UPDATES

ട്രെന്‍ഡിങ്ങ്

ആ രേഖകളിലെ പേരുകാരന്‍ കര്‍ദ്ദിനാള്‍ മാത്രമല്ല; സിറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കി വ്യാജരേഖ കേസ് പുതിയ തലത്തിലേക്ക്

വ്യാജരേഖ കേസ് സിറോ മലബാര്‍ സഭയ്ക്കുള്ളിലെ ഏറ്റുമുട്ടല്‍ ശക്തമാകുന്നു

വ്യാജരേഖ കേസ് സിറോ മലബാര്‍ സഭയ്ക്കുള്ളിലെ ഏറ്റുമുട്ടല്‍ ശക്തമാകുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖകള്‍ മനഃപൂര്‍വം സൃഷ്ടിക്കുകയായിരുന്നുവെന്നും അതുപയോഗിച്ച് സഭ അധികാരികളെയും സംവിധാനത്തെയും മോശമായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും സ്ഥിരം സിനഡിന്റെ അടിയന്തരയോഗം കുറ്റപ്പെടുത്തുമ്പോള്‍, ഈ കേസ് ഉണ്ടാക്കിയതും പുരോഹിതരെ ഉള്‍പ്പെടെ പ്രതികളാക്കുകയും ചെയ്യുന്നവര്‍ ഭൂമി വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആരോപിക്കുന്നത്. ഫാ. പോള്‍ തേലക്കാട്ട്, അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ഐഐടി വിദ്യാര്‍ത്ഥി ആദിത്യ, കര്‍ദാനാളിന്റെ മുന്‍ ഓഫിസ് സെക്രട്ടറിയും മുരിങ്ങൂര്‍ സാന്‍ജോ നഗര്‍പുരം ഇടവക വികാരി ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ നാലു വരെ പ്രതികളായിട്ടുള്ള കേസ് സിറോ മലബാര്‍ സഭയെ മൊത്തത്തില്‍ പിടിച്ചു കുലുക്കുന്ന രീതിയിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. കേസില്‍ ഒരു ബിഷപ്പ് അടക്കം കൂടുതല്‍ പുരോഹിതര്‍ പ്രതികളാക്കപ്പെടുമെന്ന സൂചന കൂടി നില്‍ക്കുന്നതോടെ ഈ ഏറ്റുമുട്ടല്‍ ഇനിയും ശക്തമാകാനാണ് സാധ്യത.

ബിഷപ്പും പ്രമുഖ വൈദികനും പ്രതികളാകുമോ?

വ്യാജ രേഖ കേസില്‍ ഒരു ബിഷപ്പിനെയും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു പ്രമുഖ വൈദികനെയും കൂടി പ്രതിചേര്‍ക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ ഡിജിപിയെ അറിയിച്ച അന്വേഷണ സംഘം സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്നുമാണ് വിവരം. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ പക്ഷം.

വ്യാജരേഖകള്‍ ഉണ്ടാക്കിയതു തന്നെയെന്നു സിനഡ്

കഴിഞ്ഞ ദിവസം സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്.തോമസില്‍ ചേര്‍ന്ന സ്ഥിരം സിനഡിന്റെ അടിയന്തര യോഗം വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശകലനം ചെയ്‌തെന്നാണ് സഭയുടെ മീഡിയ കമ്മിഷന്‍ പറയുന്നത്. സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ നിര്‍മ്മിച്ചതെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി കേസ് അന്വേഷണം മുന്നോട്ട് പോകണമെന്നുമാണ് യോഗത്തില്‍ തീരുമാനം ഉണ്ടായതെന്നു കമ്മിഷന്‍ പ്രതിനിധി ഫാ.ആന്റണി തലച്ചെല്ലൂര്‍ പറയുന്നു.

വ്യാജരേഖ കേസ് മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നും അതിനു പിന്നില്‍ അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദമാണന്നും എറണാകുളം-അങ്കമാലി അതിരൂപത പരാതി ഉയര്‍ത്തുമ്പോഴാണ് എതിര്‍വാദമുയര്‍ത്തി സഭ നേതൃത്വം രംഗത്തു വരുന്നത്. വ്യാജരേഖകള്‍ ഉണ്ടാക്കിയെന്നാരോപിച്ച് ഐഐടി വിദ്യാര്‍ത്ഥിയും സഭാംഗവുമായ ആദിത്യ എന്ന യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി അതിരൂപത രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തിലാണ് സിറോ മലബാര്‍ സഭ സിനഡും മീഡിയ കമ്മിഷനുമൊക്കെ വ്യാജരേഖകള്‍ ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ മനഃപൂര്‍വം ഉണ്ടാക്കിയതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതും ഈ നിലപാട് വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതും.

കേസ് അട്ടിമറിക്കാന്‍ ശ്രമം

വ്യാജരേഖയുടെ ഉറവിടവും അതിനു പിന്നിലെ ഗൂഢാലോചനയും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നതാണ് തങ്ങളുടെ ആവശ്യം എന്നാണ് സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. അടിയന്തര സിനഡിനു ശേഷമാണ് മീഡിയ കമ്മിഷന്‍ പ്രസ്താവന പുറത്തിറക്കിയത്. എറണാകുളം-അങ്കമാലി അതിരൂപത കഴിഞ്ഞദിവസം ആവശ്യപ്പെട്ടതുപോലെ വ്യാജരേഖ സംബന്ധമായ എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിലെ സെര്‍വറില്‍ രേഖകള്‍ കണ്ടെത്തിയെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അക്കാര്യവും അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും പറയുന്ന മീഡിയ കമ്മിഷന്‍, കേസ് അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവും ഇതിനൊപ്പം ഉയര്‍ത്തുന്നുണ്ട്.

അസാധാരണ കാര്യങ്ങളാണ് വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതിനാല്‍ സഭാംഗങ്ങള്‍ ജാഗ്രതയോടെയും അവധാനതയോടെയും കാര്യങ്ങള്‍ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടെന്നതും പറയുന്ന മീഡിയ കമ്മിഷന്‍, ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പേരില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സിറോ മലബാര്‍ സഭയിലെ ഒരു രൂപതയില്‍ നടക്കുന്ന ഒറ്റപ്പെട്ട വിഷയത്തെ കത്തോലിക്ക സഭയുടെ മുഴുവന്‍ പ്രശ്നമായും, സഭയെ പിളര്‍പ്പിലേക്ക് നയിക്കുന്ന ഭിന്നതയായും ചിത്രീകരിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് ഈ കുറ്റപ്പെടുത്തല്‍.

ഭൂമിക്കച്ചവടത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നവരെ പ്രതികളാക്കുന്നു

സിറോ മലബാര്‍ സഭ സിനഡും മീഡിയ കമ്മിഷനുമൊക്കെ കര്‍ദിനാള്‍ ആലഞ്ചേരിയേയും സഭയേയും അപമാനിക്കാന്‍ വേണ്ടി വ്യാജരേഖകള്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നു പറയുമ്പോള്‍, എറണാകുളം-അങ്കമാലി അതിരൂപത ഇപ്പോഴത്തെ സംഭവങ്ങളെ അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടുമായി ബന്ധപ്പെടുത്തിയാണ് പരാതി ഉയര്‍ത്തുന്നത്. ഭൂമി വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ രക്ഷപ്പെടാന്‍ നടത്തുന്ന വിഫലശ്രമങ്ങളായേ ഇത്തരം ഹീനപ്രവൃത്തികളെ കാണാനാവൂ എന്നാണ് അതിരൂപത കുറ്റപ്പെടുത്തുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ മുമ്പില്‍ നിന്നു പ്രവര്‍ത്തിച്ച വൈദികരെയാണ് വ്യാജരേഖ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കാന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അതിരൂപതയുടെ ആക്ഷേപമുണ്ട്.

വ്യാജരേഖയുടെ പിറകില്‍ ഒരുകൂട്ടം വൈദികരാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുത്തുന്നതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്നാണ് അതിരൂപതയുടെ ആരോപണം. ഭൂമിയിടപാട് കേസില്‍ സത്യസന്ധമായ റിപ്പോര്‍ട്ടുകളും ഓഡിറ്റിംഗ് രേഖകളും ഇന്‍കം ടാക്‌സ് ഓഫിസിന്റെ റിപ്പോര്‍ട്ടും ഉള്ളപ്പോള്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മറ്റൊരു വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു കാര്യവുമില്ലെന്നാണ് ഈ നീക്കത്തിനെതിരേയുള്ള അതിരൂപതയുടെ മറുപടി. വ്യാജ രേഖ കേസും ഭൂമിടയപാട് കേസും രണ്ടാണെന്നും എന്നാല്‍ വ്യാജരേഖ കേസിനെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത് കൃത്യമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു. 2017 സെപ്തംബര്‍ മാസത്തില്‍ ആരംഭിച്ച ഭൂമിയിടപാട് പ്രശ്‌നത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയതുകൊണ്ടാണ് മാര്‍പാപ്പ, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയതും പകരം ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ നിയമിച്ചതും. മാര്‍പാപ്പയുടെ നിര്‍ദേശാനുസരണം ഭൂമിയിടപാടുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ശാസ്ത്രീയമായി അന്വേഷിച്ച് ആ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഭൂമിയിടപാടിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച വൈദികര്‍ ഇപ്പോള്‍ വ്യാജരേഖ കേസില്‍ പ്രതികളാക്കപ്പെടുകയാണ്. അതിന്റെ ഭാഗമാണ് ആദിത്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് വൈദികര്‍ക്കെതിരേ വ്യാജമൊഴികള്‍ ഉണ്ടാക്കുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി പൊലീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്; അതിരൂപത ഉയര്‍ത്തുന്ന വാദങ്ങളാണിത്.

പൊലീസ് അന്വേഷണം മുന്‍കൂട്ടിയെഴുതിയ തിരക്കഥ?

നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങളും ആരോപണങ്ങളുമാണ് എറണാകുളം-അങ്കമാലി അതിരൂപത ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം അതിരൂപത ആസ്ഥാനത്ത് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഈ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രസ്തുത രേഖകള്‍ ഉപയോഗിച്ച് ചില തത്പര കക്ഷികള്‍ അതിരൂപതയ്ക്കും അഞ്ചുലക്ഷം വിശ്വാസികള്‍ക്കും നഷ്ടപ്പെട്ട കോടിക്കണക്കിന് പണത്തിന്റെയും അതിനു പുറകില്‍ നടന്ന ധാര്‍മികമായ അപജയത്തെയും(ഭൂമിക്കച്ചവടം) തേച്ചുമാച്ചു കളയാനുള്ള ഒരു തിരക്കഥ തയ്യാറാക്കുകയായിരുന്നുവെന്നും ആ തിരക്കഥയാണ് ഇപ്പോള്‍ ഓരോ ഓരോ എപ്പിസോഡുകളായി പൊലീസ് നടപ്പാക്കുന്നതെന്നുമാണ് അതിരൂപതയുടെ വാദം.

ഐഐടി വിദ്യാര്‍ത്ഥി ആദിത്യയുടെ കസ്റ്റഡിയും അറസ്റ്റും ബന്ധപ്പെടുത്തിയാണ് അതിരൂപത പൊലീസിനെതിരേ തിരിഞ്ഞിരിക്കുന്നത്.ഫാ.ടോണി കല്ലൂര്‍ക്കാരന്‍ ഉള്‍പ്പെടെയുള്ള പുരോഹിതര്‍ക്കെതിരേ ആദിത്യയെ കൊണ്ട് നിര്‍ബന്ധിത മൊഴി പറയിപ്പിക്കുകയായിരുന്നു പൊലീസ് എന്നാണ് അതിരൂപതയുടെ പരാതി. ഈ വിഷയവുമായി ബന്ധപ്പെടുത്തി അിരൂപത ഉയര്‍ത്തുന്ന വാദങ്ങള്‍ ഇങ്ങനെയാണ്; വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് സിനഡില്‍ തീരുമാനം ഉണ്ടായി. എന്നാല്‍ അതിനുവേണ്ടി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തപ്പോള്‍ പ്രതികളായത് ഫാ. പോള്‍ തേലക്കാട്ടും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും. ഇത് വിവാദമായപ്പോള്‍ കേസ് റദ്ദ് ആക്കാന്‍ കര്‍ദിനാള്‍ സത്യവാങ്മൂലം നല്‍കുമെന്ന് മൗണ്ട് സെന്റ്. തോമസില്‍ നിന്നും അറിയിപ്പുണ്ടായി. എന്നാല്‍ അങ്ങനെയുന്നുണ്ടായില്ല. മാത്രമല്ല, വ്യാജരേഖകള്‍ കര്‍ദിനാളിനെതിരേയുള്ള ഗൂഢാലോചനയെന്ന പ്രചരണവും നടത്തി.

കേസ് അനേഷണത്തിന്റെ ഭാഗമായി ഫാ. പോള്‍ തേലക്കാട്ടിനെയും മാര്‍ ജേക്കബ് മനത്തോടത്തിനെയും പൊലീസ് ചോദ്യം ചെയ്തു. തനിക്ക് രേഖകള്‍ കിട്ടിയത് എങ്ങനെയെന്ന് ഫാ. തേലക്കാട്ട് പറഞ്ഞതിന്‍ പ്രകാരമാണ് ആദിത്യയെ ചോദ്യം ചെയ്യാന്‍ ആലുവ ഡിവൈഎസ്പി ഓഫിസിലേക്ക് വിളിപ്പിച്ചത്.തനിക്ക് രേഖകള്‍ കിട്ടിയത് എങ്ങനെയാണെന്ന സത്യം ആദിത്യ പൊലീസിനോട് പറഞ്ഞു. എന്നാല്‍ വ്യാജരേഖകളാണ് ചമച്ചതെന്നു കുറ്റം ഏറ്റെടുക്കാന്‍ പൊലീസ് ആദിത്യയെ നിര്‍ബന്ധിച്ചു. മൂന്നു ദിവസത്തോളം ആദിത്യയെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വച്ചു ശാരീരികവും മാനസികമായും പീഡിപ്പിച്ചു. ഇതിനൊടുവില്‍ ഫാ.ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് താന്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്ന് ആദിത്യയെ കൊണ്ട് പൊലീസ് നിര്‍ബന്ധിച്ചു പറയിപ്പിച്ചു. എന്നാല്‍ സത്യത്തില്‍ ഫാ. ടോണി കല്ലൂക്കാരന്‍ ഇങ്ങനെയൊരു ആവശ്യവും ആദിത്യയോട് പറഞ്ഞിട്ടില്ല. ആദിത്യ തന്നെ സമ്മതിക്കുന്ന കാര്യമാണിത്. ആദിത്യയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു പിന്നില്‍ ഹാജരാക്കിയത്. ആദിത്യയ്ക്ക് ജാമ്യം കിട്ടിതാരിക്കാന്‍ വേണ്ട തന്ത്രങ്ങള്‍ പയറ്റിയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ കൊണ്ടുപോയത്. ഇതിനിടയില്‍ ചോദ്യം ചെയ്ത് വിട്ടയച്ച ഫാ.ടോണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാന്‍ രാത്രിയില്‍ മൂന്നു വണ്ടി പൊലീസ് ചോദ്യം ചെയ്യാനെന്ന വ്യാജേന മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ പള്ളിയില്‍ എത്തി. വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പൊലീസ് തിരിച്ചു പോയത്. ഇങ്ങനെയെല്ലാം കാര്യങ്ങള്‍ നടന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ്.

സിബിഐയോ ജുഡീഷ്യല്‍ അന്വേഷണമോ വേണം

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൊലീസ് അന്വേഷണം തെറ്റായ ദിശയിലാണെന്നും പൊലീസിനുമേല്‍ ആരുടെയൊക്കെയോ സ്വാധീനമുണ്ടെന്നുമാണ് എറണാകുളം-അങ്കമാലി അതിരൂപത ചൂണ്ടിക്കാണിക്കുന്നത്. ജുഡീഷ്യല്‍ തല അന്വേഷണമോ, സി.ബി.ഐ. അന്വേഷണമോ നടത്തി രേഖകളുടെ ആധികാരികതയും ഉള്ളടക്കവും തെളിയിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് അതിരൂപതയുടെ ആവശ്യം.

എറണാകുളം-അങ്കമാലി അതിരൂപതയുടെ 300 ഓളം ഇടവകകളും 450 ല്‍ പരം വൈദികരും അതിലേറെ സന്ന്യസ്തരും അഞ്ചുലക്ഷം വിശ്വാസികളും വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലും നടപടികളിലും അസംതൃപ്തരാണെന്നാണ് അതിരൂപയുടെ ആക്ഷേപം. വ്യാജരേഖയുടെ സത്യത്തെ കുറിച്ചാണ് പൊലീസ് അന്വേഷിക്കേണ്ടതെങ്കിലും ഇപ്പോള്‍ നടക്കുന്നത് സത്യാന്വേഷണമല്ലെന്നും രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റുകളും അതീവ താത്പര്യമെടുത്ത് നടത്തുന്ന ഈ കേസിന്റെ ഇതുവരെയുള്ള അന്വേഷണം ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് അതിവിദഗ്ദമായി നടക്കുന്നതാണെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഡാലോചനകളുടെ കഥ പൊലീസിനെ കൊണ്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയില്‍ സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബി ഐ അന്വേഷണമോ വേണമെന്നാണ് അതിരൂപതയുടെ ആവശ്യം.

ആ രേഖകള്‍ യഥാര്‍ത്ഥം

വ്യാജമെന്നു പറയുന്ന രേഖകള്‍ വ്യാജമല്ലെന്ന നിര്‍ണായക നിലപാടാണ് അതിരൂപത കൈക്കൊണ്ടിരിക്കുന്നത്. അന്വേഷണ വിഷയമായ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് അതിരൂപതയുടെ നിലപാട്. ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കിയ ആദിത്യ എന്ന യുവാവിനെ അന്യായമായി പൊലീസ് പീഡിപ്പിക്കുന്നതും, അതിരൂപതയിലെ വൈദികരെ മനഃപൂര്‍വ്വം പ്രതിചേര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണ്. ഭൂമി ഇടപാട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നതില്‍ മുന്നില്‍നിന്ന വൈദികരെ പ്രതികളാക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നു; എന്നാണ് അതിരൂപത വക്താവ് ഫാ.പോള്‍ കരേടന്‍ പറയുന്നത്.

വ്യാജരേഖകളെന്നു പറയുന്നവ ആദിത്യ സൃഷ്ടിച്ചതാണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന വാദത്തിലാണ് അതിരൂപത നില്‍ക്കുന്നത്. പ്രസ്തുത രേഖകളില്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ഉചിതമായ സമയത്ത് പുറത്തു വിടുമെന്നും പറയുന്നു. തന്റെ ജോലിക്കിടയില്‍ ആദിത്യക്ക് കിട്ടിയത് അയാളെ തന്നെ അമ്പരിപ്പിക്കുന്ന ചില രേഖകള്‍ ആയിരുന്നുവെന്നും ഈ രേഖകള്‍ സഭയിലെ പൊതു സമ്മതനും ഒരു പത്രാധിപരുമായ ഫാ. പോള്‍ തേലക്കാട്ടിന് ഈ മെയില്‍ വഴി അയച്ചുകൊടുക്കുകയുമാണ് ആദിത്യ ചെയ്തത്. തനിക്ക് കിട്ടിയ രേഖകളുടെ സത്യാവസ്ഥ അറിയാനാണ് ഫാ. തേലക്കാട്ട് തനിക്ക് കിട്ടിയ രേഖകള്‍ അപ്പസ്റ്റോലിക് അ്ഡ്മിനിട്രേറ്ററായ ജേക്കബ് മനത്തോടത്തിന് കൈമാറിയത്. അഡ്മിനിസ്‌ട്രേറ്റര്‍ വളരെ രഹസ്യമായാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഏല്‍പ്പിച്ചത്. പ്രസ്തുത രേഖകളുടെ സത്യാവസ്ഥ അറിയാത്തതുമൂലം അവ പരസ്യപ്പെടുത്തുകയോ പ്രസിദ്ധീകരിക്കുയോ ചെയ്തിരുന്നില്ല. അടച്ചിട്ട മുറിയില്‍ കൂടിയ സിറോ മലബാര്‍ സ സിനഡ് യോഗത്തിലാണ് ആ രേഖകള്‍ ആദ്യമായി പരസ്യപ്പെടുത്തുന്നത്. ഇവിടെ നിന്നാണ് ഗൂഢാലോചനകള്‍ തുടങ്ങിയതെന്നാണ് ആരോപണം.

അഡ്മിനിസ്‌ട്രേറ്ററുടെ വാര്‍ത്ത സമ്മേളനം പുതിയ വിവാദം

വ്യാജരേഖ കേസും ആദിത്യയുടെ കസ്റ്റഡിയുമെല്ലാം പരാമര്‍ശിച്ച് അതിരൂപത ആസ്ഥാനത്ത് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനമാണ് പുതിയ വിവാദം. ഈ പത്ര സമ്മേളനത്തെ വിമര്‍ശിച്ചു കൊണ്ട് ബുധാനാഴ്ച്ച ചിലര്‍ അതിരൂപത വിശ്വാസികളുടെതെന്ന പേരില്‍ ഒരു വാര്‍ത്ത സമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ ഈ പത്ര സമ്മേളനവും ഇപ്പോള്‍ നടക്കുന്ന ഗൂഢാലോചനകളുടെ ഭാഗമായതാണെന്നാണ് അതിരൂപത പറയുന്നത്. പ്രസ്തുത പത്രസമ്മേളനം അതിരൂപതയോ, ഫൊറോനാ പ്രതിനിധികളോ, അതിരൂപതാ സംഘടനാ ഭാരവാഹികളോ നടത്തിയതല്ല എന്നാണ് അതിരൂപത വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍പാപ്പ നേരിട്ട് നിയമിച്ചതും, അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ സിറോ-മലബാര്‍ സിനഡിന്റെയോ, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലാത്തതുമായ എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം നിയമാനുസൃതവും ആധികാരികവുമാണെന്നും പൊതുസമൂഹത്തിലും വിശ്വാസികള്‍ക്കിടയിലും ഉണ്ടായിട്ടുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കുന്നതിനുവേണ്ടിയാണ് ആ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും ഇതിനൊപ്പം അതിരൂപത വക്താവ് ചൂണ്ടിക്കാണിക്കുന്നു.

അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് വാര്‍ത്ത സമ്മേളനം വിളിച്ചത് വത്തിക്കാന്റെ അനുമതിയോടെയാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. മാര്‍പാപ്പ നേരിട്ട നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ വ്യാജരേഖ കേസില്‍ പ്രതിയാക്കിയതില്‍ വത്തിക്കാന് കടുത്ത അമര്‍ഷമുണ്ടെന്നും അറിയുന്നു. ഇത്തരമൊരു സംഭവം ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ പരാതിയുണ്ടെങ്കില്‍ സിനഡ് അക്കാര്യം വത്തിക്കാനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും ഇപ്പോഴത്തെ പ്രവര്‍ത്തി വത്തിക്കാനെ നിഷേധിക്കുന്നതിനും തള്ളിപ്പറയുന്നതിനും തുല്യമാണെന്നുമാണ് പരാതി.

മീഡിയ കമ്മീഷമെതിരേ വിശ്വാസികള്‍

എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് മറുപടി നല്‍കാനെന്ന രീതിയില്‍ മീഡിയ കമ്മീഷന്‍ ഇറക്കിയ പ്രസ്താവന തികച്ചും അപഹാസ്യവും വാസ്തവ വിരുദ്ധവുമാണെന്നാണ് വിശ്വാസികളുടെ സംഘടനയായ ഐഎംടി പറയുന്നത്. രേഖകള്‍ നിര്‍മിച്ചതാണെന്നും വ്യാജമാണെന്നും പ്രസ്താവിച്ചതു വഴി മീഡിയ കമ്മീഷന്‍ മാര്‍പാപ്പ നിയമിച്ച അഡ്മിനിസ്‌ട്രേറ്ററെ അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് സംഘടനയുടെ പരാതി.

ബിഷപ്പ് മനത്തോടത്ത് പറഞ്ഞത് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേരത്തെ എടുത്ത നിലപാടിനോട് ചേര്‍ന്ന് ആയിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് അന്വേഷണത്തെ വളച്ചൊടിക്കുന്ന രീതി അംഗീകരിക്കില്ലെന്നുമാണ് മനത്തോടത്ത് പറഞ്ഞത്. ഒപ്പം ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തെ അപലപിക്കുകയും ചെയ്തു. രേഖകള്‍ ആരും നിര്‍മിച്ചതല്ല. മറിച്ച് യഥാര്‍ത്ഥമാണ്. അത് എങ്ങിനെ സംഭവിച്ചു എന്നറിയാന്‍ ശാസ്ത്രീയ പരിശോധകള്‍ ആവശ്യമാണ്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണം. ഇത് തികച്ചും ന്യായമായ ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ചതിനെ അന്വേഷണത്തെ വളച്ചൊടിക്കലായി മീഡിയാ കമ്മീഷന്‍ ചിത്രീകരിച്ചത് അംഗീകരിക്കാനാവില്ല. മാത്രമല്ല ഒരു യുവാവ് അനുഭവിച്ച കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് ഒന്ന് പരാമര്‍ശിക്കുക പോലും ചെയ്യാത്തത് ക്രൈസ്തവമായ കാഴ്ചപ്പാടല്ല. മലയാറ്റൂരില്‍ ഒരു വൈദികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയോട് പിറ്റേന്ന് തന്നെ ക്ഷമിക്കുന്നു എന്നു പറഞ്ഞയാളുകള്‍ സ്വന്തം സഭയിലെ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കണമെന്ന് രഹസ്യ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് പരിഹാസ്യമാണ്. രേഖകള്‍ ചമച്ചു എന്ന പ്രയോഗം ഈ കേസിലെ ആവലാതിക്കാരനെ ന്യായീകരിക്കാനും ഒന്നാം പ്രതിയായ പോള്‍ തേലക്കാട്ട് അച്ചനെയും രണ്ടാം പ്രതിസ്ഥാനത്തു നിര്‍ത്തിയിട്ടുള്ള മനത്തോടത്ത് പിതാവിനെയും കെണിയിലാക്കണമെന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വം എഴുതിച്ചേര്‍ത്തതാണ്. മീഡിയ കമ്മീഷന്‍ പ്രസ്താവന അതിരൂപത വിശ്വാസികള്‍ തികഞ്ഞ അവജ്ഞ്ഞയോടെ തള്ളിക്കളയുന്നു-എഎംടി വക്താവ് ഷൈജു ആന്റണിയുടെ വാക്കുകള്‍.

ആ രേഖകളിലെ പേരുകാരന്‍ കര്‍ദ്ദിനാള്‍ മാത്രമല്ല

വ്യാജമെന്നും അല്ലെന്നും പറയുന്ന രേഖകളുടെ സത്യാവസ്ഥ എന്തെന്നറിയാന്‍ അന്വേഷണം പൂര്‍ത്തിയാകണമെങ്കിലും പ്രസ്തുത രേഖകളെ കുറിച്ച് പുറത്തു വരുന്ന ചില വിവരങ്ങള്‍ സൂചിപ്പിക്കുന്നത് കര്‍ദിനാള്‍ ആലഞ്ചേരിയെ കൂടാതെ മറ്റ് ചില ഉന്നതന്മാരുടെ പേരുകളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്.

39 പേജുകളാണ് ആദിത്യ ഫാ. പോള്‍ തേലക്കാടിന് അയച്ചു കൊടുത്തതെന്നാണ് വിവരം. ഇതില്‍ ആദ്യത്തെ അഞ്ചോ ആറോ പേജുകളിലാണ് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പേര് വരുന്നത്. ഈ പേജുകളാണ് വ്യാജരേഖകളായി പറയുന്നത്. എന്നാല്‍ ബാക്കിയുളള പേജുകളില്‍ കേരളത്തിലെ മറ്റു ചില ബിഷപ്പുമാരുടെയും പ്രമുഖന്മാരുടെയും പേരുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതി. നേരത്തെ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ ഫാ. പോള്‍ തേലക്കാട്ട് ഈ മുഴുവന്‍ രേഖകളും പൊലീസിന് കൈമാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. മുഴുവന്‍ രേഖകളിലും സമഗ്ര അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും കര്‍ദിനാളിന്റെ പേര് വരുന്ന പേജുകളില്‍ മാത്രമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അതല്ലെങ്കില്‍ ബാക്കി പേജുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് മടിക്കുന്നു. സിറോ മലബാര്‍ സഭയിലേതിനു പുറമെ ലത്തീന്‍ റീത്തിലേയും ബിഷപ്പുമാരുടെയും പേരുകള്‍ രേഖകളില്‍ ഉണ്ടെന്നു പറയുന്നു. അത് സത്യമാണെങ്കില്‍ ഈ രേഖകള്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ അപമാനിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്ന ആരോപണം തെറ്റാകും. ആലഞ്ചേരിക്കെതിരേ മാത്രം ഉണ്ടാക്കിയ രേഖകളില്‍ മറ്റു ബിഷപ്പുമാരുടെ പേരുകള്‍ എങ്ങനെ വന്നെന്നാണ് ചോദ്യം. ഈ ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം തേടുന്നത്. ഒരുപക്ഷേ ഇപ്പോള്‍ ഈ കേസില്‍ വാദികളായി നില്‍ക്കുന്നവര്‍ പ്രതികളായി മാറുന്ന തരത്തിലേക്ക് കേസ് നീങ്ങാനും സാധ്യത കാണുന്നുണ്ട്.

Explainer: മാര്‍പാപ്പയെ പോലും വെല്ലുവിളിക്കുന്ന നിഴല്‍ യുദ്ധങ്ങള്‍; വസ്തുകച്ചവടം മുതല്‍ വ്യാജരേഖ വരെ; ഉറ കെട്ടുപോകുമോ സിറോ മലബാര്‍ സഭ?

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍