UPDATES

ട്രെന്‍ഡിങ്ങ്

കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമിയിടപാട് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച 15 പുരോഹിതരെ കുടുക്കാനുള്ള മത-കോര്‍പ്പറേറ്റ്-ഭരണകൂട കളിയോ വ്യാജരേഖ കേസ്?

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആകെയുള്ള 450 ഓളം പുരോഹിതരില്‍ പത്തോ പതിനഞ്ചോ പേരൊഴികെ ബാക്കിയുള്ളവരും അഞ്ചുലക്ഷത്തോലം വിശ്വാസികളും ഈ ശ്രമങ്ങള്‍ക്കെതിരേ നില്‍ക്കും

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചു എന്ന കേസ് ഒരു മത-കോര്‍പ്പറേറ്റ്-ഭരണകൂട സംഘത്തിന്റെ തന്ത്രമോ? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ വൈദികരും വിശ്വാസികളും വിരല്‍ ചൂണ്ടുന്നത് ഇങ്ങനെയൊരു കൂട്ടുകെട്ടിനു നേരെയാണ്. എന്തുകൊണ്ട് ഇത്തരമൊരു കൂട്ടുകെട്ട് പിറന്നു എന്നതിന് രണ്ടു കാരണങ്ങളാണ് പറയുന്നത്. ഒന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടം. രണ്ട്, സിറോ മലബാര്‍ സഭയിലെയും ലത്തീന്‍ സഭയിലേയും ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു രാജ്യാന്തര കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന നിക്ഷേപങ്ങള്‍. ആദ്യത്തെ കേസില്‍ പ്രതികളായവര്‍ക്ക് രക്ഷപ്പെടണം, രണ്ടാമത്തെ പരാതിയില്‍ സത്യമുണ്ടെന്നു സ്ഥാപിക്കപ്പെടരുത്. ഇതു രണ്ടിനു വേണ്ടി ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റ് ഭീമന്റെയും പിന്തുണയോടു കൂടി മത മേധാവികള്‍ നടത്തുന്ന നീക്കങ്ങളാണ് വ്യാജരേഖ കേസ് എന്നാണ് അഴിമുഖത്തോട് സംസാരിച്ചവര്‍ പറയുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാടിനെ കുറിച്ച് സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍മേല്‍ വത്തിക്കാന്‍ നടപടി ഉണ്ടാകാനിരിക്കുന്ന സാഹചര്യത്തിലാണ് വ്യാജരേഖ കേസ് ഉയര്‍ന്നു വന്നതെന്നാണ് ആദ്യത്തെ കാരണത്തിന് അടിസ്ഥാനമാക്കുന്നത്. രഹസ്യസ്വഭാവമുള്ള പ്രസ്തുത റിപ്പോര്‍ട്ട് കര്‍ദിനാള്‍ ആലഞ്ചേരിക്ക് എതിരായതാണെന്നാണ് സൂചന. ഉചിതമായ നടപടി റിപ്പോര്‍ട്ടിന്‍മേല്‍ ഉണ്ടാകുമെന്ന ഉറപ്പ്, അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്‍ദ്രി നല്‍കിയിട്ടുള്ളതാണ്. ആയതിനാല്‍ അന്യായം നടന്നിട്ടുണ്ടെന്നു വന്നാല്‍ അതിനുള്ള നടപടി കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മാര്‍പാപ്പ സ്വീകരിക്കും. അതുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഒരുപക്ഷേ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന നടപടി.

ഇതു മുന്നില്‍ കണ്ടാണ് കര്‍ദിനാളിനെതിരേ വ്യാജരേഖ ചമച്ചൂവെന്ന പേരില്‍ കേസ് ഉണ്ടാകുന്നതും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും വൈദികരും അടക്കം പ്രതികളാകുന്നതെന്നുമാണ് ആക്ഷേപം. നിലവില്‍ വ്യാജരേഖ കേസില്‍ പ്രതികളാക്കിയിരിക്കുന്നവര്‍ ഫാ. പോള്‍ തേലക്കാട്(ഒന്നാം പ്രതി) അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്(രണ്ടാം പ്രതി) ഐഐടി ഗവേഷക വിദ്യാര്‍ത്ഥിയും സഭാംഗവുമായ ആദിത്യ(മൂന്നാം പ്രതി), ഫാ. ടോണി കല്ലൂക്കാരന്‍ (നാലാം പ്രതി) എന്നിവരാണ്. പ്രതികളുടെ ലിസ്റ്റ് ഇനിയും കൂടാമെന്നും അതില്‍ കൂടുതല്‍ വൈദികരും മെത്രാന്മാരും ഉണ്ടാകുമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. നിലവിലെ പ്രതികളില്‍ ആദിത്യയെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി മൂന്നുപേരും-രണ്ട് വൈദികരും ഒരു ബിഷപ്പും- ഭൂമിയിടപാട് വിഷയത്തില്‍ ബന്ധപ്പെട്ടവരാണ്.

സിറോ മലബാര്‍ സഭയില്‍ മാത്രമല്ല, പൊതുസമൂഹത്തില്‍ തന്നെ സ്വീകാര്യനാണ് ഫാ. പോള്‍ തേലക്കാട്ട് എന്ന വന്ദ്യവയോധികനായ പുരോഹിതന്‍. വര്‍ഷങ്ങളോളം കെസിബിസി (കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍) വക്താവായി പ്രവര്‍ത്തിച്ചയാള്‍, സത്യദീപം മാസികയുടെ പത്രാധിപര്‍; ഫാ. തേലക്കാട്ടിന് യോഗ്യതകളും വിശേഷണങ്ങളും ഏറെയുണ്ട്. അങ്ങനെയുള്ളൊരു വൈദികനെയാണ് സഭ തന്നെ നല്‍കിയ കേസിലൂടെ ഒരു ക്രിമിനല്‍ പ്രതിയാക്കിയത്. എന്തുകൊണ്ട്? മനഃപൂര്‍വമല്ലാത്തൊരു വീഴ്ച്ചയായി അതിനെ കാണരുത്. കാരണം, ഒരു സമയത്ത് അങ്ങനെയൊരു ന്യായം കര്‍ദിനാളും സഭ നേതൃത്വും പറഞ്ഞിരുന്നു, തേലക്കാട്ടച്ചന്റെ പേര് എഫ് ഐ ആറില്‍ വന്നത് ഒരു പിഴവാണെന്നും അതു തിരുത്തുമെന്നും. എന്നാലത് ഉണ്ടായില്ല, എന്നു മാത്രമല്ല, ഫാ. തേലക്കാട്ടിനെ പ്രതിയാക്കി തന്നെ മുദ്രകുത്താന്‍ സഭ നേതൃത്വത്തില്‍ നിന്നും അവരോട് കൂറു കാണിക്കുന്ന ഒരു ചെറു വിശ്വാസി വിഭാഗത്തില്‍ നിന്നും ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പുരോഹിത വിഭാഗത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍; തേലക്കാട്ടച്ചനെ മനഃപൂര്‍വം തന്നെ ടാര്‍ഗറ്റ് ചെയ്തിരിക്കുകയാണ്. എന്തുകൊണ്ട്്? ആദരണീയനായ പുരോഹിതനാണെങ്കിലും ഫാ. പോള്‍ തേലക്കാട്ട് സഭ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അപ്രിയനയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണായാക്കിയ ഫാ. റോബിന്‍ വടക്കാഞ്ചേരി, ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനം തുടങ്ങി സഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങളിളെല്ലാം നിക്ഷിപ്ത താത്പര്യക്കാരെ അവഗണിച്ച് ഫാ. തേലക്കാട്ട് സ്വയം വിമര്‍ശനാത്കമായ നിലപാടുകള്‍ പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഇത് സഭയെ വിഷമത്തിലാക്കുന്നതാണെന്ന കുറ്റപ്പെടുത്തലായിരുന്നു ഉന്നതര്‍ക്കുണ്ടായിരുന്നത്. തെറ്റ് പറ്റിയാല്‍ അതേറ്റു പറയണമെന്നും, സംഭവിച്ച പിഴവുകള്‍ തിരുത്തണമെന്നും കുറ്റവാളികളെ സംരക്ഷിക്കരുതെന്നുമാണ് ഫാ. തേലക്കാട്ട് തന്റെ നിലപാടുകളെ സാധൂകരിച്ചത്. ഇത് അദ്ദേഹത്തോടുള്ള എതിര്‍പ്പിന് ആക്കം കൂട്ടി. ചാനലുകള്‍ തോറും കയറിയിറങ്ങി വേണ്ടാതീനം പറയുകയാണെന്ന് തേലക്കാട്ടച്ചനെ സഭ മേധാവികള്‍ പരസ്യമായും രഹസ്യമായും അധിക്ഷേപിച്ചു. ഇത്തരത്തിലൊരു വിയോജിപ്പിച്ച് തേലക്കാട്ടച്ചനെതിരേ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഭൂമിയിടപാടിലെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചവരുടെ കൂടെയും അദ്ദേഹം നിലകൊണ്ടത്. നിലവില്‍ തേലക്കാട്ടച്ചനോട് വിരോധം പുലര്‍ത്തിയിരുന്നവര്‍ തന്നെയാണ് ഭൂമിയപാടിലും കുറ്റാരോപിതരായത്. സ്വഭാവികമായും അവരുടെ വിദ്വേഷം വര്‍ദ്ധിച്ചു. ചുരുക്കി പറഞ്ഞാല്‍, തക്കം പാര്‍ത്തിരുന്നവര്‍ കിട്ടിയൊരു സന്ദര്‍ഭം മുതലെടുത്തു; ഫാ. പോള്‍ തേലക്കാട്ട് ക്രിമിനല്‍ കേസ് പ്രതിയായി.

പാലക്കാട് രൂപതാ മെത്രാനായിരുന്ന ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ ചുമതലപ്പെടുത്തിയതിലൂടെ, സഭയുടെ കേരള ചരിത്രത്തില്‍, ഒരുപക്ഷേ ആഗോളതലത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു ആര്‍ച്ച് ബിഷപ്പില്‍ നിന്നും പ്രധാനപ്പെട്ട അധികാരങ്ങളെല്ലാം എടുത്തുമാറ്റപ്പെട്ടത്. സിറോ മലബാര്‍ സഭയുടെ ആസ്ഥാനം കൂടിയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാനീയ മെത്രാന്‍ കൂടിയായ സഭ മേലധ്യക്ഷനാണ് അങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നത്. മാര്‍പാപ്പയുടെ അത്തരമൊരു നീക്കത്തിലൂടെ കര്‍ദിനാള്‍ ആലഞ്ചേരിക്ക് അതുവരെ ഉണ്ടായിരുന്ന സുപ്രധാന അധികാരങ്ങളെല്ലാം നഷ്ടമായി. മാര്‍ ജേക്കബ് മനത്തോടത്തെ Administrator sede plena എന്ന് അടയാളപ്പെടുത്തിയതിലുടെ മാര്‍പാപ്പ നല്‍കിയ നിര്‍ദേശം എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു മാത്രം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു തുടരമെന്നായിരുന്നു. അതായത്, അതിരൂപതയുടെ ഭരണപരമായ അധികാരങ്ങളെല്ലാം നഷ്ടപ്പെടും. ആ അധികാരങ്ങള്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് മാത്രമായിരിക്കും. അങ്ങനെ ഒരു നോമിനല്‍ ആര്‍ച്ച് ബിഷപ്പ് മാത്രമായി ആലഞ്ചേരി ഒതുങ്ങി.

അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഏറ്റവും വലിയ ഉത്തരവാദിത്വമായിരുന്നു ഭൂമിയടപാട് അന്വേഷണം. കര്‍ദിനാള്‍ പക്ഷത്തിന് വഴങ്ങാതെ നിന്നുകൊണ്ട് ആ ഉത്തരവാദിത്വം അഡ്മിനിസ്‌ട്രേറ്റര്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. പലതരത്തില്‍ ഇടപെടലുകള്‍ക്ക് ശ്രമം ഉണ്ടായെങ്കിലും ഒടുവില്‍ വത്തിക്കാനിലേക്ക് പോയ റിപ്പോര്‍ട്ടില്‍ കര്‍ദിനാള്‍ വിഭാഗത്തിന് മാത്രം ആശ്വസിക്കാന്‍ വകയൊന്നും ഉണ്ടാകില്ലെന്നത് ഏകദേശം ഉറപ്പായ കാര്യമാണ്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ തങ്ങളുടെ ഭാവി തീരുമാനിക്കപ്പെടുമെന്നു മനസിലാക്കിയവര്‍, രക്ഷപ്പെടാന്‍ നടത്തുന്ന തന്ത്രങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ വഹിച്ച ചുമതലയില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നു വരുത്തി തീര്‍ക്കേണ്ടതായുണ്ട്. അത്തരമൊരു നീക്കത്തിലാകാം അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് വ്യാജരേഖ കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ടത്.

നിലവില്‍ മുരിയൂര്‍ സാന്‍ജോ നഗര്‍ ഇടവക വികാരിയായ ഫാ. ടോണി കല്ലൂക്കാരന്‍ വ്യാജരേഖ കേസില്‍ നാലാം പ്രതിയായത് ഐഐടി വിദ്യാര്‍ത്ഥി ആദിത്യയുടെ അറസ്റ്റ് ഓടെയാണ്. പൊലീസ് ഭാഷ്യത്തില്‍ പറഞ്ഞാല്‍, ഫാ. ടോണി നിര്‍ദേശിച്ചതനുസരിച്ചാണ് ആദിത്യ കര്‍ദിനാളിനെതിരേയ വ്യാജരേഖകള്‍ സൃഷ്ടിച്ചത്. ആദിത്യ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്! ആദിത്യയുടെ കുടുംബം ഉള്‍പ്പെടുന്ന കോന്തുരുത്തി ഇടവകയിലെ കൊച്ചച്ചന്‍(സഹ വികാരി)ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ഫാ. ടോണി. അങ്ങനെയാണ് ആദിത്യയ്ക്ക് വൈദികനുമായി ബന്ധം. എന്നാല്‍ പൊലീസ് പറയുന്നതിനപ്പുറം അന്വേഷിച്ചാല്‍ ഫാ. ടോണി കല്ലൂക്കാരന്‍ പ്രതിയാകുന്നതും ഭൂമിടയിടപാടുമായി ബന്ധപ്പെട്ടാണെന്നു മനസിലാക്കാം. ഈ വൈദികന്‍ കര്‍ദിനാളിന്റെ ഓഫിസ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആ കാലയളവിലാണ് ഭൂമിയിടപാട് വിവാദം ഉണ്ടാകുന്നത്. ഫാ. ടോണി ഭൂമി വില്‍പ്പനയില്‍ നടന്ന അന്യായങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ പ്രയത്‌നിച്ചവരുടെ കൂടെ നിന്നൊരാളാണെന്നാണ് വിവരം. ആദിത്യ വൈദികനെതിരേ നല്‍കിയ മൊഴിയില്‍ വാസ്തവമില്ലെന്നു തെളിഞ്ഞിട്ടും അദ്ദേഹം നാലാം പ്രതിയാകുന്നതും പാതിരാത്രിയില്‍ ഇടവകയില്‍ മൂന്നു വണ്ടി പൊലീസുമായി ചെന്ന് വൈദികനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതുമൊക്കെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള കാര്യങ്ങളാണെന്ന് ആരോപിക്കുന്നതും ഭൂമിയിടപാട് വിവാദവുമായി ബന്ധപ്പെടുത്തിയാണ്.

ഇവരെ കൂടാതെ ഇനിയും പ്രതികളാക്കപ്പെടുമെന്നു കരുന്നവര്‍ ഭൂമിയിടപാട് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന പുരോഹിതരാണ്. ചില മെത്രാന്മാരുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് വൈദിക സമിതി മുന്‍ അംഗമായിരുന്ന ഫാ. ആന്റണി പൂതവേലി നടത്തിയ പരസ്യപ്രസ്താവനയില്‍ ഫാ. തേലക്കാട്ടും ചില യുവ പുരോഹിതന്മാരും ചേര്‍ന്നാണ് വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്നു ആരോപിച്ചിരുന്നു. 10 ലക്ഷത്തോളം രൂപ ഇതിനായി ചെലവാക്കിയെന്നും പറഞ്ഞു. ഫാ. ആന്റണി വിരല്‍ ചൂണ്ടുന്ന പുരോഹിതര്‍ ഭൂമിയിടപാടിലെ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയത്‌നിച്ചവരാണ്. അതിനാലാണ് ഇവരെ വ്യാജരേഖ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നാണ് പരാതി.

ഭൂമിയിടപാടില്‍ നടന്ന കള്ളത്തരങ്ങള്‍ വെളിച്ചെത്തു കൊണ്ടുവരാന്‍ ശ്രമിച്ച ഓരോരുത്തരേയും കുടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വ്യക്തമാണ്. ഫാ. ടോണിയേയും ഫാ. തേലക്കാടിനെയുമൊക്കെ പ്രതികളാക്കുന്നത് അതിന്റെ ഭാഗമായിട്ടാണ്. ആരൊക്കെയാണോ ഭൂമിയിടപാടില്‍ തങ്ങള്‍ക്കെതിരേ നിലകൊണ്ടത്, അവരെയെല്ലാം കുറ്റാരോപിതരാക്കി മാറ്റിയാല്‍, വ്യാജരേഖ പോലെ തന്നെ, ഭൂമിയിടപാടിലെ പരാതികളും വ്യാജമാണെന്നും കര്‍ദിനാളിനെ മനഃപൂര്‍വം അപമാനിക്കാന്‍ വേണ്ടി ചെയ്തതാണെന്നും വരുത്തി തീര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതിഭാഗം കരുതുന്നത്. വളരെ രഹസ്യമായാണ് മനത്തോടത്ത് പിതാവ് തനിക്ക് കിട്ടിയ രേഖകള്‍ ആലഞ്ചേരി പിതാവിനെ കാണിക്കുന്നതും അതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതും. എന്നാല്‍ ഈ രേഖകള്‍ സമയമെടുത്ത് പുറത്തു വിടുകയാണ് ഉണ്ടായത്. എന്തിനു സമയം എടുത്തുവെന്നു ചോദിച്ചാല്‍, ആ രേഖകളുമായി ബന്ധപ്പെട്ട തെളിവുകളൊക്കെ ഇല്ലായ്മ ചെയ്യാന്‍. അതിനുശേഷം രേഖകള്‍ പുറത്ത് കാണിച്ച്, മനഃപൂര്‍വം ഇങ്ങനെയൊരു വ്യാജരേഖകള്‍ ഉണ്ടാക്കി അപമാനിക്കുന്നുവെന്ന് പരാതിപ്പെട്ടു. വളരെ ആസൂത്രിതമായൊരു തിരക്കഥ ഇതിനു പിന്നില്‍ എഴുതിയിട്ടുണ്ട്. അഅതനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അവര്‍ക്ക് ഭരണകൂടത്തില്‍ നിന്നും കോര്‍പ്പറേറ്റ് ഗ്രൂപ്പില്‍ നിന്നും വേണ്ട പിന്തുണ കിട്ടുന്നുണ്ട്. പൊലീസിന്റെ നീക്കങ്ങള്‍ കാണുമ്പോള്‍ സ്വാഭാവികമായി തോന്നുന്ന സംശയമാണിത്; അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ അഴിമുഖത്തോട് പങ്കുവച്ച കാര്യങ്ങളാണിത്.

ഭൂമിയിടപാടിലെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്നതിനൊപ്പം പ്രധാനപ്പെട്ടതാണ് കോര്‍പ്പറേറ്റ് ഗ്രൂപ്പില്‍ നിക്ഷേപം ഉണ്ടെന്ന പരാതിയില്‍ യാതൊന്നും പുറത്തു വരരുതെന്നുള്ളതെന്നും പുരോഹിതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊപ്പം പുരോഹിതരും വിശ്വാസികളും പങ്കുവയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. വ്യാജമായി ഉണ്ടാക്കിയെന്നു പറയുന്നത്, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ളതെന്നു പറയുന്ന ഐസിഐസിഐ ബാങ്കിന്റെ വ്യാജ അകൗണ്ട് നമ്പര്‍ 9819745232111 ല്‍ നിന്നും ലുലു, മാരിയറ്റ്, കൊച്ചിയുടെ അകൗണ്ടിലേക്ക് 09/07/2017 തീയതി 85000 രൂപയും 12/10/2016 തീയതി മാരിയറ്റ് കോര്‍ട്ട് യാര്‍ഡിന്റെ 157801532333 എന്ന അകൗണ്ടിലേക്ക് 16,00,000 ലക്ഷം രൂപയും 21/09/2016 ലുലു കണ്‍വെന്‍ഷന്റെ അകൗണ്ട് നമ്പരായ 502000082577752 ലേക്ക് 8,93,400 രൂപയും അനധികൃതമായി പണമിടപാട് നടത്തിയെന്നുള്ള രേഖയാണ്. കര്‍ദിനാളിന്റെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ ഇങ്ങനെ ഒരു അകൗണ്ട് ഇല്ലെന്നും പറയപ്പെടുന്ന രേഖകള്‍ വ്യാജ സ്റ്റേറ്റ്മെന്റുകള്‍ ആണെന്നും പറഞ്ഞാണ് കേസ് കൊടുത്തത്. അന്വേഷണം നടത്തി പൊലീസ് പറയുന്നതും ആ രേഖകള്‍ വ്യാജം തന്നെയാണെന്നാണ്. എന്നാല്‍ ആദിത്യ ഫാ. പോള്‍ തേലക്കാട്ടിന് ഇ-മെയില്‍ അയച്ചു കൊടുത്ത, ഫാ. തേലക്കാട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയ, അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാളിനെ ഏല്‍പ്പിച്ച രേഖകള്‍, ഐഐസിഐസി ബാങ്കിലെ അകൗണ്ട് വിവരങ്ങള്‍ മാത്രമായിരുന്നില്ല. മൊത്തം 39 പേജുകളിലുള്ള വിവരങ്ങളാണ് ആദിത്യ ഫാ. പോള്‍ തേലക്കാടിനു കൈമാറിയതെന്നാണ് വിവരം. ഇതില്‍ അഞ്ച്, ആറ് പേജുകളിലാണ് ആലഞ്ചേരിക്കെതിരായ പരാമര്‍ശങ്ങള്‍ വരുന്നത്. ബാക്കി പേജുകളിലെ വിവരങ്ങളെക്കുറിച്ച് ആരുമൊന്നും പറയുന്നുമില്ല, അന്വേഷിക്കുന്നുമില്ല. ബാക്കി പേജുകള്‍ പരിശോധിച്ചാല്‍ സിറോ മലബാര്‍ സഭയിലേയും ലത്തീന്‍ സഭയിലെയും പല പ്രമുഖര്‍ക്കും പ്രസ്തുത കോര്‍പ്പറേറ്റ് ഗ്രൂപ്പില്‍ നിക്ഷേപം ഉള്ളതായി മനസിലാകും. ബിഷപ്പുമാരുടെ പേരുകള്‍ ഔദ്യോഗിക വിശേഷണങ്ങള്‍ ഒഴിവാക്കിയാണ് പ്രസ്തുത രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വിദേശ രാജ്യത്തെ സഭ മെത്രാനായിരുന്ന, ചില അഴിമതിക്കേസുകളൊക്കെയുള്ള ഒരു ബിഷപ്പിന്റെ പേരും പ്രസ്തുത രേഖയില്‍ ഉണ്ടെന്നു പറയുന്നു. എന്നാല്‍ അദ്ദേഹമൊരു ബിഷപ്പ് ആണെന്നു മനസിലാകാത്ത തരത്തിലാണ് പേര് എഴുതിയിരിക്കുന്നത്. ഇത്തരത്തിലാണ് ഓരോ പേരുകളും. എന്നാല്‍ ഈ പേരുകള്‍ കണ്ട് സംശയം തോന്നിയാണ് ആദിത്യ അവ കോപ്പി ചെയ്‌തെടുത്തത്. ഈ കോപ്പികളില്‍ ഫൂട്ട് പ്രിന്റുകള്‍ ഉണ്ടെന്നതുകൊണ്ട് തന്നെ ഇവ വ്യാജമായി സൃഷ്ടിച്ചതല്ലെന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തതാണെന്നു മനസിലാകും. ഈ വിവരങ്ങള്‍, തന്റെ ഇടവകയിലെ കൊച്ചച്ചനായിരുന്ന സമയത്ത് ബന്ധം സ്ഥാപിച്ച ഫാ. ടോണി കല്ലൂക്കാരനോട് ആദിത്യ പങ്കുവച്ചു. വൈദികന്‍ ആദ്യം അവ കാര്യമായി എടുക്കാതിരിക്കുകയും പിന്നീടതിന്റെ ഗൗരവം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ താന്‍ കണ്ടെത്തിയത് യഥാര്‍ത്ഥ വിവരങ്ങളാണെന്ന് ആദിത്യ ഉറപ്പിച്ചു പറഞ്ഞതിനുശേഷമാണ് പത്രാധിപര്‍ കൂടിയായ ഫാ. തേലക്കാടിനെ ആദിത്യക്ക് ഫാ. ടോണി ബന്ധപ്പെടുത്തി കൊടുക്കുന്നതും അതിനുശേഷം ആദിത്യ രേഖകള്‍ ഇമെയില്‍ വഴി ഫാ. തേലക്കാടിന് അയച്ചു കൊടുക്കുന്നതും. കസ്റ്റഡിയില്‍ വച്ച് ആദിത്യ തങ്ങളോട് പറഞ്ഞത്, ഫാ. ടോണി കല്ലൂക്കാരന്റെ ആവശ്യപ്രകാരമാണ് രേഖകള്‍ ഉണ്ടാക്കിയതെന്നെന്നു പൊലീസ് പറയുന്നു. ഫാ.ടോണിയെ പ്രതിയാക്കിയത് ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സമയത്ത് ഫാ. ടോണി താനും ആദിത്യയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് അന്വേഷണത്തെ കേള്‍പ്പിച്ചിരുന്നു. ഈ സംഭാഷണം ശ്രദ്ധിച്ചാല്‍, താന്‍ രേഖ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ലെന്നും ആദിത്യക്ക് രേഖകള്‍ കിട്ടിയ കാര്യം തന്നോട് പങ്കുവയ്ക്കുകയാണുണ്ടായതെന്നും മനസിലാകുമെന്നും ഫാ. ടോണി അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തു. തുടര്‍ന്നാണ് തന്നെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചാണ് ഫാ. ടോണി കല്ലൂക്കാരനെതിരേ മൊഴി നല്‍കിപ്പിച്ചതെന്ന് ആദിത്യ വെളിപ്പെടുത്തുന്നത്. ഫാ.ടോണി കല്ലൂക്കാരനെ കൂടാതെ വേറെയും പുരോഹിതന്മാരെക്കുറിച്ച് മൊഴി നല്‍കണമെന്ന സമ്മര്‍ദ്ദം ആദിത്യക്ക് മേല്‍ പൊലീസ് നടത്തിയെന്നും പരാതിയുണ്ട്. പൊലീസിന് നല്‍കിയിരിക്കുന്ന തിരക്കഥയില്‍ പറയുന്ന പുരോഹിതരെയാണ് ഇത്തരത്തില്‍ പ്രതികളാക്കാന്‍ ശ്രമം നടക്കുന്നത്. ഈ പുരോഹിതര്‍ ഭൂമിയിടപാടിലെ അന്യായങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചവരാണ്. ഇത്തരത്തില്‍ ഭൂമി വിവാദത്തില്‍ തങ്ങള്‍ക്കെതിരേ നിന്നവരെയെല്ലാം ക്രിമിനല്‍ കേസ് പ്രതികളാക്കിയും അവരുടെ വിശ്വാസ്യത തകര്‍ത്തും ആ പരാതികളും വ്യാജമാണെന്നു വരുത്തി തീര്‍ക്കാനാണ് ശ്രമം.

Read More: ആ രേഖകളിലെ പേരുകാരന്‍ കര്‍ദ്ദിനാള്‍ മാത്രമല്ല; സിറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കി വ്യാജരേഖ കേസ് പുതിയ തലത്തിലേക്ക്

വ്യാജരേഖ കേസിനു പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയും തങ്ങളുടെ സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ളവരെ സഹായിക്കാന്‍ കോര്‍പ്പറേറ്റ് ചെയ്യുന്ന സഹായവും കിട്ടുന്നുണ്ടെന്നും മറുഭാഗം ആരോപണം ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രത്യുപകാരം ഉണ്ടാകുമെന്ന വിശ്വാസത്തില്‍ സര്‍ക്കാര്‍ സഭയുമായി ബന്ധപ്പെട്ടുണ്ടായ പലവിവാദങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോല്‍വി, വ്യക്തമാക്കുന്നത് സഭ തലവനോ മെത്രാന്മാരോ ഇടവക വികാരികളോ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് കുത്തുന്ന കാലം കഴിഞ്ഞെന്നാണ്. ഇത് മനസിലാക്കി വ്യാജരേഖ കേസില്‍ ഇനിയെങ്കിലും പൊലീസിനെ കള്ളത്തരത്തിന് കൂട്ടുനില്‍ക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. വരുന്ന തിങ്കളാഴ്ച്ച പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥിയാണ് ആദിത്യ. എന്നാല്‍ അയാള്‍ക്ക് ജാമ്യം കിട്ടാന്‍ പോലും അനുവദിക്കാതെ പൊലീസ് അന്യായം കാണിക്കുകയാണെന്നാണ് പരാതി. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ 164 എടുക്കാനുണ്ടെന്ന ആവശ്യം പറഞ്ഞ് പൊലീസ് സമയം നഷ്ടപ്പെടുത്തിയതൊക്കെ ചില താത്പര്യങ്ങളോടെയാണെന്നാണ് ആരോപണം. ഇതിനെല്ലാം പിന്നില്‍-മത-ഭരണകൂട-കോര്‍പ്പറേറ്റ് കൂട്ടുകെട്ടാണെന്നും ഇവര്‍ വിമര്‍ശിക്കുന്നു. ആദിത്യയെകൊണ്ട്, ഹിറ്റ് ലിസ്റ്റിലുള്ള പുരോഹിതരുടെ പേരുകള്‍ പറയിപ്പിച്ച് അവരെയെല്ലാം പ്രതികളാക്കി തങ്ങളുടെ എതിരാളികളെയെല്ലാം ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആകെയുള്ള 450 ഓളം പുരോഹിതരില്‍ പത്തോ പതിനഞ്ചോ പേരൊഴികെ ബാക്കിയുള്ളവരും അഞ്ചുലക്ഷത്തോലം വിശ്വാസികളും ഈ ശ്രമങ്ങള്‍ക്കെതിരേ നില്‍ക്കുമെന്നും അന്തിമ വിജയത്തിന് ഈ ഗൂഢാലോചനക്കാരെ അനുവദിക്കില്ലെന്നും അഴിമുഖത്തോട് സംസാരിച്ച പുരോഹിതര്‍ പറയുന്നു.

Explainer: മാര്‍പാപ്പയെ പോലും വെല്ലുവിളിക്കുന്ന നിഴല്‍ യുദ്ധങ്ങള്‍; വസ്തുകച്ചവടം മുതല്‍ വ്യാജരേഖ വരെ; ഉറ കെട്ടുപോകുമോ സിറോ മലബാര്‍ സഭ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍