UPDATES

കത്തില്‍ കത്തി സിറോ മലബാര്‍ സഭ; ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനം

എറണാകുളം-അങ്കമാലി അതിരൂപ സഹായമെത്രാന്റെ പേരിലാണ് വ്യാജ കത്ത് പ്രചരിച്ചത്

സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം വീണ്ടും മുറുകുന്നു. അതിരൂപതിയിലെ സഹായമെത്രാന്റെ പേരില്‍ പുറത്തുവന്നൊരു വ്യാജ കത്താണ് ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്. ഇത്തരമൊരു കത്തിന്റെ പിന്നില്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവരാണെന്ന് എതിര്‍പക്ഷത്തുള്ളവര്‍ പറയുന്നു. ഭൂമി വിവാദം വഴിതിരിച്ചുവിടാനും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയുള്ള അടവാണിതെന്നും തങ്ങള്‍ നിയമപരമായി കാര്യങ്ങള്‍ നേരിടുമെന്നുമാണ് ഭൂമി വിവാദത്തില്‍ ആലഞ്ചേരിക്കെതിരേ നില്‍ക്കുന്ന വൈദികര്‍ പറയുന്നത്.

എറണാകുളം-അങ്കമാലി അതിരൂപ സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ പേരിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഒരു കത്ത് പ്രചരിച്ചത്. ഈ കത്ത് ആലഞ്ചേരിയെ എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുന്ന സ്വഭാവമുള്ളതായിരുന്നു. ആരാധാനക്രമത്തിന്റെ പേരില്‍ ആലഞ്ചേരി പിതാവിനെ ഒഴിവാക്കാന്‍ നോക്കുന്നവരാണ് ഭൂമി വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.

പ്രാദേശിക വാദത്തിന്റെയും ആരാധനാക്രമതര്‍ക്കങ്ങളുടെയും വിദ്വേഷ സര്‍പ്പം വൈദികരെ തെരുവിലിറക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചപ്പോള്‍ തോറ്റത് കാല്‍വരിയില്‍ ചൊരിഞ്ഞ കര്‍ത്താവിന്റെ ദിവ്യനിണമാണ്. നിങ്ങളുടെ വിശ്വാസത്തെ മുറുകി പിടിച്ച് നിങ്ങളെല്ലാവരും കരുതിയിരിക്കുവാന്‍ ദൈവവചനം നമ്മോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ചതിയുടേയും വഞ്ചനയുടേയും ദുരാത്മാക്കളെ കര്‍ത്താവ് പ്രഹരിക്കുന്ന സമയം ആഗതമായിരിക്കുന്നു. ഇപ്പോഴുള്ള പ്രതിസന്ധികള്‍ അതുവഴി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് നമ്മളെ ഓരോരുത്തരേയും മുന്നോട്ട് നയിക്കുന്നത്. ഈ നാളുകളില്‍ ഏതാനും ചില വൈദികരുടെ ഭാഗത്തുനിന്നും നിങ്ങള്‍ക്കുണ്ടായിട്ടുള്ള എല്ലാ ദുര്‍മാതൃകകള്‍ക്കും ഞാന്‍ മാപ്പ് ചോദിക്കുന്നു. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സഹവാസവും ആശംസിച്ചുകൊണ്ടും എല്ലാവരുടേയും പ്രാര്‍ത്ഥന സഹായവും അഭ്യര്‍ത്ഥിച്ചുകൊണ്ടും നിങ്ങളുടെ വത്സല പിതാവ് ജോസ് പുത്തന്‍ വീട്ടില്‍ എന്നതാണ് ദീര്‍ഘമായ ഈ കുറിപ്പിലെ പ്രധാന ഉള്ളടക്കം. എറണാകുളം അതിരൂപതിയിലെ സഹപ്രവര്‍ത്തകരായ വൈദികര്‍ക്കും വിശ്വാസി സമൂഹത്തിനോടുമുള്ള അഭ്യര്‍ത്ഥനയായാണ് സഹായമെത്രാന്റെ പേരിലുള്ള കത്ത് പുറത്തു വന്നത്.

എന്നാല്‍ താന്‍ ഇങ്ങനെയൊരു കത്ത് എഴുതിയിയിട്ടില്ലെന്ന വിശദീകരണവുമായി സഹായമെത്രാന്‍ ജോസ് പുത്തന്‍വീട്ടില്‍ രംഗത്തു വന്നതോടെയാണ് കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രനായ എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കത്ത് തികച്ചും വ്യാജവും വസ്തുതാവിരുദ്ധവുമാണ്. ജനങ്ങളെയും വൈദികരെയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്. അസത്യപ്രചരണം ദൈവത്തിനും വിശ്വാസത്തിനും എതിരാണ്. ഇത്തരം തെറ്റായ വ്യാജപ്രചരണങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു; ജോസ് പുത്തന്‍ വീട്ടില്‍ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.

"</p

സഹായമെത്രന്റെ പേരില്‍ വ്യാജപ്രചാരണം നടത്തിയതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും മെത്രാനും വൈദിക സമതിയും തീരുമാനിച്ചു. കത്തുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയാണ്.

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. ഇങ്ങനെയൊരു കത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നതിനു മുമ്പായി ആദ്യമിത് ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു, അവിടെ നിന്ന് ചിലരാണ് കത്ത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിശ്വാസികള്‍ക്കിടയില്‍ സഹായമെത്രാന്റെ പേരില്‍ ഒരു കത്ത് പ്രചരിപ്പിച്ചാല്‍ കുറെയാളുകളെങ്കിലും വിശ്വസിക്കുമല്ലോ. ഭൂമി വിവാദം വഴി തിരിച്ചുവിടാനും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും വൈദികര്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ചും തങ്ങള്‍ ചെയ്ത കുറ്റങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ചിലര്‍ നടത്തുന്ന കളികളാണ് ഇതൊക്കെ. പക്ഷേ, ഇത്തരം കള്ളക്കളികള്‍ തോല്‍ക്കുകയേയുള്ളൂ. പാപം ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും. അന്തിമ വിജയം സത്യത്തിനൊപ്പം തന്നെയായിരിക്കും. ഇത്തരമൊരു കത്ത് വന്നതില്‍ പൊലീസ് അന്വേഷിക്കും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും; വൈദിക സമിതിയിലെ ഒരു വൈദികന്‍ അഴിമുഖത്തോട് പ്രതികരിച്ചു.

ഭൂമി വിവാദം ഉണ്ടായ സമയം തൊട്ട് അതിനു സമാന്തരമായി ഉയര്‍ന്നു വന്ന പരാതിയാണ് ആരാധാനക്രമത്തിലെ ഭിന്നതയാണ് ആലഞ്ചേരി പിതാവിനെതിരേയുള്ള ആരോപണങ്ങള്‍ക്കു പിന്നിലെന്നത്. ചങ്ങനാശ്ശേരി രൂപതക്കാരനായതിനാല്‍ ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയിലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ വിഷമമാണെന്നും അവരുടെ കൂട്ടത്തില്‍ നിന്നൊരാളെ സഭ അധ്യക്ഷനാക്കി കൊണ്ട് ആലഞ്ചേരിയെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ ഇവിടെയുള്ള വൈദികരും അല്‍മായക്കാരില്‍ ചിലരും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഭൂമി വില്‍പ്പന വിവാദം എന്നും ഒരു വിഭാഗം ആക്ഷേപം ഉയര്‍ത്തി. കുര്‍ബാനയുടെ പേരില്‍ ഉള്ള തര്‍ക്കങ്ങള്‍ മാറി സഭ തീരുമാനിച്ച ഔദ്യോഗിക കുര്‍ബാന പുതുതായി വന്ന എല്ലാ പ്രവാസി രൂപതകളിലും വന്നു. എന്നാല്‍ ഈ മാറ്റം ചിലര്‍ അംഗീകരിക്കുന്നില്ല. സഭയുടെ ഐക്യത്തിനെതിരെ നില്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലുള്ളവര്‍, എറണാകുളം സ്വദേശിയായ മെത്രാന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിലാണ് ഇത്തരം ചതികള്‍ നടത്തുന്നതെന്നാണ് ആരോപണം. ആലഞ്ചേരി പിതാവിനെ മാറ്റി പകരം കുര്യാക്കോസ് ഭരണിക്കുളങ്ങരയെ സഭാ തലവന്‍ ആക്കാനാണ് ശ്രമം, ഐക്യം തകര്‍ത്ത് സഭയുടെ ആരാധനാക്രമം തകര്‍ക്കുകയും ഇവരുടെ ലക്ഷ്യമാണെന്നുമായിരുന്നു മുന്‍പ് ഉയര്‍ന്ന ആരോപണം. അതേ ആക്ഷേപമാണ് ഇപ്പോള്‍ പുറത്തു വന്ന കത്തിലും ഉന്നയിക്കുന്നത്.

യഥാര്‍ത്ഥ കുറ്റം മറച്ചു വയ്ക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ ആരോപണങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നാണ് മുന്‍പും ഇപ്പോഴും വൈദിക സമിതി പ്രതിനിധികള്‍ പറയുന്നത്. സഭയുടെ സ്വത്തുക്കള്‍ അന്യായമായി വില്‍പ്പന നടത്തിയതിനെതിരെയാണ് ഞങ്ങള്‍ പ്രതികരിച്ചത്. അതല്ലാതെ, ആരാധന ക്രമത്തിന്റെയോ കുര്‍ബന സ്വീകരിക്കലിന്റെയോ പേരില്ല. ആ തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നവരുടെ കുടില ബുദ്ധിയിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്ത് പോലും രൂപപ്പെട്ടിരിക്കുന്നതെന്നും വൈദികര്‍ പറയുന്നു.

പ്രശ്‌നം രൂക്ഷമാകും; ആലഞ്ചേരിയെ പൂര്‍ണമായി ബഹിഷ്‌കരിക്കും
ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കോടതികള്‍ പോലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് ഇനി സഭ അധ്യക്ഷസ്ഥാനത്ത് ഇരിക്കാന്‍ ഒരു തരിപോലും അര്‍ഹതയില്ലെന്നും ആലഞ്ചേരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും തങ്ങള്‍ ഒരടിപോലും പിന്നാക്കം പോകില്ലെന്നുമാണ് വൈദിക സമിതി പ്രതിനിധിയായ വൈദികന്‍ അഴിമുഖത്തോട് ഉറപ്പിച്ച് പറഞ്ഞത്. ഇത്തരത്തിലുള്ള ചെയ്തികള്‍(വ്യാജ കത്ത്) പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും. അതിരൂപതിയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും ആലഞ്ചേരി പിതാവിനെ ബഹിഷ്‌കരിക്കും. കഴിഞ്ഞ ദിവസം അതിരൂപയ്ക്കു കീഴിലുള്ള 16 ഫൊറോനകളിലെ പ്രതിനിധികളായ വൈദികരും ഫൊറോന വികാരികളും ചേര്‍ന്ന് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതൊരു അനൗദ്യോഗിക സമിതിയുടെ തീരുമാനം ആണെങ്കിലും ഔദ്യോഗിക സമിതികളെക്കൊണ്ടും ഈ തീരുമാനം അംഗീകരിപ്പിക്കും. അതിരൂപയ്ക്ക് കീഴിലുള്ള പള്ളികളിലോ സ്ഥാപനങ്ങളിലോ ആലഞ്ചേരി എത്തരുതെന്നാണ് ഞങ്ങള്‍ പറയുന്നത്. തൊടുന്യായങ്ങള്‍ പറഞ്ഞ് നിയമത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടാനുള്ള ആലഞ്ചേരിയുടെ പദ്ധതി നടപ്പാക്കില്ല. ശക്തമായി തന്നെ ഞങ്ങള്‍ മുന്നോട്ടുപോകും. സ്വയം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ആലഞ്ചേരി പിതാവിനെ അതിരൂപത പൂര്‍ണമായി ബഹിഷ്‌കരിക്കും. ആ നാണക്കേടുമായിട്ടായിരിക്കും അദ്ദേഹം പുറത്തേക്കു പോവുക; വൈദികന്‍ പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍