UPDATES

ബ്ലോഗ്

തിരുവിതാംകൂറിൽ മാത്രം 17 ഇനം കപ്പയുണ്ടായിരുന്നു; കേരളത്തിന് നഷ്ടപ്പെട്ട രുചികളും മണങ്ങളും

‘രാമവര്‍മ്മയുടെ കാലത്തേ ഭക്ഷ്യക്ഷാമത്തിന് ശേഷം ഇവിടെ അരിവില കുതിച്ചുയര്‍ന്നിരുന്നു. അതിന്റെ ഫലമായി കപ്പ പാവപ്പെട്ടവരുടെ ഭക്ഷണമായി മാറുകയാണ് എന്ന് Sawyer- ഉം പറയുന്നുണ്ട്.’

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവിതാംകൂറിൽ കപ്പ പ്രചാരത്തില്‍ വന്നതിനെപ്പറ്റിയുള്ള ഒരു കുറിപ്പ് പലരും ഷെയർ ചെയ്തു കണ്ടു. ഹിന്ദുവിൽ നിന്ന്. അതില്‍ പറയുന്നത് പോലെ വിശാഖം തിരുനാൾ എന്നു വിളിച്ചിരുന്ന രാമവർമ്മ തിരുവിതാംകൂർ രാജാവായിരുന്ന 1880-85 കാലത്താണ് ഇതു സംഭവിച്ചതെന്നത് സാമാന്യമായി പറയപ്പെടുന്ന കാര്യമാണ്. പക്ഷെ അതിനപ്പുറത്തു ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ഞാന്‍ മുന്‍പ് തിരുവിതാംകൂറിലെ സാമ്പത്തിക ചരിത്രത്തെ കുറിച്ച് ചിലതെല്ലാം നോക്കിയിരുന്ന കാലത്ത് A M Sawyer 1895-ല്‍ എഴുതിയ Tapioca Cultivation in Travancore (Indian Forester, Volume 21, Issue 8) എന്നൊരു ലേഖനം വായിച്ചിരുന്നു. അതായത് തിരുവിതാംകൂറില്‍ കപ്പ പ്രചാരത്തില്‍ വന്നു എന്ന് പറയുന്ന കാലത്തിനും ഏതാണ്ട് ഒരു ദശാബ്ദത്തിനു ശേഷമുള്ള കാലത്ത് എഴുതപ്പെട്ട ലേഖനം.

കപ്പ കേരളത്തില്‍ പരക്കെ കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നും പല സ്ഥലങ്ങളിലും പല രീതികളില്‍ ഇത് കൃഷി ചെയ്യപ്പെടുന്നത് എന്നും മലങ്കൃഷി അടക്കമുള്ള ഉദാഹരണങ്ങള്‍ കാണിച്ചു ലേഖനം സമര്‍ത്ഥിക്കുന്നു. പക്ഷെ അതിനെക്കാള്‍ എല്ലാം അമ്പരപ്പിക്കുന്ന ഒരു വിവരം ആ ലേഖനത്തില്‍ ഉണ്ടായിരുന്നു. അത് കപ്പയുടെ തിരുവിതാംകൂറിലെ സസ്യവൈവിധ്യത്തെ കുറിച്ചായിരുന്നു.
പതിനേഴ്‌ ഇനം കപ്പകള്‍ ആണ് അവിടെ അക്കാലത്തു കൃഷി ചെയ്യപ്പെട്ടിരുന്നത്. അവയുടെ പേരുകളും Sawyer നല്‍കുന്നുണ്ട്. ആ വിവിധ്യത്തിന്റെ സവിശേഷത അവയെല്ലാം ബ്രസീലില്‍ നിന്നോ പോർച്ചുഗലില്‍ നിന്നോ ഇവിടെ വന്നവ ആയിരുന്നില്ല എന്നതാണ്. കപ്പയ്ക്കുണ്ടായിരുന്ന രുചിഭേദത്തെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു തിരുവിതാംകൂറിലെ കര്‍ഷകര്‍ കപ്പക്ക്‌ 17 വ്യത്യസ്ത പേരുകള്‍ പോലും നല്‍കിയിരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രാമവര്‍മ്മ കൊണ്ടുവന്നു എന്ന് പറയുന്നത് നമ്മള്‍ വിശ്വസിക്കുകയാണെങ്കില്‍ കപ്പ ഇവിടെ പ്രചാരത്തില്‍ ആയി പത്തു വര്‍ഷത്തിനുള്ളില്‍ അത് 17 തരം വിവിധ രുചികള്‍ നല്‍കുന്ന ഇനങ്ങളായി മാറിക്കഴിഞ്ഞിരുന്നു എന്ന് പറയേണ്ടി വരും

ആ ഇനങ്ങള്‍ ഇവയൊക്കെയാണ്: 1) പച്ച അവിയന്‍ 2) ചീനി അവിയന്‍ (ഇതിനു വെള്ളരി അവിയന്‍ എന്നും പേരുണ്ടായിരുന്നു) 3) ചൊമല അവിയന്‍ 4) കരി അവിയന്‍ 5) ചാണ അവിയന്‍ (ചാണ(ക)..) 6) ചെങ്കോമ്പന്‍ 7) നെടുവങ്ങാടന്‍ (നെടുമങ്ങാട്) 8) കരിം മറവന്‍ 9) നെടുവാളിക്കന്‍ കരിം മറവന്‍ 10) ആന മറവന്‍ 11) കറ്റില മരച്ചീനി 12) കൂട മറവന്‍ 13) എളവം കപ്പ 14) ആവണക്കും കപ്പ 15) വെള്ള മരിച്ചീനി 16) ഒളവന്‍ കപ്പ 17) കിളി വക (ഈ പേരുകളുടെ ഒരു സോഷ്യല്‍ സെമിയോടിക്സ് ഉണ്ട്, രാഷ്ട്രീയവും സാമൂഹികശാസ്ത്രവും ഉണ്ട്. അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല).

ഇതെല്ലാം വെറും പ്രാദേശികമായ പേരുകള്‍ മാത്രമായിരുന്നില്ല എന്നതാണു അമ്പരപ്പിക്കുന വസ്തുത. കാരണം ഓരോ ഇനത്തിന്റെയും ഇലയുടെയും തണ്ടിന്റെയും വേരിന്റെയുമൊക്കെ വ്യത്യസ്തമായ സവിശേഷതകള്‍- നിറഭേദങ്ങള്‍ അടക്കം- Sawyer വിശദീകരിക്കുന്നുണ്ട്.
ദീര്‍ഘകാലമായി പിന്തുടരുന്ന കൃഷി രീതി, കാലാവസ്ഥ, മണ്ണിന്റെ വകഭേദങ്ങള്‍ എന്നിവകൊണ്ട് കാലക്രമത്തില്‍ ഉണ്ടായതാണ് കപ്പയുടെ ഈ സസ്യ വൈവിധ്യം എന്ന് Sawyer പറയുന്നു. ഇതില്‍ നിന്ന് അഭ്യൂഹിക്കുവാന്‍ കഴിയുന്ന ഒരു പ്രധാന ചരിത്ര വസ്തുത എന്തായിരിക്കും? ഏതാണ്ട് പോര്‍ത്തുഗീസ്കാര്‍ ഗോവയില്‍ കപ്പ ഇട്ട കാലം മുതല്‍ക്കെങ്കിലും ഇവിടെയും അത് മുളച്ചിട്ടുണ്ട്. അത്രയും ദീര്‍ഘമായ ഒരു ചരിത്രം കേരളത്തിലെ കപ്പകൃഷിക്കുണ്ടാവണം എന്നര്‍ത്ഥം. എനിക്ക് തിരുവിതാംകൂറിലെ അത്രയും സൂക്ഷ്മതലത്തിലുള്ള പരിസ്ഥിതി ചരിത്രവുമായി ഇപ്പോള്‍ ബന്ധമില്ല. കൂടുതല്‍ പഠിച്ചിട്ടുള്ളവര്‍ക്ക് തിരുത്താവുന്നതാണ്. പക്ഷേ പത്ത്-പതിനഞ്ച് വര്ഷം കൊണ്ട് ഇത്രയും വലിയ സസ്യ വൈവിധ്യം രൂപപ്പെടാന്‍ ഉള്ള സാധ്യത ഉണ്ടോ എന്നത് സംശയാസ്പദമാണ്.

രാജാവായിരുന്ന രാമവര്‍മ്മ എന്തെങ്കിലുമൊക്കെ ഇതിന്റെ പ്രചാരത്തിന് ചെയ്തിരിക്കാന്‍ ഇടയുണ്ട്. കാരണം ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്തേ ഭക്ഷ്യക്ഷാമത്തിന് ശേഷം ഇവിടെ അരിവില കുതിച്ചുയര്‍ന്നിരുന്നു. അതിന്റെ ഫലമായി കപ്പ പാവപ്പെട്ടവരുടെ ഭക്ഷണമായി മാറുകയാണ് എന്ന് Sawyer- ഉം പറയുന്നുണ്ട്. പക്ഷെ അന്ന് മുതലാണ്‌ കേരളത്തില്‍ കപ്പ ഉണ്ടായി വന്നത് എന്നതിന് സാക്ഷ്യം പറയാന്‍ 1895 -ല്‍ Sawyer കണ്ടെത്തുന്ന ഈ സസ്യവൈവിദ്ധ്യം ഇടതരുന്നില്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം, ഇത്തരത്തില്‍ കപ്പയുടെ സസ്യവൈവിധ്യത്തെ കുറേക്കൂടി വലിയൊരു കാലയളവിലും, കാര്‍ഷിക പരിതോവസ്ഥയുടെ സ്വാധീനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടും കാണാന്‍ ശ്രമിച്ചത് കൊണ്ടാവാം Sawyer, വിശാഖം തിരുനാളാണ് തിരുവിതാംകൂറില്‍ കപ്പ കൊണ്ട് വന്നത് എന്നൊന്നും എടുത്തു പറയുന്നുമില്ല.

അതവിടെ നില്‍ക്കട്ടെ. ഇന്ന് ഏതായാലും ഇത്രയും ഇനം കപ്പകള്‍ നിലവിലുണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കില്‍ തന്നെ അവ ആ പേരുകളില്‍ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. ഒരേ ചെടിയുടെ അനേകം ഇനങ്ങള്‍ സംരക്ഷിക്കുകയും അവയുടെ വ്യത്യസ്തങ്ങളായ മണങ്ങളും രുചികളും സൂക്ഷിച്ചുകൊണ്ട്‌ കൃഷി ചെയ്യുകയും ചെയ്യാന്‍ കഴിയുന്ന ഭൌതിക – നൈതിക സാഹചര്യം ഇല്ലാതായിരിക്കുന്നു. ഇനി തിരിച്ചു പിടിക്കാനാവാത്ത വിധം ഒട്ടേറെ രുചികളും മണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കേരളത്തിലേക്ക് വന്ന വിദേശച്ചെടികളില്‍ ഒന്നായ കപ്പയുടെ കാര്യം ഇതാണെങ്കില്‍ പ്ലാവുകളുടെയും മാവുകളുടെയും തെങ്ങുകളുടെയും വാഴകളുടെയും ഒക്കെയൊക്കെ കാര്യങ്ങള്‍ വെറുതെ ഓര്‍ക്കുന്നത് പോലും വേദനാജനകമായിരിക്കും. അറിയാത്ത കാലത്തെക്കുറിച്ചുള്ള ഭൂതാതുരതക്ക് അര്‍ത്ഥമില്ല. എങ്കിലും ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞ് അല്പമൊന്നു വേദനിക്കുന്നതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല.

ടി.ടി ശ്രീകുമാര്‍

ടി.ടി ശ്രീകുമാര്‍

സൈദ്ധാന്തികന്‍, ഹൈദരാബാദ് ഇഫ്ലുവില്‍ പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍