മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അതിരൂപതയുടെ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് സൂചന
സീറോ മലബാര്‍ സഭ സിനഡ് ഇന്ന് അവസാനിക്കുന്നത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി നല്‍കുന്ന തീരുമാനം സ്വീകരിച്ചുകൊണ്ടായിരിക്കുമെന്നു സൂചന. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യം വത്തിക്കാന്‍ അംഗീകരിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം സിനഡില്‍ നിന്നും ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ നിന്നും കര്‍ദിനാള്‍ ഒഴിവാക്കപ്പെടും. ഇത്തരത്തിലൊരു തീരുമാനം ഉണ്ടാകുന്നതോടെ കര്‍ദിനാള്‍ ആലഞ്ചേരി ഭരണപരമായ അധികാരങ്ങളൊന്നുമില്ലാത്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി ഒതുക്കപ്പെടുമെന്നാണ് വിവരം.
ആരായിരിക്കും അതിരൂപതയുടെ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ്(മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരി) ആയി എത്തുന്നതെന്ന കാര്യത്തില്‍ ചെറിയ അവ്യക്തകതയുണ്ടെങ്കിലും സിഎംഎസ് സഭയില്‍ നിന്നുള്ള മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഈ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയാണ് കൂടുതല്‍. എറണാകുളം അതിരൂപതയ്‌ക്കൊരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യം ചര്‍ച്ചയായപ്പോള്‍ തൊട്ട് സജീവമായി കേള്‍ക്കുന്ന പേരാണ് ബിഷപ്പ് ആന്റണി കരിയിലിന്റേത്. തങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള ഒരാള്‍ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ആകണമെന്നായിരുന്നു എറണാകുളം അതിരൂപതയുടെ ആവശ്യമെങ്കിലും ആലഞ്ചേരി പക്ഷം ഇതിനെ എതിര്‍ക്കുകയായിരുന്നു. പൂര്‍ണമായി കീഴടങ്ങിയെന്ന ആക്ഷേപം ഉണ്ടാകാതിരിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ എങ്കിലും തങ്ങളുടെ അഭിപ്രായം സ്വീകരിക്കണമെന്ന ആലഞ്ചേരി പക്ഷത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. അങ്ങനെ വരുമ്പോഴും ബിഷപ്പ് കരിയിലിലേക്കു തന്നെയാണ് സൂചനകള്‍ നീളുന്നത്. എന്തായാലും ഇന്ന് ഉച്ചതിരിഞ്ഞ് ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി ഉണ്ടാകും. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള വത്തിക്കാന്‍ തീരുമാനം ഇന്ന് മൂന്നു മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ കേള്‍ക്കുന്ന പേര് തന്നെ വത്തിക്കാന്‍ പ്രഖ്യാപിക്കുമെന്നാണ് സഭയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഉറപ്പിച്ചു പറയുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചട വിവാദം തന്നെയാണ് കര്‍ദിനാള്‍ ആലഞ്ചേരിയെ വീണ്ടും അധികാരഭൃഷ്ടനാക്കുന്നതിന് കാരണമാകുന്നത്. സീറോ മലബാര്‍ സഭയെ മൊത്തത്തില്‍ പിടിച്ചു കുലുക്കിയ ഭൂമിക്കച്ചവട വിവാദത്തില്‍ വത്തിക്കാന്‍ ഇടപെട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം ആലഞ്ചേരിക്ക് അതിരൂപതയുടെ അധികാരം ഒഴിഞ്ഞു നില്‍ക്കേണ്ടി വന്നിരുന്നു. ആ മാറ്റിനിര്‍ത്തല്‍ അവസാനിച്ച് തിരികെ എത്തി അധികനാള്‍ കഴിയും മുന്നേ എന്നന്നേക്കുമായി അതിരൂപതയുടെ അധികാരങ്ങള്‍ വിട്ടൊഴിയേണ്ടി വരുന്ന സാഹചര്യമാണ് കാത്തിരിക്കുന്നത്. ഭൂമിക്കച്ചവടത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടി ഒരു അപ്പസ്റ്റോലിക് ആഡ്മിനിസ്‌ട്രേറ്റീവിനെ നിയമിച്ചതിനു പിന്നാലെയായിരുന്നു കര്‍ദിനാളിനെ ആദ്യം അതിരൂപതയുടെ ഭരണചുമതലകളില്‍ നിന്നും നീക്കിയത്. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ആയി നിയമിതനായ പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ ചുമതലയില്‍ ഭൂമിക്കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തുകയും ഈ റിപ്പോര്‍ട്ട് വത്തിക്കാന് കൈമാറിയതിനും ശേഷമായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരിക്ക് വീണ്ടും അതിരൂപതയുടെ ഭരണചുമതല നല്‍കുന്നത്. എന്നാല്‍ തിരികെ അധികാരത്തിലേക്ക് ആലഞ്ചേരി വന്നതിനെതിരേ അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധിക്കുകയും തങ്ങള്‍ക്ക് സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് വേണമെന്ന് ആവശ്യമുയര്‍ത്തുകയും ചെയ്തു. വലിയ പ്രതിഷേധങ്ങളും സമരങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ വത്തിക്കാന്‍ തന്നെ അതിരൂപത ചുമതലകളിലേക്ക് തിരികെ നിയമിച്ചതിലൂടെ തനിക്കെതിരേയുള്ള എല്ലാ ആരോപണങ്ങളും ഇല്ലാതായിരിക്കുന്നുവെന്ന വാദമായിരുന്നു ആലഞ്ചേരിക്ക്. ആ വാദങ്ങള്‍ തിരുത്തപ്പെടുകയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിന്റെ നിയമത്തിലൂടെ സംഭവിക്കുന്നത്. ഒരു വര്‍ഷത്തേക്ക് നിയമിതനായ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ താത്കാലികമായി എറണാകുളം അതിരൂപതയുടെ സ്ഥാനീയ മെത്രാന്‍ കൂടിയ കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഭരണചുമതല കൈമാറിയതാണെന്നും ഭൂമിക്കച്ചവട വിവാദത്തില്‍, അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടികള്‍ വരുമെന്നും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ആയിരുന്ന ജേക്കബ് മനത്തോടത്ത് ഉള്‍പ്പെടെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഓഗസ്റ്റില്‍ ചേരുന്ന സിനഡില്‍ ആയിരിക്കും തീരുമാനം ഉണ്ടാവുകയെന്നും ഇവര്‍ അറിയിച്ചിരുന്നു. ആ രീതിയില്‍ തന്നെ കാര്യങ്ങള്‍ എത്തി എന്നതായിരിക്കും ഇന്നുണ്ടാകുന്ന തീരുമാനങ്ങള്‍ വ്യക്തമാക്കുക.
അതേസമയം, ആലഞ്ചേരി അധികാരത്തില്‍ തിരിച്ചെത്തിയതിനു പുറകെ അതിരൂപതയില്‍ നിന്നും പുറത്താക്കിയ സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം സിനഡില്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. ഇരുവരെയും കേരളത്തിനു പുറത്തേക്ക് മാറ്റാനാകും തീരുമാനം ഉണ്ടാവുക. ഇക്കാര്യത്തിലും ആലഞ്ചേരി പക്ഷത്തിന്റെ തന്നെ ആവശ്യം അംഗീകരിക്കപ്പെടും. സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യയിലേക്കും ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദിലേക്കും ചുമതല നല്‍കി മാറ്റുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇരുവരെയും എറണാകുളം അതിരൂപതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനു വേണ്ടിയായിരുന്നു അല്‍മായരും വൈദികരും ആവിശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ സിനഡ് തയ്യാറാകില്ല.