UPDATES

ട്രെന്‍ഡിങ്ങ്

‘ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിയുടെ അധികാരങ്ങള്‍ എടുത്തുകളഞ്ഞ മാര്‍പാപ്പയുടെ ഉത്തരവ് പോലും തെറ്റായി വ്യഖ്യാനിക്കുന്നു’, വിവാദങ്ങള്‍ ഒഴിയാതെ എറണാകുളം-അങ്കമാലി അതിരൂപത

ഭൂമിക്കച്ചവടത്തില്‍ ഉള്‍പ്പെടെ കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്ന് സഭാ സുതാര്യ സമിതി

മണ്ഡ്യ രൂപത മുന്‍ മെത്രാന്‍ മാര്‍ ആന്റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ വികാര്‍ (മെത്രാപ്പോലീത്തന്‍ വികാരി) ആയി നിയമിതനായതിനു പിന്നാലെയും സീറോ മലബാര്‍ സഭയിലെ ആരോപണ പ്രത്യാരോപണങ്ങള്‍ നിലയ്ക്കുന്നില്ല. വത്തിക്കാന്റെ നിര്‍ദേശം സീറോ മലബാര്‍ സഭ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം അതിരൂപതയില്‍ ഉള്ള ഭരണാധികാരങ്ങള്‍ നഷ്ടമാവുകയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന പദവിയിലേക്ക് മാത്രമായി കര്‍ദിനാള്‍ ഒതുങ്ങുകയും അതിരൂപതയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ ഒന്നിനും ഇടപെടാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴും അദ്ദേഹത്തിനും പക്ഷത്തിനുമെതിരേയുള്ള വിമര്‍ശനങ്ങളും പരാതികളും ചൂണ്ടിക്കാട്ടിക്കൊണ്ടേയിരിക്കുകയാണ് അതിരൂപതയിലെ വൈദികരും വിശ്വാസികളും.

എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വത്തിക്കാന്റെ പല തീരുമാനങ്ങളും വിശ്വാസികള്‍ക്കടുത്ത് എത്തിയത് തെറ്റിദ്ധാരണ പരത്തിയായിരുന്നുവെന്നാണ് കര്‍ദ്ദിനാള്‍ പക്ഷത്തിന്റെ വിമര്‍ശകര്‍ പറയുന്നത്. സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍, വത്തിക്കാന്‍ തീരുമാനങ്ങള്‍ എന്ന രീതിയില്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും അദ്ദേഹത്തിന്റെ പക്ഷത്തേയും വെള്ളപൂശിക്കൊണ്ടാണെന്ന പരാതി ഉയര്‍ത്തിയിരിക്കുന്നത് അതിരൂപതയിലെ വിശ്വാസികളും വൈദികരും തന്നെയാണ്.

അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത വികാരിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ മലയാള പരിഭാഷയില്‍ വത്തിക്കാന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മീഡിയ കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് കൂടിയാലോചന നടത്തണമെന്നാണ് മീഡിയ കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അതായത്, അതിരൂപതയില്‍ ഇപ്പോഴും അവസാന വാക്ക് കര്‍ദ്ദിനാള്‍ ആലഞ്ചേരി തന്നെയാണെന്നാണ് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംബ്ലാനി പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം ആന്റണി കരിയിലിനെ നിയമിച്ചുകൊണ്ട് വത്തിക്കാനിലെ പൗരസത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍, ലയണാര്‍ദോ സാന്‍ഡ്രി ഇറക്കിയ ഉത്തരവില്‍ പറയുന്നില്ലെന്നാണ് വിശ്വാസികളുടെ സംഘടനയായ സഭ സുതാര്യ സമിതി ചൂണ്ടിക്കാണിക്കുന്നത്. കര്‍ദ്ദിനാള്‍ സാന്‍ഡ്രിയുടെ ലെറ്ററില്‍ മെത്രാപ്പോലീത്ത വികാരിയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്; “എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ബിഷപ്പ് ആന്റണി കരിയില്‍ സിഎംഐയ്ക്ക് ഭരണസംവിധാനം, ധനകാര്യം, അജപാലന ശുശ്രൂഷ (വൈദികരുടെ നിയമനം, സ്ഥലംമാറ്റം) എന്നീ കാര്യങ്ങളിലും അതിരൂപതാ ആലോചന സംഘം, അതിരൂപത ധനകാര്യ കൗണ്‍സില്‍, വൈദിക സമിതി പാസ്റ്റര്‍ കൗണ്‍സില്‍ എന്നീ സമിതികളുടെ ആവശ്യമായുള്ള ആലോചനകളും അംഗീകാരങ്ങളും സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള നിയമം അനുശാസിക്കുന്നവ പാലിച്ചുകൊണ്ട് മേല്‍പറയപ്പെട്ട അതിരൂപതാ ഭരണസീമയ്ക്കുള്ളില്‍ പൂര്‍ണമായ അധികാരങ്ങള്‍ ഉണ്ടായിരിക്കും. നിയമപരമായ എല്ലാ കാര്യങ്ങളിലും അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയെ പ്രതിനിധീകരിക്കും.” മാര്‍പാപ്പയുടെ അനുമതിയോടെ പ്രീഫെക്ട് ഇറക്കിയ ഈ ഉത്തരവാണ് ഓഗസ്റ്റ് 30-ന് സീറോ മലബാര്‍ സഭ സിനഡിന്റെ അവസാന ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ, ചില കാര്യങ്ങള്‍ ഇവിടെ നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടു; സഭ സുതാര്യ സമിതി പറയുന്നു.

മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം വത്തിക്കാനില്‍ നിന്നും ഉണ്ടായിരിക്കുന്ന ഉത്തരവില്‍ ഒരിടത്തും അതിരൂപതയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍, മേജര്‍ ആര്‍ച് ബിഷപ്പുമായി കൂടിയാലോചിച്ച് വേണം എടുക്കാന്‍ എന്നു പറഞ്ഞിട്ടില്ലെന്നിരിക്കെ, മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഇതേ ഉത്തരവ് മലയാളീകരിച്ച് നല്‍കിയപ്പോള്‍ എങ്ങനെയാണ് മേല്‍പ്പറഞ്ഞ നിര്‍ദേശം കടന്നു കൂടിയെന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. പല തവണയായി ഇത്തരത്തില്‍ അതിരൂപതയെ തെറ്റിദ്ധരിപ്പിക്കാന്‍ മീഡിയ കമ്മീഷന്റെ ഭാഗത്തു നിന്നും ശ്രമം നടന്നിട്ടുണ്ടെന്നും വിശ്വാസികള്‍ പരാതി ഉയര്‍ത്തുന്നു.

സീറോ മലബാര്‍ സഭ മീഡിയ കമ്മീഷനില്‍ നിന്നുണ്ടായ മറ്റൊരു തെറ്റിദ്ധാരണാജനകമായ വിവരം അതിരൂപത സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ടതാണെന്നു വിശ്വാസികള്‍ പറയുന്നു. ഭൂമിക്കച്ചവട വിവാദത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു വേണ്ടി എറണാകുളം അതിരൂപതയില്‍ ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററെ മാര്‍പ്പാപ്പ നിയോഗിച്ചിരുന്നു. പാലക്കാട് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കപ്പെട്ടത്. ഈ നിയമനത്തെ തുടര്‍ന്ന് അതിരൂപതയുടെ ഭരണചുമതലകളില്‍ നിന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ നീക്കുകയും ചെയ്തു. ഒരു വര്‍ഷത്തെ കാലാവധിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റ ബിഷപ്പ് മനത്തോടത്ത് തന്റെ ദൗത്യം പൂര്‍ത്തിയാക്കി വത്തിക്കാനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഈ നിയമനം ഔദ്യോഗികമായി റദ്ദ് ആക്കപ്പെടുകയും താത്കാലികമായി അതിരൂപത ഭരണ ചുമതല വീണ്ടും സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നല്‍കുകയും ചെയ്തു. ആലഞ്ചേരി വീണ്ടും അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് അതിരൂപത സഹായമെത്രാന്മാരായിരുന്നു സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും അവരുടെ ചുമതലകളില്‍ നിന്നും നീക്കം ചെയ്തത്. വത്തിക്കാന്‍ നിര്‍ദേശപ്രകാരമാണ് രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്തതെന്നായിരുന്നു മീഡിയ കമ്മീഷന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. 2019 ജൂണ്‍ 27 ന് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ജോസഫ് പാംബ്ലാനി ഇറക്കിയ ഉത്തരവില്‍ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, അഭിവന്ദ്യ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ പിതാക്കന്മാരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തു നിന്നും മാര്‍പാപ്പ മാറ്റി നിര്‍ത്തിയിരിക്കുന്നു. ഈ പിതാക്കന്മാരുടെ പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സിനഡ് തീരുമാനം എടുക്കണം.

കര്‍ദ്ദിനാള്‍ ആലഞ്ചേരി അതിരൂപതയില്‍ വീണ്ടും ചുമതലയേറ്റെടുത്തതിന്റെ പിറ്റേന്ന് തന്നെയാണ് രണ്ടു സഹായമെത്രാന്മാരെയും അതിരൂപത ആസ്ഥാനത്ത് നിന്നും മാറ്റുന്നത്. ഇതേ തുടര്‍ന്ന് സഹാമെത്രാന്മാര്‍ രണ്ടുപേരും കാഞ്ഞൂരിലും ചുണങ്ങംവേലിയിലുമായി താമസം മാറ്റുകയും ചെയ്തു. ഈ പ്രവര്‍ത്തിക്കെതിരേ വൈദികരുടെയും വിശ്വാസികളുടെയും ഇടയില്‍ നിന്നും വലിയ തോതില്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പ്രതിഷേധങ്ങള്‍ ശക്തമായപ്പോഴും മീഡിയ കമ്മീഷന്‍ ഉറപ്പിച്ചു പറഞ്ഞത് സഹായമെത്രാന്മാരെ അതിരൂപതയില്‍ നിന്നും മാറ്റിയത് വത്തിക്കാന്‍ തീരുമാനപ്രകാരമാണെന്നായിരുന്നു; ഒരു വര്‍ഷത്തിനു മുന്‍പ് മാര്‍ ജേക്കബ് മനത്തോടത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കപ്പെട്ടപ്പോള്‍ സഹായമെത്രാന്മാരെ അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന അധികാരത്തില്‍ നിന്നാണ് മാറ്റി നിര്‍ത്തിയിരുന്നത്. (”… the powers granted to the Auxiliary Bishops of the Archeparchy of Ernakulam-Angamaly are also suspended.’ þ Letter from the Congregation for the Oriental Chruches, Prot. No. 157/2018, June 22, 2018). എന്നാല്‍, ഇത്തവണ മാര്‍പാപ്പായുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി നല്‍കിയിരിക്കുന്ന കത്തില്‍ പറഞ്ഞിരിക്കുന്നത് ഈ മെത്രാന്മാരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നാണ്. (”His Lordship Bishop Sebastian Adayanthrath and His Lordship Bishop Jose Puthenveettil are to be suspended from their Offices as Auxiliary Bishops of the Archeparchy of Ernakulam-Angamaly.’ þ N. 2847/19, dated 24 June 2019) സീറോമലബാര്‍ സഭയുടെ സിനഡ് ഈ രണ്ടു പിതാക്കന്മാരുടെയും പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും വത്തിക്കാന്‍ പ്രതിനിധിയുടെ കത്തില്‍ പറയുന്നുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും മാറ്റി നിര്‍ത്തിയ സാഹചര്യത്തില്‍, പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് നല്‍കപ്പെട്ട കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, മേജര്‍ ആര്‍ച്ചുബിഷപ്പുമായി ആലോചിച്ചാണ് സഹായമെത്രാന്മാര്‍ അവരുടെ പുതിയ താമസസ്ഥലം തീരുമാനിച്ചിരിക്കുന്നത്. (”The Auxiliary Bishops shall choose their residences in consultation with Your Beatitude, awaiting the discernment of the Synod of Bishops regarding their future role’. þ Letter from the Prefect of the Oriental Congregation.’ þ (Prot. N. 157/2018, dated 26 June, 2019). അതിന്‍പ്രകാരം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കാഞ്ഞൂരുള്ള ഐശ്വര്യഗ്രാമിലും, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ചുണങ്ങംവേലിയിലുള്ള നിവേദിതയിലും താമസമാക്കിയിരിക്കുന്നു.

എന്നാല്‍ അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തു നിന്നും സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍ വീട്ടിലിനെയും മാറ്റി നിര്‍ത്തിക്കൊണ്ട് വത്തിക്കാന്‍ ഉത്തരവ് നല്‍കിയിരുന്നില്ലെന്നാണ് സഭ സുതാര്യ സമിതി (എഎംടി)യും അതിരൂപത വൈദികരും ചൂണ്ടിക്കാണിക്കുന്നത്. “ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ത്തിയാക്കിയതിനാല്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റീവിന്റെ നിയമനം റദ്ദ് ചെയ്യുന്നുവെന്നു മാത്രമായിരുന്നു മാര്‍പാപ്പയുടെ ഉത്തരവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്റെ വാര്‍ത്താക്കുറിപ്പില്‍ കര്‍ദ്ദിനാളിന്റെ അധികാരങ്ങളെക്കുറിച്ചും സഹായമെത്രാന്മാരുടെ പുറത്താക്കലിനെ കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല. തങ്ങള്‍ പറഞ്ഞത് തന്നെയാണ് സത്യമെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും വത്തിക്കാന്‍ അതിരൂപതയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നില്ല. കാര്യങ്ങളുടെ നിജസ്ഥിതി മീഡിയ കമ്മീഷന്‍ പറയുന്നതുപോലെയല്ലായിരുന്നു. മാര്‍പാപ്പ ഈ രണ്ടു മെത്രാന്മാരെയും അതിരൂപതയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നുമില്ല. വിശ്വാസികളെയും അതുപോലെ മാധ്യമങ്ങളെയും ചിലര്‍ ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്; അതിരൂപത വൈദികര്‍ ചൂണ്ടിക്കാണിക്കുന്നു. സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ രൂപത ബിഷപ്പ് ആയും ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയിലെ സ്ഥാനീക സഹായമെത്രാനായും നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവില്‍ ഇവരെ പരാമര്‍ശിച്ചിരിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായാമെത്രാന്മാര്‍ എന്നാണ് (Eparchy of Mandya, The Synod of Bishops of the Syro-Malabar Church has elected as bishop of Mandya of the Syro-Malabars His Excellency Bishop Sebastian Adayanthrath, currently auxiliary of the Archieparchy of Ernakulam-Angamaly. Eparchy of Faridabad, The Synod of Bishops of the Syro-Malabar Church has elected as auxiliary bishop of the Eparchy of Faridabad of the Syro-Malabars His Excellency Bishop Jose Puthenveettil, currently auxiliary of the Archieparchy of Ernakulam-Angamaly- കടപ്പാട്, വത്തിക്കാന്‍ ന്യൂസ്)

സിനഡ് തന്നെ ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണവും മീഡിയ കമ്മീഷന്റെ മുന്‍ വാര്‍ത്താക്കുറിപ്പിനെ നിഷേധിക്കുന്നതായികാണാം. “എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്ത അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിനോട് സിനഡിനുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. അപ്പസ്‌തോലിക് അഡ്മിസ്‌നിട്രേറ്റര്‍ എന്ന നിലയില്‍ അഭിവന്ദ്യ പിതാവ് സ്വീകരിച്ച നടപടികള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ പിതാക്കന്മാര്‍ക്ക് പുതിയ അജപാലന സ്ഥാനങ്ങള്‍ നിര്‍ണയിക്കണം എന്ന ഉത്തരവാദിത്തം പരിശുദ്ധ സിംഹാസനം സിനഡിനെ ഭരമേല്‍പ്പിച്ചിരുന്നു. ഈ പിതാക്കന്മാരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ശിക്ഷാനടപടിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വ്വഹണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി പരിശുദ്ധ സിംഹാസനമെടുത്ത നടപടിയുടെ ഭാഗമായിരുന്നു എന്നും അറിയിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്മാരെന്ന നിലയില്‍ ഇവര്‍ ചെയ്ത സേവനങ്ങളെ സിനഡ് നന്ദിയോടെ ഓര്‍മ്മിക്കുന്നു. അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെ മണ്ഡ്യ രൂപതയുടെ മെത്രാനായും അഭിവന്ദ്യ ജോസ് പുത്തന്‍വീട്ടില്‍ പിതാവിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും സിനഡ് തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ അജപാലന മേഖലകളില്‍ എല്ലാവിധ നന്മയും പിന്തുണയും ഈ പിതാക്കന്മാര്‍ക്ക് സിനഡ് വാഗ്ദാനം ചെയ്യുന്നു. ഈ പിതാക്കന്മാര്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നതുവരെ എറണാകുളം-അങ്കമാലി അതിമെത്രാസനഭവനത്തില്‍ താമസിച്ച് മെത്രാപ്പോലീത്തന്‍ വികാരിയെ സഹായിക്കുന്നതാണ്”.

“രൂപതാ ഭരണാധികാരിയായ മെത്രാനെ ഭരണ നിര്‍വഹണത്തില്‍ സഹായിക്കേണ്ടവരാണ് സഹായമെത്രാന്മാര്‍. ആലഞ്ചേരി പിതാവില്‍ നിന്ന് മനത്തോടത്ത് പിതാവിലേക്ക് രൂപതാ ഭരണം കൈമാറിയപ്പോളും സഹായമെത്രാന്മാരുടെ ഉത്തരവാദിത്തം താത്കാലികമായി സസ്പെന്റ് ചെയ്യപ്പെടുകയും, പിന്നീട് മനത്തോടത്ത് പിതാവ് അവ അവരെ തന്നെ ഏല്‍പ്പിക്കുകയുമാണ് ഉണ്ടായത്. സമാനമായ രീതിയില്‍, മനത്തോടത്ത് പിതാവ് ഉത്തരവാദിത്തം മാറിയപ്പോള്‍ അദ്ദേഹത്തിന്റെ സഹായമെത്രാന്മാരായ രണ്ടു പേരുടെയും ഉത്തരവാദിത്തങ്ങള്‍ സസ്പെന്റ് ചെയ്യപ്പെട്ടു. അവര്‍ക്കുള്ള പുതിയ ഉത്തരവാദിത്തങ്ങള്‍, ഓഗസ്റ്റിലെ സിനഡില്‍ തീരുമാനിക്കാന്‍ നിര്‍ദേശം നല്‍കി. അതുവരെ അവര്‍ക്ക് ഉചിതമായ അജപാലന ഉത്തരവാദിത്തങ്ങളും മറ്റ് ചുമതലകളും ആവശ്യമെങ്കില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഏല്‍പ്പിച്ച് കൊടുക്കാവുന്നതായിരുന്നു. പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കുന്നതു വരെ എവിടെയാണ് താമസിക്കേണ്ടത് എന്ന് ആലഞ്ചേരി പിതാവുമായി ആലോചിച്ച് സഹായമെത്രാന്മാര്‍ക്കു തീരുമാനിക്കാം എന്നും നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നു. പക്ഷെ, ഈ നിര്‍ദ്ദേശത്തിന്റെ മറവില്‍, ‘നിങ്ങള്‍ ഇനി അരമനയില്‍ താമസിക്കരുത്, നാളെ തന്നെ ഇവിടെ നിന്ന് പൊയ്ക്കൊള്ളണം’ എന്ന് കല്‍പിച്ച് അവരെ പടിയിറക്കി വിടുകയായിരുന്നു ചെയ്തത്”; സെബാസ്റ്റ്യന്‍ എടയന്ത്രത്തിനോടും ജോസ് പുത്തന്‍ വീട്ടിലിനോടും കര്‍ദിനാള്‍ ആലഞ്ചേരി സ്വീകരിച്ചത് പ്രതികാര നടപടിയായിരുന്നുവെന്നു ചൂണ്ടിക്കാണിക്കാന്‍ വിശ്വാസികള്‍ ഉയര്‍ത്തിക്കാണിക്കുന്ന കാര്യങ്ങളാണിത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ നിന്നും അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റീവ് ആയി നിയമിക്കപ്പെട്ട ജേക്കബ് മനത്തോടത്തിന് അതിരൂപതയുടെ ഭരണ ചുമതല നല്‍കുമ്പോള്‍ കൂരിയായിലെ ഓഫീസ് ബെയറേഴ്സിനെ നിലനിര്‍ത്താനോ മാറ്റാനോ ഉള്ള അവകാശവും നല്‍കിയിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ ഭരണകാലാവധി കഴിയുകയും അദ്ദേഹത്തില്‍ നിന്നും അതിരൂപതയുടെ അധികാരങ്ങള്‍ ആലഞ്ചേരിക്ക് തിരികെ നല്‍കിയപ്പോഴും ഓഫീസ് ബെയറേഴ്സിനെ നിലനിര്‍ത്താനും മാറ്റാനുമുള്ള അവകാശം അദ്ദേഹത്തിനും നല്‍കിയിരുന്നു. എന്നാല്‍ ഈ അവകാശം പെര്‍മനന്റ് സിനഡുമായുള്ള കണ്‍സള്‍ട്ടേഷനോടു കൂടി മാത്രമേ നിര്‍വ്വഹിക്കാവൂ എന്നും വത്തിക്കാന്‍ നിബന്ധന വെച്ചിരുന്നു. ഓഗസ്റ്റില്‍ സിനഡില്‍ രൂപതയുടെ ഭരണസംവിധാനം കൃത്യമായി നിശ്ചയിക്കപ്പെടുന്നതുവരെ കാത്തിരിക്കുന്നതായിരിക്കും ഉചിതം എന്നും നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും ജോസ് പുത്തന്‍ വീട്ടിലിനും എതിരേ നടപടി സ്വീകരിക്കുകയും അവരെ മാര്‍പാപ്പ തന്നെയാണ് സ്ഥാനങ്ങളില്‍ നിന്നു നീക്കിയതെന്നും പ്രചാരണം നടത്തിയത്’; വിശ്വാസി സംഘടന പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്ന വിവരങ്ങളാണിത്.

‘സഹായമെത്രാന്മാര്‍ക്കെതിരേ മാര്‍പാപ്പ നടപടിയെടുത്തൂ എന്നു പ്രചരിപ്പിച്ചപ്പോഴും അവര്‍ ഇരുവരും കഴിഞ്ഞ സിനഡില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ രണ്ടു പേര്‍ക്കും പ്രമോഷനോടെയാണ് പുതിയ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. 17 വര്‍ഷമായി സഹായയമെത്രാനായി തുടര്‍ന്നു വന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് സ്വന്തമായി ഒരു രൂപതയുടെ ചുമതല നല്‍കിയിരിക്കുകയാണ്. സഹായമെത്രാന്മാര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യല്‍ അധികാരങ്ങളൊന്നും ഇല്ല. ആര്‍ച്ച് ബിഷപ്പ് പറയുന്ന കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് അവരുടെ ചുമതല. സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റില്ല. അവിടെ നിന്നാണ് ബിഷപ്പ് എടയന്ത്രത്ത് മാണ്ഡ്യ രൂപതയുടെ മെത്രാനായി മാറുന്നത്. എല്ലാ അധികാരങ്ങളുമുള്ള മെത്രാന്‍. ജോസ് പുത്തന്‍വീട്ടില്‍ എറണാകുളം അതിരൂപതയിലെ രണ്ടാം സഹായമെത്രാനായിരുന്നു. അദ്ദേഹത്തെ ഫരീദാബാദ് രൂപതയിലെ സ്ഥാനീക സഹായ മെത്രനാക്കി. സീറോ മലബാര്‍ സഭയിലെ ഏറ്റവും സമ്പന്നമായ രൂപതയാണ് ഡല്‍ഹി-ഫരീദാബാദ് രൂപത. അതിന്റെ സ്ഥാനീക സഹായ മെത്രാനായാണ് ചുമതല നല്‍കിയിരിക്കുന്നത്. സ്ഥാനീക സഹായമെത്രാന്‍ എന്നാല്‍ പിന്തുടര്‍ച്ചാവകാശം കിട്ടുന്ന പദവിയാണ്. ഇപ്പോള്‍ അവിടെയുള്ള മെത്രാന്‍ സ്ഥാനമൊഴിഞ്ഞാല്‍ അടുത്ത മെത്രാനായി ജോസ് പുത്തന്‍വീട്ടില്‍ മാറും. ഇതില്‍ നിന്നും തന്നെ ഇവര്‍ രണ്ടുപേര്‍ക്കുമെതിരേ യാതൊരു വിധ ശിക്ഷാ നടപടികളും വത്തിക്കാന്‍ സ്വീകരിച്ചിട്ടില്ലെന്നു വ്യക്തമാണ്. എന്നാല്‍ അങ്ങനെയായിരുന്നു ഇവിടെ പ്രചാരണങ്ങള്‍ നടന്നത്.” സഭ സുതാര്യ സമിതി ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്റെ വാക്കുകള്‍.

അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തില്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനുമേലും വത്തിക്കാന്‍ പറയാത്ത കാര്യം മീഡിയ കമ്മീഷന്‍ പറഞ്ഞുവെന്നാണ് മറ്റാരാക്ഷേപം. റിപ്പോര്‍ട്ട് പരിശോധിച്ച മാര്‍പാപ്പയ്ക്ക് കര്‍ദ്ദ നാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് വ്യക്തമായതുകൊണ്ടാണ് അദ്ദേഹത്തിന് അതിരൂപത ഭരണചുമതലകള്‍ തിരികെ നല്‍കിയതെന്നും ജൂലൈ ഒന്നിന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ പറഞ്ഞിരുന്നു. അന്നവര്‍ പറഞ്ഞത് ഇപ്രകാരമാണ്; “മാര്‍പാപ്പാ നല്‍കിയ തീരുമാനങ്ങളും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രിഗേഷന്‍ പഠിച്ചതിനു ശേഷം മാര്‍പാപ്പായ്ക്കു നല്‍കിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശുദ്ധ പിതാവ് തീരുമാനങ്ങള്‍ എടുത്തത് എന്ന് പൗരസ്ത്യ തിരുസംഘത്തില്‍ നിന്നുള്ള കത്തിന്റെ ആമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട്. (”These decisions of the Roman Pontiff were taken after this Congregation had studied the report presented by the Apostolic Administrator and submitted some proposals, in preparation for the August Session of the Synod of Bishops of the Syro-Malabar Church, for the approval of the Holy Father’. þ Prot. N. 157/2018, dated June 26, 2019). മാത്രവുമല്ല, പരിശുദ്ധ പിതാവിന്റെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വത്തിക്കാന്‍ പ്രതിനിധി എഴുതിയ കത്തില്‍ മൂന്നാമതായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും കോണ്‍ഗ്രിഗേഷന്റെ കത്തില്‍ അതിരൂപതയുടെ സാമ്പത്തിക ഭരണം സംബന്ധിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പൗരസ്ത്യ തിരുസംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണ് തീരുമാനം വന്നിരിക്കുന്നത് എന്നാണ്. ഇതില്‍ നിന്നു വ്യത്യസ്തമായി മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് അഭിപ്രായം പറഞ്ഞിരിക്കുന്നുവെന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ ശരിയല്ല. അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചതുപോലെ, അഡ്മിനിസ്‌ട്രേറ്ററുടെ സേവനം സമാപിപ്പിച്ചതും സഹായ മെത്രാന്മാരെ തത്സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതുമായ തീരുമാനങ്ങള്‍ മാര്‍പാപ്പ എടുത്തിരിക്കുന്നത് വിവിധ തലങ്ങളില്‍, വിവിധ സ്രോതസ്സുകളിലൂടെ ലഭിച്ച വാര്‍ത്തകളുടെയും റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്റെ സ്വന്തമായ അന്വേഷണ മാര്‍ഗ്ഗങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. പരിശുദ്ധ പിതാവിന്റെയും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെയും തീരുമാനങ്ങളെ അംഗീകരിക്കാതെ അവയ്‌ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും തികഞ്ഞ അച്ചടക്ക ലംഘനമാണ്. സഭാ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നിലപാടാണിത്. അതിനാല്‍, ദൈവമഹത്വത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കും വേണ്ടി സഭാധികാരികളിലൂടെ ദൈവം ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതാണ്”.

എന്നാല്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് തന്നെ ഇക്കാര്യത്തില്‍ തങ്ങളോട് പറഞ്ഞത്, അതിരൂപത ഭരണ ചുമതല കര്‍ദ്ദിനാളിന് തിരിച്ചു നല്‍കിയതും സഹായമെത്രാന്മാരെ സസ്പെന്‍ഡ് ചെയ്തതും താന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലായിരുന്നു എന്നാണെന്ന് അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പരസ്യമായി പറഞ്ഞിരുന്നു. വത്തിക്കാനില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന (കര്‍ദ്ദിനാളിന്റെ അധികാര നേട്ടവും സഹായമെത്രാന്മാരുടെ സസ്പെന്‍ഷനും) നടപടികളൊന്നും അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ റോമില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അല്ല. അതിന്മേലുള്ള നിര്‍ദേശങ്ങള്‍ സ്ഥിരം സിനഡിന് വത്തിക്കാന്‍ നല്‍കാന്‍ ഇരിക്കുന്നതേയുള്ളൂ. അതിന്മേലുള്ള നടപടി ഓഗസ്റ്റിലെ സിനഡില്‍ ഉണ്ടാവുകയുള്ളൂ. ഇതാണ് സത്യമെന്നിരിക്കെ എന്തിനാണ് ഈ തെറ്റിദ്ധരിപ്പിക്കല്‍ എന്നായിരുന്നു മീഡിയ കമ്മീഷന്റെ വാര്‍ത്താക്കുറിപ്പിനെതിരേ അതിരൂപത സംരക്ഷണ സമിതി സെക്രട്ടറിയുടെ ചോദ്യം. വത്തിക്കാന്‍ പറയാത്ത കാര്യങ്ങളാണ്, വിശ്വാസികളോട് തെറ്റിദ്ധാരണാജനകമായി സഭ നേതൃത്വം അറിയിക്കുന്നതെന്നായിരുന്നു അന്നത്തെ വിമര്‍ശനം. ഇതു ശരിവയ്ക്കുകയാണ് ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനങ്ങള്‍ എന്നു സഭാ സുതാര്യ സമിതി ചൂണ്ടിക്കാണിക്കുന്നു. “അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍, അതിരൂപതാ ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് നടത്തിയ കെപിഎംജി കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വത്തിക്കാന്‍ എടുത്ത നിലപാടുകള്‍ സിനഡിനെയാണ് അറിയിച്ചത്. അല്ലാതെ, കര്‍ദ്ദിനാളിന് തിരികെ അധികാരം നല്‍കിയത് ഈ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായിട്ടല്ലായിരുന്നു. എന്നാല്‍ ആ വിധത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് മീഡിയ കമ്മീഷന്‍ ഇറക്കിയത്”.

ഫ്രാന്‍സിസ് മാര്‍പാപ്പാ നിയോഗിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും പഠിച്ചശേഷമാണ് മാര്‍ ആലഞ്ചേരിയെ വീണ്ടും അതിരൂപത ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഏല്‍പ്പിച്ചതെന്നു പറയുന്നത് തെറ്റാണെന്നു തെളിയിക്കുന്നതാണ് 2019 ഓഗസ്റ്റ് 19 മുതല്‍ 30 വരെ മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച സിനഡിനു ശേഷം സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ സംയുക്തമായി പുറപ്പെടുവിക്കുന്ന സര്‍ക്കുലറില്‍ ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ടുള്ള ഈ പരാമര്‍ശം: “എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സഭയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരേയാണ് എന്നത് പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കി. ഭൂമിവിവാദവുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങളും വിലയിരുത്തലുകളും സിനഡില്‍ വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. വിവാദമായ ഭൂമി ഇടപാടില്‍ അതിരൂപതയിലെ കാനോനിക സമിതികളുടെയും സഹായ മെത്രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടായ ഉത്തരവാദിത്തത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ട് എന്ന് സിനഡ് മനസ്സിലാക്കുന്നു. വിവിധ പഠനങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാകുന്നത് കര്‍ദ്ദിനാളോ സഹായ മെത്രാന്മാരോ, അതിരൂപതയിലെ വൈദികരോ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നാണ്. ഇടനിലക്കാര്‍ റിയല്‍ എസ്റ്റേറ്റ് രീതിയില്‍ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചത് യഥാസമയം കണ്ടെത്താനോ നടപടികള്‍ എടുക്കാനോ അതിരൂപതാ നേതൃത്വത്തിനോ കാനോനിക സമിതികള്‍ക്കോ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന വൈദികര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ സാരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധക്കുറവും ഇടനിലക്കാരുടെ അന്യായമായ ലാഭേച്ഛയും മൂലം അതിരൂപതയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ട് പോകുമോ എന്നോര്‍ത്ത് അതിരൂപതയിലെ വൈദികരും സന്യസ്തരും അല്‍മായരും പ്രകടിപ്പിച്ച വികാരങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് ശാസ്ത്രീയമായ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടതും വീണ്ടെടുക്കേണ്ടതുമാണ്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിയമിതനായ മെത്രാപ്പോലീത്തന്‍ വികാരി നേതൃത്വമെടുത്ത് സ്ഥിരം സിനഡ് അംഗങ്ങളുടെ സഹായത്തോടെ ഇതിനായി സമയബന്ധിതമായി പരിശ്രമിക്കുന്നതാണ്. ഭൂമി വിവാദത്തിന് ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കുവാനായി സിനഡ് നേതൃത്വം നല്‍കുന്ന കര്‍മ്മപദ്ധതികളോട് എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മുന്‍വിധികള്‍ മാറ്റിവച്ച് തുറന്ന മനസ്സോടെ, അതിരൂപത ഒരു കുടുംബമാണ് എന്ന ചിന്തയോടെ, പരിശ്രമിച്ചാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ നമുക്ക് കഴിയും. അതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങള്‍ക്കും ഈ സിനഡ് പ്രതിജ്ഞാബദ്ധമാണ്”.

ഭൂമിക്കച്ചവട വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തെറ്റുപ്പറ്റിയെന്നു വത്തിക്കാന് ബോധ്യമായിരിക്കുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഉണ്ടായിക്കുന്ന തീരുമാനങ്ങള്‍ എന്നാണ് അതിരൂപത വിശ്വാസികളും വൈദികരും പറയുന്നത്. “കെപിഎംജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങള്‍ വത്തിക്കാന്‍ വ്യക്തമായി സിനിഡിനെ അറിയിച്ചിട്ടുണ്ട്. 12 ദിവസം ഉണ്ടായിട്ടും സിനഡ് അത് വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്തില്ല. സിനഡിലെ മെത്രാന്മാരില്‍ ഒന്നുരണ്ടുപേര്‍ ആവശ്യപ്പെട്ടിട്ടും നടന്നില്ല. കര്‍ദ്ദിനാളിന് മൃഗീയ ഭൂരിപക്ഷമാണ് സിനഡിലുള്ളതെന്നതു തന്നെയാണ് വത്തിക്കാനില്‍ നിന്നുള്ള യഥാര്‍ത്ഥ തീരുമാനങ്ങളും നിര്‍ദശങ്ങളും പുറത്തുവരാതിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് കര്‍ദ്ദിനാളിനെ സംരക്ഷിക്കാന്‍ നോക്കുകയാണ് തെറ്റായ കാര്യങ്ങള്‍ പുറത്തു വിട്ടുകൊണ്ട് മീഡിയ കമ്മീഷന്‍ ചെയ്യുന്നത്. അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറുടെ കാലാവധി പൂര്‍ത്തിയായ വിവരവും അതിരൂപതയുടെ താത്കാലിക ഭരണ ചുമതല കര്‍ദ്ദിനാളിന് തിരികെ നല്‍കി കൊണ്ടും വത്തിക്കാനില്‍ നിന്നുണ്ടായ ഉത്തരവുകള്‍ തെറ്റായി പ്രചരിപ്പിച്ചു എന്നതു മനസിലാക്കിയാണ് ഇത്തവണത്തെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്കും നല്‍കണമെന്നു വ്യക്തമായി പ്രീഫെക്ട് കര്‍ദിനാള്‍ ലിയണാര്‍ദോ സാന്‍ഡ്രി എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ ലെറ്റര്‍ ഇതുവരെ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് മനസിലാകുന്നത്. വത്തിക്കാന്‍ പറഞ്ഞിരിക്കുന്ന പലതും ഇത്തവണയും അവരുടേതായ രീതിയില്‍ മീഡിയ കമ്മീഷന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. മീഡിയ കമ്മീഷന്‍ പുറത്തു വിടുന്ന മലയാളം പ്രസ്താവനയാണ് എല്ലാവരും വായിക്കുന്നത് എന്നതുകൊണ്ട് ഇതില്‍ പറഞ്ഞിരിക്കുന്നതാണ് ശരിയെന്നും വിശ്വസിക്കും. അതാണ് നടക്കുന്നത്. സഹായമെത്രാന്മാരെ സസ്പെന്‍ഡ് ചെയ്യുന്നുവെന്നു പറയുന്ന വത്തിക്കാനില്‍ നിന്നുള്ള ലെറ്റററില്‍ തന്നെ പറയുന്നൊരു കാര്യമുണ്ട്, അതിരൂപതയിലുണ്ടായ സാമ്പത്തിക ബാധ്യതകളുടെ ഉത്തരവാദിത്വം മേജര്‍ ആര്‍ച്ച് ബിഷപ്പും സിനഡും ഏറ്റെടുക്കണമെന്ന്. ആ കത്തില്‍ വത്തിക്കാന്‍ restitution എന്നൊരു വാക്ക് ഉപയോഗിച്ചിട്ടുണ്ട്. restitution എന്ന വാക്കിന് ബൈബിളില്‍ ഉള്ള അര്‍ത്ഥം ‘ഉത്തിരിപ്പ് കടം’ എന്നാണ്. ഒന്നിന് മൂന്നിരട്ടിയായി തിരിച്ചു കൊടുക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ മീഡിയ കമ്മീഷന്‍ അതിനെ മലയാളികരിച്ചിപ്പോള്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ ഉത്തരവാദിത്തം ഏല്‍പ്പിച്ചു എന്നായി. ഏതെങ്കിലും സ്ഥലം വിറ്റോ എങ്ങനെയെങ്കിലുമോ ഉണ്ടായിരിക്കുന്ന കടം വീട്ടണമെന്നല്ല വത്തിക്കാന്‍ പറഞ്ഞത്. ഉണ്ടാക്കി വച്ച കടം അതിന്റെ പലിശ സഹിതം തീര്‍ക്കണമെന്നാണ്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള ഉത്തരവാദിത്തം സിനഡിനും ആലഞ്ചേരിക്കും ഉണ്ടെന്നു വ്യക്തമായി പറയുമ്പോഴും അക്കാര്യം മറച്ചുവച്ചാണ് പ്രസ്താവനയിറക്കുന്നത്”.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ നിന്നും അധികാരങ്ങള്‍ നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഔദ്യോഗിക വിശദീകരണം പോലും ഒരുതരത്തില്‍ വിശ്വാസികളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന പരാതിയും അതിരൂപതാംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലുള്ള ശ്രമകരമായ ദൗത്യവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്തവും ഒരുമിച്ച് നിറവേറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പുതിയ മെത്രപ്പോലീത്ത വികാരിയെ നിയമിച്ചിരിക്കുന്നതെന്നാണ് സിനഡ് പ്രസ്താവനയില്‍ പറയുന്നത്. അതിരൂപതയ്ക്ക് പുതിയ ഭരണ സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് 2007 മുതല്‍ സിനഡില്‍ ആലോചനകള്‍ ആരംഭിച്ചിരുന്നുവെന്നും ഭൂമിക്കച്ചവടമോ ഇപ്പോഴത്തെ വിവാദങ്ങളോ ഇതിനൊരു കാരണമല്ലെന്ന നിലയിലും സിനഡ് ന്യായീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയുടെ രൂപതകള്‍ കേരളത്തിന് പുറത്തും ഇന്ത്യക്ക് വെളിയിലും വര്‍ദ്ധിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ കൂടുതല്‍ സമയം സഭയുടെ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് കണ്ടെത്തേണ്ടി വരികയായിരുന്നുവെന്നും ഈ പശ്ചാത്തലത്തിലാണ് 2019 ജനുവരിയിലെ സിനഡില്‍ എടുത്ത തീരുമാനം റോമിനെ അറിയിച്ചതിന്റെ പുറത്ത് പൗരസ്ത്യ തിരുസംഘത്തിന്റെ അംഗീകാരത്തോടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അനുദിന ഭരണനിര്‍വഹണത്തിനായി നിയമിക്കുന്നതെന്നും സിനഡ് പറയുന്നു. എന്നാല്‍ ഈ വിശദീകരണം പോലും അയഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

“സീറോ മലബാര്‍ സഭയില്‍ അഞ്ച് അതിരൂപതകളാണ് ഉള്ളത്. ഈ അഞ്ചിടത്തേയും അധ്യക്ഷന്മാരാണ് ആര്‍ച്ച് ബിഷപ്പുമാര്‍ ആകുന്നത്. പ്രോട്ടോക്കോള്‍ ലെവലില്‍ ഇവരെല്ലാം തുല്യരാണ്. എറണാകുളം അതിരൂപതയ്ക്കും ഒരു ആര്‍ച്ച് ബിഷപ്പ് വന്നാല്‍ മറ്റുള്ളവര്‍ക്ക് തുല്യനാകും. അത് സംഭവിക്കാതിരിക്കാന്‍ വേണ്ടി വത്തിക്കാന്‍ നിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുപോലും ആദ്യമത് തിരിച്ചയയ്ക്കുകയായിരുന്നു. ഇവിടുത്തെ തീരുമാനം അതിരൂപതയ്ക്ക് അധ്യക്ഷനായി ബിഷപ്പ് മതി, ആര്‍ച്ച് ബിഷപ്പ് വേണ്ട എന്നാണെന്നു വത്തിക്കാനെ അറിയിച്ചു. പക്ഷേ, വത്തിക്കാന്‍ നിര്‍ദേശം വീണ്ടും ആവര്‍ത്തിക്കുകയും പൂര്‍ണമായ അധികാരമുള്ളയാള്‍ തന്നെയായിരിക്കണം അധ്യക്ഷനായി വരേണ്ടതെന്നും പറഞ്ഞു. അതാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആര്‍ച്ച് ബിഷപ്പിന്റെ മാര്‍ഗനിര്‍ദേശം സ്വീകരിക്കണമെന്ന തരത്തിലാക്കിയിരിക്കുന്നത്. വത്തിക്കാനില്‍ നിന്നുള്ള ലെറ്ററില്‍ വ്യക്തമായി പറയുന്നുണ്ട് മറ്റ് അതിരൂപതാ അധ്യക്ഷന്‍മാര്‍ക്കുള്ള എല്ലാ പൂര്‍ണാധികാരങ്ങളും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത വികാരിയായി വരുന്ന ആര്‍ച്ച ബിഷപ്പിനും ഉണ്ടായിരിക്കുമെന്ന്. വര്‍ഷത്തില്‍ ഒരിക്കല്‍ സിനഡില്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നത് ഇവിടുത്തെ 35 രൂപതകളും ചെയ്യുന്നതാണ്. പൊതുവായ കാര്യങ്ങള്‍ അറിയിക്കാന്‍ വേണ്ടി. അല്ലാതെ എറണാകുളം അതിരൂപതയ്ക്കുമേല്‍ മറ്റ് അതിരൂപതകളിലോ രൂപതകളിലോ ഇല്ലാത്ത നിയന്ത്രണങ്ങളോ അധികാരങ്ങളോ മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഉണ്ടാകുമെന്നല്ല. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് എറണാകുളം അതിരൂപതയ്ക്കു മേല്‍ പ്രത്യേകം എന്തെങ്കിലും അധികാരങ്ങളോ, രേഖകളില്‍ ഒപ്പ് വയ്ക്കാനോ ഒന്നും അധികാരമില്ല. ഓഗസ്റ്റ് 30 ന് വത്തിക്കാന്‍ തീരുമാനം സിനഡ് പ്രഖ്യാപിച്ചതോടെ ആലഞ്ചേരിക്ക് എറണാകുളം അതിരൂപതയില്‍ ഉണ്ടായിരുന്ന അധികാരങ്ങളെല്ലാം ഇല്ലാതായി. സീറോ മലബാര്‍ സഭയുടെ 35 രൂപതകളില്‍ ഒരിടത്തും ഒപ്പിടാനുള്ള അവകാശമില്ല. സിനഡില്‍ അധ്യക്ഷം വഹിക്കാന്‍, സിനഡ് ഇറക്കുന്ന സര്‍ക്കുലറിലും ഇടയലേഖനത്തിലും ഒപ്പ് വയ്ക്കാം. സഭാപരമായ കാര്യങ്ങളില്‍ പോലും കൂടിയാലോചന നടത്തണം. എറണാകുളം അതിരൂപതയ്ക്ക് മെത്രാപോലീത്ത വികാരിയെ നിയമിച്ചിരിക്കുന്ന കാലാവധിയെക്കുറിച്ച് വത്തിക്കാന്‍ പറഞ്ഞിരിക്കുന്നതു കൂടി നോക്കണം, കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എത്രകാലം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി തുടരുന്നു, അന്നുവരെ ഈ കല്‍പ്പനയ്ക്ക് കാലാവധി ഉണ്ടെന്നാണ് വത്തിക്കാന്‍ പറയുന്നത്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ചുമതലയേല്‍ക്കുമ്പോള്‍ സിനഡിന് തീരുമാനിച്ച് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന നില തുടരുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യാം. അതിന്റെ രത്ന ച്ചുരുക്കം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വത്തിക്കാന്‍ തന്നെ വിരല്‍ ചൂണ്ടിയിരിക്കുന്നുവെന്നാണ്”; അതിരൂപത വിശ്വാസികളും പുരോഹിതരും പറയുന്നു.

മാണ്ഡ്യ രൂപത ബിഷപ്പ് ആയിരുന്ന ആന്റണി കരിയില്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ട് എറണാകുളം അതിരൂപതയിലെ മെത്രാപ്പോലീത്ത വികാരിയായി എത്തുന്നതോടെ ഇവിടുത്തെ ബഹുഭൂരിഭാഗം വരുന്ന വൈദികരും വിശ്വാസികളും മുന്നോട്ടുവച്ച ആവശ്യം കൂടിയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഭൂമിക്കച്ചവട വിവാദത്തില്‍ പ്രതിയായ കര്‍ദ്ദിനാള്‍ ആലഞ്ചേരി അതിരൂപത ഭരണത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെയും ഉപവാസ സമരങ്ങളുടെയുമെല്ലാം വിജയമായാണ് അവരതിനെ കാണുന്നത്. എറണാകുളം അതിരൂപതയെ പൊതിഞ്ഞിരുന്ന അഴിമതി ഒഴിഞ്ഞുപോയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെ വിശ്വാസി സംഘടനകള്‍ വിലയിരുത്തുന്നത്. എങ്കില്‍ പോലും തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഭൂമിക്കച്ചവടത്തില്‍ ഉള്‍പ്പെടെ കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍