UPDATES

ട്രെന്‍ഡിങ്ങ്

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

സംഭവിച്ചുപോയൊരു അബദ്ധം ആലഞ്ചേരി പിതാവിനെതിരേയുള്ള നീക്കങ്ങള്‍ക്കുള്ള അവസരമായിട്ടാണ് എതിരാളികള്‍ ഉപയോഗിക്കുന്നതെന്നാണ് അനുകൂല വിഭാഗം വൈദികര്‍ പറയുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭൂമി വിവാദത്തില്‍ അതിരൂപത മെത്രോപ്പോലീത്തയും സഭയുടെ പരാമാധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഗൂഢാലോചനയാണ് നടക്കുന്നതെന്ന പ്രചാരണവുമായി ഒരു വിഭാഗം വൈദികര്‍ രംഗത്ത്. ആരോപണം ഉന്നയിക്കുന്നവര്‍ ആലഞ്ചേരി പിതാവിനെ അദ്ദേഹം വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാനും പകരം മറ്റൊരാളെ കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇതിനു വേണ്ടിയാണ് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് ഒരു കൂട്ടം വൈദികര്‍ പറയുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫെയ്‌സ്ബുക്ക് പേജുകളിലൂടെയും ഇവര്‍ ആലഞ്ചേരി പിതാവിനെ പിന്തുണച്ചുകൊണ്ടും അദ്ദേഹത്തിനെതിരേ ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കെതിരേ തിരിച്ച് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയും രംഗത്തെത്തിയിട്ടുണ്ട്.

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ജീവന്‍ അതീവ ഗുരുതര അവസ്ഥയിലാണെന്നും ഇതിനു കാരണം സഭയിലെ തന്നെ ഏതാനും മെത്രാന്മാരും, വൈദികരുമാണെന്നുമാണ് ഈ കൂട്ടരുടെ ആരോപണം. ആലഞ്ചേരിയെ ഒരു കെണിയില്‍ പെടുത്തി സമ്മര്‍ദ്ദത്തിലാക്കി രാജിവയ്പ്പിക്കാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇവര്‍ പറയുന്നു.

പിതാവിനെ ചതിച്ചവര്‍
ഏതാനും നാളുകള്‍ക്ക് മുന്‍പ് എറണാകുളം അതിരൂപതയുടെ ലിസി ആശുപത്രിയുടെ കടങ്ങള്‍ വീട്ടാനും ഏതാനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും വേണ്ടി സഭയുടെ കീഴിലുള്ള ഒരു ചെറിയ വസ്തു വില്‍ക്കുന്നതിനുള്ള അനുമതിക്കായി ഏതാനും വൈദികര്‍ ആലഞ്ചേരിയെ സമീപിച്ചിരുന്നു. കൂരിയയോടും (സഭാ ആസ്ഥാനം), സഹായ മെത്രന്മാരോടും ആലോചിച്ച് അദ്ദേഹം അനുമതി കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതൊരു ചതിയായിരുന്നു എന്നറിഞ്ഞില്ല. പ്രോക്യുറേട്ടര്‍, ജോഷി പുതുവയുടെ നേതൃത്തത്തില്‍ നടന്ന ഈ ചതിയില്‍ പിതാവ് വീണു, തന്റെ സഹ വൈദികരെ വിശ്വസിച്ചു എന്നതാണ് അദ്ദേഹത്തിന്റെ തെറ്റ്. തങ്ങളോട്  ആലോചിക്കാതെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ സ്വന്തം ഇഷ്ടപ്രകാരം ഈ വസ്തു സ്വന്തമാക്കി എന്നാരോപിച്ച് വൈദികര്‍ ആദേഹത്തെ ഘൊരാവോ ചെയ്തു, രാജി വയ്ക്കുവാനാവശ്യപ്പെട്ടു . കൂടാതെ, അദ്ദേഹത്തിനെതിരെ ഈ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സഭയിലെ മെത്രന്മാര്‍ക്ക് കത്തുകളയയ്ക്കുകയും രാജി വെച്ചില്ലെങ്കില്‍ പത്രത്തില്‍ കൊടുത്തു നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിപ്പോള്‍ വലിയ പിതാവ് കുഴഞ്ഞു വീണു. അതിനാല്‍ തന്നെ, ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ച കാര്യം അതീവ രഹസ്യമായി നാല് ദിവസം ഈ വെള്ളയടിച്ച കുഴിമാടങ്ങള്‍ സൂക്ഷിച്ചു വെച്ചു”; ഒരു വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഒരു വൈദികന്‍ നടത്തുന്ന ആരോപണമാണിത്.

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

സഭയിലെ ആരാധനാക്രമത്തിലുള്ള ഭിന്നത മുതലെടുത്തും എതിരാളികള്‍ ആലഞ്ചേരി പിതാവിനെതിരേ കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് ആക്ഷേപം. ആരാധനാക്രമത്തിലുള്ള ഭിന്നത ഒരു പരിധി വരെ കുറഞ്ഞു വരുന്ന സമയമാണിത്. കുര്‍ബാനയുടെ പേരില്‍ ഉള്ള തര്‍ക്കങ്ങള്‍ മാറി സഭ തീരുമാനിച്ച ഔദ്യോഗിക കുര്‍ബാന പുതുതായി വന്ന എല്ലാ പ്രവാസി രൂപതകളിലും വന്നു. എന്നാല്‍ ഈ മാറ്റം ചിലര്‍ അംഗീകരിക്കുന്നില്ല. സഭയുടെ ഐക്യത്തിനെതിരെ നില്‍ക്കുന്ന എറണാകുളം -അങ്കമാലി അതിരൂപതയിലുള്ളവര്‍, എറണാകുളം സ്വദേശിയായ മെത്രാന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിലാണ് ഇത്തരം ചതികള്‍ നടത്തുന്നതെന്നാണ് ആരോപണം. ആലഞ്ചേരി പിതാവിനെ മാറ്റി പകരം കുര്യാക്കോസ് ഭരണിക്കുളങ്ങരയെ സഭാ തലവന്‍ ആക്കാനാണ് ശ്രമം, ഐക്യം തകര്‍ത്ത് സഭയുടെ ആരാധനാക്രമം തകര്‍ക്കുകയും ഇവരുടെ ലക്ഷ്യമാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു.

വിതയത്തില്‍ പിതാവിന്റെ അവസ്ഥയിലേക്ക് ആലഞ്ചേരി പിതാവിനെയും തള്ളിയിടുന്നു
സഭയുടെ മുന്‍ തലവനായ മാര്‍ വര്‍ക്കി വിതയത്തിലും ഇത്തരക്കാരുടെ ചതിയില്‍പ്പെട്ട് സമ്മര്‍ദ്ദത്തില്‍ ചങ്ക് പൊട്ടിയാണ് മരിച്ചു വീണതെന്നാണ് ഒരു വാട്‌സ്ആപ്പ് സന്ദേശത്തില്‍ ആരോപിക്കുന്നത്. (2011 ഏപ്രില്‍ ഒന്നിനാണ് പൊടുന്നനെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ വിതയത്തില്‍ അന്തരിക്കുന്നത്) പൂര്‍ണ ആരോഗ്യവാനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും ഇതേ അവസ്ഥയിലേക്കാണ് തള്ളിവിടുന്നതെന്നാണ് ഇവരുടെ പരാതി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദത്തില്‍ മനംനൊന്ത്‌ ആരോടും സംസാരിക്കാതെ, സെക്രട്ടറി അച്ഛനെ പോലും മുറിയില്‍ കയറ്റാതെ മൗനമായി പ്രാര്‍ത്ഥിക്കുകയാണ് ആലഞ്ചേരി പിതാവെന്നും ഇവര്‍ പറയുന്നു. ദൈവവിശ്വാസം ഇല്ലാത്ത വൈദികരും മാര്‍ ഭരണിക്കുളങ്ങരയും അദ്ദേഹത്തിന്റെ അടുത്ത വൃത്തമായ വത്തിക്കാനിലെ ഒരു കര്‍ദ്ദിനാള്‍ വഴി ആലഞ്ചേരി പിതാവിനെതിരേ മാര്‍പാപ്പയ്ക്ക് വ്യാജ വിവരങ്ങള്‍ കൈമാറുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

സംഭവിച്ചു പോയത് വെറും അബദ്ധം
അതിരൂപതയുടെ മെത്രാപ്പോലീത്തായും സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരില്‍ ആരോപിക്കുന്ന ഭൂമി കച്ചവട വിവാദം യാഥാര്‍ത്ഥമല്ല എന്നാണ് മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. രൂപത നടത്തിയെന്ന് പറയുന്ന ഭൂമിക്കച്ചവടങ്ങളില്‍ അബദ്ധം പറ്റിയിട്ടുണ്ട് എന്ന് പിതാവ് കത്തുമുഖേന എല്ലാവരേയും അറിയിച്ചിട്ടും പിന്നീട് നടക്കുന്ന വിവാദങ്ങള്‍ അദ്ദേഹത്തിനെതിരേ ഗൂഢലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണെന്നും ഇവര്‍ പറയുന്നു.

സീറോ മലബാര്‍ സഭയുടെ തലവനായ പിതാവിന് സാമ്പത്തികകാര്യങ്ങളില്‍ ക്രമക്കേട് കാണിക്കേണ്ട യാതൊരാവശ്യവുമില്ലായെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. പറഞ്ഞു പറഞ്ഞ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് നുണകള്‍ മാത്രമായിട്ടും വൈദികരായ നിങ്ങള്‍ക്കെന്തുകൊണ്ടാണിത് മടുക്കാത്തതെന്നാണ് ആലഞ്ചേരിയുടെ പിന്തുണക്കാര്‍ അദ്ദേഹത്തിനെതിരേ ആക്ഷേപം ഉയര്‍ത്തുന്നവരോടു ചോദിക്കുന്നത്.

വന്നുപോയ അബദ്ധം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ പിതാവുള്‍പ്പെടെ ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ വൈദികകൂട്ടായ്മയില്‍ നിന്ന് മറച്ചുവച്ചിരുന്നു എന്നത് സത്യം തന്നെ. പല വൈദികരും ഇക്കാര്യങ്ങള്‍ അറിഞ്ഞാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെയായിരിക്കാം അവര്‍ ഈ തീരുമാനം എടുത്തതെന്ന ന്യായവും ഇവര്‍ പറയുന്നു.

പിതാവിനെ നീക്കാനുള്ള ഗൂഢതന്ത്രങ്ങള്‍
സംഭവിച്ചുപോയൊരു അബദ്ധം ആലഞ്ചേരി പിതാവിനെതിരേയുള്ള നീക്കങ്ങള്‍ക്കുള്ള അവസരമായിട്ടാണ് എതിരാളികള്‍ ഉപയോഗിക്കുന്നതെന്നാണ് അനുകൂല വിഭാഗം വൈദികര്‍ പറയുന്നത്. അവസാനമായി നടന്ന വൈദികരുടെ സമ്മേളനത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ സംസാരവും ചര്‍ച്ചയും എല്ലാം നടക്കുകയും പിതാവിന്റെ ഭാഗം വായിച്ചുകേള്‍ക്കുകയും മുന്‍പോട്ടുള്ള നടപടിക്രമങ്ങള്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നതാണെന്നും ഇക്കാര്യങ്ങളെക്കുറിച്ച് ആരും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുത് എന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നതാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വൈദികര്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒന്നുപോലും വിടാതെ മാധ്യമങ്ങളില്‍ വരണമെന്നുണ്ടെങ്കില്‍ അത് കൂട്ടത്തിലുള്ള വൈദികര്‍ തന്നെ നല്‍കിയതായിരിക്കുമെന്നും തീരെ ആലോചനാശേഷിയില്ലാത്തവരും വരുംവരായ്കകളെക്കുറിച്ച് ചിന്തയില്ലാത്തവരുമായ പലരും രൂപതയുടെയും ഇപ്പോള്‍ സഭയുടെ തന്നെയും ശാപമായി മാറുകയാണെന്നും ഈ വൈദികര്‍ കുറ്റപ്പെടുത്തുന്നു.

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന കമ്മീഷന്റെ റിപ്പോര്‍ട്ട് തീര്‍ച്ചയായും, ഇത് പിതാവിനും മറ്റുള്ളവര്‍ക്കും പറ്റിയ അബദ്ധമായിത്തന്നെയാണ് കണ്ടെത്തുക. ക്രമക്കേടുകള്‍ ഇല്ലായെന്നത് പകല്‍വെളിച്ചം പോലെ സത്യവുമാണ്. അതിനാല്‍ത്തന്നെ ഈ റിപ്പോര്‍ട്ടുകള്‍ക്കൊന്നും പിതാവിനെ എറണാകുളത്ത് നിന്ന് നീക്കം ചെയ്യാനാവില്ല എന്നറിയാവുന്നതുകൊണ്ടാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ എതിരാളികള്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ നടത്തുന്നതെന്നും വൈദികര്‍ ആരോപിക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍