UPDATES

ട്രെന്‍ഡിങ്ങ്

ഭൂമിയിടപാട്; ആലഞ്ചേരി പടിയിറങ്ങുന്നോ? വിശ്രമ ജീവിതം ആര്‍ക്കൊക്കെ?

സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ആര്‍ച്ച് ബിഷപ്പ് തന്റെ അധികാരങ്ങള്‍ ഇപ്രകാരം വിട്ടൊഴിയുന്നത്

സിറോ മലബാര്‍ സഭയെ മൊത്തത്തില്‍ നാണക്കേടിലാക്കി എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തിന് തിരശ്ശീലയിടുന്നു എന്ന നിലയില്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധികാര കൈമാറ്റം. അതിരൂപത ഭരണം സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനു നല്‍കുകയാണ്. ആര്‍ച്ച് ബിഷപ്പ് തന്നെ പുറത്തിറിക്കുന്ന സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുന്നതോടെ ഈ അധികാരമാറ്റം നിലവില്‍ വരും. കര്‍ദിനള്‍ ആലഞ്ചേരി ഒരുതരത്തില്‍ തന്റെ എതിര്‍വിഭാഗത്തിനു മുന്നില്‍ കീഴടങ്ങിയിരിക്കുക തന്നെയാണെന്ന് ഈ സര്‍ക്കുലര്‍ വായിച്ചു കേള്‍ക്കുന്നതോടെ വിശ്വാസികളില്‍ ചിലര്‍ക്കെങ്കിലും ബോധ്യമാകും. സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇത്തരമൊരു തീരുമാനം നടപ്പാക്കപ്പെടുമ്പോള്‍, അതിനായി പറയുന്ന ന്യായങ്ങള്‍ എത്രപേരെ തൃപ്തിപ്പെടുത്തുമെന്നത് വേറെകാര്യം.

ഭൂമിവിവാദത്തില്‍ പേര് ഉള്‍പ്പെട്ട ജോഷി പുതുവയ്ക്കതെിരേയും സെബാസ്റ്റ്യന്‍ വടക്കുമ്പാടനെതിരേയും നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭൂമിവില്‍പ്പന നടക്കുമ്പോള്‍ ബിഷപ്പ് ആസ്ഥാനത്ത് സാമ്പത്തികവിഭാഗം ചുമതല വഹിച്ചിരുന്ന ഫാദര്‍ ജോഷി പുതുവയെ കൊച്ചിയിലെ ഒരു പള്ളിയിലേക്ക് മാറ്റിയപ്പോള്‍ സെബാസ്റ്റിയന്‍ വടക്കുമ്പാടനോട് വിശ്രമജീവിതം നയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

എറണാകുളം-അങ്കമാലി അതിരൂപതയുടെ നന്മയ്ക്ക് ഉപകരിക്കപ്പെടുന്നത് എന്ന തരത്തില്‍ എടുത്തിരിക്കുന്ന കാനോനിക നടപടികളായി നാളെ(ഞായറാഴ്ച) പള്ളികളില്‍ പുതിയ സര്‍ക്കുലര്‍ വായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പരിഷ്‌കാരങ്ങള്‍ ഇപ്രകാരമായിരിക്കും;

1- അതിരൂപത സഹായമെത്രാനും പ്രോട്ടോസിഞ്ചെല്ലൂസുമായ സെബാസ്റ്റിയന്‍ എടയന്ത്രത്ത് പിതാവ് അതിരൂപത സഹായ മെത്രാനും സിഞ്ചെല്ലൂസുമായ ജോസ് പുത്തന്‍ വീട്ടില്‍ പിതാവിന്റെ സഹായകസഹകരണത്തോടെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അതിരൂപതയുടെ സാധാരണ ഭരണം നിര്‍വവഹിക്കും.

അതിരൂപതയിലെ കാനോനിക സമിതികള്‍ വിളിച്ചു ചേര്‍ക്കുക, അവയില്‍ അധ്യക്ഷ്യം വഹിക്കുക തുടങ്ങിയവയെല്ലാം ഇനി സെബാസ്റ്റ്യന്‍ എയന്ത്രത്തായിരിക്കും ചെയ്യുന്നത്. നിലവിലുള്ള പ്രോട്ടോസിഞ്ചെല്ലൂസിന്റെയും അതിനൊപ്പം കിട്ടിയിരിക്കുന്ന മറ്റുള്ള അധികാരങ്ങള്‍ക്കുമൊപ്പമായിരിക്കും ഇപ്പോഴത്തെ ഭരണനിര്‍വഹണ അധികാരവും. പ്രധാനപ്പെട്ട എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ അതിനു മുമ്പ് ആര്‍ച്ച് ബിഷപ്പുമായി ഒന്നാലോചിക്കണമെന്നു മാത്രം. കൂടാതെ ഭരണനിര്‍വഹണത്തിന്റെ റിപ്പോര്‍ട്ട് സമയാസമയങ്ങളിലും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെടുമ്പോഴും ആര്‍ച്ച് ബിഷപ്പിന് നല്‍കണം.

സിറോ മലബാര്‍ സഭയുടെ ‘പുത്തന്‍പണം’ മോഡല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ആലഞ്ചേരി പിതാവിനെ നീക്കാനുള്ള ശ്രമമെന്ന് ഒരു വിഭാഗം വൈദികര്‍

ചുരുക്കത്തില്‍ പറഞ്ഞാല്‍ അതിരൂപതയുടെ ചുക്കാന്‍ ഏതാണ്ട് പൂര്‍ണമായി തന്നെ എടയന്ത്രത്തിന്റെ കൈയില്‍ എത്തിയെന്നു പറയാം.

ഭൂമിയിടപാടില്‍ നടന്നിരിക്കുന്ന തിരിമറിയില്‍ ആര്‍ച്ച് ബിഷപ്പിന് ഉത്തരവാദിത്വമുണ്ടെന്ന വിവാദം ഉയര്‍ത്തി അദ്ദേഹത്തിനെതിരേ ശക്തമായ വാദിച്ച സംഘത്തിലെ പ്രധാനിയായ എടയന്ത്രത്തിനു തന്നെ, ഭൂമിയിടപാടില്‍ വന്നിരിക്കുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ച് അന്വേഷിച്ച് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ആര്‍ച്ച് ബിഷപ്പ് നല്‍കിയിട്ടുണ്ട്. അതിരൂപത കച്ചേരിയുടെയും ആലോചന സമിതിയുടെയും ഫിനാന്‍സ് കൗണ്‍സിലിന്റെയും, ഈയടുത്ത് നിയമിച്ച സാമ്പത്തിക പ്രശ്‌നകാര്യ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് സഹായമെത്രാന്‍ ഭൂമിയിടപാടിലെ സാമ്പത്തിക നഷ്ടം അന്വേഷിക്കേണ്ടത്. ഇതുവരെ ആര്‍ച്ച് ബിഷപ്പിനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നവര്‍(അതും തെളിവുകള്‍ സഹിതം), ഇനി ഈ കാര്യത്തില്‍ ഏതു തരത്തിലുള്ള നീക്കമായിരിക്കും നടത്തുകയെന്നത് ഏറ്റവും പുതിയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തേണ്ടത്. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ അവസാനിപ്പിച്ച്, അതിരൂപതയ്ക്കും സഭയ്ക്ക് ആകെയായും ഉണ്ടായിരിക്കുന്ന നാണക്കേട് തീര്‍ക്കാന്‍, എല്ലാം രമ്യമായി പരിഹരിക്കാന്‍ ആയിരിക്കും സെബാസ്റ്റ്യന്‍ എടയന്ത്രത്തും ജോസ് പുത്തന്‍ വീട്ടിലും വൈദിക സമിതിക്കാരുമൊക്കെ ഇനി തയ്യാറാവുക എന്നും സംശയിക്കാം.

ഭൂമി കുംഭകോണത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ പ്രതിയാക്കി കേസ് എടുക്കണം; ഐജിക്ക് പരാതി

ആര്‍ച്ച് ബിഷപ്പിനെതിരേ വ്യക്തിപരമായും ചങ്ങനാശ്ശേരിക്കാരനായതിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതാക്കാര്‍ക്ക് കര്‍ദിനാളിനോടുള്ള വിയോജിപ്പുമാണ് ഭൂമിയിടപാടില്‍ ആലഞ്ചേരി പിതാവിനെ കരിവാരി തേക്കുന്നതിനു പിന്നിലെന്ന ആക്ഷേപം പിതാവിന്റെ അനുകൂലികള്‍ ഉയര്‍ത്തിയിരുന്നു. ആരാധാനക്രമങ്ങളില്‍ ചങ്ങനാശ്ശേരി അതിരൂപതയും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഇതിനിടയിലെ പ്രധാനപ്പെട്ടൊരു കാരണമായി പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തിലും എടയന്ത്രത്തിനും കൂട്ടര്‍ക്കും അനുകൂലമായ നിലപാട് തന്നെയാണ് ആലഞ്ചേരി പിതാവ് എടുത്തിരിക്കുന്നത്. സര്‍ക്കുലറിര്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്; ഇപ്പോഴത്തെ പ്രശ്‌നം യാതൊരു തരത്തിലും സിറോമലബാര്‍ സഭയുടെ ആരാധനക്രമം അഥവ ലിറ്റര്‍ജിയുമായി ബന്ധമുള്ളതല്ല എന്നു നമുക്ക് അറിയാം. എങ്കിലും, അത് അങ്ങനെയാണ് എന്നുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതൊന്നും നമ്മള്‍ വിശ്വസിക്കേണ്ടതില്ല. സഭയുടെ കൂട്ടായ്മ തകര്‍ക്കുന്ന അത്തരം പ്രചരണങ്ങളില്‍ നമ്മള്‍ വീഴരുത്…

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

ഒരുപക്ഷേ, ഞായറാഴ്ചയില്‍ പള്ളികളില്‍ വായിക്കുന്ന ആര്‍ച്ച് ബിഷപ്പിന്റെ ഈ സര്‍ക്കുലറോടെ സഭയ്ക്കും, പ്രത്യേകമായി എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും മേല്‍ വീണ കോടികളുടെ തിരിമറിക്കേസ് അവസാനിക്കാം. വിശ്വാസികള്‍ സമാശ്വാസിക്കുകയും വൈദികര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യും. പക്ഷേ, സിറോമലബാര്‍ സഭയുടെ ചരിത്രത്തിലാദ്യമായി, എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാനീയ മെത്രാന്‍ കൂടിയായ സിറോമലബാര്‍ സഭ മേലധ്യക്ഷന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍(അധികാരം പങ്കുവച്ചു കൊടുക്കുക എന്നും പറയാം), അതൊരു ഭൂമിപ്രശ്‌നത്തിന്റെ പേരിലാണെന്നത് ക്രിസ്തീയവിശ്വാസികള്‍ക്ക് എത്രകണ്ട് കാണാതിരിക്കാനാകും?

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

ഇനിമുതല്‍ ഒരു നോമിനല്‍ ഹെഡ്ഡിന്റെ തലത്തിലേക്ക് മാറുമ്പോള്‍ ഒരു സാധാരണ വിശ്വാസിക്ക് അല്‍പ്പമൊന്ന് ചിന്തിച്ചാല്‍ മനസിലാകും അതിരൂപതയുടെ ഏതാണ്ട് എല്ലാ അധികാരങ്ങളും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പക്കല്‍ നിന്നും മാറ്റിയിരിക്കുകയാണ്.

തന്റെ കീഴടങ്ങലിനെ ആര്‍ച്ച് ബിഷപ്പ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തന്നെ എങ്ങനെയാണെന്ന് നോക്കുക; നമ്മുടെ അതിരൂപതയിലെ ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്നും ഞങ്ങള്‍ മെത്രാന്മാര്‍ തിരിച്ചറിഞ്ഞ ഒരു പ്രധാന കാര്യം മേജര്‍ ആര്‍ച്ച് ബിഷപ്പിന് തന്റെ ആസ്ഥാനരൂപതയില്‍ ഒരു സാധാരണ രൂപത മെത്രാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സമയമോ കിട്ടുകയില്ല എന്നതാണ്. കാരണം, സഭയുടെ പൊതുവായ കാര്യങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് വളരെയധികം സമയം ചെലവഴിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ സമയം എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തും കാക്കനാടുള്ള സിറോ മലബാര്‍ സഭയുടെ കാര്യാലയത്തിലുമാണ് ചെലവഴിക്കുന്നത്. ഇപ്പോള്‍ ഏതാണ്ട് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന നമ്മുടെ സഭാസംവിധാനങ്ങളുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്. അതോടൊപ്പം പരിശുദ്ധസിംഹാസനത്തിന്റെ പല സമതികളിലും അംഗമെന്ന നിലയില്‍ റോമിലേക്കും യാത്ര ചെയ്യേണ്ടതുമുണ്ട്. മറ്റൊരു പ്രധാനവസ്തുത എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രോപ്പോലീത്തായെന്ന നിലയില്‍ പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങള്‍ പോലും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെതായിട്ടാണ് വ്യാഖ്യാനിക്കപ്പൈടുന്നത് എന്നതാണ്. എന്നു തന്നെയല്ല, നമ്മുടെ അതിരൂപതയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പോലും സിറോമലബാര്‍ സഭയുടെ പ്രശ്‌നങ്ങളുമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഒരേ വ്യക്തിയില്‍ സമ്മേളിച്ചിരിക്കുന്ന രണ്ട് തസ്തികകളെ പൊതുജനങ്ങള്‍ വേര്‍തിരിച്ച് കാണുന്നില്ല എന്നതാണ് അതിനു കാരണം’

കര്‍ദിനാള്‍ ആലഞ്ചേരിയെ വിശ്വാസികള്‍ ബലമായി തടഞ്ഞു; ചരിത്രത്തില്‍ ആദ്യമായി വൈദിക സമിതി യോഗം ഉപേക്ഷിച്ചു

ഇതിനെല്ലാം പരിഹാരമായിട്ടാണ് ആര്‍ച്ച് ബിഷപ്പ് തന്റെ അധികാരങ്ങള്‍ കൈവിട്ടു കൊടുത്തിരുന്നതെന്ന്!!! സിറോമലബാര്‍ സഭയുടെ ആസ്ഥാനം എന്ന പദവികൂടിയുണ്ട് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക്. സഭാതലവന്റെ ആസ്ഥാനവും ഇവിടെയാണ്. റോമിലെ മെത്രാന്‍ ആയിട്ടാണ് മാര്‍പാപ്പ തന്റെ സ്ഥാനം ഏറ്റെടുക്കുന്നതല്ലോ! ആഗോള കത്തോലിക സഭയുടെ തലവന് വത്തിക്കാനില്‍ അധികാരം ഒന്നുമില്ലാതാകുന്ന ഒരവസ്ഥയോടാണ് ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിയുടെ ഇപ്പോഴത്തെ അവസ്ഥയേയും ചേര്‍ത്ത് വായിക്കേണ്ടത്.

ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്ത് രാജിവയ്ക്കുക; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പോര് മുറുകുന്നു

ഒടുവിലത്തെ ചോദ്യങ്ങളിതാണ്; ഒത്തുതീര്‍പ്പാണ് നടന്നിരിക്കുന്നതെങ്കില്‍, ഇതുവരെ ഒരു വിഭാഗം ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും ഇതോടെ അവസാനിക്കുമോ? സാങ്കേതികമായ തനിക്ക് പറ്റിയ അബദ്ധമെന്ന ആര്‍ച്ച് ബിഷപ്പിന്റെ കുറ്റസ്സമതം അംഗീകരിച്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുമോ? സഭയ്ക്ക് കിട്ടാനുള്ള 18 കോടിയോളം രൂപ തിരിച്ചു കിട്ടിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന നിലപാട് അംഗീകരിക്കപ്പെടുമോ? കോട്ടപ്പടിയിലും ദേവികുളത്തും വാങ്ങിയ ഭൂമിയുടെ കാര്യത്തിലുണ്ടായ വിവാദവും അവസാനിക്കുമോ? സാജു വര്‍ഗീസ് എന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ ഇടപെടുകളും ഇരുട്ടിലേക്ക് തന്നെ മറയുമോ?….സഭാവിശ്വാസികളില്‍ ചിലരെങ്കിലും ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തേടുമായിരിക്കും.

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍