UPDATES

ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്ത് രാജിവയ്ക്കുക; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പോര് മുറുകുന്നു

എറണാകുളം അതിരൂപത അല്‍മായ ഫോറം എന്ന പേരില്‍ എടയന്ത്രത്തിനെതിരെ പള്ളികള്‍ക്കു മുന്നില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്

സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാട് വിവാദത്തില്‍ ചേരി തിരിഞ്ഞുള്ള പോരാട്ടം ശക്തമാകുന്നു. ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയെന്ന, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരേയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന തരത്തില്‍ അതിരൂപത സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സര്‍ക്കുലര്‍ ഇറക്കിയതിനെതിരെ ഇപ്പോള്‍ സഭ വിശ്വാസികളില്‍ ഒരു വിഭാഗം പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. സഹായമെത്രാന്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി എറണാകുളം അതിരൂപത അല്‍മായ ഫോറം എന്ന പേരില്‍ എടയന്ത്രത്തിനെതിരേയുള്ള ആക്ഷേപങ്ങളുമായി പള്ളികള്‍ക്കു മുന്നില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്.

“ആലഞ്ചേരി പിതാവിനെതിരേ ഗൂഡാലോചന നടത്തി ഭൂമി വിവാദത്തില്‍ കുടുക്കിയ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് രാജിവയ്ക്കുക. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന എടയന്ത്രത്ത് മെത്രാനെ ഇനിയും നമ്മുടെ അതിരൂപത ചുമക്കണോ?”

“എറണാകുളം രൂപതയില്‍ കടിച്ചുതൂങ്ങി കിടന്ന് വര്‍ക്കി പിതാവിനെ ക്രൂശിച്ചതുപോലെ ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്തടക്കമുള്ള വൈദിക ലോബി നീതി പാലിക്കുക…”

നോട്ടീസില്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളിവയാണ്. അതിരൂപതയ്ക്ക് കീഴിലുള്ള വിവിധ പള്ളികള്‍ക്കു മുന്നില്‍ നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്. കൊച്ചുകടവന്ത്ര സെന്റ്.ജോസഫ്, പാലാരിവട്ടം മാര്‍ട്ടിന്‍ ഡേ പൗര്‍സ്, വൈക്കം ഫെറോന കോക്കമംഗംലം സെന്റ്.തോമസ്, കുടവച്ചൂര്‍ സെന്റ്.മേരീസ്, ചെമ്പ് ഫെറോന, എറണാകുളം ലിറ്റില്‍ ഫഌര്‍, ഉദയംപേരൂര്‍ പള്ളി ഉദയംപേരൂര്‍ കൊച്ചുപള്ളി, ചമ്പക്കര സെന്റ്. ജെയിംസ് പള്ളി എന്നിവിടങ്ങളിലും അരൂര്‍ മനോരമ ഓഫിസിനു മുന്നില്‍, തുറവൂര്‍, എരമല്ലൂര്‍, കൊച്ചി മാതൃഭൂമി ഓഫിസിനു മുന്‍വശം എന്നിവിടങ്ങളിലായി നോട്ടീസ് പതിച്ചിട്ടുണ്ട്.

"</p

അതിരൂപതയ്ക്കു കീഴിലുള്ള, കാക്കനാട്ടെയും തൃക്കാക്കരയിലേയും ഭൂമി വിറ്റതില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും അതിരൂപതയ്ക്ക് മേല്‍ 80 കോടിക്കു മുകളില്‍ ബാങ്ക് വായ്പ്പയുടെ ബാധ്യത വരുത്തി വച്ചിരിക്കുകയാണെന്നും എടയന്ത്രത്ത് പിതാവ് ഇറക്കിയ സര്‍ക്കുലറില്‍ ആക്ഷേമുണ്ട്. സര്‍ക്കുലറില്‍ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്; മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി മറ്റൂരില്‍ ഭൂമി വാങ്ങാന്‍ ബാങ്കില്‍ നിന്നും 58 കോടി ലോണ്‍ എടുത്തു. വാര്‍ഷിക വരുമാനത്തില്‍ മിച്ച വരുമാനം അധികമില്ലാത്ത നമ്മുടെ അതിരൂപത ഈ സ്ഥലം വങ്ങിയത് വരന്തരപ്പള്ളിയിലെ അതിരൂപതയുടെ സ്ഥലം വിറ്റ് ലോണ്‍ തിരിച്ചടയ്ക്കാമെന്ന ധാരണയിലാണ്. എന്നാല്‍ വരന്തരപ്പള്ളിയിലുള്ള സ്ഥലം വില്‍ക്കാന്‍ സാധിച്ചില്ല. ഇക്കാരണത്താല്‍ തന്നെ ബാങ്കില്‍ നിന്നെടുത്ത തുകയുടെ വാര്‍ഷിക പലിശ ആറു കോടി രൂപ അടയ്ക്കുക എന്നത് അതിരൂപതയെ സംബന്ധിച്ചിടത്തോളം വളരെയേറ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അതിരൂപത ഫിനാന്‍സ് കൗണ്‍സിലിനു ബോധ്യപ്പെട്ടിട്ടുണ്ട്; സര്‍ക്കുലറില്‍ പറയുന്നു…

59 കോടിയുടെ കടം 90 കോടിയിലെത്തിച്ച ‘മിടുക്ക്’! മാര്‍ ആലഞ്ചേരി അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി ആക്ഷേപം

എടയന്ത്രത്തിന്റെ സര്‍ക്കുലറില്‍ സഭയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ആലഞ്ചേരിയുടെ മേല്‍ പരോക്ഷമായി ഉന്നയിക്കുന്നുണ്ട്. അതിരൂപതയ്ക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും, കാനോനിക നിയമങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നതും ഗൗരവമായ ധാര്‍മിക പ്രശ്‌നങ്ങളാണ്. ആയതിനാല്‍ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ടു ബാക്കി ലഭിക്കേണ്ട തുക അതിരൂപതയ്ക്ക് ലഭിച്ചാലും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെങ്കിലും ധാര്‍മിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നുള്ളത് വസ്തുതയാണ്; സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നു.

അതേസമയം സഹായമെത്രാന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ ആലഞ്ചേരി പിതാവിനെ ഉന്നംവച്ചുകൊണ്ടുള്ളതാണെന്നാണ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന വൈദികരും വിശ്വാസികളും പറയുന്നത്. ചങ്ങനാശ്ശേരി അിരൂപതക്കാരനായ പിതാവിനെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തും നിന്നും രാജി വയ്പ്പിക്കുകയോ മാറ്റുകയോ ചെയ്തിട്ട് പകരം തങ്ങളുടെ പ്രതിനിധിയെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് എറണാകുളത്തുള്ളവര്‍ പയറ്റുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

സഭയുടെ മുന്‍ തലവനായ മാര്‍ വര്‍ക്കി വിതയത്തിലിനെതിരേയും ഇത്തരം ഗൂഡനീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ഇത്തരക്കാരുടെ ചതിയില്‍പ്പെട്ട് സമ്മര്‍ദ്ദത്തില്‍ ചങ്ക് പൊട്ടിയാണ് വിതയത്തില്‍ പിതാവ് ഹൃദായാഘാതം വന്നു മരിച്ചതെന്നും വൈദികര്‍ക്കിടയില്‍ പ്രചരിച്ച ഒരു വാട്‌സ്ആപ്പ് സന്ദേശത്തില്‍ ആരോപിച്ചിരുന്നു. പൂര്‍ണ ആരോഗ്യവാനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും ഇതേ അവസ്ഥയിലേക്കാണ് തള്ളിവിടുന്നതെന്നാണ് ഇവരുടെ ഇപ്പോള്‍ പരാതി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദത്തില്‍ മനംനൊന്ത് ആരോടും സംസാരിക്കാതെ, സെക്രട്ടറി അച്ഛനെ പോലും മുറിയില്‍ കയറ്റാതെ മൗനമായി പ്രാര്‍ത്ഥിക്കുകയാണ് ആലഞ്ചേരി പിതാവെന്നും ഇവര്‍ പറയുന്നു. ദൈവവിശ്വാസം ഇല്ലാത്ത വൈദികരും മാര്‍ ഭരണിക്കുളങ്ങരയും അദ്ദേഹത്തിന്റെ അടുത്ത വൃത്തമായ വത്തിക്കാനിലെ ഒരു കര്‍ദ്ദിനാള്‍ വഴി ആലഞ്ചേരി പിതാവിനെതിരേ മാര്‍പാപ്പയ്ക്ക് വ്യാജ വിവരങ്ങള്‍ കൈമാറുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ പരസ്യമായി നോട്ടീസുകള്‍ പതിച്ച് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മറ്റു വൈദികര്‍ക്കുമെതിരേ വിശ്വാസികളില്‍ ഒരു വിഭാഗം രംഗത്തു വന്നിരിക്കുന്നത്.

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

ചങ്ങനാശ്ശേരി-എറണാകുളം അതിരൂപതയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ശീതസമരത്തിന്റെ ബാക്കി പത്രമാണ് ഇപ്പോഴത്തെ ഭൂമിവിവാദത്തിനു പിന്നിലെന്നാണ് പ്രധാന ആരോപണം. സഭയിലെ ആരാധനാക്രമത്തിലുള്ള ഭിന്നത മുതലെടുത്തും എതിരാളികള്‍ ആലഞ്ചേരി പിതാവിനെതിരേ കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് ആക്ഷേപം. ആരാധനാക്രമത്തിലുള്ള ഭിന്നത ഒരു പരിധി വരെ കുറഞ്ഞു വരുന്ന സമയമാണിത്. കുര്‍ബാനയുടെ പേരില്‍ ഉള്ള തര്‍ക്കങ്ങള്‍ മാറി സഭ തീരുമാനിച്ച ഔദ്യോഗിക കുര്‍ബാന പുതുതായി വന്ന എല്ലാ പ്രവാസി രൂപതകളിലും വന്നു. എന്നാല്‍ ഈ മാറ്റം ചിലര്‍ അംഗീകരിക്കുന്നില്ല. സഭയുടെ ഐക്യത്തിനെതിരെ നില്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലുള്ളവര്‍, എറണാകുളം സ്വദേശിയായ മെത്രാന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിലാണ് ഇത്തരം ചതികള്‍ നടത്തുന്നതെന്നാണ് ആരോപണം. ആലഞ്ചേരി പിതാവിനെ മാറ്റി പകരം കുര്യാക്കോസ് ഭരണിക്കുളങ്ങരയെ സഭാ തലവന്‍ ആക്കാനാണ് ശ്രമം, ഐക്യം തകര്‍ത്ത് സഭയുടെ ആരാധനാക്രമം തകര്‍ക്കുകയും ഇവരുടെ ലക്ഷ്യമാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു.

എന്നാല്‍ ആരാധനക്രമങ്ങളുടെ പേരില്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ഭൂമിക്കച്ചവട വിവാദം ഇതില്‍ പെടുന്നില്ലെന്നും തങ്ങളുടെ പോരാട്ടം ഏതെങ്കിലും വ്യക്തിയ്‌ക്കെതിരേയോ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനോ വേണ്ടിയുള്ളതല്ലെന്നും എന്നാല്‍ ധാര്‍മികമായും സാമ്പത്തികമായും സഭയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായി തെളിഞ്ഞാല്‍ ആലഞ്ചേരി പിതാവ് സ്ഥാനമാനങ്ങള്‍ ഒഴിയുന്നതാണ് അഭികാമ്യമെന്നും വലിയൊരു വിഭാഗം വൈദികരും ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്തുള്ള ചിലരും അഭിപ്രായപ്പെടുന്നു… കോടികളുടെ ക്രമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്ന ഭൂമിവിവാദം വൈദികര്‍ക്കും വിശ്വാസികള്‍ക്കുമിടയിലെ ചേരിപ്പോരിലേക്കും അത് പൊതുമധ്യത്തിലേക്ക് നീളുന്നതിലേക്കും എത്തിയിരിക്കുകയാണ്…

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍