UPDATES

ഇനി രാജി വയ്ക്കാനും മാര്‍പാപ്പ പറയണോ; ആലഞ്ചേരി പിതാവിന്റെ രാജി ആവശ്യത്തിന് ശക്തി കൂടുന്നു

ചൊവ്വാഴ്ച കേരള ഹൈക്കോടതിയില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരിടേണ്ടി വന്നത്.

ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നില കൂടുതല്‍ പരുങ്ങലില്‍. ഭൂമിവിവാദം ഉയര്‍ന്ന സമയത്ത് ആര്‍ച്ച് ബിഷപ്പിന് അനുകൂലമായി നിന്നിരുന്ന സഭാ വിശ്വാസികള്‍ പോലും പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായി ശബ്ദം ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ്. സഭയുടെ ഭൂമി വിറ്റതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ആര്‍ച്ച് ബിഷപ്പിനെതിരേ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നു കോടതി പറഞ്ഞതോടെ തല്‍സ്ഥാനത്ത് ഇനിയും ജോര്‍ജ് ആലഞ്ചേരി തുടരുന്നത് സഭയേയും വിശ്വാസികളെയും ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും പദവികളില്‍ നിന്നും രാജിവച്ച് സാമന്യ മാന്യതയെങ്കിലും കര്‍ദിനാള്‍ കാണിക്കണമെന്നു അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്ന വൈദിക കൂട്ടായ്മയും ആവശ്യപ്പെടുകയാണ്.

സഭയുടെ ഇക്കാലമത്രയുമുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഭ പിതാവ് നിയമത്തിന്റെ മുന്നില്‍ തെറ്റുകാരനായി നില്‍ക്കേണ്ടി വന്നിട്ടുള്ളതെന്നും ക്രൈസ്ത്രവ സഭയുടെ മഹത്വം നിലനിര്‍ത്താന്‍ ആലഞ്ചേരി പ്രതിജ്ഞാബദ്ധനാണെന്നും അതിനു തയ്യാറായില്ലെങ്കില്‍ വിശ്വാസികളില്‍ നിന്നും തന്നെ അദ്ദേഹം ഒറ്റപ്പെട്ടു പോവുകയേയുള്ളൂവെന്നുമാണ് വൈദികര്‍ പറയുന്നത്.

“ഇത് എത്രമേല്‍ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നിട്ടും അധികരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ തന്നെയാണ് അദ്ദേഹം ശ്രമിക്കുന്നതെങ്കില്‍ ഒരു പുരോഹിതനെന്ന നിലയില്‍ മാത്രമല്ല, ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍പോലും ആലഞ്ചേരിക്ക് ധാര്‍മികതയില്ലെന്നാണ് മനസിലാക്കേണ്ടത്”, ഒരു വൈദികന്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു.

വൈദികരെല്ലാം പാവാടാ! ഒരു വിശ്വാസിയുടെ ധാര്‍മ്മിക ചോദ്യങ്ങള്‍

ചൊവ്വാഴ്ച കേരള ഹൈക്കോടതിയില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരിടേണ്ടി വന്നത്. തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പ്പാപ്പയ്ക്കും വത്തിക്കാനും മാത്രമാണുള്ളതെന്ന ആലഞ്ചേരിയുടെ വാദം കോടതിയെ ചൊടിപ്പിച്ചു. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും നിയമങ്ങള്‍ക്കു വിധേയനായ ഒരു വ്യക്തിയാണെന്നും കോടതി പറഞ്ഞു. സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള പരമാധികാരം തനിക്കാണെന്ന കര്‍ദിനാളിന്റെ വാദങ്ങളും കോടതിയുടെ പ്രഹരം ഏറ്റുവാങ്ങാന്‍ മാത്രമാണ് ഉപകാരപ്പെട്ടത്. സഭാ സ്വത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ് സഭയും കര്‍ദിനാളുമെന്ന് ജോര്‍ജ് ആലഞ്ചേരിയുടെ വാദങ്ങള്‍ തള്ളി കോടതി ചൂണ്ടിക്കാട്ടുന്നു. സഭയുടെ സ്വത്ത് വിശ്വാസികളുടേതാണ്. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പും രാജ്യത്തെ നിയമക്കള്‍ക്ക് വിധേയനാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സാധാരണ വിശ്വാസികള്‍ സംഭാവന ചെയ്തതാണ് രൂപതയുടെ സ്വത്തുകള്‍. അത് ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. സ്വത്തുക്കള്‍ സ്വന്തം താല്‍പര്യപ്രകാരം കൈകാര്യം ചെയ്യാന്‍ കഴിയില്ല. നിയമാണ് എല്ലാത്തിലും വലുത്. പത്തു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫൈനാന്‍സ് കൗണ്‍സിലിന്റെ അനുമതിയും വേണം. കര്‍ദിനാളിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

ആലഞ്ചേരി രാജിവയ്ക്കുമോ?
ഭൂമിയടപാട് നിയമസംവിധാനത്തിനു മുന്നില്‍ എത്തുകയും അവിടെ നിന്നും തിരിച്ചടി കിട്ടുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരും കാത്തിരിക്കുന്ന പ്രധാന ചോദ്യമാണ് ആര്‍ച്ച് ബിഷപ്പ് പദവിയില്‍ നിന്നും ആലഞ്ചേരി സ്വയം ഒഴിയുമോ എന്നത്. കേസ് കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ സഭയ്ക്കുള്ളില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടായാല്‍ പോലും വിവാദത്തില്‍ പെട്ടവര്‍ക്ക് പൂര്‍ണമായ രക്ഷപ്പെടലിനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ധാര്‍മികതയുടെ പേരില്‍ എങ്കിലും തന്റെ സ്ഥാനങ്ങള്‍ ആലഞ്ചേരി ഒഴിഞ്ഞാല്‍ ഒരു വിഭാഗത്തിന്റെയെങ്കിലും മാനസിക പിന്തുണയെങ്കിലും ആലഞ്ചേരിക്ക് കിട്ടാം എന്നതുമാത്രമാണ് ഒരു സാധ്യതയെന്നാണ് സഭാകേന്ദ്രങ്ങള്‍ തന്നെ പറയുന്നത്. “കോടതിയില്‍ നിന്നും ഒരു എതിര്‍പരാമര്‍ശം എങ്കിലും ഉണ്ടായാല്‍ ഈ രാജ്യത്തെ മന്ത്രിമാരും മുഖ്യമന്ത്രിമാരും വരെ സ്ഥാനങ്ങള്‍ ഒഴിയും. അത് ജനാധിപത്യത്തിലെ ധാര്‍മികത നിലനിര്‍ത്താനാണ്. വിശ്വാസികളുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പിനും ഈ ധാര്‍മിക ബാധ്യതയുണ്ട്. പക്ഷേ, തന്റെ ഭാഗത്ത് തെറ്റുണ്ടെന്നു മനസിലാക്കിയിട്ടുപോലും ഇപ്പോഴും അധികാരങ്ങള്‍ വിട്ടൊഴിയാന്‍ തയ്യറാകുന്നില്ലെന്നതാണ് ആലഞ്ചേരി പിതാവിന്റെ വീഴ്ച. ഇത് കൂടുതല്‍ കടുത്ത പ്രതിഷേധങ്ങളുടെ നടുവിലേക്കാണ് അദ്ദേഹത്തെ കൊണ്ടു നിര്‍ത്തുക”, മറ്റൊരു വൈദികന്‍ അഴിമുഖത്തോട് ചൂണ്ടിക്കാണിക്കുന്നു.

വിവാദ ഭൂമി ഇടപാട്: കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

ഹൈക്കോടതി പരാമര്‍ശങ്ങളുന്ടാവുകയും ആലഞ്ചേരിക്കെതിരേ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ സ്വപദവികള്‍ ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് തങ്ങള്‍ തിരിയുമെന്ന സൂചനയാണ് കത്തോലിക്ക യുവജന സംഘടനയുടെ പ്രതിനിധികളും നല്‍കുന്നത്. പൊതുവില്‍ മുന്‍പത്തേക്കാള്‍ വലിയ തോതില്‍ ആര്‍ച്ച് ബിഷപ്പിനെതിരേ പ്രതിഷേധം ഉണ്ടായി തുടങ്ങിയെന്നാണ് ഈ സൂചനകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

“ഒരു വിശ്വാസിയെന്ന നിലയില്‍ ഇതുവരെ പിതാവിനെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി വരുന്നു. ഒരു വിഭാഗം വിമത വൈദികര്‍ പിതാവിനെ പുറത്താക്കാന്‍ നടത്തുന്ന വ്യാജാരോപണങ്ങളാണെല്ലാമെന്നായിരുന്നു വിശ്വാസികളില്‍ പലരും വിശ്വസിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ കോടതി പോലും പറയുന്നു അഴിമതി നടന്നിട്ടുണ്ടെന്ന്. സഭയുടെ സ്വത്ത് എന്നാല്‍ അത് വിശ്വാസികളുടെ സ്വത്താണ്. പിടിയിരി സ്വരൂപിച്ച് വളര്‍ത്തി കൊണ്ടുവന്നൊരു അതിരൂപതയാണ് എറണാകുളം-അങ്കമാലി അതിരൂപത. ഞങ്ങളുടെ കാരണവന്മാരൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടുകളെയാണ് ചിലര്‍ ചേര്‍ന്ന് ഒറ്റുകൊടുക്കുന്നത്. ഇതൊന്നുമൊരിക്കലും കര്‍ത്താവ് പൊറുക്കില്ല. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെവേണം”, പേരു വെളിപ്പെടുത്തേണ്ടന്ന അഭ്യര്‍ത്ഥനയോടെ ഒരു വിശ്വാസി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വച്ച് പറഞ്ഞ കാര്യമാണിത്.

ശവക്കല്ലറ ബിസിനസും പീഡനവും തിരുനാള്‍ ഫണ്ട് അടിച്ചു മാറ്റലുമൊക്കെ തെളിവുള്ള കുറ്റങ്ങളല്ലാതെ മറ്റെന്താണ്?

വിമത വിഭാഗം വൈദികര്‍, പിതാവിനെ പുറത്താക്കാന്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്നൊക്കെ ഒരു വിഭാഗം വൈദികര്‍ക്കെതിരേ ഇത്രനാളും ആക്ഷേപം ഉന്നയിച്ചിരുന്നവര്‍ക്കു പോലും ഇപ്പോള്‍ കോടതി പരാമര്‍ശങ്ങള്‍ വന്നതോടെ സത്യം ബോധ്യപ്പെട്ടിരിക്കുകയാണെന്നാണ് ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തെളിവുകള്‍ സഹിതം തുടക്കം മുതല്‍ വാദിച്ചുപോന്നിരുന്ന വൈദികരും അഴിമുഖത്തോട് വ്യക്തമാക്കുന്നത്. സഭ വിശ്വാസികളും വൈദികരും ക്രൈസ്തവ പ്രസ്ഥാനങ്ങളുമെല്ലാം ഒരുപോലെ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതോടെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തിയിരിക്കുകയാണ്. ഒരുപക്ഷേ, അദ്ദേഹത്തിനു മുന്നിലുള്ള ഏക മാര്‍ഗം, മാര്‍പ്പാപ്പയും വത്തിക്കാനും തന്റെ കാര്യത്തില്‍ തീരുമാനം എടുക്കട്ടെ എന്ന നിലപാട് ആവര്‍ത്തിക്കുക മാത്രമായിരിക്കും.

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

അധികാര കൈമാറ്റത്തിലും ഒതുങ്ങാതെ പോയി
സഭയുടെ പ്രശ്‌നം അത് സഭയ്ക്കുള്ളില്‍ തീര്‍ത്തുകൊള്ളും, സമൂഹം അതില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദം ഉയര്‍ന്നു വന്നപ്പോള്‍ അരമനയിലുള്ളവരും അല്‍മായരില്‍ വലിയൊരു വിഭാഗവും പറഞ്ഞിരുന്നത്. തന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പോപ്പിനും വത്തിക്കാനും മാത്രമാണ് അധികാരമെന്നു കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞതുപോലെ. എന്നാല്‍ ഭൂമി കച്ചവടത്തില്‍ അഴിമതി ഉണ്ടായിട്ടുണ്ടെന്നത് വെറും ആരോപണമല്ലെന്നും കൃത്യമായ തെളിവുകളോടെയാണ് പറയുന്നതെന്നും തങ്ങളുടെ നിലപാടുമായി ഒരു വിഭാഗവും വൈദികരും വിശ്വാസികളില്‍ ഒരു ഭാഗവും ഉറച്ചു നിന്നപ്പോള്‍, തനിക്ക് തെറ്റ് പറ്റിയുണ്ടെന്നും അത് സാങ്കേതികമായ തെറ്റാണെന്നും എങ്കിലും താനതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമ്മതിക്കേണ്ടി വന്നു ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്ക്. ഒപ്പം ഈ കച്ചവടത്തിന് നീക്കുപോക്കുകള്‍ നടത്തിയ ബിഷപ്പ് ഹൗസിലെ പ്രധാനികള്‍ക്ക് നടപടികള്‍ നേരിടേണ്ടിയും വന്നു. ഇതോടെ സഭയ്ക്കുള്ളില്‍ ഉയരുന്ന ആരോപണ പുക തീയില്ലാതെ ഉണ്ടാകുന്നതല്ലെന്ന തിരിച്ചറിവ് വിശ്വാസികളില്‍ കൂടുതല്‍ പേര്‍ക്കും ഉണ്ടായി.

ഭൂമിയിടപാട്; ആലഞ്ചേരി പടിയിറങ്ങുന്നോ? വിശ്രമ ജീവിതം ആര്‍ക്കൊക്കെ?

സിനഡിലും കാര്യങ്ങള്‍ പൂര്‍ണമായി തനിക്ക് അനുകൂലമായില്ലെന്നു കണ്ടതോടെ ആലഞ്ചേരി പിതാവ് ഒരു തോല്‍വിക്ക് തുല്യമായ ഒത്തുതീര്‍പ്പ് ഫോര്‍മുലയിലേക്ക് നീങ്ങി. അതാകട്ടെ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി നടന്നൊരു അധികാര കൈമാറ്റവും. അതിരൂപത ഭരണം സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനു നല്‍കിയാണ് ആലഞ്ചേരി പിതാവ് ഭൂമി വിവാദത്തിന് തിരശീലയിടാന്‍ കഴിയുമോ എന്നു ശ്രമിച്ചു നോക്കിയത്. ഭൂമിവില്‍പ്പന നടക്കുമ്പോള്‍ ബിഷപ്പ് ആസ്ഥാനത്ത് സാമ്പത്തികവിഭാഗം ചുമതല വഹിച്ചിരുന്ന ഫാദര്‍ ജോഷി പുതുവയെ കൊച്ചിയിലെ ഒരു പള്ളിയിലേക്ക് മാറ്റിയതിനും സെബാസ്റ്റ്യന്‍ വടക്കുമ്പാടനോട് വിശ്രമജീവിതം നയിക്കാനും നിര്‍ദേശം നല്‍കിയതിനു പിന്നാലെയായിരുന്നു അതിരൂപത ഭരണത്തില്‍ നിന്നും താന്‍ ഒഴിഞ്ഞു നില്‍ക്കാമെന്നു സമ്മതിക്കാനും ആലഞ്ചേരി പിതാവ് തയ്യാറായത്. എന്നാല്‍ ഇത്തരമൊരു അധികാര കൈമാറ്റത്തിലൂടെ സിറോ മലബാര്‍ സഭയ്ക്കും പ്രത്യേകമായി എറണാകുളം – അങ്കമാലി അതിരൂപതയ്ക്കും മേല്‍ വീണ കോടികളുടെ ഭൂമിയിടപാട് വിവാദം അവസാനിക്കുമെന്ന് വിശ്വസിച്ചിരുന്നിടത്താണ് ഇപ്പോള്‍ സഭയും കര്‍ദിനാളുമെല്ലാം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു താഴെ വരുന്നതാണെന്നും തെറ്റു ചെയ്തവരെല്ലാം തന്നെ ഇവിടെ കുറ്റക്കാരാണെന്നും വ്യക്തമാക്കി കോടതി രംഗത്തു വന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇനി അവസാനത്തെ ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് പദവിയില്‍ നിന്നും മാറുകയായിരിക്കും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മുന്നില്‍ ഇനി ബക്കിയുള്ളത്. അപ്പോഴും നിയമം ഒരു കര്‍ദിനാളിനോടും ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്ന സത്യം ബാക്കി നില്‍ക്കുകയാണ്.

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍