UPDATES

കര്‍ദിനാള്‍ ആലഞ്ചേരി ഉറപ്പ് പാലിച്ചില്ല; വ്യാജ രേഖ കേസില്‍ വിശദീകരണവുമായി എറണാകുളം-അങ്കമാലി അതിരൂപത

വ്യാജരേഖ കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന പരാതിയും അതിരൂപത ആവര്‍ത്തിക്കുന്നു

വ്യാജ രേഖ കേസില്‍ ഫാ. പോള്‍ തേലക്കാടിനെയും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപത പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പുറത്തിറക്കിയ വിശദീകരണ കുറപ്പിലാണ് വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് അതിരൂപതയുടെ നിലപാടുകളും വിമര്‍ശനങ്ങളും ഉള്ളത്. ഈ വിശദീകരണം ഞായറാഴ്ച്ച പള്ളികളില്‍ വായിക്കുകയും ചെയ്തു. വ്യാജരേഖ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ആദിത്യയ്ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും പള്ളികളില്‍ വൈദികര്‍ വിശ്വാസികളോട് പങ്കുവച്ചു. വ്യാജരേഖ കേസില്‍ വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന അനുമാനത്തില്‍ തന്നെയാണ് എറണാകുളം-അങ്കമാലി അതിരൂപത. അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ അതിരൂപത ആസ്ഥാനത്ത് വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് വാര്‍ത്ത സമ്മേളനം നടത്തിയതിനു പിന്നാലെയാണ് പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് വിശദീകരണ കുറിപ്പ് പുറത്തിറിക്കിയിരിക്കുന്നതും.

അതിരൂപതയില്‍ ഉണ്ടായ സംഭവികാസങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിനും തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയെന്നു വ്യക്തമാക്കി കൊണ്ട് തുടങ്ങുന്ന വിശദീകരണ കുറിപ്പില്‍ ഇപ്പോള്‍ വ്യാജരേഖ എന്നു പറയുന്ന രേഖകള്‍ യഥാര്‍ത്ഥത്തില്‍ വ്യാജരേഖകള്‍ അല്ലെന്ന സൂചന തന്നെയാണ് ആവര്‍ത്തിക്കുന്നത്. സഭയിലെ ഒരു വൈദികനും ഇപ്രകാരമുള്ള രേഖകള്‍ ഉണ്ടാക്കുന്നതിന് പ്രേരണ നല്‍കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്നും വിശദീകരണ കുറിപ്പില്‍ അതിരൂപത ആവര്‍ത്തിക്കുന്നു. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും വസ്തുതതാവിരുദ്ധവും തെറ്റിദ്ധാരണാജനകവും ആണെന്നും ആ രേഖകള്‍ ഉപയോഗിച്ച് കര്‍ദിനാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന പ്രചാരണം സത്യവിരുദ്ധമാണെന്നും ഉപ്പിച്ചു പറയുന്നു.

വ്യാജരേഖ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആദിത്യ എന്ന യുവാവിനോട് പൊലീസ് അതിക്രൂരമായാണ് പെരുമാറുന്നതെന്നും അതിരൂപത വിശ്വാസികളോട് പറയുന്നു. അന്വേഷണ വിധേയനായ യുവാവിനെ 48 മണിക്കൂര്‍ അനധികൃതമായി പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുകയും അതിക്രൂരമായും പ്രാകൃതമായും പീഡപ്പിച്ച്, വൈദികരുടെ പ്രേരണയാല്‍ ഈ രേഖകള്‍ അവന്‍ സ്വയം നിര്‍മിച്ചതാണെന്നു മൊഴി നല്‍കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്; പ്രൊ-പ്രോട്ടോസിഞ്ചെലൂസ് തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാജരേഖ കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന പരാതിയും അതിരൂപത ആവര്‍ത്തിക്കുന്നുണ്ട്. യുവാവിന്റെ കസ്റ്റഡി പീഡനത്തെ സംബന്ധിച്ച് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ പരാതി അതിരൂപത ആവര്‍ത്തിച്ചിരിക്കുന്നത്.

വ്യാജമെന്ന് ആരോപിക്കപ്പെടുന്ന രേഖകളുടെ സത്യാവസ്ഥ ഒരു ജുഡീഷ്യല്‍ അന്വേഷണം വഴിയോ സിബിഐ അന്വേഷണം വഴിയോ പുറത്തു കൊണ്ടുവരണമെന്ന ആവശ്യത്തിലും അതിരൂപത ഉറച്ചു നില്‍ക്കുകയാണ്.

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ പ്രത്യക്ഷ വിമര്‍ശനം തന്നെയാണ് പ്രൊ-പ്രോട്ടോസിഞ്ചൂല്ലസിന്റെ വിശദീകരണ കുറിപ്പില്‍ ഉള്ളത്. കര്‍ദിനാള്‍ ആലഞ്ചേരിയെ മനഃപൂര്‍വം അപമാനിക്കാനാണ് വ്യാജരേഖകള്‍ ചമച്ചതെന്നും അതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപിച്ച് ഫാ. പോള്‍ തോലക്കാടിനെയും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതികളാക്കി ക്രിമിനല്‍ കേസില്‍ കൊടുത്തപ്പോള്‍ കര്‍ദിനാള്‍ പറഞ്ഞത് ഇരുവരെയും പ്രതികളാക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും രണ്ടുപേരെയും പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട എല്ല ശ്രമങ്ങളും നടത്തുമെന്നിമായിരുന്നു. എന്നാല്‍ കര്‍ദിനാള്‍ നല്‍കിയ ഉറപ്പ് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അതിനാല്‍ തന്നെ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പും ഫാ. പോള്‍ തേലക്കാട്ടും ക്രിമിനല്‍ കേസ് പ്രതികളായി തുടരുകയാണെന്നും എറണാകുളം-അങ്കമാലി അതിരൂപത കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍