UPDATES

ട്രെന്‍ഡിങ്ങ്

സാജു വര്‍ഗീസ് മാത്രമല്ല, സിറോ മലബാര്‍ സഭയെ വഞ്ചിച്ച എല്ലാവരും കുടുങ്ങും; പോരാട്ടം വിജയിക്കുന്നതായി വൈദികര്‍

ആലഞ്ചേരി പിതാവ് മറ്റുള്ളവരാല്‍ കുടുക്കപ്പെട്ടിരിക്കാനാണ് സാധ്യതയെന്നും പക്ഷേ, ഈ ക്രമക്കേടില്‍ അദ്ദേഹത്തിന് തന്റെ പങ്കാളിത്തം നിഷേധിക്കാന്‍ കഴിയില്ലെന്നും ഒരു വിഭാഗം വിശ്വാസികള്‍

സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ പൈതൃക സ്വത്തായിരുന്ന ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്നത് വന്‍ ക്രമക്കേടാണെന്നും കോടികളുടെ നഷ്ടവും സാമ്പത്തികബാധ്യതയുമാണ് ഇതുമൂലം അതിരൂപതയ്ക്ക് ഉണ്ടായതെന്നും ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ തങ്ങളുടെ പോരാട്ടത്തിന്റെ വിജയമായാണ് ആദായ നികുതി വകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ നടപടിയെ വിലയിരുത്തുന്നത്. ആരോപണവിധേയമായ ഭൂമിയിടപാടില്‍ പെട്ട കക്കാനാട് വിറ്റ 64 സെന്റ് ഭൂമി കണ്ടുകെട്ടിയതും ഭൂമിക്കച്ചവടത്തിന്റെ ഇടനിലക്കാരനായ സാജു വര്‍ഗീസിനെതിരേ എടുത്തിരിക്കുന്ന നടപടിയും തങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ സര്‍ക്കാരും ശരിവയ്ക്കുന്നതിന്റെ തെളിവാണെന്നും ഇവര്‍ പറയുന്നു. ഇത് സാജു വര്‍ഗീസില്‍ അവസാനിക്കില്ലെന്നും സഭയിലെ ഉന്നതന്മാരും താമസിയാതെ കുടുങ്ങുമെന്നും SAVE ARCHDIOCESE CAMPAIGN അംഗങ്ങളായ വൈദികര്‍ പറയുന്നു.

തൃക്കാക്കര ഭാരത്മാത കോളേജിനു മുന്നില്‍ ഉണ്ടായിരുന്ന ഭൂമി വിറ്റതില്‍ വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നതാണ്. സെന്റിന് 40 ലക്ഷം രൂപ വില കിട്ടേണ്ടിയിരുന്ന ഭൂമി വെറും 6 ലക്ഷത്തിനായിരുന്നു വിറ്റത്. ആ ഭൂമിയാണ് ഇപ്പോള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആദായ നികുതി വകുപ്പ് ഇക്കാര്യത്തില്‍ വളരെ നന്നായി ഹോം വര്‍ക് ചെയ്യുന്നതായാണ് മനസിലാക്കുന്നത്. സാവധാനമാണെങ്കിലും വളരെ ശക്തമായ നടപടികള്‍ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതും അതുകൊണ്ടാണ്. ഈ നടപടി തന്നെ നമ്മള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ ശരിയായിരുന്നുവെന്ന് നൂറുശതമാനം തെളിയിക്കുന്നതാണ്. ആര്‍ച്ച് ബിഷപ്പിന്റെ അനുയായികള്‍ ഞങ്ങള്‍ക്കെതിരെ പറഞ്ഞിരുന്നത് ലിറ്റര്‍ജി(കുര്‍ബാന)യുടെ പേരില്‍ ആലഞ്ചേരി പിതാവിനെ കരിവാരിത്തേക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു(ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്). ഭൂമിക്കച്ചവട വിവാദം ആലഞ്ചേരിയെ തകര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയ കള്ളക്കഥയാണെന്നായിരുന്നു ആരോപണം. ആദായ നികുതി വകുപ്പിന്റെ നടപടിയോടെ ഞങ്ങളാണോ അവരാണോ ഗൂഢാലോചന നടത്തിയതെന്നു മനസിലായല്ലോ! ഇതൊരു തുടക്കം മാത്രമാണ്. ഇത് ഒറ്റ പ്ലോട്ടാണ്. ഇനിയും അഞ്ച് പ്ലോട്ടുകള്‍ വേറെ കിടക്കുകയാണ്. ആദായ നികുതി വകുപ്പ് ഒരു നടപടി സ്വീകരിക്കുമ്പോള്‍ തെളിവില്ലാതെ, രേഖകള്‍ ഇല്ലാതെ, കണക്കുകള്‍ ശരിയാകാതെ അവര്‍ ഒരിക്കലും ഇങ്ങനെയൊരു വിഷയത്തില്‍ ഇടപെടില്ല. ഇവിടെ അവര്‍ കാര്യങ്ങള്‍ ശരിക്കും പഠിച്ച്, രേഖകള്‍ പരിശോധിച്ച് തന്നെയാണ് ഇടപെട്ടിരിക്കുന്നത്. അതായത് നമ്മള്‍ ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു തന്നെ സര്‍ക്കാരും അംഗീകരിച്ചിരിക്കുന്നു. ഭൂമിക്കച്ചവടത്തില്‍ നമ്മള്‍ പുറത്തു കൊണ്ടുവന്ന കാര്യങ്ങളില്‍ കഴമ്പ് ഉണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാകും. സഭയെ തകര്‍ക്കുന്നത് ആരാണ് എന്ന് വിശ്വാസികളും തിരിച്ചറിയും.

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

ഒരു സാജു വര്‍ഗീസില്‍ മാത്രം നടപടികള്‍ അവസാനിക്കില്ല. അയാള്‍ ഒരാള്‍ മാത്രമല്ല ഇതില്‍ കുറ്റക്കാരന്‍. ഓരോരുത്തരിലേക്ക് ചെന്നെത്തും. ഈ ഭൂമിക്കച്ചവടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരിലും ആദായ നികുതി വകുപ്പിന്റെ കൈകള്‍ പതിയും എന്നു തന്നെ നമുക്ക് ഉറപ്പിക്കാം. ഇതിപ്പോള്‍ ഒരു പ്ലോട്ടിന്റെ കാര്യത്തില്‍ മാത്രമാണല്ലോ നടപടി വന്നിരിക്കുന്നത്. അഞ്ച് പ്ലോട്ടുകള്‍ വേറെയും ഉണ്ട്. അതെല്ലാം അന്വേഷിച്ച് കഴിഞ്ഞാല്‍ ഉന്നതന്മാര്‍ അടക്കം പിടിയിലാകും.

കള്ളപ്പണത്തിന്റെ കളിയും ഈ കച്ചവടത്തിനു പിന്നില്‍ നടന്നിട്ടുണ്ട്. കള്ളപ്പണം ഒരുപാട് ഇതിനകത്ത് ഒളിച്ച് കിടപ്പുണ്ട്. അതും പുറത്തു വരണം. ഇരുട്ട് നിറഞ്ഞ പല മുഖങ്ങളും ഈ കച്ചവടത്തിനു പിന്നിലുണ്ട്. അവരെല്ലാം സത്യത്തിന്റെ വെളിച്ചത്തിലേക്ക് വന്നേ പറ്റൂ ; SAVE ARCHDIOCESE CAMPAIGN അംഗമായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറയുന്നു.

ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്ത് രാജിവയ്ക്കുക; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പോര് മുറുകുന്നു

അതിരൂപത ഭൂമിയിടപാട് കള്ളപ്പണ വിനിയോഗവുമായി കൂടി ബന്ധപ്പെട്ടാണ് ഉണ്ടായിരിക്കുന്നതെന്ന് ചില വിശ്വാസി കേന്ദ്രങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂമിയിടപാട് അന്വേഷിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകമായി അന്വേഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. വിവാദ പുരുഷനായ ഒരു പ്രവാസി വ്യവാസിയും ഇതില്‍ കാര്യമായി ഇടപെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഒരു പ്രമുഖ പത്രം ഇയാളുടെ നിയന്ത്രണത്തിലായിരുന്നു കുറച്ചു നാള്‍. ഇപ്പോഴും അവിടെ അദ്ദേഹത്തിന് ബന്ധങ്ങള്‍ ഉണ്ട്. ആ ബന്ധം ഈ ഭൂമിയിടപാടിലേക്കും നീണ്ടിട്ടുണ്ട് എന്നാണ് ഇവര്‍ നല്‍കുന്ന വിവരം. നോട്ട് നിരോധനം ഉണ്ടായതിനു പിന്നാലെയാണ് അതിരൂപതയിലെ വസ്തു കച്ചവടങ്ങള്‍ നടക്കുന്നതെന്നും കൂട്ടി ചേര്‍ത്തു ചിന്തിച്ചാല്‍ പല കള്ളക്കളികളും മനസിലാക്കാമെന്നും വിശ്വാസി കേന്ദ്രങ്ങള്‍ പറയുന്നു. നമ്മള്‍ ആരാധ്യരെന്ന് കരുതുന്ന പലരും കണക്കില്‍പ്പെടാത്ത പണം വന്നെത്തുന്ന കേന്ദ്രങ്ങളാണ്. ആ പണം വെളുപ്പിക്കാന്‍ ചില വഴികളൊക്കെയുണ്ട്. നോട്ട് നിരോധനം അപ്രതീക്ഷിതമായി ഉണ്ടായതോടെ വെട്ടിലായവരില്‍ ഇവരും പെടും. ആലഞ്ചേരി പിതാവ് മറ്റുള്ളവരാല്‍ കുടുക്കപ്പെട്ടിരിക്കാനാണ് സാധ്യതയെന്നും പക്ഷേ, ഈ ക്രമക്കേടില്‍ അദ്ദേഹത്തിന് തന്റെ പങ്കാളിത്തം നിഷേധിക്കാന്‍ കഴിയില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നു പറയാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതിരൂപതയ്ക്ക് വന്നുപെട്ട ബാങ്ക് ലോണ്‍ ബാധ്യത തീര്‍ക്കാനെന്ന പേരിലായിരുന്നു തൃക്കാക്കര, മരട്, വെണ്ണല, കാക്കനാട് എന്നിവിടങ്ങളിലുള്ള സ്ഥലങ്ങള്‍ വില്‍ക്കുന്നത്. നഗരഭാഗങ്ങളിലായി കിടന്ന ഭൂമിയാണ് പലയിടങ്ങളിലായി വിറ്റത്. എന്നാല്‍ അതിരൂപത പ്രതിനിധികള്‍ പറഞ്ഞത്, വിറ്റത് തുണ്ടുഭൂമികളായിരുന്നുവെന്നും. പ്രസ്തുത ഭൂമി കണ്ടു കഴിഞ്ഞാല്‍ ഈ കള്ളത്തരം പൊളിയും. ഭൂമി വില്‍പ്പന നടത്താന്‍ ഒരിടത്തും പരസ്യം നല്‍കാതെയാണ് വീകേ ഏജന്‍സീസിനു ചുമതല നല്‍കിയത്. അതിരൂപതയുടെ കീഴിലുള്ള വൈദിക സമൂഹമോ ലക്ഷക്കണക്കിന് വിശ്വാസികളും അറിയാതെ, ഒന്നോരണ്ടോ പേരുടെ താത്പര്യത്തിന് പുറത്ത് ഭൂമി വില്‍പ്പന നടത്തിയതില്‍ ചതിയുണ്ട്; ഇതാണ് പരാതിക്കാര്‍ പറയുന്നത്. ആലോചന സമിതി, സാമ്പത്തികാര്യ സമിതി, വൈദിക സമിതി, പാസ്റ്റര്‍ സമിതി പോലെ പല സമിതികളും ഉണ്ടായിട്ടും കോടിക്കണക്കിനു വിലവരുന്ന ഭൂമിയിടപാട് നടക്കുമ്പോള്‍ ആര്‍ച്ച് ബിഷപ്പും പ്രോക്യൂറ്ററും വികാര്‍ ജനറലുമൊക്കെ മാത്രം അറഞ്ഞു കച്ചവടം നടത്തുന്നത് അതില്‍ കള്ളത്തരം ഉണ്ടായിരുന്നതുകൊണ്ടാണെന്നും ഇവര്‍ പറയുന്നു.

2016 ജൂണില്‍ അതിരൂപതയുടെ കൈവശമുള്ള തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിര്‍വശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികിലുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരത് മാത കോളേജിന് എതിര്‍വശത്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 62.33 സെന്റ്( ഈ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്), തൃക്കാക്കര കരുണാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഒരേക്കര്‍ അഞ്ച് സെന്റ് (ഈ ഭൂമി അലക്‌സിയന്‍ ബ്രദേഴ്‌സ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന നിബന്ധനയില്‍ നല്‍കിയതാണ്), കാക്കനാട് നിലപംപതിഞ്ഞ മുകളില്‍ കുസുമഗിരി ആശുപത്രിക്ക് സമീപമുള്ള 20 സെന്റ് (ഇതില്‍ 10 സെന്റ് ആരോ കൈയേറിയതായി പറയുന്നു), വെണ്ണലയില്‍ 23.05 സെന്റ് (ഈ സ്ഥലം മുന്‍പേര്‍ തന്നെ ലിസി ആശുപത്രിക്ക് ആധാരം ചെയ്തു കൊടുത്തതാണെന്നും പറയുന്നു), മരടിലുള്ള 52 സെന്റ് എന്നിങ്ങനെ മൊത്തം മൂന്നേക്കര്‍ 30 സെന്റ് സ്ഥലം 9,0,5000 രൂപയില്‍ കുറയാതെ സെന്റിന് കണക്കാക്കി വില്‍പ്പന ചെയ്തു കൊടുക്കണമെന്ന വ്യവസ്ഥയില്‍ തൃക്കാക്കര വീകെ ഏജന്‍സീസി (veekay agencies)നെ ഏല്‍പ്പിക്കുകയായിരുന്നു.

സെന്റിന് 90,5000 രൂപ പ്രകാരം സ്ഥലം വില്‍പ്പനയിലൂടെ അതിരൂപതയ്ക്ക് കിട്ടേണ്ടിയിരുന്നത് 2986,50,000 രൂപയായിരുന്നു. പ്രസ്തുത സ്ഥലങ്ങളില്‍ വെണ്ണലയിലേയും മരടിലേയും ഒഴികെയുള്ളിടത്ത് വില്‍പ്പന നടന്ന വിവരം നവംബര്‍ ആറിന് ബസിലക്കയില്‍ നടന്ന യോഗത്തിലാണ് ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി അറിയിക്കുന്നത്. വില്‍പ്പന നടന്ന നാലു സ്ഥലങ്ങളുടെ ആകെ വിസ്തീര്‍ണം രണ്ട് ഏക്കര്‍ 55 സെന്റ് ആയിരുന്നു. വില്‍പ്പന വ്യവസ്ഥയില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്ന വിലയനുസരിച്ച് ഈ സ്ഥലങ്ങളില്‍ നിന്നും 23,0775000 രൂപയാണ് അതിരൂപതയ്ക്ക് കിട്ടേണ്ടിയിരുന്നത്. എന്നാല്‍ ആ നാല് സ്ഥലങ്ങളുടെയും തീറാധാരങ്ങളില്‍ അതിരൂപതാധ്യക്ഷന്‍ ഒപ്പുവച്ചിട്ടും ലഭിക്കേണ്ട തുകയുടെ പകുതിപോലും ലഭിച്ചില്ലെന്നതാണ് ക്രമക്കേടുകളുടെ തെളിവായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ ഒന്ന്. ആകെ കിട്ടിയതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് എട്ടുകോടി ആയിരുന്നു. സ്ഥലത്തിന് കിട്ടേണ്ട മുഴുവന്‍ തുകയും കിട്ടി ബോധ്യപ്പെട്ടിട്ടു മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്ന യോഗനിബന്ധന തെറ്റിച്ച്, കിട്ടേണ്ട തുകയുടെ പകുതി പോലും ലഭിക്കാതെ പ്രമാണത്തില്‍ ആര്‍ച്ച് ബിഷപ്പ് ഒപ്പ് വച്ചത് എന്തിനു വേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് എന്നായിരുന്നു പരാതിക്കാര്‍ ഉയര്‍ത്തിയ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരങ്ങള്‍ പുറത്തു വരുന്നതിന്റെ തുടക്കമാണ് ആദായി നികുതി വകുപ്പിന്റെ നടപടികള്‍ എന്നാണ് ഫാ. ആഗസ്റ്റിന്‍ വട്ടോളി ചൂണ്ടിക്കാണിക്കുന്നത്.

ഭാരതമാതാ കോളേജിന് എതിര്‍വശത്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികിലെ 60.26 സെന്റ് സ്ഥലമാണ് സാജു വര്‍ഗീസ് വാങ്ങുന്നത് 3,99,70,000 രൂപയ്ക്കായിരുന്നു. ഇവിടെ സെന്റിന് വിലയിട്ടിരുന്നത് 6,63,292 ലക്ഷമായിരുന്നു. എന്നാല്‍ ഈ ഭൂമിക്ക് സെന്റിന് 25 ലക്ഷത്തിനടുത്ത് വരുമെന്നായിരുന്നു സേവ് ആര്‍ച്ച് ഡയോസീസ് കാമ്പയിന്‍കാര്‍ അന്നേ പറഞ്ഞത്. ഭൂമിക്കച്ചവടം ചെയ്യുന്നവര്‍ തന്നെയാണ് തങ്ങളോട് ആ ഭൂമിയുടെ യഥാര്‍ത്ഥ വില പറഞ്ഞു തന്നതെന്നും ഫാ. വട്ടോളി പറയുന്നുണ്ട്. തൃക്കാക്കരയിലെ ആ ഭൂമിക്കച്ചവടത്തിലുടെ അതിരൂപതയ്ക്ക് നഷ്ടം 11 കോടിക്കു മുകളിലായിരുന്നുവെന്നും സേവ് സേവ് ആര്‍ച്ച് ഡയോസീസ് കാമ്പയിന്‍ അംഗങ്ങള്‍ പറയുന്നു. അതിരൂപതയുടെ കീഴിലുള്ളതാണ് ഭാരതമാത കോളേജ്. കോളേജിനോട് ചേര്‍ന്നുള്ള സ്ഥലം വില്‍ക്കുന്ന കാര്യം കോളേജിനോടു പോലും ചോദിച്ചിരുന്നില്ലെന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 3.99,70,000 രൂപയ്ക്ക് വാങ്ങിയ ഈ ഭൂമി സാജു മറിച്ച് വിറ്റത് 39 കോടിയ്ക്കാണ്. എത്ര വലിയ നഷ്ടമാണ് അതിരൂപതയ്ക്ക് ഭൂമി വില്‍പ്പന നടത്തിയവര്‍ വരുത്തിവച്ചതെന്ന് ആലോചിക്കാനാണ് ഫാ. വട്ടോളിയെ പോലെ ഈ കച്ചവടത്തിലെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പറയുന്ന വൈദികര്‍ പറയുന്നത്. ഇപ്പോള്‍ ആദായ നികുതി വകുപ്പ് തന്നെ സാജു വര്‍ഗീസ് നടത്തിയ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. എന്തായാലും അയാള്‍ ഒറ്റയ്ക്ക് തീരുമാനിച്ച് എറണാകുളം-അങ്കമാലി അതിരൂപതയെ പറ്റിക്കുകയായിരുന്നുവെന്ന് കരുതാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അയാള്‍ക്ക് സഭയ്ക്കുള്ളില്‍ നിന്നു തന്നെ സഹായം കിട്ടി. അതാണ് വെളിപ്പെടേണ്ടതും; പരാതിക്കാര്‍ പറയുന്നു.

അതിരൂപതയില്‍ വിശ്വാസിക്ക് കിട്ടാത്ത സ്വീകരണം സ്ഥലക്കച്ചവടക്കാരന് നല്‍കിയവര്‍; പുറത്തുവരുന്നത് വന്‍ തട്ടിപ്പിന്റെ തെളിവുകള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍