UPDATES

ട്രെന്‍ഡിങ്ങ്

ഷഫീഖിനെ ഓര്‍മയില്ലേ, അച്ഛനും രണ്ടാനമ്മയും നടത്തിയ ക്രൂരപീഡനത്തിനൊടുവില്‍ പാതി ജീവന്‍ നഷ്ടപ്പെട്ട അഞ്ചുവയസുകാരന്‍; ഇത് അവന്റെയും ‘അമ്മ’ രാഗിണിയുടെയും ജീവിതമാണ്‌

ഇടുക്കി കോലാഹലമേട്ടുകാരിയായ രാഗിണി അംഗന്‍വാടി വര്‍ക്കര്‍ ആയി ജോലി തെരഞ്ഞെടുത്തത്, തന്റെ ജീവിതം കൊണ്ട് ഒരാള്‍ക്കെങ്കിലും ഒരുപകാരം ചെയ്യണം എന്ന തീരുമാനത്തിലാണ്.

“ആ വാര്‍ത്ത കേട്ട അന്നു രാത്രി, ഞാന്‍ വാവച്ചിയോട് ചേര്‍ന്നു കിടന്നു, മുറുകെ കെട്ടിപിടിച്ചു, നെറ്റിയിലും മുഖത്തുമെല്ലാം ഒത്തിരി ഉമ്മ കൊടുത്തു; മതിയാകാത്ത പോലെ… ഭയവും സങ്കടവും ദേഷ്യവും എല്ലാം ചേര്‍ന്ന് നെഞ്ച് ഭാരംകൂടി പൊട്ടിപ്പോകുമെന്നു തോന്നി. എനിക്ക് എന്തുപറ്റിയെന്നറിയില്ലെങ്കിലും വാവച്ചി അമ്മേ…എന്നു വിളിച്ച് എന്നോടു കൂടുതല്‍ ചേര്‍ന്നു കിടന്നു...”

കിതപ്പോടെ സംസാരിക്കുമ്പോഴും രാഗിണിയുടെ വലതുകൈ ഷഫീഖിന്റെ കാലുകള്‍ തിരുമ്മിക്കൊണ്ടിരിക്കുകയായിരുന്നു. ഇടക്കിടയ്ക്ക് ടീ ഷര്‍ട്ടിന്റെ കോളര്‍ വായില്‍ വച്ചു കടിക്കുമ്പോള്‍ അത് മാറ്റും, തലമുടികള്‍ക്കിടയിലൂടെ വിരലുകളോടിച്ച് അവന്റെ മുഖത്ത് ചിരി പടര്‍ത്തും… പക്ഷേ, രാഗിണിയുടെ മുഖം ഒരു കരച്ചിലിന്റെ വക്കോളമെത്തി നില്‍ക്കുകയായിരുന്നു… അമ്മയുടെ സങ്കടം മോന്‍ കാണാതിരിക്കാന്‍, മറ്റെങ്ങോട്ടോ നോട്ടം മാറ്റി കുറച്ചു നേരമിരുന്നു…

തൊടുപുഴ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ, ആ വിശാലമായ മുറിയില്‍ ഇരുന്ന് രാഗിണി അപ്പോള്‍ നോക്കിയത്, കിലോമീറ്ററുകള്‍ക്കിപ്പറം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണത്തിനും ജീവിത്തിനുമിടയിലെ നൂലിഴമേല്‍ കിടക്കുന്ന ഒരു അഞ്ചു വയസുകാരനെയാണ്!

“എനിക്ക് കാണാം ആ കുഞ്ഞിനെ, എനിക്ക് മനസിലാകും അവന്‍ അനുഭവിക്കുന്ന വേദന… അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്, ഞാനിതേപോലെ ഒരു ആശുപത്രി മുറിക്കുള്ളില്‍ ഇരുന്നതല്ലേ…

ഷഫീഖിന്റെ മുടിയിഴകള്‍ക്കിടയിലൂടെ വിരലുകള്‍ ഊര്‍ത്തിറക്കി രാഗിണി ആത്മഗതം പോലെ പറഞ്ഞു.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിലര്‍ത്തുന്ന ഏഴു വയസുകാരന്റെ അവസ്ഥ അറിയുന്ന ഓരോരുത്തരുടയും മനസില്‍ ഓടിയെടുത്തുന്നവരാണ് ഷഫീഖും രാഗിണിയും. അച്ഛനും രണ്ടാനമമ്മയും ചേര്‍ന്ന് ക്രൂരപീഡനങ്ങള്‍ക്ക് വിധേയനാക്കി, ഒടുവില്‍ മരണത്തിന്റെ വക്കിലെത്തിയപ്പോള്‍ മാത്രം ആശുപത്രിയില്‍ എത്തിച്ച ഒരഞ്ചുവയസുകാരനെ ഓര്‍മയില്ലേ, അതാണ് ഷഫീഖ്… ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്നു കരുതിയിടത്തു നിന്നാണ് ഷഫീഖ് ഇപ്പോള്‍ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ ആ മുറിയില്‍ ആരോഗ്യവനായി, സന്തോഷത്തോടെ കഴിയുന്നത്. ഷഫീഖിന്റെ ഈ ജീവിതത്തിന് വൈദ്യശാസ്ത്രത്തോടൊപ്പം നന്ദി പറയേണ്ടുന്നൊരാളാണ് അവന്റെ അമ്മ രാഗിണി. ഷഫീഖിനെ രാഗിണി പ്രസവിച്ചതല്ല, അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് രാഗിണി അവന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്നതാണ്. ഇപ്പോള്‍ ഷഫീഖിന് രാഗിണിയാണെല്ലാം, രാഗിണിക്ക് വാവച്ചിയും…

ഇടുക്കി കോലാഹലമേട്ടുകാരിയായ രാഗിണി അംഗന്‍വാടി വര്‍ക്കര്‍ ആയി ജോലി തെരഞ്ഞെടുത്തത്, തന്റെ ജീവിതം കൊണ്ട് ഒരാള്‍ക്കെങ്കിലും ഒരുപകാരം ചെയ്യണം എന്ന തീരുമാനത്തിലാണ്. അപ്പ ഞങ്ങളെ വളര്‍ത്തിയത് അങ്ങനെയായിരുന്നുവെന്നാണ് രാഗിണി പറയുന്നത്.

“ഓരോ വീടുകളിലേക്കും കയറി ചെല്ലുമ്പോള്‍ അവിടെ എന്നെക്കൊണ്ട് സഹായം വേണ്ട ആരെങ്കിലും ഉണ്ടോയെന്നാണന്വേഷിക്കുന്നത്. അങ്ങനെയൊരിക്കലാണ് ഷഫീഖ് മോനെ കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കുന്നത്. എനിക്കവനെയൊന്നു കാണണമെന്നായി. എങ്ങനെയെന്നറിയില്ല. എന്നാല്‍ ദൈവം എന്റെ മനസ് കേട്ടിരിക്കണം. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓരോ മാസത്തിലെയും യോഗത്തില്‍ പങ്കെടുക്കാനായിരുന്നു അന്നു ഞാന്‍ പോയത്. എല്ലാവര്‍ക്കുമൊപ്പം ഇരിക്കുമ്പോഴാണ് ഐസിഡിഎസ്സിലെ സാര്‍ എന്നെ പ്രത്യേകം വിളിച്ചു കൊണ്ടു പോകുന്നത്. എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. പേടിയായിരുന്നു. പക്ഷേ, അവര്‍ പറഞ്ഞത് ഷഫീഖിനെ കുറിച്ചായിരുന്നു. ഒരു മാസം വെല്ലൂര്‍ പോയി നില്‍ക്കാമോ എന്നവര്‍ ചോദിച്ചു. എന്നോടു തന്നെ ഇങ്ങനെ ചോദിക്കാന്‍ കാരണമായി കരുതുന്നത്, അതിനു കുറച്ചു മാസങ്ങള്‍ക്കു മുമ്പ് നടന്നൊരു കാര്യമായിരിക്കാം. ആലുവയിലുള്ള ഒരു ഓര്‍ഫനേജില്‍ കുട്ടികളെ നോക്കാന്‍ ആളെ വേണമെന്നു പറഞ്ഞിരുന്നു. പത്തു കുട്ടികളുണ്ട്. എനിക്കു പോണമെന്നു തോന്നി. പോയാല്‍ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞേ വീട്ടിലേക്ക് തിരിച്ചു പോരാന്‍ പറ്റൂ. അപ്പായേയും അമ്മയേയും ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍, അത് വേണ്ടാന്നു വച്ചു. ഈ കാര്യം തന്നെയാകണം ഷഫീഖിനെ നോക്കാന്‍ പോകാന്‍ പോകുമോ എന്ന് എന്നോടു ചോദിക്കാന്‍ കാരണവും. ഒരു മാസമല്ലേ, വരാമെന്നു ഞാന്‍ പറഞ്ഞു. വെല്ലൂര്‍ കേരളത്തില്‍ എവിടെയോ ആണെന്നായിരുന്നു എന്റെ ധാരണ. വീട്ടില്‍ പറഞ്ഞപ്പോള്‍, അപ്പായ്ക്ക് സമ്മതം. ഒരു കുഞ്ഞിന്റെ കാര്യമല്ലേ പോയിട്ടു വാ എന്നാണ് അപ്പ പറഞ്ഞത്.

2013 ഓഗസ്റ്റ് 13 നാണ് ഈ സംഭവം. പിറ്റേദിവസം എനിക്ക് ഓഡര്‍ തന്നു. 2013 ഓഗസ്റ്റ് പതിനഞ്ചിന് അപ്പായും ഞാനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെ ഗോപാലകൃഷ്ണന്‍ സാറും വെല്ലൂരിലേക്ക് പോയി. അന്നാണ് ഞാന്‍ ആദ്യമായിട്ട് ഷഫീഖിനെ കാണുന്നത്.

വെല്ലൂര്‍ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ഷഫീഖ് അപ്പോള്‍. ഒരു മാസം കഴിഞ്ഞിരുന്നു അവന്‍ അങ്ങനെയൊരു അവസ്ഥയിലായിട്ട്. ഞാന്‍ കാണുമ്പോള്‍, കൈരണ്ടും ചുരുട്ടി നെഞ്ചത്ത് വച്ചിരിക്കുകയാണ്, കാലുകളും ചുരുണ്ട് കൂടിയിരിക്കുകയാണ്, മരവിച്ച നിലയില്‍. തല ഒരു വശത്തേക്കായി കിടക്കുന്നു, വാരിയെല്ലുകള്‍ പൊന്തിനില്‍ക്കുന്നു, തൊലി ശരീരത്തിനുമേലോട്ട് പൊങ്ങിനില്‍ക്കുന്നപോലെ.. തക്കാളിപ്പഴം പോലെ മേലൊക്കെ കൂമ്പി നില്‍ക്കുന്നു, മുറിവുണങ്ങിയ പാടുകളാണ് മുഴുവന്‍…അനക്കമൊന്നുമില്ല… അരമണിക്കൂറോളം നഴ്‌സുമാര്‍ നെഞ്ചിന്‍കൂടിന്റെയവിടെ കൈയമര്‍ത്തിക്കഴിഞ്ഞപ്പോള്‍ ചെരിയൊരു ഞരക്കം കേട്ടു….ഞാനപ്പോള്‍ അവന്റെ നെഞ്ചിലേക്ക് നോക്കി…നഴ്‌സുമാര്‍ അമര്‍ത്തിയ ഭാഗത്ത് വിരല്‍പ്പാടുകള്‍ കുഴിഞ്ഞു കിടക്കുന്നു…കുറച്ചു നേരം ആ മുഖത്തേക്ക് നോക്കി നിന്നു, പിന്നെ ഒരു ഉമ്മ കൊടുത്തു…

എന്താകും എങ്ങനെയാകുമെന്നൊന്നും അറിയില്ല…അതുപോലത്തെ അവസ്ഥ…ഡോക്ടര്‍മാര്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. ഞാന്‍ അവന്റെ ചെവിയില്‍ ചെന്ന് ആരും കേള്‍ക്കാത്തവണ്ണം, ചക്കുള്ളത്തമ്മയേയും തങ്ങള്‍പാറ പള്ളിയിലെ തമ്പുരാനെയും വിളിച്ച് കരഞ്ഞു പറഞ്ഞു, തിരിച്ചു പോകുമ്പോള്‍ ഈ കുഞ്ഞ് ജീവനോടെ പോണേ…

കുട്ടിയെ നോക്കണമെങ്കിലും ആശുപത്രിയില്‍ തങ്ങാന്‍ പറ്റില്ല. ഗോപാലകൃഷ്ണന്‍ സാര്‍ അടുത്തുള്ള കേരള ലോഡ്ജില്‍ ഒരു മുറിയെടുത്തു. കാര്യങ്ങളൊക്കെ പറഞ്ഞ് ഏല്‍പ്പിച്ചു. അപ്പായും സാറും തിരിച്ചു പോയി. ഞാന്‍ ഷഫീഖിന്റെ അടുത്ത്. രാത്രി ഒമ്പതര വരെ കുഞ്ഞിന്റെ കൂടെ നില്‍ക്കും, തിരിച്ചു ലോഡ്ജിലേക്ക് പോകുമ്പോള്‍ പേടിയാണ്. ഒരു പരിചയവുമില്ലാത്ത സ്ഥലം. ആരും കൂട്ടിനില്ല. സങ്കടമൊക്കെ വന്നു. തിരിച്ചു പോയാലോ എന്നുവരെയോര്‍ത്തു. അവസ്ഥ പറഞ്ഞപ്പോള്‍, ഞാന്‍ വന്നു കൊണ്ടുപോരാം എന്നായി അപ്പ. പിന്നെയുമോര്‍ത്തു ഒരു മാസമല്ലേ, അതുവരെ നില്‍ക്കാം, എന്നിട്ട് പോകാം. അങ്ങനെ ഒരു മാസത്തേക്കായി ഉറപ്പിച്ച് ഞാന്‍ ഷഫീഖിനൊപ്പം നിന്നു. മരുന്നു കൊടുക്കുക, മറ്റു കാര്യങ്ങള്‍ നോക്കുക, ചെറിയ എക്‌സര്‍സൈസുകള്‍ ചെയ്യിപ്പിക്കുക, അതൊക്കെയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതിനെല്ലാമപ്പുറം എനിക്കും ആ കുഞ്ഞിനുമിടയില്‍ ഒരാത്മബന്ധം ഉടലെടുക്കുകയായിരുന്നു. മൂന്നാം ദിവസംതൊട്ട് ഷഫീഖ് എന്നെ തിരിച്ചറിയാന്‍ തുടങ്ങി. എന്നെ കണ്ടില്ലെങ്കില്‍ കരയാന്‍ തുടങ്ങി. ഞാന്‍ പോയിക്കഴിഞ്ഞാല്‍ രാത്രിയില്‍ എന്നെ തിരക്കി കരച്ചിലാണ്. അതോടെ ഡോക്ടര്‍മാര്‍ എന്നോട് ആശുപത്രിയില്‍ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും അവന്‍ പതിയെ വിരലുകളൊക്കെ ചലിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ഡോക്ടര്‍മാര്‍ എല്ലാവരും ഇംഗ്ലീഷില്‍ ആയിരുന്നു സംസാരിച്ചിരുന്നതിനാല്‍ അവര്‍ പറയുന്നതൊന്നും എനിക്ക് മനസിലായിരുന്നില്ല, എന്തെങ്കിലും ചോദിക്കാനും കഴിയുമായിരുന്നില്ല. അപ്പോഴാണ് തര്യന്‍ ഡോക്ടറെ കാണുന്നത്. തര്യന്‍ സാര്‍ മലയാളിയായിരുന്നു. എന്റെ സാമിപ്യം ഷഫീഖിന് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും പരമാവധി അവനു വേണ്ടി ചെയ്യാനും തര്യന്‍ സാര്‍ പറഞ്ഞു. ഞാന്‍ എന്റെ അവസ്ഥകളൊക്കെ സാറിനോട് പറഞ്ഞു. മുന്‍കൂറായി കിട്ടിയ ശമ്പളം മാത്രമാണ് എന്റെ കൈയില്‍ പണമായിട്ടുള്ളത്. ലോഡ്ജിന്റെ വാടക മാത്രം കൊടുക്കേണ്ടന്നെയുള്ളൂ, കുഞ്ഞിന് എണ്ണയും സോപ്പും അങ്ങനെയുള്ള കാര്യങ്ങളൊക്കെ വാങ്ങാനും എന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുമൊക്കെയുള്ള കാശ് കൈയില്‍ നിന്നും എടുക്കണം. ഇതിനിടയില്‍ ഷഫീഖിനെ വാര്‍ഡിലേക്ക് മാറ്റി. അതോടെ ബുദ്ധിമുട്ട് കൂടി. കുളിക്കാനും തുണിയലക്കാനും ഇടാനുമൊക്കെ ദൂരെ പോണം. ഞാന്‍ മാറി നിന്നാല്‍ ഉടനെ കുഞ്ഞ് കരയും. ഈവസ്ഥ ഞാന്‍ തര്യന്‍ സാറിനോട് പറഞ്ഞു. അവര്‍ ആലോചിച്ച് എനിക്ക് മാത്രം ചില സൗകര്യങ്ങള്‍ ഒരുക്കി തന്നു.

പതിയെ പതിയെ ഷഫീഖില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. അവന്‍ തിരിച്ചു വരികയാണ്. പക്ഷേ, പെട്ടെന്നൊരു ദിവസം സിരീയസായി. തൊണ്ടക്കൂഴി താഴ്ന്നുപോകുംപോലെ ശ്വാസം വലിക്കുകയാണ്. എല്ലാവരും ഒന്നു പേടിച്ചു…ഞാന്‍ വലിയ വായില്‍ കരയുകയാണ്. തര്യന്‍ സാറിന് മാത്രമാണ് ഞാന്‍ ആരാണെന്ന് അറിയുന്നത്. ബാക്കി ഡോക്ടര്‍മാരൊക്കെ ഞാനവന്റെ സ്വന്തം അമ്മയാണെന്നു കരുതി എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ തര്യന്‍ സാറിനോട് ചോദിച്ചു, ഞാന്‍ കുഞ്ഞിന്റെ കൂടി കിടന്നോട്ടെ… സാര്‍ സമ്മതിച്ചു…ഞാന്‍ അവനെ കെട്ടിപ്പിടിച്ചു കിടന്നു…അവിടെയപ്പോള്‍ അത്ഭുതം നടന്നു…എന്റെ കുഞ്ഞിന് ശരിയായി…

"</p

ഒരു മാസം കഴിയാറായി. വീട്ടിലേക്ക് പോരാന്‍ റെഡിയാകാന്‍ അപ്പാ വിളിച്ചു പറയുന്നു. പക്ഷേ, എനിക്കെന്തോ കുഞ്ഞിനെ വിട്ടുപോകാന്‍ തോന്നുന്നില്ല… മനസ് വല്ലാതായി ഞാനിരിക്കുമ്പോഴാണ് തര്യന്‍ സാര്‍ വരുന്നത്. രാഗിണിക്ക് ബുദ്ധിമുട്ട് ആകില്ലെങ്കില്‍ രണ്ടു മാസം കൂടി ഇവിടെ നില്‍ക്കാമോ? തര്യന്‍ സാറിന്റെ ചോദ്യമാണ്. സമ്മതമാണ് സാറേ എന്നു ഞാന്‍ അലറിപ്പറയുമ്പോലെയാണ് പറഞ്ഞത്. അത്രയ്ക്ക് സന്തോഷമായി. പക്ഷേ, അപ്പാ ദേഷ്യപ്പെട്ടു. തിരിച്ചു വരാന്‍ നിര്‍ബന്ധിച്ചു. കുഞ്ഞിനെ വിട്ടു വരില്ലായെന്നു തന്നെ പറഞ്ഞു.

ഒരു മാസം എന്നത് രണ്ടായി, പിന്നെയത് ഒരു വര്‍ഷമായി. നാലുമാസത്തോളം വെല്ലൂരില്‍, പിന്നെയൊരു നാലുമാസം ചെറുതോണിയില്‍, വീണ്ടും വെല്ലൂരിലേക്ക്.. അങ്ങനെ ഒരു വര്‍ഷം. അപ്പോഴേക്കും ഷഫീഖ് ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു. പക്ഷേ, തലച്ചോറിനുള്‍പ്പെടെ ക്ഷതമേറ്റ മര്‍ദ്ദനങ്ങളുടെ ഫലമായി നടക്കാനും ശരിക്കു സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും ഞാനീ കുഞ്ഞിനെ കൈവിടില്ലെന്നു തന്നെ തീരുമാനിച്ചു. കുറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കൈയില്‍ കാശില്ലാത്തതിന്റെയുള്‍പ്പെടെ. അങ്ങനെയാണ് ഒരു ദിവസം എം കെ മുനീര്‍ സാര്‍ വരുന്നത്. ഞാനും ഷഫീക്കും പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളുടെ കൂട്ടത്തിലൊരാളാണ് മുനീര്‍ സാര്‍. സാറിനോട് ഞാനെന്റെ അവസ്ഥ പറഞ്ഞു. സാറാണ് പിന്നെ ഞങ്ങള്‍ക്കു വേണ്ടി സൗകര്യങ്ങളൊക്കെ ഒരുക്കി തരുന്നത്. ഇപ്പോഴും സാര്‍ ഷഫീഖിനെ കാണാന്‍ വരും. ഷഫീഖിനും മുനീര്‍ സാര്‍ എന്നാല്‍ വളരെ പ്രിയപ്പെട്ടൊരാളാണ്.

ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പത്രങ്ങളിലൊക്കെ ഷഫീഖിനെ ദത്ത് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. എനിക്കത് കേട്ടു ആധിയായി. നിനക്കൊരു ജീവിതം ഉണ്ടാകില്ല, അപ്പായേയും അമ്മായേയും കൂടപ്പിറങ്ങളേയും വേണ്ട, എന്നിങ്ങനെ അപ്പാ വിളിച്ച് സങ്കടപ്പെട്ടും ദേഷ്യപ്പെട്ടും എന്നെ തിരിച്ചു വിളിക്കുകയാണ്. ഞാനതൊന്നും കേട്ടില്ല. എന്റെ എല്ലാവരേയും ഉപേക്ഷിക്കേണ്ടി വന്നാലും ഈ കുഞ്ഞിനെ വിട്ടു പോകാന്‍ എനിക്ക് കഴിയില്ലായിരുന്നു. അപ്പോഴാണ് ഷഫീഖിനെ മറ്റാരെങ്കിലും കൊണ്ടുപോകുമെന്ന വാര്‍ത്ത കേള്‍ക്കുന്നത്. ഞാന്‍ തര്യന്‍ സാറിന്റെ മുന്നില്‍ ചെന്നു കരഞ്ഞു ചോദിച്ചു, സാറിന് എന്നെയും ഷഫീഖിനെയും ദത്ത് എടുക്കാമോയെന്ന്…സാര്‍ പക്ഷേ, നിസ്സഹായനായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ ഓഫിസിലും സാമൂഹ്യനീതി ഓഫിസിലുമൊക്കെ വിളിച്ചു പല സാറുമ്മാരോടും അപേക്ഷിച്ചു. സര്‍ക്കാര്‍ കാര്യമല്ലേ നമുക്ക് എന്തു ചെയ്യാന്‍ പറ്റും രാഗിണി എന്നായിരുന്നു അവര്‍ വിഷമത്തോടെ ചോദിച്ചത്. മുനീര്‍ സാറിനെയും വിളിച്ച് കരഞ്ഞപേക്ഷിച്ചു.

കുറച്ചു ദിവസങ്ങള്‍ക്കുശേഷം ചൈല്‍ഡ് കമ്മിറ്റിയിലെ ഗോപാലകൃഷ്ണന്‍ സാര്‍ വിളിച്ചു, രാഗിണി ഒരു സന്തോഷവാര്‍ത്തയുണ്ടെന്നു പറഞ്ഞാണ് തുടങ്ങിയത്. അമ്മയേയും മോനെയും ആരും പിരിക്കില്ല, നിങ്ങള്‍ക്ക് ഒരുമിച്ച് തന്നെ ജീവിക്കാം എന്നു സാര്‍ പറഞ്ഞപ്പോള്‍ സ്വര്‍ഗം കിട്ടിയപോലെയായി. പിന്നീടാണ് ഞാന്‍ അല്‍-അസ്ഹറിനെ കുറിച്ച് കേള്‍ക്കുന്നത്. എന്നെയും മോനേയും ഏറ്റെടുക്കുന്നത് അല്‍-അസ്ഹര്‍ ആണെന്നും എന്തൊക്കെ ആവശ്യങ്ങളാണ് വേണ്ടതെന്നും എന്നോടു ചോദിച്ചറിഞ്ഞു. എന്റെ ആവശ്യങ്ങളൊക്കെ ഞാനവരോട് പറഞ്ഞു. ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത സൗകര്യങ്ങളൊരുക്കിയായിരുന്നു അല്‍-അസ്ഹര്‍ ചെയര്‍മാന്‍ പി എം മൂസ സാര്‍ എതിരേറ്റത്. എന്റെ മോന്റെ മുറി കാണണം. എന്തൊക്കെ സൗകര്യങ്ങളാണിവിടെയൊരുക്കിയിരിക്കുന്നത്. മോനെ അവര്‍ നോക്കുന്നത് കാണുമ്പോള്‍ ശരിക്കും ദൈവങ്ങള്‍ തന്നെയല്ലേ എന്നാണ് എനിക്ക് തോന്നുന്നത്. മൂസ സാര്‍ എനിക്കും മോനും വല്യസാര്‍ ആണ്. സാറിന്റെ ഭാര്യ റജീന, ഞങ്ങള്‍ക്ക് റജിയുമ്മയാണ്. എം ഡി ഇജാസ് സാറും അദ്ദേഹത്തിന്റെ ഭാര്യ ആസിഫയും മോനും വല്യുപ്പയും വല്യുമ്മയുമാണ്. പൈജാസ് സാര്‍ പൈജാസ് കൊച്ചാപ്പയാണ്. അദ്ദേഹത്തിന്റെ അനിയന്‍ നിജാസ് സാര്‍ നിജാസ് കൊച്ചാപ്പയും. പിന്നെ ഡോക്ടര്‍ ഷിയാസ്. ഞാനും എന്റെ മോനും ഒരിക്കലും മറക്കില്ലാത്ത മനുഷ്യന്‍. അവരൊക്കെ ഷെഫീഖിനോട് കാണിക്കുന്ന സ്‌നേഹം കാണുമ്പോള്‍, എത്ര ഭാഗ്യം ചെയ്തതാണ് എന്റെ കുഞ്ഞെന്നു തോന്നിപ്പോകും.

ഒരു മാസം പത്തമ്പതിനായിരം രൂപയ്ക്കുമേല്‍ ചിലവ് വരും ഷഫീഖിന്റെ മരുന്നിന്. രണ്ടുമാസം കൂടുമ്പോള്‍ എടുക്കുന്ന ഇന്‍ജെക്ഷന് പതിനയ്യായിരത്തി അഞ്ഞൂറ് രൂപയാണ്. 15 ഇനം മരുന്നുകള്‍ ദിവസം കൊടുക്കണം. ഒന്നുപോലും മുടങ്ങരുത്. ഒന്നിനും ഒരു മുടക്കവും ഇതുവരെ അല്‍-അസ്ഹറുകാര്‍ വരുത്തിയിട്ടുമില്ല. പിന്നെയവന്റെ വസ്ത്രങ്ങള്‍, അവനുവേണ്ട മറ്റു സാധനങ്ങള്‍…ഭക്ഷണം പാകം ചെയ്യാന്‍ ഒരാളെ പ്രത്യേകം വച്ചിട്ടുണ്ട്. എന്റെ കാര്യങ്ങളും ഒരു കുറവുമില്ലാതെ നോക്കുന്നുണ്ട്. ഒരു വരുമാനം എനിക്കും ഉണ്ടാകാന്‍ വേണ്ടുന്നത് ചെയ്യുന്നുണ്ട്… എത്ര നന്ദി പറഞ്ഞാലാണ് ഇതിനൊക്കെ മതിയാവുക. നന്ദി പറയാനാണെങ്കില്‍ ഒത്തിരിപ്പേരുണ്ട്… മൂനീര്‍ സാര്‍, മമ്മൂട്ടി സാര്‍, സുരേഷ് ഗോപി സാര്‍…മാധ്യമപ്രവര്‍ത്തകര്‍, എത്രയെത്രപേര്‍…ഇപ്പോഴും ഷഫീഖ് മോന്റെ വിവരങ്ങള്‍ തിരക്കി വിളിക്കുന്നവരുണ്ട്. കാണാന്‍ വരുന്നവരുണ്ട്. പുതിയായി വന്ന കളക്ടര്‍ കുടുംബവുമായി വന്നിരുന്നു. ഷഫീഖ് മോന്റെ കൂടെ കിടന്നിട്ടൊക്കെയാണ് കളക്ടര്‍ സാര്‍ പോയത്…ഒരുപാടുപേര് അവന്റെ കൂടെയുണ്ടെന്നതാണ് എന്റെ ആശ്വാസവും സന്തോഷവും.

ഈ ജൂലൈ ആകുമ്പോള്‍ ഞങ്ങള്‍ അല്‍-അസ്ഹറില്‍ എത്തിയിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാകും, ഓഗസ്റ്റ് 15 ന് ഞാനും ഷഫീഖ് മോനും ഒന്നായിട്ട് ആറു വര്‍ഷവും. എനിക്കെന്റെ മോനെ കിട്ടിയപ്പോള്‍ മറ്റു പലതും നഷ്ടപ്പെട്ടതുപോലെയായി. അപ്പാ നേരത്തെ വര്‍ഷത്തില്‍ ഒന്നു വരുമായിരുന്നു. അപ്പാ വന്നാല്‍ ഞാന്‍ വീട്ടിലോട്ട് വരില്ലെന്നും അമ്മയ്ക്ക് കാണാന്‍ പറ്റില്ലെന്നും പറഞ്ഞ് ഇപ്പോള്‍ വരാറില്ല. പിന്നെ അപ്പായ്ക്ക് പ്രായവുമായി. ഇപ്പോള്‍ കൊല്ലത്തിലൊരിക്കല്‍ ഞാന്‍ അങ്ങോട്ടുപോകും. കൂടി വന്നാല്‍ രണ്ട് മണിക്കൂര്‍ നില്‍ക്കും പിന്നെ തിരിച്ചുപോരും. മോനെയും കൂട്ടിയാണ് പോകുന്നത്. ഇതാണ് എന്റെ ജീവിതം.

Read More: അഞ്ചു വയസുകാരന്‍ ഷഫീക്കിന്റെ അനുഭവം ഇനിയൊരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നില്ലേ അന്ന്, എന്നിട്ടോ?

ചിലര്‍ ചോദിക്കും, നാളെ അല്‍-അസ്ഹറില്‍ നിന്നും പോരേണ്ടി വന്നാല്‍ എന്തു ചെയ്യുമെന്ന്?ഷഫീഖ് നാളെ എന്നെ വിട്ടുപോയാല്‍ എന്തു ചെയ്യുമെന്ന്? എനിക്കറിയില്ല…35 വയസില്‍ അവന്റെ കൂടെ വന്നതാണ്. ഇപ്പോള്‍ എനിക്ക് 40 കഴിഞ്ഞു. ഇനിയെനിക്കായിട്ട് ഒരു ജീവിതം ഉണ്ടെന്നു തോന്നുന്നില്ല.. എന്തു ചെയ്യും എന്നു ചോദിക്കുന്നവരോട് പറയാന്‍ ഉത്തരമില്ല…ഞാന്‍ മരിച്ചുപോയാല്‍ എന്റെ കുഞ്ഞ് എന്തു ചെയ്യുമെന്ന പേടിയുണ്ട്. എനിക്കുള്ളത് എന്റെ കാലശേഷം ഷഫീഖ് മോന്റെ പേരിലും പിന്നെയെന്റെ ചേച്ചിയുടെ മോള്‌ടെ പേരിലും കൊടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അല്ലാതെ എനിക്ക് മറ്റാര്‍ക്ക് കൊടുക്കാനാണ്…

കഴിഞ്ഞ ആറുവര്‍ഷമായി 24 മണിക്കൂറും ഞാന്‍ ഷഫീഖിന്റെ കൂടെയുണ്ട്. അവനെ വിട്ട് അല്‍പ്പനേരം എനിക്ക് മാറാന്‍ പറ്റില്ല. മോനും സമ്മതിക്കില്ല. ഇനിയുള്ള ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെയായാലും എനിക്കും കുഴപ്പമില്ല. എന്റെ കുഞ്ഞിനെ വിട്ട് ഞാന്‍ പോകില്ല. പക്ഷേ ഈ കുഞ്ഞിനെ ഇങ്ങനെ ആക്കിയവരോ? ഞങ്ങള്‍ വെല്ലൂരില്‍ ഉള്ളപ്പോള്‍ തന്നെ അവര് രണ്ടുപേരും ജാമ്യത്തില്‍ ഇറങ്ങിയില്ലേ? എന്തു ചെയ്യും നിയമം അവരെ? ചെറുതോണിയില്‍ ഉള്ളപ്പോള്‍ ഒരിക്കല്‍ പൊലീസുകാര്‍ വന്നിരുന്നു. പിന്നെയാരും ഇതുവരെ വന്നിട്ടില്ല. ഈ കുഞ്ഞ് മൊഴി കൊടുക്കണോ? അതിനാണോ കാത്തിരിക്കുന്നത്? എങ്ങനെ ഈ കുഞ്ഞ് ഈ രീതിയില്‍ ആയി? നാലര വയസുവരെ ഷഫീഖ് ഇങ്ങനെയായിരുന്നില്ല. നടക്കുമായിരുന്നു, മിണ്ടുമായിരുന്നു. ആരാ ഇങ്ങനെയാക്കിയത്? സാഹചര്യ തെളിവുകള്‍ ഇല്ലേ? നടന്ന ചില കാര്യങ്ങളൊക്കെ വെല്ലൂരില്‍ വച്ച് ഷഫീഖ് എന്നോട് പറഞ്ഞിട്ടുണ്ട്. അത് പറയുമ്പോള്‍ അവന്‍ പേടിക്കും. ഒരു പാത്രം താഴെ വീണാല്‍, കുഞ്ഞുങ്ങള്‍ കരയുന്നത് കേട്ടാല്‍, ഇടിവെട്ടുന്നതു കേട്ടാല്‍ കരഞ്ഞ് ശരീരം മുഴുവന്‍ വിറയ്ക്കും. പഴയ കാര്യങ്ങളൊന്നും ഓര്‍ക്കാന്‍ ഞാനിപ്പോള്‍ സമ്മതിക്കില്ല. ഒന്നും പറയാനും. ആരു വന്നു ചോദിച്ചാലും ഷഫീഖിനെക്കൊണ്ട് ഒന്നും പറയിക്കില്ല. പഴയ കാര്യങ്ങള്‍ ഒന്നുകില്‍ എന്റെ കുഞ്ഞിനെ പേടിയുള്ളവനാക്കി തീര്‍ക്കും, അല്ലെങ്കില്‍ പ്രതികാരബുദ്ധിയുള്ളവനാക്കും. ഇതിനു രണ്ടിനും ഞാന്‍ സമ്മതിക്കില്ല. എന്റെ കുഞ്ഞ് നല്ലവണ്ണം വളരട്ടെ…കുറ്റക്കാര്‍ക്കെതിരേ എന്ത് ചെയ്യണമെന്ന് പൊലീസും കോടതിയും സമൂഹവും തീരുമാനിക്ക്. അതിനായി ഞാനെന്റെ കൊച്ചിനെ വിട്ടുതരില്ല… ഇതൊരു അമ്മയുടെ വാക്കുകളാണ്….

(അനുമതിയില്ലാതെ ഷഫീഖിന്റെ ചിത്രം ഉപയോഗിക്കാന്‍ പാടുള്ളതല്ല)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍