UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരിക്കണമെന്ന് തമിഴ്നാടിനോട് കേരളം; മറുപടിയിൽ ഡാം സുരക്ഷിതമാണെന്ന വാദവും ആരോപണങ്ങളും

ഡാമിലേക്ക് ആവശ്യമായ വൈദ്യുതി കേരള സർക്കാർ നൽകുന്നില്ലെന്നും എടപ്പാടി ആരോപിച്ചു.

മുല്ലപ്പെരിയാർ‌ ഡാമിലെ വെള്ളം കുറച്ചു കൊണ്ടുവരണമെന്ന കേരളത്തിന്റെ അപേക്ഷയ്ക്ക് ഡാം സുരക്ഷിതമാണെന്ന മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. 2014ലെ സുപ്രീംകോടതി വിധിപ്രകാരം ഡാം എല്ലാവിധത്തിലും സുരക്ഷിതമാണെന്ന് എടപ്പാടി തന്റെ മറുപടിയിൽ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണെന്നും ജലനിരപ്പ് 142 അടിയില്‍ എത്തിയെന്നും ഇതിൽ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി എഴുതിയിരുന്നു. ദിവസങ്ങൾക്കു മുമ്പു തന്നെ തമിഴ്നാടിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ജലനിരപ്പ് 142 അടിയിലെത്തിക്കാനും ഡാമിന്റെ കരുത്ത് സ്ഥാപിക്കാനുമുള്ള വ്യഗ്രതയിലായിരുന്നു തമിഴ്നാട്.

വെള്ളം 142 അടിയിലെത്തിയതു കൊണ്ട് ഡാമിന് കുഴപ്പമൊന്നും സംഭവിക്കില്ലെന്ന് എടപ്പാടി തന്റെ മറുപടിക്കത്തിൽ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാറിൽ നിന്ന് വൈഗൈ ബേസിനിലേക്ക് ടണൽ വഴി പരമാവധി വെള്ളം കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്ന് എടപ്പാടി അവകാശപ്പെട്ടു. എന്നാൽ, തമിഴ്നാട് സാധ്യമായ അളവിൽ വെള്ളം കൊണ്ടുപോകുന്നില്ലെന്ന് കേരളം ആരോപിക്കുന്നു.

142 അടിയിൽ കൂടുതൽ വെള്ളം ഡാമിൽ നിൽക്കാതിരിക്കാൻ എല്ലാ നടപടിയും തമിഴ്നാട് സ്വീകരിച്ചിട്ടുണ്ടെന്ന് എടപ്പാടി കത്തിൽ വ്യക്തമാക്കി. വൃഷ്ടിപ്രദേശങ്ങളിലേക്ക് തമിഴ്നാട് ഉദ്യോഗസ്ഥരെ കടത്തിവിട്ടാൽ മാത്രമേ തങ്ങൾക്ക് ശരിയായ നടപടിയെടുക്കാൻ സാധിക്കൂ എന്നും എടപ്പാടി പറഞ്ഞു.

ഡാമിലേക്ക് ആവശ്യമായ വൈദ്യുതി കേരള സർക്കാർ നൽകുന്നില്ലെന്നും എടപ്പാടി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍