അന്വേഷണത്തിന്റെ ഉത്തരവാദിത്വം അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ആണെന്നിരിക്കെ കെപിഎംജിയും മറ്റേ ഒഡിറ്റിംഗ് ഏജന്‍സികളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇഞ്ചോടി കമ്മിഷന്റെ മുന്നിലാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ കുറ്റാരോപിതരായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാര്‍പാപ്പ നല്‍കിയിരുന്ന സമയം അവസാനിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു സമയം. പൂര്‍ത്തിയായ റിപ്പോര്‍ട്ടുമായി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ഏപ്രില്‍ രണ്ടിന് വത്തിക്കാനിലക്ക് പോകും. സഭയെ വിവാദത്തില്‍ മുക്കിയ ഭൂമിക്കച്ചവടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു പാലക്കാട് രൂപത മെത്രായിരുന്ന ജേക്കബ് മനത്തോടത്തെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ നിയമിച്ചത്. അഡ്മിനിസ്‌ട്രേറ്റര്‍ രഹസ്യമായി സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭൂമിക്കച്ചവട വിവാദത്തില്‍ വത്തിക്കാന്‍ തീരുമാനം എടുക്കുക.
എന്നാല്‍ റിപ്പോര്‍ട്ട് വത്തിക്കാനില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് തന്നെ ഇക്കാര്യത്തില്‍ പുതിയ വിവാദം ഉണ്ടായിരിക്കുകയാണ്. ഭൂമിക്കച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് സംവിധാനങ്ങളാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഡോ. ജോസഫ് ഇഞ്ചോടിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍, അന്താരാഷ്ട്ര സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയായ കെപിഎംജെ, ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക അവലോകനം നടത്താന്‍ നിയമിച്ച ഓഡിറ്റിംഗ് ഏജന്‍സി എന്നിവരുടെ റിപ്പോര്‍ട്ടുകളാണ് ഉള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് വൈദികരെയോ വിശ്വാസികളെയോ അറിയിക്കാതെ എല്ലാം രഹസ്യമായി മാത്രം വത്തിക്കാനില്‍ കൊടുക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നേരത്തെ നല്‍കിയിരുന്ന ഉറപ്പ് ലംഘിച്ചാണ് റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഇവിടെയുള്ളവരെ ആരെയും അറിയിക്കാതെ വത്തിക്കാനില്‍ മാത്രം സമര്‍പ്പിക്കുന്നതെന്നാണ് ആക്ഷേപം. ഇത്തരം ആക്ഷേപങ്ങളും പരാതികളും ഉയര്‍ത്തി വൈദികരും വിശ്വാസികളും വിശ്വാസി സംഘടനകളും രംഗത്തു വന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പൊങ്ങിവന്ന വ്യാജരേഖ കേസും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവും ഇതിനൊപ്പം ഉയരുന്നുണ്ട്.
ഭൂമി കച്ചവടത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആക്ഷേപം പരിഗണിച്ച് ഒരു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാര്‍പാപ്പ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റരെ ചുമതലപ്പെടുത്തിയപ്പോള്‍ ഇത്തരമൊരു അന്വേഷണത്തിനായി ബിഷപ്പ് മനത്തോടം നിയോഗിച്ചത് രാജഗിരി കോളേജ് മുന്‍ പ്രിന്‍സിപ്പാളും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. ജോസഫ് ഇഞ്ചോടി അധ്യക്ഷനായ കമ്മിഷനെയാണ്. ഒരു ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റ്, മറ്റൊരു സഭയില്‍പ്പെട്ട പുരോഹിതന്‍, രണ്ട് അഭിഭാഷകര്‍ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.
എന്നാല്‍ ഇഞ്ചോടി കമ്മിഷനെതിരേ വൈദികരും വിശ്വാസികളും രംഗത്തു വന്നു. കാരണമായി പറഞ്ഞത്, സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജഗിരി കോളേജിലെ ഒരാള്‍ സഭയോട് വിധേയപ്പെട്ടു നില്‍ക്കുന്നതും സഭയുടെ തന്നെ ഒരു ജീവനക്കാരനുമാണ് എന്നതാണ്. അങ്ങനെയുള്ളൊരാള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് സ്വതന്ത്രമായി തന്റെ കര്‍ത്തവ്യം ചെയ്യാന്‍ കഴിയില്ലെന്നതായിരുന്നു. ഇതേ കമ്മിഷനില്‍ ഉള്‍പ്പെട്ട ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റ് ആകട്ടെ, ഭൂമിക്കച്ചവടം നടക്കുന്ന സമയത്ത് ഉള്‍പ്പെടെ സഭയുടെ ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റായി ജോലി നോക്കിയിരുന്നയാളും. സഭയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് അംഗങ്ങളായ രണ്ട് അഭിഭാഷകരും. ഇത്തരത്തിലുള്ള ഒരു കമ്മിഷന്റെ അന്വേഷണം ഒട്ടും ഫലവത്താകില്ലെന്നും ഇത്തരത്തില്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്ട് അല്ല വത്തിക്കാനില്‍ എത്തേണ്ടതെന്നും ചൂണ്ടിക്കാടി ശക്തമായി പ്രതിഷേധം ഉയര്‍ന്നു. മാത്രമല്ല, വത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നത് ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു. ഇഞ്ചോടി കമ്മിഷനെ ഒരിക്കലും സ്വതന്ത്ര ഏജന്‍സിയായി കാണാനാവില്ലെന്ന് വൈദികരും വിശ്വാസികളും തങ്ങളുടെ എതിര്‍പ്പുകള്‍ ഉയര്‍ത്തിക്കൊണ്ട് ചൂണ്ടിക്കാട്ടി. ഈ പ്രതിഷേധത്തിന്റെ ഫലമായാണ് രാജ്യന്തരതലത്തില്‍ പ്രശസ്തമായ സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയായ കെപിഎംജിയെ നിയമിക്കുന്നത്.
എന്നാല്‍ കെപിഎംജിയെ നിയമിക്കുന്നത് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ടായിരുന്നില്ല. അദ്ദേഹം ഇഞ്ചോടി കമ്മിഷനോട് ഏതെങ്കിലും അന്താരാഷ്ട്ര സ്വതന്ത്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിനനുസരിച്ച് ഇഞ്ചോടി കമ്മിഷനാണ് കെപിഎംജിയെ നിയമിക്കുന്നത്. ഇതു കൂടാതെ സിവില്‍ ആയിട്ടുള്ള കച്ചവടമാണ് നടന്നിട്ടുള്ളതിനാല്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക അവലോകനം നടത്താനായി മറ്റൊരു ഓഡിറ്റിംഗ് ഏജന്‍സിയെ കൂടി ചുമതലപ്പെടുത്തി. അങ്ങനെയാണ് അതിരൂപത ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുന്നത്.
അന്വേഷണത്തിന്റെ ഉത്തരവാദിത്വം അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ആണെന്നിരിക്കെ കെപിഎംജിയും മറ്റേ ഒഡിറ്റിംഗ് ഏജന്‍സികളും തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇഞ്ചോടി കമ്മിഷന്റെ മുന്നിലാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ഈ രണ്ട് റിപ്പോര്‍ട്ടുകളുടെയും പുറത്ത് ഒരു വിശകലന റിപ്പോര്‍ട്ട് ഇഞ്ചോടി കമ്മിഷന്‍ തയ്യാറാക്കുകയും ഈ റിപ്പോര്‍ട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കുകയും ആ റിപ്പോര്‍ട്ടാണ് വത്തിക്കാനില്‍ സമര്‍പ്പിക്കുന്നതുമെന്നാണ് ബിഷപ്പ് മനത്തോടത്ത് കഴിഞ്ഞ ദിവസം ചേര്‍ന്നൊരു വൈദിക യോഗത്തില്‍ പറഞ്ഞത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വൈദികരും വിശ്വാസികളും പറയുന്നത്. വത്തിക്കാനില്‍ നല്‍കേണ്ടത് ഇഞ്ചോടി കമ്മിഷന്റെ വിശകലന റിപ്പോര്‍ട്ട് അല്ലെന്നും കെപിഎംജി നല്‍കിയ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച് അതില്‍ നിന്നും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ആയിരിക്കണം മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കേണ്ടതെന്നാണ് വൈദികരും വിശ്വാസികളും ആവശ്യപ്പെട്ടിരിക്കുന്നത്. സ്വതന്ത്രമായ അന്വേഷണം നടക്കില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് കെപിഎംജിപോലെ ഒരു അന്താരാഷ്ട്ര സ്വതന്ത്ര ഏജന്‍സിയെ ചുമതല ഏല്‍പ്പിച്ചത്, വത്തിക്കാനും ആവശ്യപ്പെട്ടത് അതായിരുന്നു. എന്നിട്ട് വീണ്ടും ഇഞ്ചോടി കമ്മിഷന്റെ തന്നെ റിപ്പോര്‍ട്ട് വത്തിക്കാന് നല്‍കുന്നതെന്തുകൊണ്ടാണെന്നാണ് ബിഷപ്പ് മനത്തോടത്തിനെതിരേ ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ഇത് മാത്രമല്ല, വൈദികരെയും വിശ്വാസികളെയും ഇപ്പോള്‍ പ്രതിഷേധത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞത്, “ഭൂമിക്കച്ചവടത്തെ കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളെ കുറിച്ച് അറിയാന്‍ ഇവിടുത്തെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും അവകാശമുണ്ട്. അതുകൊണ്ടിത് രഹസ്യമാക്കാന്‍ പറ്റുന്നതല്ല, പക്ഷേ, ഞാന്‍ കൊടുക്കേണ്ട റിപ്പോര്‍ട്ട് രഹസ്യമായി കൊടുക്കണം എന്നാണ് വത്തിക്കാന്റെ നിര്‍ദേശം, അതുകൊണ്ട് ആ കാര്യത്തില്‍ മാറ്റമൊന്നും വരുത്താന്‍ കഴിയില്ല, എങ്കിലും കെപിഎംജിയുടെ കണ്ടെത്തലുകള്‍ അടക്കമുള്ള വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും അതിന് അവസരം ഉണ്ടാക്കുമെന്നു”മായിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്നും പിന്നാക്കം പോയിരിക്കുകയാണ് ബിഷപ്പ് മനത്തോടത്ത്. ഒരു വിവരും ആരെയും അറിയിക്കാതെ റിപ്പോര്‍ട്ട് രഹസ്യമായി വത്തിക്കാനില്‍ നല്‍കാനാണ് തീരുമാനം. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ പരിശോധിച്ച് ഒരു അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കി, അത് രഹസ്യമായി നല്‍കാനാണ് വത്തിക്കാന്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആരോടും പങ്കുവയ്ക്കരുതെന്ന് പറഞ്ഞിട്ടില്ല. കെപിഎംജിക്ക് 30-35 ലക്ഷം രൂപയാണ് ഈ അന്വേഷണത്തിനായി ഫീസ് നല്‍കിയിരിക്കുന്നത്. ഇത് വിശ്വാസികളുടെ പണമാണ്. ഇത്രയും രൂപ ഫീസ് കൊടുത്ത് ഒരു ഏജന്‍സിയെ നിയോഗിച്ച് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ട് അത് ഇവിടുത്തെ വൈദികരെയും വിശ്വാസികളെയും അറിയിക്കാതെ നല്‍കുന്നതിലെ യുക്തി എന്താണ്? കെപിഎംജി ഒരു സ്വതന്ത്ര ഏജന്‍സിയായതുകൊണ്ട് സാധരണഗതിയില്‍ അവരുടെ അന്വേഷണത്തില്‍ ഇടപെടലുകള്‍ നടക്കില്ലെന്ന പ്രതീക്ഷയുണ്ട്. പക്ഷേ, റിപ്പോര്‍ട്ട് പുറത്തുവിട്ടാലേ അതില്‍ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന് അറിയാനും കഴിയൂ. രഹസ്യമായി എല്ലാക്കാര്യങ്ങളും നടത്തിയാല്‍ എന്താണ് റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയെന്ന കാര്യം ആര്‍ക്കും അറിയാതെ പോകും. ഇതൊഴിവാക്കണം എന്നാണ് വിശ്വസി സംഘടനകളുടെയും വൈദികരുടെയും ആവശ്യം. കൂടാതെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും പ്രതി ചേര്‍ക്കപ്പെട്ട സംഭവം ബിഷപ്പ് മനത്തോടത്തിന്റെ നിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ടോ എന്ന കാര്യവും വെളിച്ചത്ത് വരണമെന്നും വൈദികരും വിശ്വാസികളും ആവശ്യപ്പെടുന്നുണ്ട്.