UPDATES

കേരളം

Exclusive: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതനെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്

സിറോ മലബാര്‍ സഭയെ പ്രതികൂട്ടിലാക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നില്ലെങ്കില്‍ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന് അതിരൂപത ആസ്ഥാനത്ത് നിന്നും നല്‍കിയിരിക്കുന്നത്

സിറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെ പ്രതിയായ ഭൂമിയിടപാടിലെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ നടത്തുന്ന പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുകയും മിഷണറീസ് ഓഫ് ജീസസ് അംഗമായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ശിക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയും തുടങ്ങി ക്രിസ്തീയ സഭയിലെ അഴിമതികള്‍ക്കും സ്വാര്‍ത്ഥവ്യവഹാരങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരേ നിരന്തരം ശബ്ദം ഉയര്‍ത്തുകയും പ്രക്ഷോഭങ്ങള്‍ നയിക്കുകയും ചെയ്തു വരുന്ന ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പൗരോഹിത്യ ജീവിതത്തില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയുമായി എറണാകുളം-അങ്കമാലി അതിരൂപത. സിറോ മലബാര്‍ സഭയെ പ്രതികൂട്ടിലാക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നില്ലെങ്കില്‍ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന് അതിരൂപത ആസ്ഥാനത്ത് നിന്നും നല്‍കിയിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ലൈംഗിക പീഡനക്കേസില്‍ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ രൂപം കൊടുത്ത സേവ് അവര്‍ സിസ്‌റ്റേഴ്‌സ്(എസ്ഒഎസ്) മൂവ്‌മെന്റിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ ഫാ. വട്ടോളി ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ‘കുറ്റകൃത്യമായി’ കണ്ടാണ് അദ്ദേഹത്തിനെതിരേയുള്ള നടപടികള്‍ക്ക് സഭാനേതൃത്വം തയ്യാറെടുക്കുന്നത്. ഭൂമിയിടപാടില്‍ നടന്ന കൃത്രിമത്വങ്ങള്‍ പുറത്തുകൊണ്ടുവരികയും അതില്‍ പങ്കാളിയായ സഭാ തലവന്‍ അലഞ്ചേരിയ്ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തതോടെ തന്നെ സഭ തലവന്മാരുടെ കണ്ണിലെ കരടായി മാറിയിരുന്നു ഫാ. വട്ടോളി. അതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ കന്യാസ്ത്രീകള്‍ക്കൊപ്പം സന്ധിയില്ല പോരാട്ടാത്തിനും വട്ടോളിയച്ചന്‍ നിലയുറപ്പിച്ചത്. എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ പതിനാല് ദിവസത്തോളം എസ്ഒഎസ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ പങ്കെടുത്തു നടത്തിയ സമരത്തിന്റെ സമ്മര്‍ദ്ദത്തില്‍ കൂടിയായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഫ്രാങ്കോ കേസ് അട്ടിമറിക്കുമെന്നും കന്യാസ്ത്രീകളുടെ ജീവന് അപകടമുണ്ടാക്കുമെന്നും പരാതി ഉയര്‍ത്തി കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ എസ് ഒ എസ്സിന്റെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. 2018 നവംബര്‍ 14 ന് നടത്തിയ ധര്‍ണയില്‍ എസ്ഒഎസ് മൂവ്‌മെന്റ് കണ്‍വീനര്‍ എന്ന നിലയില്‍ ഒരു പുരോഹിതനായ അഗസ്റ്റിന്‍ വട്ടോളി പങ്കെടുത്തത് പൊതുസമൂഹത്തില്‍ സഭയുടെ സല്‍പേരിന് ദോഷമുണ്ടാക്കിയെന്നും വിശ്വാസ്യതയെ തകര്‍ക്കുന്നതിന് കാരണമായെന്നുമാണ് അതിരൂപതയുടെ കണ്ടെത്തല്‍. മേലില്‍ ഇത്തരം ധര്‍ണകളിലോ മറ്റോ പങ്കെടുക്കുന്നതില്‍ നിന്നും ഫാ. വട്ടോളിയെ ശക്തമായി വിലക്കുകയാണെന്നും സമാനമായ പ്രവര്‍ത്തികളില്‍ വീണ്ടും പങ്കാളിയാവുകയാണെങ്കില്‍, അനുസരണക്കേടിന് സഭ ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നുമാണ് എറണാകുളംഅങ്കമാലി അതിരൂപത അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത്തരമൊരു കുറ്റപത്രം തനിക്കെതിരേ തയ്യാറാക്കിയിരിക്കുന്നതിനെയും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെയും കുറിച്ച് പ്രതികരിക്കാന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി വിസമ്മതിച്ചു. വൈദികനെതിരേ നടപടി സ്വീകരിക്കുമോയെന്നതിനെക്കുറിച്ച് പ്രതികരണം ആരായാന്‍ അതിരൂപത ആസ്ഥാനവുമായി പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എങ്കിലും ഫാ. വട്ടോളിക്കെതിരേ നടപടി സ്വീകരിക്കാന്‍ അതിരൂപ മേലാളര്‍ തയ്യാറെടുത്തിരിക്കുകയാണെന്നതിന് കൃത്യമായ വിവരം അഴിമുഖത്തിന് ലഭിച്ചിട്ടുണ്ട്.

ഫാ. അഗസ്റ്റിന്‍ വട്ടോളിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അതിരൂപത ഉയര്‍ത്തിയിരിക്കുന്നതെന്ന വിവരമാണ് അഴിമുഖത്തിന് ലഭിച്ചിരിക്കുന്നത്. വൈദികവൃത്തിയില്‍ കുറ്റകരമായ വീഴ്ച്ചയാണ് ഫാ. വട്ടോളി വരുത്തിയിരിക്കുന്നതെന്നാണ് അതിരൂപതയുടെ കണ്ടെത്തല്‍. വിരളമായി മാത്രമാണ് ഫാ. വട്ടോളി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതെന്നും പുരോഹിതനെന്ന നിലയില്‍ പൊതുസമക്ഷത്തില്‍ വട്ടോളിയുടെ പ്രാര്‍ത്ഥനാ ജീവിതവും വിശ്വാസവും ചോദ്യം ചെയ്യപ്പെടുകയാണെന്നും കുറ്റപ്പെടുത്തുന്നു. സഭചട്ട പ്രകാരം ദിവസേന അള്‍ത്താരയില്‍ കുര്‍ബാന ആര്‍പ്പിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണ് അതിരൂപത പറയുന്നത്. സിറോ മലബാര്‍ സഭയുടെ പ്രത്യേക നിയപ്രകാരവും ദിവസേനയുള്ള വിശുദ്ധ കുര്‍ബാന കൃത്യമായ തയ്യാറെടുപ്പുകളോടെ നിവര്‍ത്തിക്കണമെന്നാണ് പറയുന്നതെന്നും ഫാ. വട്ടോളിയുടെ പൗരോഹിത്യ പ്രവര്‍ത്തിയില്‍ വീഴ്ച്ചയുണ്ടെന്ന് സമര്‍ത്ഥിക്കാനായി അതിരൂപത പരാതി ഉയര്‍ത്തുന്നു. വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനവേളയിലും മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സ്മരിക്കണമെന്നു സഭ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഫാ. വട്ടോളി അതിന് തയ്യാറാകുന്നില്ലെന്നാണ് മറ്റൊരാരോപണം. ആരാധനഗ്രന്ഥത്തില്‍ മാര്‍പ്പാപ്പയ്ക്കും മറ്റ് മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഒപ്പം മേജര്‍ ആര്‍ച്ച് ബിഷപ്പിനേയും വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും സ്മരിക്കണമെന്നു പറയുമ്പോഴും അതിനും വട്ടോളി തയ്യാറാകുന്നില്ലെന്നും സഭ നിയമപ്രകാരം ഈ നിയമലംഘനം ശിക്ഷാര്‍ഹമാണെന്നും അതിരൂപത ഫാ.വട്ടോളിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചൂണ്ടിക്കാണിക്കുന്നു.

ഫാ. അഗസ്റ്റിന്‍ വട്ടോളി തന്റെ പ്രസംഗത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും ഉപജാപപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും പൗരഹിത്യനേതൃത്വത്തിനെതിരേ വെറുപ്പ് സൃഷ്ടിക്കുകയാണെന്നും ആരോപണമുണ്ട്. വൈദികനെതിരേയുള്ള മറ്റൊരു കുറ്റം അദ്ദേഹം സഭവിരുദ്ധരും കലാപാരികളും അവിശ്വാസികളും ആയവരോട് അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നതാണ്. സഭയേയും ക്രിസ്തു മതത്തേയും തകര്‍ക്കാന്‍ നടക്കുന്നവരാണ് ഈ സംഘങ്ങളെന്നും ഫാ. വട്ടോളിക്കെതിരേയുള്ള അരോപണമായി ചൂണ്ടിക്കാണിക്കുന്നു.

നീതി തേടി കന്യാസ്ത്രികള്‍ സമരം ചെയ്ത വേദിയില്‍ പിയേത്ത(മറിയം യേശുവിന്റെ മൃതശരീരം മടിയില്‍ ഏറ്റുവാങ്ങിയിരിക്കുന്ന ചിത്രം)യെ അപമാനിക്കുന്ന തരത്തില്‍ മറിയത്തിന്റെ മടിയില്‍ കന്യാസ്ത്രീയെ കിടത്തിയിരിക്കുന്ന തരത്തില്‍ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചതിലും ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പ്രതിയാക്കുന്നുണ്ട് അതിരൂപത. സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ നടത്തിയ ധര്‍ണയില്‍ ഇതേ ചിത്രം പ്രദര്‍ശിപ്പിച്ചെന്നും ഇതിന് നേതൃത്വം നല്‍കിയത് ഫാ. വട്ടോളിയാണെന്നും സഭ ചട്ടപ്രകാരം ശിക്ഷാര്‍ഹമായ പ്രവര്‍ത്തിയാണ് വൈദികനില്‍ നിന്നുണ്ടായിരിക്കുന്നതെന്നുമാണ് ആക്ഷേപം. സഭ നേതൃത്വത്തേയും സമ്പ്രദായത്തേയും നിഷേധിക്കുന്ന പ്രവര്‍ത്തികളാണ് ഇതുവഴി ഫാ. വട്ടോളി നടത്തുന്നതെന്നാണ് അതിരൂപത നേതൃത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ടുള്ള കാനന്‍ നിയമങ്ങള്‍ അനുസരിച്ച് ഫാ. അഗസ്റ്റിന്‍ വട്ടോളിയില്‍ നിന്നും ഉണ്ടായിരിക്കുന്ന എല്ലാ പ്രവര്‍ത്തികളും ശിക്ഷനേരിടേണ്ടവയാണെന്നും ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ഉറപ്പിക്കുകയാണ്. തനിക്കെതിരേ നിരത്തിയിരിക്കുന്ന പരാതികളില്‍ നവംബര്‍ 25 നു മുമ്പായി വിശദീകരണം നല്‍കാനും അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വട്ടോളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമായ വിശദീകരണം കിട്ടാത്തപക്ഷം കത്തോലിക്ക നിയമങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ ഫാ. വട്ടോളിക്കെതിരേ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.

ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിനുള്ള കാരണങ്ങൾ വീഡിയോ കാണാം..

വൈദികരെല്ലാം പാവാടാ! ഒരു വിശ്വാസിയുടെ ധാര്‍മ്മിക ചോദ്യങ്ങള്‍

ശവക്കല്ലറ ബിസിനസും പീഡനവും തിരുനാള്‍ ഫണ്ട് അടിച്ചു മാറ്റലുമൊക്കെ തെളിവുള്ള കുറ്റങ്ങളല്ലാതെ മറ്റെന്താണ്?

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

‘സ്ഥലത്തെ പ്രധാന കോഴി’; ഡോ. ഫ്രാങ്കോ അറസ്റ്റില്‍; ട്രോളില്‍ നിലതെറ്റി ദീപിക

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍