UPDATES

ട്രെന്‍ഡിങ്ങ്

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്: ആദിത്യ 24 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍, ഒരു തരത്തിലുമുള്ള ഉപദ്രവും പാടില്ലെന്നു കോടതിയുടെ കര്‍ശന നിര്‍ദേശം

തനിക്ക് പൊലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായ പീഡനം ഏറ്റെന്ന് ആദിത്യ ഇന്നലെ പറഞ്ഞിരുന്നു

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ അറസ്റ്റിലായ ആദിത്യയെ ഒരു ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ആദിത്യയെ കോടതിയില്‍ ഹാജരാക്കണം. കേസില്‍ മൂന്നാംപ്രതിയാണ് ആദിത്യ. ആദിത്യയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

മൂന്നു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയില്‍ അപേക്ഷിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിപ്പിച്ച് മൂന്നു ദിവസത്തോളം ആദിത്യയെ കസ്റ്റഡിയില്‍ വച്ചിരുന്നു.

അതേസമയം ആദിത്യയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. നേരത്തെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചാണ് ആദിത്യയെ കൊണ്ട് പൊലീസ് നിര്‍ബന്ധിത മൊഴിയെടുപ്പിച്ചതെന്ന പരാതി നിലനില്‍ക്കുമ്പോള്‍ വീണ്ടും ആദിത്യയെ പൊലീസിന് വിട്ടുകൊടുക്കുന്നത് ജീവന്‍ തന്നെ അപകടത്തിലാക്കാമെന്നു പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഈയൊരു സാഹചര്യം ഗൗരവത്തില്‍ എടുത്ത കോടതി, ആദിത്യയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാന്‍ പാടില്ലെന്നു അന്വേഷണ ഉദ്യേഗസ്ഥരോട് കര്‍ശനമായി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലവും എഴുതി വാങ്ങിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പീഡനമേറ്റാല്‍ അക്കാര്യം തുറന്നു പറയണമെന്ന് ആദിത്യയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് പൊലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായ പീഡനം ഏറ്റെന്ന് ആദിത്യ ഇന്നലെ പറഞ്ഞിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴിയെടുക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചുള്ള പരാതി ആദിത്യ വെളിപ്പെടുത്തിയത്. തന്റെ കാല്‍നഖം പിഴുതെടുക്കാന്‍ വരെ പൊലീസ് ശ്രമിച്ചെന്നാണ് ആദിത്യയുടെ പരാതി. പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് തന്നെക്കൊണ്ട് കുറ്റം സമതിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. തിരിച്ചു ചെന്നാല്‍ ആദിത്യയെ കൊന്നു കളയുമെന്നാണ് പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നതായി ആദിത്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ആദിത്യയും ഇക്കാര്യം മജിസ്ട്രേറ്റിനോട് സമ്മതിച്ചു. ഇതേ തുടര്‍ന്ന് ആദിത്യയെ കോടതി വൈദ്യ പരിശോധനയ്ക്കായി അയച്ചു. കോടതിയില്‍ നിന്ന് പുറത്ത് വന്ന ആദിത്യ മാധ്യമങ്ങളോട് തനിക്കുണ്ടായ അനുഭവങ്ങള്‍ നേരിട്ട് പങ്കുവച്ചിരുന്നു. പൊലീസ് മര്‍ദ്ദിച്ചെന്നു പരാതി പറഞ്ഞതോടെ ആദിത്യയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിന് കൈമാറുകയും ചെയ്തു.

ചൊവ്വാഴ്ച്ച വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ ആദിത്യ രഹസ്യ മൊഴി നല്‍കിയത്. വൈദ്യ പരിശോധന കഴിഞ്ഞ് വൈകുന്നേരം 4.45നു തിരിച്ചു വന്ന ആദിത്യയെ മജിസ്ട്രേറ്റ് തന്റെ ചേംബറില്‍ ഏകദേശം രണ്ടു മണിക്കൂര്‍ സ്വന്തം തീരുമാനപ്രകാരം മൊഴി കേള്‍ക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് പുറത്ത് കോടതിയില്‍ മജിസ്ട്രേറ്റ് ബുധനാഴ്ച്ച ആദിത്യയുടെ ജാമ്യ അപേക്ഷയിലും കസ്റ്റഡി ആവശ്യത്തിലും വാദം തുടരാമെന്നും പ്രതിയെ ബുധനാഴ്ച്ച വീണ്ടും ഹാജരാക്കാനും നിര്‍ദേശിച്ചത്. അന്വേഷണ ചമുതലയുള്ള ആലുവ ഡിവൈഎസ്പി ബുധനാഴ്ച്ച അസൗകര്യം അറിയിച്ചെങ്കിലും കോടതി അത് സമ്മതിച്ചില്ല. താങ്കള്‍ വന്നാലും വന്നില്ലെങ്കിലും നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കാനായിരുന്നു മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും വൈദികരും എഎംടി പ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകം പേര്‍ ഇന്നലെ കോടതിയില്‍ എത്തിയിരുന്നു.

കോടതി നിര്‍ദേശ പ്രകാരം ഇന്ന് ഹാജരാക്കിയപ്പോഴാണ് ഒരു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് നാളെ ആദിത്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു കോടതി നിര്‍ദേശിച്ചത്.

വ്യാജരേഖ കേസിലെ ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടും നാലാം പ്രതി ഫാ. ടോണി കല്ലൂക്കാരനും ഗൂഡാലോചന നടത്തി ഐഐടി ഗവേഷക വിദ്യാര്‍ത്ഥിയായ ആദിത്യയെ കൊണ്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമയക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാലാം പ്രതിയാക്കപ്പെട്ട ഫാ.ടോണി കല്ലൂക്കാരന്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും പൊലീസ് പറയുന്നു.

Read More: ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍