UPDATES

വ്യാജരേഖ കേസ്; വൈദികരുടെ അറസ്റ്റ് കോടതി തടഞ്ഞു, കര്‍ശന ഉപാധികളോടെ ചോദ്യം ചെയ്യാന്‍ അനുവാദം

മൂന്നാം പ്രതിയും ഐഐടി വിദ്യാര്‍ത്ഥിയുമായി ആദിത്യയുടെ ജാമ്യം നാളെ പരിഗണിക്കും

വ്യാജരേഖ കേസില്‍ പ്രതികളാക്കപ്പെട്ട വൈദികരുടെ അറസ്റ്റ് തടഞ്ഞ് കോടതി. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചുവെന്ന കേസിലെ പ്രതികളാക്കപ്പെട്ട ഫാ.പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവറെ അറസ്റ്റ് ചെയ്യുന്നതാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞത്. വൈദികര്‍ വ്യാഴാച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. വ്യാജരേഖ കേസില്‍ ജൂണ്‍ അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ച കോടതി കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു. വൈദികരെ ഒരമിച്ച് ചോദ്യം ചെയ്യാന്‍ അനുവദിക്കണെമെന്നാവശ്യവും കോടതി നിരാകരിച്ചു.

വൈദികരെ ചോദ്യം ചെയ്യുന്നതിന് കര്‍ശന ഉപാധികളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പകല്‍ 10 മണി മുതല്‍ നാലുമണി വരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ സമയം നല്‍കിയിരിക്കുന്നത്. വൈദികര്‍ ആവശ്യപ്പെട്ടാല്‍ ഇടവേള നല്‍കണം. ചോദ്യം ചെയ്യുന്ന അവസരത്തില്‍ അഭിഭാഷകരുടെ സഹായം വൈദികര്‍ക്ക് തേടാം. രണ്ട് അഭിഭാഷകര്‍ സ്ഥലത്തുണ്ടാകണം. വൈദികരെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ പാടില്ല. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ നടപടികള്‍ പിന്നീട് ആലോചിക്കും.

അതേസമയം കേസിലെ മൂന്നാം പ്രതിയും ഐഐടി വിദ്യാര്‍ത്ഥിയുമായ ആദിത്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെക്കു മാറ്റി.

ആദിത്യയ്ക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്നത് വെറും ആരോപണമെന്ന് ഇന്നു പ്രോസിക്യൂഷന്‍ കോടതില്‍ വാദിച്ചിരുന്നു. മജിസ്ട്രേറ്റിന് ആദിത്യ കൊടുത്ത മൊഴി എങ്ങനെ അവിശ്വസിക്കുമെന്നായിരുന്നു കോടതി പ്രോസിക്യൂഷനോട് തിരിച്ചു ചോദിച്ചത്. മറ്റുള്ളവരുടെ സ്വാധീനത്താല്‍ പറഞ്ഞതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ആളെ പുറത്തു നിന്നുള്ളവര്‍ക്ക് സ്വാധിനിക്കാന്‍ കഴിയുമോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിക്കുകയുണ്ടായി. ആദിത്യ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി മറ്റുള്ളവരുടെ സ്വാധീനം കൊണ്ട് പറഞ്ഞതാണെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ജോര്‍ജ് ആലഞ്ചേരിയുടെ കര്‍ദിനാള്‍ സ്ഥാനം കളയാനുള്ള ഗൂഢാലോചനയാണ് വ്യാജരേഖ ചമച്ചതിനു പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ ഇന്നു കോടതിയില്‍ വാദിച്ചത്. എന്നാല്‍ അപകീര്‍ത്തികരമായ രേഖകള്‍ ചമയ്ക്കുക ഉണ്ടായിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കിയത്. രേഖയില്‍ പറയുന്നത് മിസ്റ്റര്‍ ജോര്‍ജ് ആലഞ്ചേരി എന്നാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നല്ല പറയുന്നതെന്നും പേര് കണ്ട് പേടിച്ച് കൊടുത്ത കേസാണിതെന്നും ഇത് പരസ്യപ്പെടുത്തിയിരിക്കുന്ന രേഖയല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സഭയ്ക്ക് മാനഹാനിയുണ്ടാകാന്‍ സാധ്യതയുള്ള ഒന്ന് കണ്ടപ്പോള്‍ അത് എടുത്തുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഫാ.പോള്‍ തേലക്കാട്ടിന്റെ അഭിഭാഷകനും കോടതിയില്‍ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍