UPDATES

ട്രെന്‍ഡിങ്ങ്

ഈ സര്‍വകലാശാല ഞങ്ങളെ തോല്‍പ്പിക്കുകയാണ്; കെടിയു വിദ്യാര്‍ത്ഥികളുടെ പരാതി

കേരള സാങ്കേതിക സര്‍വകലാശാലയില്‍ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര പിഴവുകള്‍

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കേരള സാങ്കേതിക സര്‍വകലാശാലയില്‍ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര പിഴവുകള്‍ ആരോപിച്ച് വിദ്യാര്‍ത്ഥികള്‍. ഉത്തരപേപ്പേര്‍ പകര്‍പ്പിന് അപേക്ഷിച്ച വിദ്യാര്‍ത്ഥിക്ക് സ്വന്തം കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേപ്പറിന്റെ കോപ്പിയാണ് ലഭിച്ചതെന്നും, യഥാര്‍ത്ഥ കോപ്പികളില്‍ ഭൂരിഭാഗം ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്താത്തതായി കാണപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. മാത്രമല്ല, മുപ്പത് പേജുള്ള ഉത്തരക്കടലാസ് ബുക്ക്‌ലെറ്റിന്റെ പകര്‍പ്പില്‍ അഞ്ചു പേജ് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നോ നാലോ ഉത്തരങ്ങള്‍ ഒഴികെ ശേഷിക്കുന്നവയൊന്നും മൂല്യനിര്‍ണയം നടത്താത്തതിനാല്‍ ഭൂരിഭാഗം കുട്ടികളും തോറ്റതായാണ് പരീക്ഷാഫലം പുറത്തുവന്നിരിക്കുന്നത്.

ഇയര്‍ ബാക്ക് സിസ്റ്റത്തിലെയും, പരീക്ഷാ സംവിധാനത്തിലെയും പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിച്ച് കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്നത് ഇതാദ്യ സംഭവമല്ല. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലക്കെതിരെ ദിവസങ്ങളോളം സമരം നടത്തിയിട്ട് അധികനാളായിട്ടില്ല. ഇപ്പോള്‍ ഉത്തരപേപ്പറിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് വീണ്ടും സമര രംഗത്ത് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

‘ഞങ്ങള്‍ വെറൂതെ പറഞ്ഞതല്ല ,ഈ സര്‍വകലാശാല തോല്‍പ്പിക്കുന്നുണ്ട് ഞങ്ങളെ…
ഒരു വലിയ ശതമാനത്തെ…
രണ്ടാം വര്‍ഷ ഒരു വിദ്യാര്‍ഥിനി (പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ല) ഈ നാള്‍ ആന്‍സര്‍ പേപ്പര്‍ സര്‍വകലാശാലയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു…
എന്നാല്‍ കിട്ടിയത് ആ കുട്ടിയുടെ പേപ്പര്‍ അല്ല…
പകരം ഞങ്ങളുടേ കോളജിലെ തന്നെ പേപ്പര്‍ ആവശ്യപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയുടെ ആയിരുന്നു….
അബദ്ധം പറ്റിയത് എന്ന് കരുതാം ,എന്നാല്‍… ആ പേപ്പര്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ എല്ലാവരും ഞെട്ടിപോയി…
പാസ് ആവും എന്ന് ഉറപ്പായത് കൊണ്ടാണ് പേപ്പര്‍ ആവശ്യപ്പെട്ടത്…എന്നാല് ആ പേപ്പര്‍ മുഴുവന്‍ ആയി കറക്റ്റ് ചെയ്തിട്ടില്ല….
വെറും 9 ആന്‍സര്‍ മാത്രം കറക്റ്റ് ചെയ്തത് ഫെയില്‍ എന്ന് ഇട്ടിരിക്കുന്നു…
മറ്റൊരു കാര്യം സൂചിപ്പിക്കാം…
വന്ന പേപ്പര്‍ ആകട്ടെ മുഴുവനും ഇല്ല…
ആകെ രണ്ട് പേജ് മാത്രമേ ഉള്ളു അതില്‍…( ആന്‍സര്‍ ബുക്കിന്റെ സ്‌ക്രീന്‍ ഷോട്ട് നോക്കിയാല്‍ മനസ്സിലാകും)…
അതില്‍ മാര്‍ക് എഴുതുന്ന സ്ഥലത്ത് ആകെ 9 ചോദ്യത്തിന്റെ കളത്തില്‍ മാത്രമേ മാര്‍ക് എഴുതിയിട്ട് ഉള്ളു…
ബാക്കി ചോദ്യം ആന്‍സര്‍ ചെയ്തിട്ടില്ലെങ്കില്‍ അവിടെ 0 മാര്‍ക് ഇടേണ്ടതാണ്…
എന്നാല്‍ അങ്ങനെ ഒന്നും സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല….
ഒരു ക്യാമ്പില്‍ എക്‌സാം ചീഫ് ഉണ്ടെന്നും, ഒരു പേപ്പര്‍ രണ്ട് പേര് നോക്കുന്നു എന്നാണ് സര്‍വകലാശാല പറയുന്നത്… അങ്ങനെ ആണെങ്കില്‍ പുനര്‍ മൂല്യനിര്‍ണയം തന്നെ ആവശ്യം വരുന്നില്ലാലോ?
പക്ഷേ രണ്ടും മൂന്നും പേര് നോക്കിയിട്ടും ഇത്ര ഇതാണവസ്ഥ എങ്കില്‍…?
ഒന്ന് ആലോചിച്ചു നോക്കൂ…
നമ്മള്‍ പലരും പാസ് ആകും എന്ന് വിചാരിച്ച പേപ്പര്‍ തോല്‍ക്കുന്നതും ഒരു പക്ഷെ ഇതേ കാരണം കൊണ്ടായിരിക്കും…
ചുരുക്കം പറഞാല്‍ 500+600… അതായത് ആകെ 1100 രൂപ ചിലവാക്കി…
സര്‍വകലാശാലയുടെ പോക്കറ്റില്‍…
എന്നിട്ടും പാസ് ആകേണ്ട പേപ്പര്‍ പാസ് ആയില്ല…
എല്ലാം നന്നാക്കി എന്ന് സ്വയം പറയുന്ന സര്‍വകലാശാല സത്യത്തില്‍ എന്താണ് നന്നാക്കിയത്?നമ്മുടെ പലരുടെയും പേപ്പര്‍ ഇതേ പോലെ തന്നെ ആയിരിക്കാം…
മാക്‌സിമം വിദ്യാര്‍ഥികളെ തോല്‍പ്പിക്കുക…
ഇതാണ് സര്‍വകലാശലയുടെ നയം എന്ന് തോന്നിപോകും…
ഇതില്‍ കാര്യമുണ്ടെന്ന് വിശ്വസിക്കുന്ന ആളുകള്‍ ഇത് മടി കൂടാതെ ഇത് പ്രചരിപ്പിക്കും…
എല്ലാം എല്ലാരും അറിയട്ടെ…
ഇനി ഇത് ഒരു പേപ്പറിന്റെ മാത്രം അവസ്ഥ അല്ലേ…എല്ലാം ഇങ്ങനെ എല്ലാ എന്ന് പറയുന്നവര് ഒന്ന് ഓര്‍ക്കുക…നിങ്ങള്‍ പാസ് ആവുന്നത് എന്ത് കൊണ്ടോ ആകട്ടെ..പക്ഷെ നമ്മുടെ സര്‍വകലാശാലയില്‍ പലരും തോല്‍ക്കുന്നത് അവരുടെ കഴിവുകേട് കൊണ്ടല്ല..യൂണിവേഴ്‌സിറ്റിയുടെ ഇത്തരം അപാകതകള്‍ കൊണ്ടാകാം…
പ്രതികരണ ശേഷി ഇല്ലാത്തവര്‍ക്ക്…
ഇത് കേരളമാണ് ഇവിടിങ്ങനാണ് എന്ന് പറഞ്ഞ് സമാധാനിക്കാം…!
ഇത് പോലെ അനുഭവങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെങ്കില്‍ പങ്ക് വയ്ക്കുക…

"</p

മറ്റു സര്‍വ്വകലാശാലകളിലേതിനു സമാനമായി രണ്ടുപേര്‍ വീതമാണ് കെടിയുവിലും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നത്. ഒരു പേപ്പറിന്റെ പകര്‍പ്പിന് 500 രൂപയും പുനര്‍മൂല്യ നിര്‍ണയത്തിന് 600 രൂപയ്ക്കാണ് ചാര്‍ജ്. പലപ്പോഴും സപ്ലിമെന്ററി എക്‌സാം റീവാല്യൂവേഷന്‍ റിസള്‍ട്ട് പ്രസിദ്ധീകരണത്തിന് മുന്‍പേ കടന്നുവരുന്നതിനാല്‍ 200 രൂപ സപ്ലിമെന്ററി എക്‌സാമിനും ചിലവിടേണ്ടതായി വരുന്നു.

ആറ്റിങ്ങല്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി പ്രതികരിക്കുന്നു;

‘പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ പ്രതീക്ഷിച്ച പലരും റിസള്‍ട്ടില്‍ തോറ്റതായി കണ്ട സാഹചര്യത്തിലാണ് ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി അപേക്ഷിച്ചത്. പല ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്താതെയാണ് വിദ്യാര്‍ത്ഥികളെ ഫെയില്‍ ആയി മാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. ഉയര്‍ന്ന ചാര്‍ജാണ് റീവാല്യൂവേഷനും പരീക്ഷപേപ്പറിന്റെ പകര്‍പ്പിനും യൂണിവേഴ്‌സിറ്റി ഈടാക്കുന്നത്. പരീക്ഷയില്‍ തോറ്റ ഭൂരിഭാഗം കുട്ടികളും റീവാല്യൂവേഷനില്‍ പാസ്സ് ആകാറുണ്ട്. രണ്ടുപേര്‍ വീതം ഓരോ പേപ്പറും മൂല്യനിര്‍ണയം നടത്തുന്ന സംവിധാനമുണ്ടായിട്ടും ഇത്തരം പാകപ്പിഴവുകള്‍ സംഭവിക്കുന്നതെങ്ങനെയാണ്? സര്‍വ്വകലാശാലയുടെ പിഴവുകള്‍ ഇതാദ്യ സംഭവമല്ല. ശാശ്വതമായ പരിഹാരമാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യം.’

വിദ്യാര്‍ത്ഥികളുടെ ആരോപണവുമായി ബന്ധപ്പെട്ട് കെടിയു രജിസ്ട്രാറുമായും ഓഫീസുമായും ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പ്രതികരിച്ചിരുന്നില്ല.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍