UPDATES

മാര്‍ ആലഞ്ചേരിയെ തടഞ്ഞു വച്ചോ, അതോ ഒത്തുകളിയോ? കള്ളം പറയുന്നതാര്? കര്‍ദ്ദിനാളോ അല്‍മായരോ?

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗം ആദ്യമായി മുടങ്ങിയിരിക്കുന്നു

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗം ആദ്യമായി മുടങ്ങിയിരിക്കുന്നു. അതും അല്‍മായര്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും അതിരൂപതാദ്ധ്യക്ഷനെ തടയുന്നതിലൂടെ. ഭൂമിയിടപാട് വിവാദത്തില്‍ അതിരൂപത ആകെ നാണംകെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ വൈദിക സമിതിയോഗവും തടസപ്പെടുന്നതോടെ പുതിയ വിവാദങ്ങളിലേക്കാണ് സഭ എത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞു നടക്കേണ്ടിയിരുന്ന വൈദിക സമിതി യോഗം റദ്ദ് ചെയ്യപ്പെടേണ്ടി വന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന സംശയങ്ങള്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒരിക്കല്‍ കൂടി കരിനിഴലില്‍ നിര്‍ത്തുകയാണെന്ന നിര്‍ഭാഗ്യകരമായ അവസ്ഥ കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ തന്നെ ഒരു സംഘം അല്‍മായക്കാര്‍ തടഞ്ഞുവച്ചതിനാലാണ് വൈദിക സമ്മേളനം മാറ്റിവയ്ക്കാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നാണ് കര്‍ദിനാള്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ ആരെയും തടഞ്ഞിട്ടില്ലെന്ന് അല്‍മായ പ്രതിനിധികള്‍ ആവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ചോദ്യം ഇതാണ്; ആരാണ് കള്ളം പറയുന്നത്, കര്‍ദിനാളോ അതോ അല്‍മായരോ?

അതിരൂപതയെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ടതാണ് വൈദിക സമിതി യോഗം എങ്കിലും ഇന്നലെ ചേരാനിരുന്ന യോഗത്തിന്റെ മറ്റൊരു പ്രത്യേകത, അതിരൂപതയെ വന്‍ വിവാദത്തിലേക്ക് തള്ളിയിട്ട ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനിരുന്ന വൈദിക സമിതിയോഗമാണ് ഉപേക്ഷിച്ചത് എന്നതാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ഒരു തീരുമാനം (അതേത് രീതിയിലാണെങ്കിലും) വൈദിക സമിതിയോഗത്തില്‍ ഉണ്ടാകും എന്നായിരുന്നു നേരത്തെ കേട്ടിരുന്നത്. അതേസമയം യോഗം മുടങ്ങിയ സാഹചര്യത്തില്‍ ഭൂമിയടപാട് വിഷയം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന് ഉറപ്പായി.

കര്‍ദിനാള്‍ ആലഞ്ചേരിയെ വിശ്വാസികള്‍ ബലമായി തടഞ്ഞു; ചരിത്രത്തില്‍ ആദ്യമായി വൈദിക സമിതി യോഗം ഉപേക്ഷിച്ചു

വ്യാഴാഴ്ച്ചത്തെ വൈദിക സമിതി യോഗം ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വൈദിക സമിതി യോഗം സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്; “എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി യോഗം 2018 ജനുവരി നാലാം തീയതി (വ്യാഴാഴ്ച) ഉച്ച കഴിഞ്ഞ് 2.30 ന് മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് വിളിച്ചു കൂട്ടിയിരുന്നു. ഒരു രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട കാനോനിക സമിതിയാണ് വൈദിക സമിതി. ഈ രൂപതയിലെ 458 വൈദികരുടെ പ്രതിനിധികളായ 57 പേരാണ് ഇപ്പോള്‍ ഈ സമിതിയിലുള്ളത്. യോഗം തുടങ്ങേണ്ട സമയമായപ്പോള്‍ പതിവുപോലെ വൈദിക സമിതി സെക്രട്ടറി പിതാവിനെ ക്ഷണിക്കാന്‍ മുറിയില്‍ പോയി. പക്ഷേ വി.വി അഗസ്റ്റിന്‍, സാബു ജോസ്, കെന്നഡി കരിമ്പുംകാലയില്‍ എന്നിവര്‍ വൈദിക സമിതി യോഗത്തില്‍ പിതാവ് വരുന്നതിനെ തടസപ്പെടുത്തും വിധം മുറിയില്‍ തടഞ്ഞുവച്ചു. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും വൈദിക സമിതിയിലെ ഏതാനും സീനിയര്‍ വൈദികരും കര്‍ദ്ദിനാളിന്റെ മുറിയില്‍ ചെന്ന് വൈദിക സമിതി ഇന്ന് നടത്തേണ്ടതിന്റെ ആവശ്യം ബോധിപ്പിച്ചു. പക്ഷേ അല്‍മായരുടെ സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സമിതിയോഗം മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള അറിയിപ്പ് രേഖാമൂലം സഹായമെത്രാന്മാര്‍ക്ക് കൈമാറി. അതില്‍ കര്‍ദ്ദിനാള്‍ പിതാവ് എഴുതിയിരിക്കുന്നത്, ‘അല്‍മായരുടെ ഒരു സംഘം നമ്മുടെ സമ്മേളനത്തിലേക്ക് വരുവാന്‍ എന്നെ ബലം പ്രയോഗിച്ചു തടസ്സപ്പെടുത്തിയതിനാല്‍ വൈദിക സമ്മേളനം മാറ്റിവയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു‘. പിതാവിന്റെ ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വൈദിക സമിതി യോഗം മാറ്റിവച്ചത്. ഈ അടുത്ത കാലത്ത് അതിരൂപതയില്‍ ഉടലെടുത്ത ഗൗരവമായ ചില പ്രശ്‌നങ്ങളെക്കുറിച്ച് വൈദിക സമിതിയില്‍ ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയില്‍ തക്കതായ പരിഹാരം കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നായിരുന്നു പ്രതീക്ഷ.”

എന്നാല്‍ തങ്ങള്‍ പിതാവിനെ ബലമായി തടഞ്ഞിട്ടില്ലെന്നാണ് അല്‍മായ പ്രതിനിധികളായ കെന്നഡി കരിമ്പുംകാലയില്‍, വിവി അഗസ്റ്റിന്‍ എന്നിവര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് ആവര്‍ത്തിച്ചത്. അല്‍മായ പ്രതിനിധികള്‍ പറയുന്നതാണ് സത്യമെങ്കില്‍ തന്നെ തടഞ്ഞതായി ആലഞ്ചേരി പിതാവ് പറഞ്ഞതോ? വെറും വാക്കാലായിരുന്നില്ല പിതാവിന്റെ ഈ വാദം. അദ്ദേഹം സ്വന്തം കൈപ്പടിയില്‍ ഇക്കാര്യം എഴുതി കൊടുത്തിട്ടുണ്ട്. അപ്പോള്‍ അല്‍മായര്‍ പൊതുമധ്യത്തില്‍ വന്ന് തങ്ങള്‍ ചെയ്ത തെറ്റ് ചെയ്തിട്ടില്ലെന്നു സമര്‍ത്ഥിക്കുകയാണോ?

"</p

ഈ ചോദ്യത്തിന് കെന്നഡി കരിമ്പുംകാലയും അഗസ്റ്റിനുമൊക്കെ നല്‍കുന്ന ന്യായീകരണം ഈ തരത്തിലാണ്; തങ്ങള്‍ പിതാവിനെ സംരക്ഷിക്കാനാണ് എത്തിയത്. വൈദിക സമിതിയില്‍ പിതാവിനെ ബലമായി പങ്കെടുപ്പിച്ച് ഭീഷണിപ്പെടുത്തി അദ്ദേഹത്തെ രാജിവയ്പ്പിക്കാനുള്ള തീരുമാനമായിരുന്നു വൈദികര്‍ക്ക് ഉണ്ടായിരുന്നത്. ഇതു തടയാനാണ് തങ്ങള്‍ ശ്രമിച്ചത്.

പിതാവിനെതിരേ നില്‍ക്കുന്ന ഒരു കൂട്ടം തെമ്മാടികളും തീവ്രവാദികളും പെണ്ണുപിടിയന്മാരുമായ വൈദികര്‍ ഉണ്ടെന്ന ആക്ഷേപവും ആരോപണവും ഉയര്‍ത്തിയാണ് അല്‍മായ പ്രതിനിധികള്‍ തങ്ങളുടെ നേര്‍ക്ക് ഉയര്‍ന്ന സംശയങ്ങളേയും ചോദ്യങ്ങളേയും നേരിടുന്നത്. സഭയുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നതിനാല്‍ ഈ കാര്യം വൈദിക സമിതിയിലല്ല പാസ്റ്റര്‍ കൗണ്‍സിലില്‍ ആണ് ചര്‍ച്ച ചെയ്യേണ്ടതെന്ന വാദവും ഇവര്‍ക്കുണ്ട്. വൈദികരും അല്‍മായരുമെല്ലാം ചേര്‍ന്നതാണ് പാസ്റ്റര്‍ കൗണ്‍സില്‍.

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

പ്രത്യക്ഷത്തില്‍ ന്യായമായൊരു വാദമായി ഇതു തോന്നാമെങ്കിലും ഇതിനു പിന്നിലും നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നാണ് വൈദികരുടെയും ഒരു വലിയ വിഭാഗം വിശ്വാസികളുടെയും ആക്ഷേപം. പാസ്റ്റര്‍ കൗണ്‍സില്‍ യോഗത്തില്‍ ആലഞ്ചേരി പിതാവിനെതിരേയുള്ള ആക്ഷേപങ്ങളില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി സ്ഥാനത്യാഗത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഒരു വിഭാഗം അല്‍മായക്കാര്‍ ഏതുവിധേനയും ശ്രമിക്കും എന്നതു തന്നെയാണ് ഈ ആക്ഷേപങ്ങള്‍ക്കുള്ള കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. വൈദിക സമിതിയോഗം വ്യാഴാഴ്ച കൂടുമെന്നത് അതിരൂപതാദ്ധ്യാക്ഷന്‍ തന്നെ മുന്‍കൂട്ടി അറിയിച്ച കാര്യമാണ്. ഈ ദിവസങ്ങളിലൊന്നും ഇല്ലാത്ത തടസ്സവാദം ഉയര്‍ത്തി പ്രസ്തുത ദിവസം തന്നെ ബിഷപ്പ് ഹൗസിലെത്തി യോഗം നടത്താന്‍ പറ്റില്ലെന്നു പറഞ്ഞ് പ്രകടനം നടത്തുമ്പോള്‍ അതിലൊരു നാടകം കളി മണക്കുന്നില്ലേ എന്നാണ് എതിര്‍വിഭാഗം ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ നാടകം ആരുടെ രചനയിലാണ് നടന്നതെന്നത് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം.

കടം തീര്‍ക്കാനായി അതിരൂപതയ്ക്കു കീഴിലുള്ള ഭൂമികള്‍ വിറ്റതിലും ചില ഭൂമികള്‍ വാങ്ങിയതിലും വന്‍ ക്രമക്കേട് നടന്നതായാണ് ആരോപണം. ഈ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ആറംഗ കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. കമ്മിഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ തന്നെ ക്രമക്കേട് നടന്നതായി പറയുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അതിരൂപതയുടെ സ്ഥാപനങ്ങളുടെ സിഞ്ചെല്ലൂസ് ആയ മോണിസിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്റെയും, അതിരൂപതാ ഫിനാന്‍സ് ഓഫിസറായ ഫാദര്‍ ജോഷി പുതുവയുടേയും ഉത്തരവാദിത്വങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ചേരാനിരുന്ന വൈദിക സമിതിയോഗത്തില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുമെന്നും ഇതിന്റെ പുറത്ത് ഉണ്ടാകുന്ന ചര്‍ച്ചയില്‍ പ്രസ്തുത വിവാദത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നുമായിരുന്നു സൂചനകള്‍. അതേസമയം വൈദിക സമിതിയോഗത്തില്‍ അവതരിപ്പിക്കേണ്ട കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങളായി പുറത്തു വന്ന കാര്യങ്ങള്‍ ആലഞ്ചേരി പിതാവിന് പ്രതികൂലമായിട്ടുള്ളവയായിരുന്നു. സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ ഗുരുതര പിഴവ് ഉണ്ടായിട്ടുണ്ടെന്നും ഇടപാടുകള്‍ പലതും ദുരൂഹവും സഭാനിയമങ്ങള്‍ പലതും ലംഘിച്ചുള്ളതുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടുകള്‍ പലതും സഭാസമിതികള്‍ അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

സിറോ മലബാര്‍ സഭയുടെ ‘പുത്തന്‍പണം’ മോഡല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ആലഞ്ചേരി പിതാവിനെ നീക്കാനുള്ള ശ്രമമെന്ന് ഒരു വിഭാഗം വൈദികര്‍

അതിരൂപതാധ്യക്ഷനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ അതിരൂപതയ്ക്ക് പരിചയപ്പെടുത്തിയത് കര്‍ദ്ദിനാള്‍ ആയിരുന്നുവെന്നും ഈ ബന്ധത്തിലാണ് ഭൂമിയിടപാട് നടന്നിരിക്കുന്നതെന്നുമാണ് വിമര്‍ശനം. കര്‍ദിനാള്‍ അറിഞ്ഞുതന്നെയാണ് ഭൂമിയിടപാടിലെ നടപടി ക്രമങ്ങള്‍ നടന്നത്, ഉത്തരവാദിത്വപ്പെട്ട വൈദികര്‍ക്കും വീഴ്ച പറ്റി, ഇടപാടില്‍ അതിരൂപതയ്ക്ക് നഷ്ടം 34 കോടി, അതിരൂപതയിലെ ഓഡിറ്റിംഗ് കമ്മിറ്റി പോലും അറിയാതെയാണ് ഇടപാടുകള്‍ നടത്തിയത്. ഫാ ജോഷി പുതുവക്ക് ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് കര്‍ദിനാള്‍ ആലഞ്ചേരി; എന്നിങ്ങനെയാണ് കമ്മിഷന്റെ മറ്റു കണ്ടെത്തലുകളെന്നും വിവരം.

മുന്‍പ് തന്നെ, ഭൂമിടയപാടില്‍ തനിക്ക് ചില സാങ്കേതിക പിഴവുകള്‍ പറ്റിയെന്നും സംഭവിച്ച അബദ്ധത്തില്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും ആലഞ്ചേരി പിതാവ് സമ്മതിച്ചിരുന്നു. എന്നാല്‍ അതിരൂപതാധ്യക്ഷന്‍ തന്നെ നിയോഗിച്ച കമ്മിഷന്റെ കണ്ടെത്തലില്‍ തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പൊതു അഭിപ്രായത്തിന് വഴങ്ങേണ്ടി വരുമെന്ന ഭീതിയില്‍ വൈദിക സമിതിയോഗം നടക്കേണ്ടതില്ലെന്ന ഒരു തീരുമാനത്തിലേക്ക് കര്‍ദിനാള്‍ എത്തിച്ചേര്‍ന്നതിന്റെ തുടര്‍ച്ചയായിരിക്കാം ഇന്നലെ ചില അല്‍മായര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ എത്തി നടത്തിയ തടയല്‍ നാടകം എന്നും മറുവിഭാഗം ആരോപിക്കുന്നു.

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

അതേസമയം ആര്‍ച്ച് ബിഷപ്പ് അനുകൂലികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് പിതാവിനെതിരേ വൈദികരുടെയും സഹാമെത്രാന്മാരുടെയും നേതൃത്വത്തില്‍ ഗൂഡാലോചന നടക്കുന്നതായാണ്. പിതാവിനെതിരേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരു വൈദികന്‍ നയിക്കുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പിതാവിനെതിരേ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതില്‍ അത്ഭുതമില്ലെന്ന തരത്തിലാണ് ഇവര്‍ പറയുന്നത്. ജനുവരി 31 വരെ സമയം ഉള്ളപ്പോള്‍ വ്യാഴാഴ്ച്ചത്തെ വൈദിക സമിതി യോഗത്തിനു മുന്‍പ് തന്നെ ധൃതിയില്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി അതും പലരുടെയും അഭിപ്രായങ്ങള്‍ പോലും കേള്‍ക്കാതെ അത് വിചാരണയ്ക്കു വയ്ക്കുമ്പോള്‍ അതിനു പിന്നില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്നും പിതവിനെതിരേയുള്ള വ്യക്തിപരമായ അതൃപ്തിയും പിതാവിനെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്നും നീക്കാനായി നടത്തി വരുന്ന ശ്രമങ്ങളും അതിനു കാരണങ്ങളാണെന്നും കര്‍ദ്ദിനാള്‍ അനുകൂലികള്‍ പറയുന്നു. ആലഞ്ചേരി പിതാവിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് തങ്ങള്‍ മുന്‍പേര്‍ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നുവെന്നും വൈദിക സമിതിയോഗത്തില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാതെ സംരക്ഷിച്ചത് ആലഞ്ചേരി പിതാവിനെതിരേ നടക്കുന്ന ഗൂഡനീക്കങ്ങള്‍ മനസിലാക്കിയാണെന്നും കെന്നഡി കരിമ്പുംകാലയും അഗസ്റ്റിനുമൊക്കെ പറയുന്നു.

എന്നാല്‍ വ്യാഴാാഴ്ച ഉച്ച തിരിഞ്ഞ് അതിരൂപത ആസ്ഥാനത്ത് നടന്ന കാര്യങ്ങളില്‍ അസാധാരണമായി ഒന്നും നടന്നിട്ടില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തങ്ങളുടെ ഭാഗത്തു നിന്നല്ലെന്നുമാണ് വൈദിക സമിതി പ്രതിനിധികള്‍ പറയുന്നത്. യോഗം തുടങ്ങും മുന്‍പ് സെക്രട്ടറി ആചാരപ്രകാരം ആര്‍ച്ച് ബിഷപ്പിനെ ക്ഷണിച്ചു കൊണ്ടു വരികയാണ് പതിവ്. ഇതനുസരിച്ച് സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാന്‍ പിതാവിനെ ക്ഷണിക്കാന്‍ എത്തുമ്പോഴാണ് തന്നെ ചിലര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് സഹായമെത്രാന്മാരെ വിവരം ധരിപ്പിക്കുന്നു. ഇവര്‍ വരുന്നു, വൈദിക സമിതി യോഗം നടക്കേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്നു. പിന്നീടാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി യോഗം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കുറിപ്പ് നല്‍കുന്നത്. തങ്ങള്‍ പിതാവിനെ തടഞ്ഞിട്ടില്ലെന്ന് അല്‍മായര്‍ പറയുന്നു, പിതാവ് പറയുന്നു തന്നെ ബലമായി തടഞ്ഞെന്ന്! പിന്നീട് സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പത്രക്കുറിപ്പ് ഇറക്കുന്നത് ആര്‍ച്ച് ബിഷപ്പിന്റെ കുറിപ്പ് ആധാരമാക്കിയാണ്. എന്നാല്‍ ഈ പത്രക്കുറിപ്പ് വൈദികര്‍ മന:പൂര്‍വം ചമച്ചതാണെന്ന് പറയുമ്പോള്‍ മൂടിവയ്ക്കാന്‍ പറ്റാത്ത സത്യമായി ആര്‍ച്ച് ബിഷപ്പ് സ്വന്തം കൈപ്പടിയില്‍ എഴുതിയ കുറിപ്പ്! ഇങ്ങനെയൊരു കുറിപ്പ് പിതാവ് എഴുതുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്ന് അല്‍മായ പ്രതിനിധികള്‍ പറയുന്നു, എങ്കില്‍ കുറിപ്പ് പിതാവ് മുന്‍കൂട്ടി എഴുതി വച്ചിരുന്നോ? യോഗം നടക്കേണ്ടതില്ലെന്ന തീരുമാനം ശരിക്കും ആരുടേതായിരുന്നു? ആരാണ് കള്ളം പറയുന്നത്? വിശ്വാസികളുടെ ചോദ്യങ്ങളാണ്….

59 കോടിയുടെ കടം 90 കോടിയിലെത്തിച്ച ‘മിടുക്ക്’! മാര്‍ ആലഞ്ചേരി അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി ആക്ഷേപം

ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്ത് രാജിവയ്ക്കുക; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പോര് മുറുകുന്നു

ദാനം കിട്ടിയ ഭൂമിയും വിറ്റോ പിതാവേ! തൃക്കാക്കര കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയില്‍ വന്‍ തിരിമറിയെന്ന് ആക്ഷേപം

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍