‍ ആര്‍ച്ച് ബിഷപ്പും പ്രോക്യൂറ്ററും വികാര്‍ ജനറലുമൊക്കെ മാത്രം അറഞ്ഞു കച്ചവടം നടത്തുക പിന്നീടതേക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ആദ്യം നിഷേധിക്കുക, പിന്നീട് അധികാരത്തിന്റെ ധാര്‍ഷ്ഠ്യംകാണിക്കുക; ഇതാണ് നടക്കുന്നതെന്നും ആക്ഷേപം.

സ്‌പോട്ട്‌ലൈറ്റ്: സഭ ഈ ചിത്രത്തെ സ്വാഗതം ചെയ്തിടത്തു നിന്നാണ് നാം ചര്‍ച്ച തുടങ്ങേണ്ടത്

സഭയുടെ പൈതൃകമായ സ്വത്തുക്കളുടെ പരിപാലനത്തിനും ക്രയവിക്രയങ്ങളിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്നൊരുക്കങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നാണ് കാനോന്‍ നിയമങ്ങള്‍ (കാനോന്‍ 1035, 1036, 1037, 1038, 1042, 934) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. സിവില്‍ നിയമങ്ങള്‍ക്കൊപ്പം കാനോന്‍ നിയമങ്ങളുടെയും പച്ചയായ ലംഘനമാണ് ഇപ്പോഴത്തെ ഭൂമിക്കച്ചവടത്തില്‍ നടന്നിരിക്കുന്നതെന്നു വൈദികര്‍ ചൂണ്ടിക്കാണിക്കുന്നു.

2016 ജൂണില്‍ അതിരൂപതയുടെ കൈവശമുള്ള തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിര്‍വശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികിലുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരത് മാത കോളേജിന് എതിര്‍വശത്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഒരേക്കര്‍ അഞ്ച് സെന്റ് (ഈ ഭൂമി അലക്‌സിയന്‍ ബ്രദേഴ്‌സ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന നിബന്ധനയില്‍ നല്‍കിയതാണ്), കാക്കനാട് നിലപംപതിഞ്ഞ മുകളില്‍ കുസുമഗിരി ആശുപത്രിക്ക് സമീപമുള്ള 20 സെന്റ് (ഇതില്‍ 10 സെന്റ് ആരോ കൈയേറിയതായി പറയുന്നു), വെണ്ണലയില്‍ 23.05 സെന്റ് (ഈ സ്ഥലം മുന്‍പേര്‍ തന്നെ ലിസി ആശുപത്രിക്ക് ആധാരം ചെയ്തു കൊടുത്തതാണെന്നും പറയുന്നു), മരടിലുള്ള 52 സെന്റ് എന്നിങ്ങനെ മൊത്തം മൂന്നേക്കര്‍ 30 സെന്റ് സ്ഥലം 9,0,5000 രൂപയില്‍ കുറയാതെ സെന്റിന് കണക്കാക്കി വില്‍പ്പന ചെയ്തു കൊടുക്കണമെന്ന വ്യവസ്ഥയില്‍ തൃക്കാക്കര വീകെ ഏജന്‍സീസി (veekay agencies)നെ ഏല്‍പ്പിക്കുകയായിരുന്നുവത്രേ.

സെന്റിന് 9,0,5000 രൂപ പ്രകാരം സ്ഥലം വില്‍പ്പനയിലൂടെ അതിരൂപതയ്ക്ക് കിട്ടേണ്ടത് 2986,50,000 രൂപയാണ്. പ്രസ്തുത സ്ഥലങ്ങളില്‍ വെണ്ണലയിലേയും മരടിലേയും ഒഴികെയുള്ളിടത്ത് വില്‍പ്പന നടന്നു കഴിഞ്ഞതായി നവംബര്‍ ആറിന് ബസിലക്കയില്‍ നടന്ന യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വില്‍പ്പന നടന്ന നാലു സ്ഥലങ്ങളുടെ ആകെ വിസ്തീര്‍ണം രണ്ട് ഏക്കര്‍ 55 സെന്റ്. വില്‍പ്പന വ്യവസ്ഥയില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്ന വിലയനുസരിച്ച് ഈ സ്ഥലങ്ങളില്‍ നിന്നും 23,0775000 കോടി രൂപ അതിരൂപതയ്ക്ക് കിട്ടേണ്ടതാണ്. ഈ പറയുന്ന നാല് സ്ഥലങ്ങളുടെയും തീറാധാരങ്ങളിലും അതിരൂപതാധ്യക്ഷന്‍ ഒപ്പുവച്ചിട്ടും ലഭിക്കേണ്ട തുകയുടെ പകുതിപോലും ലഭിച്ചിട്ടില്ല. ആകെ കിട്ടിയതായി ആര്‍ച്ച് ബിഷപ്പ് തന്നെ പറയുന്നത് എതാണ്ട് എട്ടുകോടി രൂപയാണ്. സ്ഥലത്തിന് കിട്ടേണ്ട മുഴുവന്‍ തുകയും കിട്ടി ബോധ്യപ്പെട്ടിട്ടു മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്ന യോഗനിബന്ധന തെറ്റിച്ച്, കിട്ടേണ്ട തുകയുടെ പകുതി പോലും ലഭിക്കാതെ പ്രമാണത്തില്‍ ആര്‍ച്ച് ബിഷപ്പ് ഒപ്പ് വച്ചത് എന്തിനാണെന്നാണ് പരാതിക്കാര്‍ ചോദ്യം ഉയര്‍ത്തുന്നത്.

ഞങ്ങളും വാഴ്ത്തപ്പെട്ടവരല്ലോ; അമേരിക്കയിലെ ഒരു മലയാളി പള്ളിയില്‍ വിശ്വാസികള്‍ സമരത്തിലാണ്

ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒപ്പിട്ടു നല്‍കിയിരിക്കുന്ന ആധാരപ്രകാരം തൃക്കാക്കരയിലും കാക്കനാട്ടും വില്‍പ്പന നടത്തിയ സ്ഥലങ്ങള്‍ പ്ലോട്ടുകളായി തിരിച്ചാണ് വിറ്റിരിക്കുന്നത്. തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിര്‍വശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 70.15 സെന്റ് സ്ഥലം വിറ്റിരിക്കുന്നത് ഏഴ് ചെറിയ പ്ലോട്ടുകളായിട്ടാണ്. ഒരു സെന്റിന് യഥാക്രമം 10,74,113, 7,55,813, 3,08,823 (4 പ്ലോട്ടുകള്‍), 3,09,343, 8,20,000 ലക്ഷത്തിനാണ് ഈ സ്ഥലം വിറ്റിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ മറ്റു വസ്തു ബ്രോക്കര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇവിടെ സെന്റിന് 22 ലക്ഷം മുതല്‍ 25 ലക്ഷം വരെ വിലവരുമെന്നാണ്. അപ്പോഴാണ് 10 ലക്ഷത്തിനടുത്ത് വിലയിട്ട് സ്ഥലം വില്‍പ്പന നടന്നിരിക്കുന്നത്. 22 ലക്ഷം വച്ച് വില കണക്കുകൂട്ടിയാല്‍ പോലും അതിരൂപതയ്ക്ക് നഷ്ടം ഏകദേശം 11 കോടിക്കടുത്ത്.

ഭാരതമാതാ കോളേജിന് എതിര്‍വശത്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 60.26 സെന്റ് സ്ഥലം സാജു വര്‍ഗീസ് എന്നയാള്‍ക്ക് വിറ്റിരിക്കുന്നത് 3,99,70,000 രൂപയ്ക്ക്. ഇവിടെ സെന്റിന് വിലയിട്ടത് 6,63,292 ലക്ഷം. ഇവിടുത്തെ യഥാര്‍ത്ഥ വില സെന്റിന് 25 ലക്ഷത്തിനടുത്ത് വരുമെന്നു പറയുന്നു. അങ്ങനെയാകുമ്പോള്‍ ഈ കച്ചവടത്തിലും അതിരൂപതയ്ക്ക് നഷ്ടം 11 കോടിക്കു മുകളില്‍ (മറ്റൊരു കാര്യം, ഇതേ സ്ഥലം വാങ്ങാനുണ്ടെന്ന ആവശ്യവുമായി ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ സ്ഥലത്തിന്റെ ഉടമകളായവര്‍ പറഞ്ഞ വില സെന്റിന് 32 ലക്ഷം!). അതിരൂപതയുടെ കീഴിലുള്ളതാണ് ഭാരതമാത കോളേജ്. കോളേജിനോട് ചേര്‍ന്നുള്ള സ്ഥലം വിറ്റപ്പോള്‍ വില്‍ക്കുന്ന കാര്യം കോളേജിനോടു പോലും ചോദിച്ചില്ല എന്നതും മറ്റൊരാക്ഷേപം.

കുസുമഗിരിയില്‍ രണ്ടു പ്ലോട്ടുകളായി തിരിച്ച് നടത്തിയ വില്‍പ്പനയില്‍ 12 ലക്ഷം വാല്യുവുള്ളിടത്ത് സെന്റിന് 2,43,243 ലക്ഷം നിശ്ചയിച്ച് 4,81 സെന്റ് സ്ഥലം 11, 70,000 ലക്ഷത്തിനു വിറ്റപ്പോള്‍ 4.96 സെന്റുള്ള മറ്റൊരു പ്ലോട്ട് സെന്റിന് 2,44,354 ലക്ഷം സെന്റിന് നിശ്ചിയിച്ച് 12,12,000 ലക്ഷത്തിന് വിറ്റു. ഈ വകയില്‍ അതിരൂപതയ്ക്ക് നഷ്ടം 93 ലക്ഷത്തിനു മുകളില്‍.

കരുണാലയത്തിനടുത്തുള്ള സ്ഥലം എട്ട് പ്ലോട്ടുകളാക്കിയാണ് വില്‍പ്പന നടത്തിയത്. ഇവിടെ സെന്റിന് എട്ടുലക്ഷം രൂപ അടിസ്ഥന വിലയുണ്ട്. എന്നാല്‍ ഇത് യഥാക്രമം, നാലും അഞ്ചും ലക്ഷം രൂപയ്ക്ക് അടുത്ത് വിലയിട്ടാണ് വില്‍പ്പന നടത്തിയത്. ഓരോ പ്ലോട്ടിനും ഈവകയില്‍ ഉണ്ടായ നഷ്ടം മൊത്തത്തില്‍ കണക്കുക കൂട്ടുകയാണെങ്കില്‍ ഏകദേശം 15 കോടിക്കടുത്താണ്!

സഭ ഇതു പറയൂ, പള്ളിമേടയിലെ ബലാത്സംഗത്തിന് കാരണം മദ്യമോ വീഞ്ഞോ?

ഭൂമിക്ക് കിട്ടേണ്ട യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറച്ച് വില്‍പ്പന നടന്നിരിക്കുമ്പോള്‍ ഈ സ്ഥലങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചതാരാണെന്ന ചോദ്യവും മേല്‍വിവരിച്ച കണക്കുക്കള്‍ പറയുന്നതിനൊപ്പം വൈദികര്‍ ചോദിക്കുന്നു. കാനോന്‍ നിയമങ്ങള്‍ കര്‍ശനമായി ആവശ്യപ്പെടുന്ന expert written evaluation ആരില്‍ നിന്നാണ് ലഭിച്ചതെന്നു വ്യക്തമാകേണ്ടതുണ്ടെന്നും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഇതിനൊപ്പമാണ് മറ്റൊരു പ്രധാന ആരോപണവും അതിരൂപത സംരക്ഷണ കാമ്പയിന്‍ അംഗങ്ങള്‍ ഉയര്‍ത്തുന്നത്. ഭൂമി വില്‍പ്പന നടത്താന്‍ ഒരിടത്തും പരസ്യം നല്‍കാതെ വീകേ ഏജന്‍സീസിനെ ചുമതല ഏല്‍പ്പിച്ചത് എന്തുകൊണ്ട്? അതിരൂപതയ്ക്കുണ്ടായ നഷ്ടം ലാഭമായത് ആര്‍ക്കൊക്കെയാണ്?

വിറ്റ സ്ഥലങ്ങളുടെ തുകയായി 27 കോടിയാണ് അതിരൂപതയ്ക്ക് ഇടനിലക്കാരന്‍ നല്‍കേണ്ടത്. ഇതില്‍ കൊടുത്തിരിക്കുന്നത് ഒമ്പതു കോടി. ബാക്കി 18 കോടി. നോട്ടു നിരോധനവും മറ്റും വന്നതുകൊണ്ടാണ് ബാക്കി തുക നല്‍കാന്‍ താമസം വരുന്നതെന്ന ന്യായത്തില്‍ ഇടനിലക്കാരുടേതായ കോട്ടപ്പട്ടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി അതിരൂപതയ്ക്ക് ഈട് വച്ചു. എന്നാല്‍ ഈ ഭൂമികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന സംശയങ്ങളും ആക്ഷേപങ്ങളും ഇപ്പോള്‍ പറഞ്ഞതിലും വലുത്…

അതിരൂപതാദ്ധ്യക്ഷന്റെയും സഹായികളുടെയും മേല്‍ വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടുത്തുന്ന കള്ളത്തരങ്ങളാണ് ഇനിയുമുള്ളതെന്നാണ് വിശ്വസി സമൂഹവും വൈദിക സംഘങ്ങളും പറഞ്ഞു തുടരുന്നത്…

കുടിക്കേണ്ടവര്‍ കുടിച്ചോട്ടെ, അതിനു സഭയ്ക്കെന്താ? സ്ത്രീധനം, തലവരി, അബ്കാരി ബിസിനസ് ഒക്കെ അതിനു മുമ്പ് നിര്‍ത്തിക്കാമോ?

സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്

ഇടുക്കി ബിഷപ്പിനോട്, പാപ്പയുടെ ചാക്രിക ലേഖനങ്ങള്‍ അങ്ങു കാണാറില്ലേ?

അതിരമ്പുഴ പള്ളിയൊഴികെയുള്ള പള്ളികളില്‍ കുമ്പസാരം നടത്തുന്നവര്‍ ഇനി എന്ത് ചെയ്യും?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍