UPDATES

ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്ന് ചോദ്യം; ക്രൂര മര്‍ദ്ദനം, നഖം പറിക്കല്‍, നഗ്നനാക്കി ചോദ്യം ചെയ്യല്‍; വ്യാജരേഖ കേസില്‍ ആദിത്യയുടെ മൊഴിയുടെ പൂര്‍ണരൂപം

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി വ്യാജരേഖ സൃഷ്ടിച്ചു എന്ന കേസിനു പിന്നില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോ?

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി വ്യാജരേഖ സൃഷ്ടിച്ചു എന്ന കേസിനു പിന്നില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോ? മൂന്നാം പ്രതിയും ഐഐടി ഗവേഷക വിദ്യാര്‍ത്ഥിയുമായ ആദിത്യ(24) മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇത്തരമൊരു സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു പറയുന്ന പൊലീസ് പീഡന പരാതിയുടെ ആഴം വ്യക്തമാക്കുന്നതാണ് ആദിത്യയുടെ മൊഴി. വ്യാജരേഖ കേസിനു പിന്നില്‍ മറ്റു ചില താത്പര്യങ്ങള്‍ ഉണ്ടെന്നും പൊലീസിനെ ഉപയോഗിച്ച് വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കാന്‍ മനഃപൂര്‍വമെന്നോണം ശ്രമം നടക്കുന്നുണ്ടെന്നുമാണ് അതിരൂപ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഈ ആരോപണങ്ങള്‍ക്ക് സാധുത നല്‍കുകയാണ് ആദിത്യ. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരേ കോടതി സ്വമേധയ കേസ് എടുത്തിട്ടുണ്ട്. ആദിത്യന്റെ മൊഴിയും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടും പരിശോധിച്ച മജിസ്ട്രേറ്റ് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് ബോധ്യപ്പെട്ടശേഷമാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

വൈദികര്‍ക്കെതിരേ മൊഴി പറയാന്‍ വേണ്ടി ക്രൂരമായ പീഡനങ്ങളാണ് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത്. കാല്‍ നഖങ്ങള്‍ പിഴുതെടുക്കാന്‍ ശ്രമിച്ചു, നഗ്നനാക്കിയാണ് ചോദ്യം ചെയ്തത്. ജീപ്പിനുള്ളില്‍ വച്ചുപോലും മര്‍ദ്ദിച്ചു. ഉറങ്ങാന്‍ സമ്മതിച്ചില്ല. ആദിത്യയുടെ മൊഴിയിലുള്ള പീഡനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. ശാരീരക മര്‍ദ്ദനത്തിനൊപ്പം മാനസികമായും പൊലീസ് പീഡിപ്പിച്ചെന്ന് ആദിത്യയുടെ മൊഴിയില്‍ പറയുന്നു.

മൊഴിയുടെ പൂര്‍ണരൂപം;

15/5/2019 ല്‍ ആലുവ ഡിവൈഎസ്പിയുടെ ഓഫിസില്‍ നിന്നും വിളിപ്പിച്ചിരുന്നു. ഞാന്‍ വൈകിട്ട് മൂന്നരയോടെ അവിടെ ചെന്നു. അഞ്ചു മണിക്ക് എന്നെ ചോദ്യം ചെയ്യാനായി ഡിവൈഎസ്പി ഓഫിസില്‍ കയറ്റി അര മണിക്കൂര്‍ സാധാരണ രീതിയില്‍ എന്നെ ചോദ്യം ചെയ്തു. ഞാന്‍ എവിടെയാണ് വര്‍ക്ക് ചെയ്യുന്നത്, എന്താണ് ചെയ്യുന്നത് എന്നൊക്കെ ഡിവൈഎസ്പി ചോദിച്ചു. എന്നോട് അതിനുശേഷം വിശ്രമ മുറിയില്‍ കാത്തിരിക്കാന്‍ പറഞ്ഞു. രാത്രി പത്തര വരെ അവിടെ ഇരുന്നു. ഇതിനിടെ റൈറ്റര്‍ കുറെ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. 10.30ന് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഓഫിസില്‍ നിന്നുമിറങ്ങി കളമശേരി വരെ എത്തിയപ്പോള്‍ റൈറ്റര്‍ വീണ്ടും വിളിച്ചു തിരികെ വരാമോയെന്നു ചോദിച്ചു. ഞാനും സുഹൃത്തും കൂടെ തിരിച്ചു ചെന്നു. അവിടെ ചെന്നപ്പോള്‍ ഒരു പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു. ഒപ്പിട്ട ശേഷം ഞങ്ങള്‍ തിരിച്ചു പോന്നു.

16 ന് രാവിലെ 6.15 മുതല്‍ ഫോണ്‍വിളി വന്നു തുടങ്ങി. 7.30നാണ് താന്‍ എഴുന്നേറ്റത്. തിരിച്ചുവിളിച്ചപ്പോള്‍ അത്യാവശ്യമായി ഓഫീസില്‍ വരെ ചെല്ലണമെന്നും ഡി.വൈ.എസ്.പിക്ക് പുറത്തു പോകാനുണ്ടെന്നും പറഞ്ഞു. ഒരു ഒപ്പിടാന്‍ മാത്രമാണെന്നു പറഞ്ഞതുകൊണ്ട് തനിച്ചാണ് പോയത്. തിരക്ക് കാരണം റോഡ് ബ്ലോക്ക് ആതുകൊണ്ട് 10.45 ആയി അവിടെ എത്തിയപ്പോള്‍. അവിടെ എത്തിയപ്പോള്‍ തന്നെ ഡി.വൈ.എസ്.പി ഓഫീസിലെ വാഹനത്തില്‍ കയറാന്‍ പറഞ്ഞു. ഒരു സ്ഥലം വരെ പോകണമെന്ന് ആവശ്യപ്പെട്ടു. വാഹനം ഒരു ഹോട്ടലിലേക്കാണ് പോയത്. വ്യാജ രേഖാ കേസ് ആണെന്ന് സെക്യൂരിറ്റി അസിസ്റ്റന്റിനോട് ഡിവൈഎസ്പി പറഞ്ഞു. എന്റെ ഹെഡ് ആയി ജോലി ചെയ്തിരുന്ന ആളെ കാണണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അവിടെ എന്റെ ഹെഡ് ആയി ജോലി ചെയ്തിരുന്നുവെന്നും ഇപ്പോള്‍ വേറെയേതോ ഹോട്ടലില്‍ ആണ് ജോലി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് കമ്പനി മേധാവിയോട്(ഈ കമ്പനിയിലാണ് കര്‍ദിനാള്‍ ആലഞ്ചേരിയുള്‍പ്പെടെയുള്ള കേരളത്തിലെ ചില മെത്രാന്മാര്‍ക്ക് നിക്ഷേപം ഉണ്ടെന്ന പരാതിയുള്ളത്.വ്യാജരേഖകളും ഈ കമ്പനിയുമായി ബന്ധപ്പെടുത്തിയാണ്) സംസാരിക്കണമെന്നും പറഞ്ഞു.

അവിടെ നിന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവരാകട്ടെ താന്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നേ വിവരം കിട്ടൂവെന്ന് മറുപടി നല്‍കി. ഹോട്ടലിന്റെ ലോബിയില്‍ പോലും കയറാതെ സെക്യൂരിറ്റി അസിസ്റ്റന്റുമായി ഡി.വൈ.എസ്.പി സംസാരിച്ചിരുന്നു. ഇതിനു ശേഷം സെക്യൂരിറ്റി അസിസ്റ്റന്റ് വന്ന് തന്റെ മേലധികാരിയായി ജോലി ചെയ്തയാള്‍ അവിടെ ഉണ്ടായിരുന്നതായി അറിയില്ലെന്നും നേരത്തെ അറിയാതെ പറഞ്ഞുപോയതാണെന്നും പോലീസിനോട് പറഞ്ഞു. ഇതോടെ പോലീസ് തന്നെയും കൊണ്ട് അവിടെ നിന്നിറങ്ങി.

വാഹനത്തില്‍ വച്ച്തന്നെ ഡിവൈഎസ്പി എന്റെ വലത് കവിളത്ത് ശക്തിയായി അടിച്ചു. മുന്‍ സീറ്റില്‍ ഇരുന്നിട്ട് പിറകില്‍ ഇരുന്ന എന്റെ കവിളത്ത് അടിക്കുകയായിരുന്നു. കരണത്തും നെഞ്ചത്തും ശക്തമായി അടിച്ചു.

പിന്നീട് എറണാകുളം ഐ.ജി ഓഫീസിനു മുന്നില്‍ വണ്ടി നിര്‍ത്തി എന്നെ ഐ.ജി ഓഫീസിലെ സന്ദര്‍ശ മുറിയില്‍ ഇരുത്തി. ഐ.ജി ഓഫീസിലെ ഒരു ഓഫീസര്‍ ‘മര്യാദയ്ക്ക് പറയാനുള്ളതൊക്കെ പറഞ്ഞോ, അല്ലെങ്കില്‍ തരാനുള്ളതൊക്കെ തരും’ എന്ന് പറഞ്ഞു. കുരുമുളക് പൊടി കണ്ണില്‍ ഊതിയാല്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാമോ എന്ന് ചോദിച്ചു. പിന്നീട് അയാള്‍ മുറിയിലേക്ക് കയറിപ്പോയി.

ഐ.ജിയുടെ മുറിയില്‍ നിന്ന് ഇറങ്ങിവന്ന ഡി.വൈ.എസ്.പി ഒപ്പമുണ്ടായിരുന്ന മൂന്നു പോലീസുകാരോട് ഇവനെക്കൊണ്ട് എങ്ങനെയെങ്കിലും സത്യം പറയിപ്പിക്കണം എന്നു പറഞ്ഞു. തിരികെ ആലുവ ഡിവൈഎസ്പി ഓഫിസിലേക്ക് പോകുമ്പോള്‍ വണ്ടിയില്‍ വച്ച് ഡിവൈഎസ്പിയും മറ്റൊരു പൊലീസ് ഓഫിസറും ‘കാണിച്ചുതരാം, അങ്ങോട്ട് വാ’ എന്നു പറഞ്ഞു. ആലുവ അടുത്തെത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി തന്നു. തിരികെ ഡി.വൈ.എസ്.പി ഓഫീസില്‍ വന്നു. ഡി.വൈ.എസ്.പിയുടെ മുറിയില്‍ ഇരുത്തി. എന്റെ ഫോണ്‍ റിങ് ചെയ്തുവെങ്കിലും എടുക്കാന്‍ സമ്മതിച്ചില്ല. വീട്ടില്‍ പരീക്ഷയ്ക്ക് പോകാനാണെന്നും പറഞ്ഞാണ് ഇറങ്ങിയത്.

തിരികെ ഓഫീസില്‍ കൊണ്ടുവന്നത് മൂന്ന് നാലു മണി കഴിഞ്ഞപ്പോഴാണ്. അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡി.വൈ.എസ്.പി മുറിയിലേക്ക് വിളിപ്പിച്ചു. എന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ ഷര്‍ട്ടും പാന്റ്സും ഡി.വൈ.എസ്.പി ഊരിച്ചു. ഭിത്തിയോട് കാല്‍നീട്ടിവച്ച് ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ഇരുന്നു. താന്‍ പറയാതെ വേറെ ആരെയും അവിടേക്ക് കടത്തിവിടരുതെന്ന് ഡി.വൈ.എസ്.പി പോലീസുകാരോട് പറഞ്ഞു.

രേഖ കിട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചു. അത് ഞാന്‍ എല്ലാ ദിവസവും പറഞ്ഞിരുന്നു. ഇത് ഞാന്‍ ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്നു ചോദിച്ചു. നാണം കെടുത്താന്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എതെങ്കിലും മീഡിയയില്‍ കൊടുത്താല്‍ പോരെ, പോള്‍ തേലക്കാട്ടിന് ഇമെയില്‍ അയക്കേണ്ട കാര്യമില്ലല്ലോ എന്നു ഞാന്‍ തിരിച്ചു ഡി.വൈ.എസ്.പിയോട് ചോദിച്ചു. ഞാന്‍ തേലക്കാട്ട് അച്ചന്റെ കൈയില്‍ ഡോക്യൂമെന്റ് കൊടുത്തിട്ട് ഇതിന്റെ സത്യാവസ്ഥ എനിക്കറിയില്ല. അച്ചന്‍ ഈ ഡോക്യൂമെന്റ് വെരിഫൈ ചെയ്യണം എന്നു പറഞ്ഞു. അച്ചന്‍ അത് മനത്തോടത്ത് പിതാവിന്റെയടുത്ത് കൊടുക്കാം, പുള്ളി നോക്കട്ടെ എന്നു പറഞ്ഞു-ഞാന്‍ മറുപടി നല്‍കി.

ഡി.വൈ.എസ്.പി ‘നീ സത്യം പറയുന്നോ അതോ എന്നെ കൊണ്ട് മെനക്കെടുത്തുവോ’ എന്ന് ചോദിച്ചു. തുടര്‍ന്ന് എന്റെ കാലില്‍ ചൂരല്‍കൊണ്ട് ആഞ്ഞടിച്ചു. അതിന്റെ പാട് എന്റെ കാലിലുണ്ട്. ഒരു പ്രാവിശ്യം അടിച്ചപ്പോള്‍ വടി ഒടിഞ്ഞുപോയി. വേദനകൊണ്ട് താന്‍ അലറിക്കരഞ്ഞു. വാതില്‍ അടച്ചിട്ടതുകൊണ്ട് ആരും കേട്ടില്ല. താന്‍ ആസ്തമ രോഗിയാണ്. ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ ആന്റി ബയോട്ടിക്സ് എടുക്കുന്നതുകൊണ്ട് എന്റെ ശരീരം ഒട്ടും ഫിറ്റ് അല്ല എന്ന് പറഞ്ഞു.

എന്റെ അര്‍ദ്ധ നഗ്‌നമായ ശരീരം കണ്ട് ഡി.വൈ.എസ്.പി അസഭ്യമായ കമന്റ് പറഞ്ഞു. എന്റെ നെഞ്ച് നോക്കിയിട്ട് ‘നീ വേറെ വല്ല പണിക്കും പോകുന്നുണ്ടോ’ എന്ന് ചോദിച്ചു. കയറിവന്ന ഒരു പോലീസുകാരന്‍ ‘എന്തു ശരീരമാടാ ഇത്. പെണ്ണുങ്ങള്‍ക്ക് ഇതിലും നല്ല ശരീരം ഉണ്ടാവുമല്ലോ’ എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കരമായ മാനസിക വിഷമം ഉണ്ടാക്കി.

ഞാന്‍ കാല്‍നീട്ടി ഇരിക്കുമ്പോള്‍ ഡി.വൈ.എസ്പി എന്റെ ഇടതു ചെകിട്ടിന് ആറ് പ്രാവിശ്യം അടിച്ചു. ആദ്യത്തെ പ്രാവിശ്യം ഡി.വൈ.എസ്.പി എന്റെ നേരെ മുന്നില്‍ കുനിഞ്ഞിരുന്ന് എന്റെ ചെകിട്ടിനടിച്ചു. ഞാന്‍ അടിവസ്ത്രം മാത്രം ധരിച്ചാണ് അവിടെ ഇരുന്നത്. കാല്‍ അകറ്റി പിടിക്കാന്‍ പറഞ്ഞ് ആഞ്ഞ് ചവിട്ടാന്‍ ആയി തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കൊണ്ടുവന്ന് നിര്‍ത്തി. ഞാന്‍ ആകെ ഭയന്നുപോയി. ഞാന്‍ സാറിനോട് എന്താ പറയേണ്ടത്. പറയേണ്ടത് പോലെ പറയാമെന്ന് പറഞ്ഞു. ഇപ്പോള്‍ നി എന്റെ വഴിക്ക് വന്നല്ലോ എന്നു പറഞ്ഞ് മുട്ടുകാല്‍ കൊണ്ട് മുഖത്തിടിക്കാന്‍ നോക്കി.

ഫാ.പോള്‍ തേലക്കാട്ടിന്റെയും ഫാ.ആന്റണി കല്ലൂക്കാരന്റെയും പേര് എഴുതാന്‍ ആവശ്യപ്പെട്ടു. എനിക്ക് പറ്റത്തില്ലെന്ന് കുറെ പറഞ്ഞു. എന്നെ നഗ്‌നനാക്കി ഇരുത്തിയാണ് എന്നെ ചോദ്യം ചെയ്തുകൊണ്ടിരുന്നത്. നിന്നെ ഞങ്ങള്‍ ഭയപ്പെടുത്തി കാണും നീ അതോര്‍ത്ത് പേടിക്കേണ്ട, നിനക്ക് നല്ല ഭാവിയുളളതല്ലേ, നീ ബ്രൈറ്റ് ആണല്ലോ, അച്ചന്‍മാര് പൊയ്‌ക്കോട്ടെ, നിന്നെ മാപ്പുസാക്ഷിയാക്കി തരാം എന്ന് ഡി.വൈ.എസ്.പി പറഞ്ഞു.

എവിടെ നിന്നാണ് മെയില്‍ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എന്‍ ഫോര്‍ യു എന്ന കഫെയില്‍ നിന്നാണ് എന്നു പറഞ്ഞു. ആ ഡോക്യുമെന്റിന്റെ കോപ്പി എന്റെ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി 7-8 മണിക്ക് എന്നെയും കൊണ്ട് ഡിവൈ.എസ്.പിയും നാല് പോലീസുകാരും ചേര്‍ന്ന് ആ കഫെയില്‍ കൊണ്ടുപോയി ഞാന്‍ ഉപയോഗിച്ച ആ കമ്പ്യൂട്ടറില്‍ നിന്നവര്‍ ഹാര്‍ഡ് ഡിസ്‌ക് എടുത്തു. കഫെയില്‍ കൊണ്ടുപോകുന്നതുവരെ എന്നെ ഡി.വൈ.എസ്.പി ഓഫീസില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇരുത്തിയിരിക്കുകയായിരുന്നു. ഹാര്‍ഡ് ഡിസ്‌ക് എടുത്തിട്ട് തിരികെ എന്നെ ഡി.വൈ.എസ്.പി ഓഫീസില്‍ കൊണ്ടുവന്നിരുന്നു. എന്റെ ഫോണ്‍ റിങ് ചെയ്തെങ്കിലും എടുക്കാന്‍ സമ്മതിച്ചില്ല. കോളജില്‍ നിന്നും തന്റെ സഹപാഠിയാണ് വിളിച്ചുകൊണ്ടിരുന്നത്.

രാത്രി എന്നോട് നിന്നെ ഇപ്പോള്‍ വിടാന്‍ പറ്റില്ല എന്ന് ഡി.വൈ.എസ്.പി പറഞ്ഞു. ഞാന്‍ വീട്ടില്‍ പൊയ്ക്കോട്ടെ, നിങ്ങള്‍ പറഞ്ഞതുപോലെയൊക്കെ പറഞ്ഞില്ലേ’ എന്നു ചോദിച്ചു. നീ അവിടിരിക്ക്, നിന്നെ പിന്നെ വിടാം എന്നു പറഞ്ഞു. എങ്കിലൂം എന്നെ വിട്ടില്ല. കഫെയില്‍ നിന്നും വരുന്ന വഴിക്ക് എന്റെ അടുത്തിരുന്ന ഓഫീസര്‍ എന്നെ കുനിച്ചു പിടിച്ച് എന്റെ നട്ടെലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു.

രാത്രി 10.30 ഓടെ അടുത്തുള്ള സ്റ്റേഷനില്‍ കൊണ്ടുപോയി. ഒരു കസേരയില്‍ ഇരുത്തി. എന്നെ ഉറങ്ങാന്‍ അനുവദിച്ചില്ല. ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍ തട്ടി എണീക്കെടാ എന്നും പറയും. 16ാം തീയതി രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. 17ാം തീയതി രാവിലെ 9-10നും ഇടയ്ക്ക് എന്നെ വീണ്ടും ഡി.വൈ.എസ്.പി ഓഫീസില്‍ കൊണ്ടുപോയി.

ഫാ.ആന്റണി കല്ലൂക്കാരനെ(ടോണി കല്ലൂക്കാരന്‍) അന്നു വിളിക്കും എന്നു ഡി.വൈ.എസ്.പി പറഞ്ഞു. നീ പറയേണ്ട കാര്യങ്ങള്‍ അറിയാമല്ലോ. അച്ചന്‍ വന്നിരിക്കുമ്പോള്‍ അച്ചനെതിരെ നീ പറയണം എന്നു ഡി.വൈ.എസ്.പി പറഞ്ഞു. ഫാ.കല്ലൂക്കാരന്‍ വന്നിരുന്നു. എന്നെ ഡി.വൈ.എസ്.പിയുടെ മുറിയില്‍ കയറ്റി. മുറിയിലേക്ക് കയറാന്‍ നേരം ഡോര്‍ തുറക്കാന്‍ നേരം പറയേണ്ട കാര്യങ്ങള്‍ അറിയമല്ലോ എന്നു പറഞ്ഞു. അച്ചന്റെ പുറകില്‍ ഇരുത്തി. നേരത്തെ പറഞ്ഞുതന്നെപോലെ എന്നെകൊണ്ട് പറയിച്ചു. നേരത്തെ കിട്ടിയ അടിയുടെ പേടികൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അച്ചന്‍ പറഞ്ഞിട്ടാണ് ചെയ്തതെന്നും ഞാനാണ് ഈ ഡോക്യുമെന്റ് ഉണ്ടാക്കിയതെന്നും പറഞ്ഞു. അങ്ങനെ പറയണമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു പേടിപ്പിച്ചിരുന്നു.

അതിനുശേഷം എന്നെയും അച്ചനേയും വേറെ വേറെ മുറികളില്‍ മാറ്റിയിരുത്തി. എന്റെ മുറിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ വന്ന് ‘നിനക്ക് ഇനിയും ജീവിതം ഉണ്ട്. ആ പുള്ളിക്ക് എന്ത് ജീവിതമാണ് ഉള്ളത്’ എന്നു പറഞ്ഞു. വൈകിട്ട് അഞ്ചു മണിയോടെ ഡി.വൈ.എസ്.പി റൂമില്‍ വന്നിരുന്നു. എന്റെ ഇടതു കയ്യുടെ മുട്ടിനു താഴെ ഡി.വൈ.എസ്.പി തഴുകിക്കൊണ്ടിരുന്നു. ഒരു പോയിന്റ് എത്തിയപ്പോള്‍ കൈപ്പത്തിയിലെ സന്ധിയില്‍ ഞരമ്പിന്റെ ഭാഗത്ത് ശക്തമായി അമര്‍ത്തി പിടിച്ചു. എനിക്ക് ഭയങ്കരമായി വേദനിച്ചു.

നീ കുടുങ്ങൂകയേയുള്ളൂ. ഇവനൊന്നും കുടുങ്ങാന്‍ പോകുന്നില്ല. അതുകൊണ്ട് നീ മര്യാദയ്ക്ക് അവന്റെ പേര് പറയാന്‍ പറഞ്ഞു. ഞാന്‍ പേടിച്ച് അവരുടെ പറഞ്ഞോളം എന്നു പറഞ്ഞു. ഡി.വൈ.എസ്.പി നീ ഉള്ളിലേക്ക് പൊയ്ക്കോ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു. ഈ സമയത്ത് ഫാ.ആന്റണിയെ മറ്റു രണ്ടു പേര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. എന്നെ വീണ്ടും വിളിപ്പിച്ചു. ഫാദര്‍ എന്റെയടുത്ത് ചോദിച്ചു’ ഞാന്‍ പറഞ്ഞിട്ടാണോ നീ ഇതുണ്ടാക്കിയത്’എന്ന്. നീ അത് ഉണ്ടാക്കിയതാണോ എന്നും ചോദിച്ചു. ഞാന്‍ അല്ല എന്നു പറഞ്ഞു. അപ്പോള്‍ ഡി.വൈ.എസ്.പി വീണ്ടും കൈത്തണ്ടയിലെ ആ ജോയിന്റില്‍ പിടിച്ചു. ഇതിലേതാണ് ഞങ്ങള്‍ സത്യമായി എടുക്കേണ്ടത് എന്നു ചോദിച്ചു. നീ ആദ്യം പറഞ്ഞതാണോ ഇപ്പോള്‍ പറഞ്ഞതാണോ എന്നു ചോദിച്ചു. ഞാന്‍ സാര്‍ പറഞ്ഞതുപോലെ നേരത്തെ പറഞ്ഞപോലെ തന്നെ പറഞ്ഞോണം എന്നു പറഞ്ഞു.

കുറച്ചുകഴിഞ്ഞ ആലുവ ഡി.വൈ.എസ്.പി എന്നോട് പുറത്തിറങ്ങി നില്‍ക്കാന്‍ പറഞ്ഞു. ടോണി അച്ചനോട് പൊയ്ക്കൊള്ളാനും പറഞ്ഞു. അന്ന് ഇടവകയിലെ അച്ചന്മാര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിയിരുന്നു. അവര്‍ എന്റെ കവിളില്‍ നീര് വന്നിരിക്കുന്നത് കണ്ടിരുന്നു. അവര്‍ രണ്ടുദിവസമായിട്ടും കോടതിയില്‍ എന്താണ് കൊണ്ടുപോകാത്തതെന്ന് ചോദിച്ചു. എന്നെ കാണാന്‍ രണ്ട് അച്ചന്‍മാരെ കയറ്റിവിട്ടു. പേടിക്കേണ്ട എന്നു അവര്‍ പറഞ്ഞു. ഞാനവരോട് പേടിയാകുന്നുവെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ അവരെ പുറത്തേക്ക് ഇറക്കിവിട്ടു. എന്നിട്ട് എനിക്ക് ഭക്ഷണം വാങ്ങിത്തന്നു.

അന്നു രാത്രി 12 മണി കഴിഞ്ഞപ്പോള്‍ എന്നെ തേവരയിലെ ഹാര്‍ഡ്വെയര്‍ കടയില്‍ കൊണ്ടുപോയി. എന്നെക്കൊണ്ട് കടതുറപ്പിച്ചു. എന്റെ അപ്പച്ചന്റെ കടയായിരുന്നു അത്. അപ്പച്ചനു വയ്യാത്തതുകൊണ്ട് കട അടയ്ക്കാനും തുറക്കാനും എന്റെ കയ്യില്‍ താക്കോല്‍ ഏല്പിച്ചിരുന്നു. ഞാന്‍ ഉപയോഗിക്കുന്ന കമ്പ്യുട്ടര്‍ കാണിച്ചുകൊടുത്തു. അതു നോക്കിയപ്പോള്‍ ടോണി അച്ചന് കാണിച്ചുകൊടുത്ത ഡോക്യുമെന്റിന്റെ കോപ്പി ഉണ്ടായിരുന്നു. അത് കാണിച്ചുകൊടുത്തു. ആ ഡോക്യുമെന്റിന്റെ ഒന്നും എടുത്തിരുന്നില്ല. അന്ന് രാത്രി മുഴുവന്‍ അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനില്‍ കൊണ്ടുചെന്നിരുത്തി. അന്നു ഞാന്‍ ഒരു കസേരയില്‍ ഇരുന്നുറങ്ങി. അവിടെയുള്ള പോലീസുകാര്‍ ഓരോന്ന് പറഞ്ഞ് എന്നെ മാനസികമായി പീഡിപ്പിച്ചു.

പിറ്റേന്ന് രാവിലെ 10.30 ഓടെ ഡി.വൈ.എസ്.പിയും മറ്റുംചേര്‍ന്ന് എന്നെ തേവരയിലെ കടയില്‍ കൊണ്ടുപോയി. ഡി.വൈ.എസ്.പിയും ഒരു പോലീസുകാരനും കൂടെ വന്നിരുന്നു. എന്നോട് കമ്പ്യൂട്ടര്‍ ഓപണ്‍ ചെയ്ത് മെയില്‍ ഐഡി തുറക്കാന്‍ ആവശ്യപ്പെട്ടു. എന്റെ മെയില്‍ ഐ.ഡിയില്‍ അവര്‍ ഞാന്‍ അയച്ച ഡോക്യുമെന്റ് കണ്ടു.

പിന്നീട് ഞാന്‍ ചെയ്യാത്ത ഒരു ഡോക്യൂമെന്റ് ആ സമയത്ത് എന്റെ കമ്പ്യൂട്ടറില്‍ കണ്ടു. ആ ഡോക്യൂമെന്റിലെ തീയതിയും ഞാന്‍ കണ്ട ഡോക്യൂമെന്റിലെ തീയതിയും ഒന്നായിരുന്നു. ഇതെങ്ങനെ എന്റെ കമ്പ്യൂട്ടറില്‍ വന്നുവെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ കടയുടെ താക്കോല്‍ തലേന്ന് പോലീസ് വാങ്ങിയിരുന്നു. കോട്ടയം പോലീസ് സെല്ലില്‍ നിന്ന് വൈകുന്നേരം 8 മണിക്കാണ് ആള്‍ക്കാര്‍ വന്നത്. അതുവരെ ഡി.വൈ.എസ്.പിക്കൊപ്പം വന്ന പോലീസുകാരനാണ് എന്റെ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്തിരുന്നത്. ആ സമയത്ത് തൊട്ടടുത്ത കടകളില്‍ ഇവനാണ് ഡോക്യൂമെന്റ് ചെയ്തതെന്നും പറഞ്ഞ് എന്നെ നാണംകെടുത്തി. ഞാന്‍ ട്യൂഷന്‍ എടുക്കുന്ന കുട്ടികളുടെ അപ്പന്മാരുടെ മുന്നിലും എന്നെ ഒരുപാട് നാണം കെടുത്തി.

Explainer: മാര്‍പാപ്പയെ പോലും വെല്ലുവിളിക്കുന്ന നിഴല്‍ യുദ്ധങ്ങള്‍; വസ്തുകച്ചവടം മുതല്‍ വ്യാജരേഖ വരെ; ഉറ കെട്ടുപോകുമോ സിറോ മലബാര്‍ സഭ?

വൈകുന്നേരം 7.30-8 മണിയോടെ തിരികെ ഡി.വൈ.എസ്.പി ഓഫീസില്‍ കൊണ്ടുപോയി. മജിസ്ട്രേറ്റിന്റെ അടുത്ത് പറയേണ്ട കാര്യങ്ങള്‍ അറിയാമല്ലേ. പറഞ്ഞില്ലെങ്കില്‍ എന്തുണ്ടാവും എന്നു നിനക്കറിയാമല്ലോ എന്നും ഡി.വൈ.എസ്.പി പറഞ്ഞു. രാത്രി വീണ്ടും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. അവിടെ ഒരു ബെഞ്ചില്‍ ഇരുത്തി. രാത്രി ഒരു പോലീസുകാരന്‍ ഭക്ഷണം വാങ്ങിത്തന്നു.

പിറ്റേദിവസം ആറു മണിയോടെ എന്നെ വിളിച്ചേഴുന്നേല്‍പ്പിച്ചു. എഴുമണിയോടെ മെഡിക്കല്‍ എടുക്കാന്‍ കൊണ്ടുപോയി. നിനക്ക് മജിസ്ട്രേറ്റിന്റെ അടുത്ത് എന്താണ് പറയേണ്ടതെന്ന് അറിയാമല്ലോ എന്നും ഷര്‍ട്ടും പാന്റ്സും തരാന്‍ വന്നയാള്‍ പറഞ്ഞു. ഇയാള്‍ യൂണിഫോമില്‍ അല്ലായിരുന്നു. മെഡിക്കല്‍ എടുത്തിട്ട് ഡിവൈഎസ്പി ഓഫീസില്‍ കൊണ്ടുവന്നു. എന്തെങ്കിലും മരുന്നുവേണമോ എന്നു ചോദിച്ചപ്പോള്‍ ആസ്മയ്ക്കുള്ള മരുന്നുവേണമെന്ന് പറഞ്ഞിരുന്നു. പോലീസുകാര്‍ എന്റെ അടുത്തു നിന്നതിനാല്‍ എന്റെ മുറിവുകള്‍ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല.

അവിടെനിന്ന് നേരേ മജിസ്ട്രേറ്റിന്റെ അടുത്തുകൊണ്ടുവന്നു. മജിസ്ട്രേറ്റിന്റെ വീട്ടില്‍ ചെന്ന് കുറച്ചുനേരം എന്നെ വണ്ടിയില്‍ തന്നെ ഇരുത്തി. കുറച്ചുപോലീസുകാര്‍ എന്റെ കൂടെ ഉണ്ടായിരുന്നു. മജിസ്ട്രേറ്റിന്റെ അടുത്ത് ചെന്നയുടന്‍ പരാതിയുണ്ടോ എന്ന് ചോദിച്ചു. പോലീസുകാരെ പേടിച്ച് പരാതിയൊന്നുമില്ലെന്നു പറഞ്ഞു. എനിക്ക് എക്സാം എഴുതണമെന്ന് മജിസ്ട്രേറ്റിനോട് പറഞ്ഞു. എക്സാം എഴുതാന്‍ വേണ്ടത് ചെയ്യാമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. കൊണ്ടുപോയ വഴിക്ക് എന്റെ 164 മൊഴി എടുക്കുമെന്നും മാറ്റിപ്പറയരുത് എന്നും പോലീസുകാര്‍ പറഞ്ഞിരുന്നു.

എനിക്ക് എക്സാം എഴുതണം. എനിക്ക് പഠിക്കണം. അല്ലെങ്കില്‍ ഞാന്‍ പഠിച്ചത് വെറുതെയാകും. എന്റെ കാലിന്റെ നഖത്തിലും മുറിവുണ്ട്. ഞാന്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നഗ്‌നനായി കാലും നീട്ടി ഇരിക്കുമ്പോള്‍ ഡി.വൈ.എസ്.പി നിന്നുകൊണ്ട് എന്റെ കാലില്‍ ചവിട്ടുപിടിച്ചു. എന്നിട്ട് എന്റെ ഇടതുകാലിന്റെ വിരലിലെ നഖം വലിച്ചുപറിക്കാന്‍ നോക്കി. നഖത്തില്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ട്.

ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആലുവ ഡി.വൈ.എസ്.പി അടക്കം ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയ പോലീസുകാര്‍ക്കെതിരെ കസ്റ്റഡി മര്‍ദ്ദനത്തിന് മജിസ്ട്രേറ്റ് കോടതി സ്വമേധയാ കേസ് എടുത്തിരിക്കുകയാണ്. സിഎംപി 1777/2019 ക്രൈം നമ്പര്‍ ആയാണ് കേസെടുത്തിരിക്കുന്നത്.

Read More: കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമിയിടപാട് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച 15 പുരോഹിതരെ കുടുക്കാനുള്ള മത-കോര്‍പ്പറേറ്റ്-ഭരണകൂട കളിയോ വ്യാജരേഖ കേസ്?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍