UPDATES

ബിഷപ്പുമാര്‍ക്കടക്കം വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുള്ളതിന്റെ വിവരങ്ങളാണ് ‘വ്യാജരേഖ’യിലെന്ന് ആരോപണം; വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി പോലീസ് പള്ളിയില്‍; സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

ഐഐടി വിദ്യാര്‍ത്ഥിയുടെ കസ്റ്റഡിക്കെതിരേ മനുഷ്യാവകാശ കമ്മിഷനു പരാതി

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് രാത്രിയില്‍ എത്തിയത് വിശ്വാസികളുടെ പ്രതിഷേധത്തിന് ഇടയാക്കി. ഫാ. ടോണി പള്ളിയില്‍ ഇല്ലാതിരുന്നതിനാല്‍ പോലീസിന് മടങ്ങിപ്പോകേണ്ടിയും വന്നു. രേഖകള്‍ പുറത്തുകൊണ്ടുവന്ന ഐഐടി വിദ്യാര്‍ഥി ആദിത്യയെ പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നതിനെതിരേയും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ശനിയാഴ്ചച്ച രാത്രി പത്തരയോടെയാണ് മൂന്നു വാഹനങ്ങളിലായി പോലീസ് വൈദികനെ അറസ്റ്റ് ചെയ്യാനായി പള്ളയില്‍ എത്തിയത്. വിവരമറിഞ്ഞ് ഇടവകാംഗങ്ങളില്‍ ചിലര്‍ സ്ഥലത്തെത്തി. വൈദികനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് വന്നിരിക്കുന്നതെന്ന് അറിഞ്ഞതോടെ ചിലര്‍ കൂട്ടമണിയടിയടിച്ചു. ഇതോടെ കൂടുതല്‍ പേര്‍ പള്ളിയിലെത്തി. ഇവര്‍ പോലീസിനെ തടഞ്ഞുവച്ചു. എന്നാല്‍ വൈദികന്റെ അറസ്റ്റ് നടന്നില്ലെന്നതിനാല്‍ വലിയ സംഘര്‍ഷം ഉണ്ടായില്ല.

വ്യാജരേഖ കേസിലെ ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടിന് രേഖകള്‍ ഇമെയില്‍ അയച്ച ആദിത്യയെ പോലീസ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നതിനെതിയും വിശ്വാസികള്‍ക്കിടയില്‍ നിന്നും രോഷം ഉയരുകയണ്. തേവര കോന്തുരുത്തി സ്വദേശി ആദിത്യയെ മൂന്നു ദിവസത്തോളമാണ് ചോദ്യം ചെയ്യാന്‍ എന്ന പേരില്‍ വിളിപ്പിച്ചശേഷം കസ്റ്റഡിയില്‍ വച്ചത്. ഇതില്‍ പ്രതിഷേധിച്ച് കോന്തുരുത്തി ഇടവക വികാരി ഫാ. മാത്യു ഇടശ്ശേരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ആലുവ ഡിവൈഎസ്പി ഓഫിസില്‍ എത്തിയിരുന്നു. പോലീസ് ആദിത്യയെ അന്യായമായി തടങ്കലില്‍ വച്ച് പീഡിപ്പിക്കുകയയാണെന്നായിരുന്നു വിശ്വാസികളുടെ ആരോപണം.

ആദിത്യയുടെ പോലീസ് കസ്റ്റഡിക്കെതിരേ പിതാവ് സക്കറിയ എസ് വളവി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സക്കറിയ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്; “ഞാനൊരു ഹൃദ്രോഗിയാണ്. ഞാനും ഭാര്യയും രണ്ടു മക്കളും അടങ്ങിയതാണ് എന്റെ കുടുംബം. ഒരു മകന്‍ ജോലി സംബന്ധമായി വിദേശത്താണ്. മറ്റൊരു മകന്‍ ആദിത്യ മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. എന്റെ ദൈനംദിനകാര്യങ്ങള്‍ എല്ലാം ചെയ്തു തരുന്നത് ആദിത്യയാണ്.

ആദിത്യയെ മേയ് 15 ബുധനാഴ്ച്ച ഏതോ ചില രേഖകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ആലുവ ഡിവൈഎസ്പി ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. പോലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായി ഉത്തരം നല്‍കുകയും രാത്രി ഒമ്പതു മണിയോടെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം (മേയ് 16) രാവിലെ ഒമ്പതു മണിക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആലുവ ഡിവൈഎസ്പി ഓഫിസിലേക്ക് വിളിച്ചു വരുത്തി. ഇതിനു ദൃക്‌സാക്ഷികളുണ്ട്. അവിടെയെത്തിയ ആദിത്യയെ രണ്ടു ദിവസമായിട്ടും കാണാതായപ്പോള്‍ ഞങ്ങള്‍ ആലുവ ഡിവൈഎസ്പി ഓഫീസിലും തൃക്കാക്കര സ്റ്റേഷനിലും മറ്റും നേരിട്ടു ചെന്ന് അന്വേഷിച്ചിട്ടും കൃത്യമായ ഉത്തരം ലഭിച്ചില്ല. മേയ് 18-ആം തീയതി രാവിലെ ആലുവ ഡിവൈഎസ്പി ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ആദിത്യന്‍ ഞങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു. എങ്കിലും ആദിത്യയെ കാണുവാനോ സംസാരിക്കുവാനോ കഴിഞ്ഞ മൂന്നു ദിവസമായിട്ടും ഞങ്ങള്‍ക്കായിട്ടില്ല.

പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ മകനെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ചില തത്പര കക്ഷികളുടെ ഇംഗിതത്തിനു വഴങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയോ തയ്യാറാക്കി കൊടുത്ത തിരക്കഥയ്ക്ക് അനുസരിച്ച് ഞങ്ങളുടെ മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്”.

Also Read: സീറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കുന്ന വ്യാജരേഖ കേസ്; ഗവേഷക വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

ആദിത്യയെ പോലീസ് ആരുടെയോ ആവശ്യപ്രകാരം കുടുക്കുകയാണെന്നാണ് കോന്തുരുത്തി ഇടവക വികാരി ഫാ. മാത്യു ഇടശ്ശേരിയും പറയുന്നത്. ഇത്തരമൊരു കള്ളത്തരം ചെയ്യാന്‍ ആദിത്യ തയ്യാറാകില്ലെന്നാണ് ഇടവക വികാരി ഫാ. മാത്യു ഇടശ്ശേരി പറയുന്നത്. “വ്യക്തിപരമായി അറിയാവുന്ന യുവാവാണ് ആദിത്യ. ഇടവകയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗം. സത്യസന്ധരും ഉന്നതമായ സര്‍വീസിലുള്ളവരുമാണ് ആദിത്യയുടെ മാതാപിതാക്കള്‍. ആദിത്യനാകട്ടെ ഇടവകയിലെ സജീവ പ്രവര്‍ത്തകനും നല്ല ഭാവിയുള്ള ചെറുപ്പക്കാരനും. ആദിത്യ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഇടവക സ്തംഭിച്ചിരിക്കുകയാണ്. രേഖകള്‍ ഒറിജിനല്‍ ആണോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും അറിയില്ല. ആദിത്യ വ്യാജരേഖ ഉണ്ടാക്കുമെന്ന് അവനെ അറിയുന്ന ആരും വിശ്വസിക്കില്ല. അവന്റെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നല്ല അഭിപ്രായമാണ് ആദിത്യയെക്കുറിച്ച്”, ഫാ. മാത്യു ഇടശ്ശേരിയുടെ വാക്കുകള്‍.

അതേസമയം ചോദ്യം ചെയ്യലിനു ശേഷം ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കോടതിയില്‍ ഹാജരാക്കുമെന്നുമാണ് പോലീസ് പറയുന്നത്.

സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്വകാര്യ ബാങ്കില്‍ നിക്ഷേപമുണ്ടെന്നു കാണിക്കുന്ന രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന് ഇ മെയില്‍ വഴി അയച്ചത് താനാണെന്ന് ആദിത്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് കിട്ടിയ രേഖകള്‍ വ്യാജമല്ലെന്ന നിലപാടിലാണ് ആദിത്യ. കര്‍ദ്ദിനാളിനടക്കം സഭയിലെ പല ഉന്നതരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ രേഖകളില്‍ ഉള്ളതെന്നും പറയുന്നു. മദ്രാസ് ഐഐടിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ആദിത്യ ഒരു രാജ്യാന്തര ബിസിനസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിന്‍ ആയി താത്കാലിക ജോലി ചെയ്യുന്നതിനിടയിലാണ് സ്ഥാപനത്തിന്റെ ഔദ്യോഗിക ഡാറ്റ സിസ്റ്റത്തില്‍ നിന്നും പ്രസ്തുത രേഖകള്‍ കിട്ടുന്നത്. പ്രസ്തുത ബിസിനസ് കമ്പനിയില്‍ സീറോ മലബാര്‍ സഭയിലെ ഉന്നതന്മാര്‍ക്ക് നിക്ഷേപം ഉണ്ടെന്നു തെളിയിക്കുന്നതാണ് ഈ രേഖകള്‍ എന്നു പറയുന്നു. സീറോ മലബാര്‍ സഭയിലെ ഉന്നതാധികാരിയെ കൂടാതെ ലത്തീന്‍ റീത്തിലെ എട്ടു ബിഷപ്പുമാര്‍ക്കും പ്രസ്തുത വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപം ഉണ്ടെന്നും ഈ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. തുടര്‍ന്ന് തനിക്കു കിട്ടിയ രേഖകള്‍, വ്യക്തിസൗഹൃദമുള്ള ഫാ. ടോണി കല്ലൂക്കാരനെ ആദിത്യ കാണിക്കുകയും, ഫാ. ടോണിയുടെ ഉപദേശപ്രകാരം ഫാ. പോള്‍ തേലക്കാട്ടിനെ ആദിത്യ കാണുകയും അദ്ദേഹത്തിന് തന്റെ കൈവശം കിട്ടിയ രേഖകള്‍ ഇമെയില്‍ വഴി അയക്കുകയുമായിരുന്നുവെന്നാണ് വിവരം. ഈ രേഖകളാണ് ഫാ. പോള്‍ തേലക്കാട്ട് എറണാകുളം-അങ്കമാലി അതിരൂപ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുന്നതും അദ്ദേഹമത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കുന്നതും പിന്നാലെ, പ്രസ്തുത രേഖകള്‍ സിനഡിനു മുന്നില്‍ അവതരിപ്പിച്ച് തനിക്കെതിരേ വ്യാജരേഖകള്‍ ചമച്ചുവെന്ന പരാതി കര്‍ദിനാള്‍ ഉയര്‍ത്തുന്നതും. ഇതോടെയാണ് സിറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കുന്ന വ്യാജരേഖ കേസ് ആരംഭിക്കുന്നത്.

സിറോ മലബാര്‍ സഭ നല്‍കിയ കേസില്‍ ഒന്നാം പ്രതിയാക്കപ്പെട്ട ഫാ. പോള്‍ തേലക്കാട്ടില്‍ ആലുവ ഡിവൈഎസ്പി ഓഫിസില്‍ എത്തി മൊഴി നല്‍കിയപ്പോഴാണ് തനിക്ക് രേഖകള്‍ ഇമെയില്‍ വഴി അയച്ചു കിട്ടിയതാണെന്നു വ്യക്തമാക്കിയത്. കിട്ടിയ മുഴുവന്‍ രേഖകളും ഫാ. തേലക്കാട്ട് പോലീസിന് കൈമാറാന്‍ തയ്യാറായെങ്കിലും പോലീസ് ദിവസങ്ങള്‍ക്ക് ശേഷം വൈദികന്റെ ഓഫിസില്‍ എത്തിയാണ് രേഖകള്‍ കൈപ്പറ്റിയത്. ഈ സമയം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറും പോലീസ് പരിശോധിച്ചിരുന്നു.

ഈ സംഭവത്തിനു പിന്നാലെയാണ് ആദിത്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കസ്റ്റഡിയില്‍ വച്ചത്. ഫാ. ടോണി കല്ലൂക്കാരനെയും വെള്ളിയാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചശേഷം വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത്. ആദിത്യയും ഫാ. ടോണി കല്ലൂക്കാരനും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ചു എന്ന നിലയിലേക്കാണ് കേസ് പോകുന്നത്.

അതേസമയം ആദിത്യയുടെ പിന്നില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരേ നില്‍ക്കുന്ന ചിലര്‍ ഉണ്ടെന്നാണ് മറ്റൊരാരോപണം. അതുകൊണ്ടാണ് ആദിത്യയെ ചോദ്യം ചെയ്യാന്‍ പോലീസ് കൊണ്ടുപോയപ്പോള്‍ ചില വൈദികര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തിയതെന്നാണ് കര്‍ദ്ദിനാള്‍ വിഭാഗത്തില്‍പ്പെട്ട പുരോഹിതര്‍ ആരോപിക്കുന്നത്.

നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നു ചിന്തിക്കാതെ, ഈ കേസില്‍ ചില വൈദികരും ബിഷപ്പുമാരും ഇത്ര താത്പര്യം കാണിക്കുന്നത് എന്തുകൊണ്ടെന്നാണ് ഫാ. ആന്റണി പൂതശ്ശേരി ചോദിക്കുന്നത്. “നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. ആദിത്യയെ ചോദ്യം ചെയ്യുന്നിടത്ത് വൈദികര്‍ക്ക് എന്താണ് കാര്യം. അവര്‍ എന്തിനാണ് അവിടെ പോയിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നാണ്’അമ്മ’ പറഞ്ഞത്. ആ നിലപാട് വൈദികര്‍ക്കും സ്വീകരിച്ചാല്‍ പോരെ. പോലീസിന് ഒരു പരാതി കിട്ടി. പോലീസ് അത് അന്വേഷിക്കട്ടെ. അതത് നിയമത്തിന്റെ വഴിക്കാണെങ്കില്‍, ഇവര്‍ക്ക് ഒരു പങ്കുമില്ലെങ്കില്‍ ഫാ. പോള്‍ തേലക്കാട്ട് ഊരിപ്പോരുമല്ലോ? വൈദികര്‍ക്ക് കേസില്‍ എന്താണ് ഇത്ര താത്പര്യം. ഫാ. ടോണി കല്ലൂക്കാരനേയും സംരക്ഷിക്കാന്‍ ഇവര്‍ക്കെന്താണ് കാര്യം. അവര്‍ രണ്ടുപേരും നിരപരാധികളാണെങ്കില്‍ കോടതിയില്‍ അത് തെളിയിക്കാന്‍ കഴിയുമല്ലോ. ഇപ്പോള്‍ ഒച്ചപ്പാട് ഉണ്ടാക്കി നിയമത്തെ മറികടക്കാന്‍ ശ്രമിക്കുന്നതെന്തിനാണ്?” ഫാ. ആന്റണി പൂതവേലിയുടെ വാക്കുകള്‍.

ഫാ. പോള്‍ തേലക്കാട്ട് ചില യുവ വൈദികരുമായി ചേര്‍ന്ന് പത്തുലക്ഷം രൂപ മുടക്കിയാണ് കര്‍ദ്ദിനാളിനെതിരേ വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്ന് ഫാ. ആന്റണി പൂതവേലി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇത് വിവാദമാവുകയും അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. പൂതവേലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തതാണ്. ആ സംഭവത്തില്‍ തനിക്ക് വീഴ്ച്ച പറ്റിയെന്നു സമ്മതിച്ച ഫാ. പൂതവേലില്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെയാണ് വീണ്ടും ആരോപണങ്ങളുമായി എത്തിയത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും സഭയിലെ പതിനഞ്ചോളം വൈദികരെയും വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നാണ് മറ്റൂര്‍ സെന്‍റ്. ആന്റണീസ് പള്ളി വികാരി കൂടിയായ ഫാ. ആന്റണി പൂതവേലില്‍ പറയുന്നത്. 2018-ല്‍ ബെംഗളൂരുവില്‍ നടന്ന സിറോ മലബാര്‍ സഭ സിനഡില്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരേ ആരോപണം ഉന്നയിച്ചതാണെന്നും അതിനാല്‍ തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന വ്യാജരേഖകള്‍ മുന്‍പേ തന്നെ ഇക്കൂട്ടരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നാണ് ഫാ. ആന്റണി പൂതവേലില്‍ ആരോപിക്കുന്നത്. ഫാ. പോള്‍ തേലക്കാട്ടില്‍ നിന്നും ബിഷപ്പ് ജേക്കബ് മനത്തോടത്തിന് ഈ രേഖകള്‍ കിട്ടുന്നതിനു മുന്‍പേ തന്നെ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് ഈ രേഖകളെക്കുറിച്ച് വിവരം ഉണ്ടായിരുന്നുവെന്നും ഫാ. ആന്റണി പറയുന്നു. കര്‍ദ്ദിനാളിന് വ്യാവസായ ഗ്രൂപ്പില്‍ നിക്ഷേപം ഉണ്ടെന്ന വിവരം ബിഷപ്പ് എടയന്ത്രത്തിന് എവിടെ നിന്നും കിട്ടിയതാണെന്നും, ഇക്കാര്യങ്ങളെല്ലാം വ്യക്തമാകാന്‍ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നുമാണ് മുന്‍ വൈദിക സമതിയംഗം കൂടിയായ ഫാ. ആന്റണി പൂതവേലില്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടായ വൈദികരുടെ പ്രതിഷേധവും കേസില്‍ ഇത്തരക്കാരുടെ പങ്കാണ് വെളിപ്പെടുത്തുന്നതെന്നും താന്‍ ബിഷപ്പ് മനത്തോടത്തിന് എഴുതിയ മറുപടി കത്തില്‍ വ്യാജരേഖ കേസില്‍ ബിഷപ്പ് എടയന്ത്രത്തിന്റെയും പതിനഞ്ചോളം വൈദികരുടെയും പങ്കിനെ കുറിച്ച് പറയുന്നുണ്ടെന്നും ഇവരെ ചോദ്യം ചെയ്യുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും വേണമെന്നും ഫാ. ആന്റണി പറയുന്നു.

അതേസമയം വ്യാജരേഖ കേസില്‍ വൈദികര്‍ സമരത്തിനിറങ്ങി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് എറണാകുളം-അങ്കമാലി അതിരൂപയും രംഗത്തു വന്നു. സീറോ മലബാര്‍ സഭയുടെ സിനഡില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിനു നല്‍കിയ രേഖകളെ സംബന്ധിച്ച കേസില്‍ മേയ് 17 ന് ആലുവ ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ ഏതാനും വൈദികര്‍ സമരത്തിനിറങ്ങി എന്നതു വാസ്തവവിരുദ്ധമായ വാര്‍ത്തയാണെന്നാണ് അതിരൂപത വക്താവ് ഫാ. പോള്‍ കരേടന്‍ പറയുന്നത്. അതിരൂപതാംഗമായ ഫാ. ടോണി കല്ലൂക്കാരനെ ഡിവൈഎസ്പി ഓഫീസിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യലില്ലാതെ ഒരു ദിവസം മുഴുവന്‍ പിടിച്ചുനിര്‍ത്തിയ സാഹചര്യത്തില്‍, അദ്ദേഹം വികാരിയായ സാന്‍ജോ നഗര്‍ ഇടവകയിലെ ഏതാനും പേര്‍ അച്ചനെ അന്വേഷിച്ച് അവിടെ എത്തിയിരുന്നു. അച്ചന്റെ സുഹൃത്തുക്കളായ ഏതാനും ചില വൈദികരുമുണ്ടായിരുന്നു. അവിടെ ആരും ഒരു സമരപരിപാടികളും നടത്തിയിട്ടില്ല. അതിരൂപതയുമായി ബന്ധപ്പെട്ട ഏതു കേസിലും സത്യം പുറത്തുവരണമെന്നാണു വൈദികരുടെയും നിലപാട്. നിയമപരമായ അന്വേഷണങ്ങളോടു പൂര്‍ണമായും സഹകരിക്കും. വ്യാജരേഖ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു വിധേയമാക്കുന്നവരോടു മാന്യമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് അതിരൂപത ആവശ്യപ്പെടുന്നതെന്നും ഫാ. പോള്‍ കരേടന്‍ പറഞ്ഞു.

Read More: സത്യദീപത്തില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്തയ്ക്ക് പിന്നിലാര്? കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍