UPDATES

ട്രെന്‍ഡിങ്ങ്

സാങ്കേതിക സര്‍വ്വകലാശാല ഒരു ഏകാധിപതിയുടെ കീഴില്‍ തകരുകയാണെന്ന് വിദ്യാര്‍ഥികള്‍; സമരം ഒരുമാസം പിന്നിടുന്നു

എക്‌സാം അടുത്തിരിക്കുന്നു. എക്‌സാം മുടക്കിക്കൊണ്ട് സമരം ചെയ്യാനാണ് തീരുമാനം.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കേരളാ സാങ്കേതിക സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സമരത്തിന് നേരെ കണ്ണടച്ച് അധികൃതര്‍. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് സിസ്റ്റത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒരു മാസമായി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരമാണ് വീണ്ടും ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടാന്‍ പോകുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ന്യായമായ അക്കാദമിക് പരിഷ്‌കാരങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരത്തിന് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 85 ശതമാനം എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇയര്‍ബാക്ക് സിസ്റ്റം നടപ്പിലാക്കണമെന്നതായിരുന്നു വിദ്യാര്‍ത്ഥി സമരത്തിലെ മുഖ്യ ആവശ്യം. ഗവര്‍ണറും വിദ്യാഭ്യാസ മന്ത്രിയും നേരിട്ടിടപ്പെട്ട സമരമാണ് മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ വീണ്ടും വാഗ്ദാനങ്ങളില്‍ ഒതുങ്ങിപ്പോവുന്നതെന്നാണ് സെമസ്റ്റര്‍ എക്‌സാമുകള്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ വേളയില്‍ വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നത്.

ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡിയിലെ ഇലക്ട്രോണിക് വിഭാഗം വിദ്യാര്‍ത്ഥി വിശാല്‍ പറയുന്നത്;

നിലവില്‍ ഇയര്‍ബാക്ക് സിസ്റ്റം നടപ്പിലാക്കുന്നത് യൂണിവേഴ്‌സിറ്റി ഇത്രയും കാലം ചെയ്തുവെന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണോ, അതെല്ലാം അതേപോലെ നിലനിര്‍ത്തികൊണ്ടാണ്. ഒരുമാസം മുന്നേ തുടങ്ങിയതാണ് കെ.ടി.യു വിദ്യാര്‍ത്ഥി സമരം. യൂണിവേഴ്‌സിറ്റി വി സി കുഞ്ചറിയ കെ. ഐസക്കിനു പുറമെ കേരളാ ഗവര്‍ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതികള്‍ നല്കിയതുമാണ്. എന്നാല്‍ വി.സിയുടെ അധികാരത്തിനുമേല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പോലും ഇടപെടാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഇവിടെ നിയമങ്ങള്‍ എഴുതുന്നതും നടപ്പിലാക്കുന്നതും വൈസ് ചാന്‍സിലര്‍ എന്ന ഏകാധിപതിയാണ്. വിദ്യാര്‍ത്ഥി സമരത്തോട് ഗവര്‍ണര്‍ വളരെ പോസിറ്റീവ് സമീപനമാണ് കാണിച്ചിരുന്നത്. ഞങ്ങള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്കെതിരെ അനുകൂല നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടതുമാണ്. എന്നാല്‍ ഇതുവരെ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

ഈ വരുന്ന മാസം, അതായത് ഡിസംബറില്‍ ഞങ്ങള്‍ക്ക് സെമസ്റ്റര്‍ എക്സാമുകള്‍ തുടങ്ങാന്‍ പോവുകയാണ്. മുന്നേ നടത്തിയ ചര്‍ച്ചകളില്‍ അവര്‍ സമ്മതിച്ച പ്രകാരമാണെങ്കില്‍ എക്‌സാമിനു മുന്നെ ഇയര്‍ ബാക്ക് സിസ്റ്റത്തില്‍ മാറ്റം വരുത്തണം. അതിന് മുന്നേ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടുമവര്‍ക്ക് ഈ വര്‍ഷം ഇയര്‍ ബാക്ക് നടത്താന്‍ സാധിക്കും. അതേ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാകണം, ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ച്, നടപടികള്‍ക്ക് കാലതാമസം വരുത്തുന്നത്.

ഇയര്‍ ബാക്ക് സിസ്റ്റം പൂര്‍ണ്ണമായി എടുത്തു കളയണമെന്നല്ലായിരുന്നു ഞങ്ങളുടെ ആവശ്യം. നിലവിലെ ക്രെഡിറ്റുകളില്‍ മാറ്റം വരുത്തിയ ശേഷം ഇയര്‍ബാക്ക് നടപ്പിലാക്കുക എന്നുമാത്രമായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്. അധികാരികളുമായി നടത്തിയ ആദ്യ ചര്‍ച്ചകളില്‍ അവര്‍ തന്ന ഉറപ്പ്, ഇനി മുതല്‍ രണ്ടു സെഷനില്‍ മാത്രമേ ഇയര്‍ ഔട്ട് നടപ്പിലാക്കുകയുള്ളൂ എന്നാണ്. അതും വിദ്യാര്‍ത്ഥികള്‍ക്ക് യോജിച്ച ക്രെഡിറ്റുകളെ മാനദണ്ഡമാക്കി മാത്രം എന്നുമായിരുന്നു. അതുപ്രകാരം , രണ്ടാം വര്‍ഷത്തില്‍ നിന്ന് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 26 ക്രെഡിറ്റും മൂന്നാം വര്‍ഷത്തില്‍ നിന്ന് നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 52 ക്രെഡിറ്റുമാണ് യോഗ്യതയായി കണക്കാക്കുന്നത്. അവര്‍ തന്നെ മുന്നോട്ടുവച്ച ഈ നിര്‍ദേശം പാതി മനസ്സോടെയാണെങ്കിലും ഞങ്ങള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ സമ്മതിച്ചതാണ്. എന്നാല്‍ അതുപോലും ഈ സമയം വരെ നടപ്പിലാക്കിയിട്ടില്ല. ഒരു അന്തിമ ചര്‍ച്ച കൂടിയ ശേഷം എല്ലാം ചെയ്തു തരാമെന്നാണ് അധികാരികള്‍ മുന്‍പേ പറഞ്ഞത്. എന്നാല്‍, വൈസ് ചാന്‍സിലര്‍, കാരണമില്ലാതെ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടു പോവുകയാണ്. ഓരോ തവണയും ഒഴിവുകഴിവുകള്‍ പറഞ്ഞ് അദ്ദേഹം വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച മാറ്റിവയ്ക്കുന്നു. ഇനി പത്തു ദിവസം കൂടിയേ ഈ സെമസ്റ്ററില്‍ റെഗുലര്‍ ക്ലാസ്സുകള്‍ ഉള്ളൂ. അതുകഴിഞ്ഞാല്‍ എക്‌സാം തുടങ്ങും. അതിനുമുന്നേ നടപടിയുണ്ടായാലെ ഇയര്‍ബാക്കില്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ. ചര്‍ച്ചക്ക് മുഖം തരാതെ വൈസ് ചാന്‍സിലര്‍ ഒഴിവുകഴിവുകള്‍ പറയുന്നതും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്.

“ഇവര്‍ ഞങ്ങളെ വഞ്ചിക്കുകയാണ്, ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്”; കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആറാം ദിവസവും സമരത്തില്‍

എക്‌സാമിനു മുന്നേ നിലവിലെ സിസ്റ്റത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വീണ്ടുമവര്‍ക്ക് പഴയ ക്രെഡിറ്റുകള്‍ പ്രകാരം ഇയര്‍ബാക്ക് നടപ്പിലാക്കാവുന്നതെയുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് വഴങ്ങില്ലെന്ന വൈസ് ചാന്‍സിലറുടെ അഹങ്കാരവും സ്വാര്‍ത്ഥതയും കൊണ്ട് ചര്‍ച്ചകള്‍ മന:പൂര്‍വം വൈകിപ്പിക്കുന്നു. വീണ്ടും വിദ്യാര്‍ഥികളെ ഇയര്‍ബാക്കിലേക്ക് തള്ളിവിടുന്നു. പതിനൊന്നായിരം പേരാണ് ഇതിന്റെ ഇരകളാകാന്‍ പോകുന്നത്.

മറ്റൊരു കാര്യം അറിയാന്‍ കഴിഞ്ഞത് ഡിസംബര്‍ അവസാനത്തോടെ കുഞ്ചറിയ ഐസക് മാറി പുതിയ വൈസ് ചാന്‍സിലര്‍ വരും എന്നാണ്. അതുകൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാകണം അദ്ദേഹം മാറ്റങ്ങള്‍ക്ക് കാലതാമസം ഉണ്ടാക്കുന്നത്. തന്റെ കാലയളവില്‍ ഇയര്‍ബാക്കില്‍ മാറ്റം വരുത്തേണ്ടിവന്നാല്‍ രാജി വെക്കാന്‍ ഒരുക്കമാണെന്നദ്ദേഹം മുന്‍പേ വെല്ലുവിളിച്ചതാണ്. വരാന്‍ പോകുന്ന പുതിയ വൈസ് ചാന്‍സിലര്‍ മാറ്റങ്ങള്‍ വരുത്തട്ടെ, തന്റെ കാലയളവില്‍ ഒന്നിനും സൗകര്യമില്ലെന്ന മനോഭാവമാകാം. പക്ഷെ, അപ്പോഴും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമില്ല. എക്സാമുകള്‍ അപ്പോഴേക്കും അവസാനിക്കും. അതിനു മുന്നേ ഇയര്‍ബാക്കില്‍ മാറ്റം വന്നാല്‍ അല്ല കാര്യമുള്ളൂ.

സത്യത്തില്‍ ഞങ്ങള്‍ കെ.ടി.യു എന്നൊരു കെണിയിലകപ്പെട്ടിരിക്കുകയാണ്. ഒരു ഏകാധിപതിയെപ്പോലെയാണ് വൈസ് ചാന്‍സിലര്‍ യൂണിവേഴ്‌സിയിറ്റി ഭരിക്കുന്നത്. ഒട്ടും ജനാധിപത്യപരമല്ലാത്ത നിയമങ്ങള്‍ മാത്രം. വിദ്യാര്‍ത്ഥികള്‍ക്ക് കേവലം മാനുഷിക പരിഗണന പോലും ലഭിക്കുന്നില്ല. നിലവില്‍ ഞങ്ങളുടെ എക്സാമുകള്‍ നടത്തുന്നതും മൂല്യ നിര്‍ണയം ചെയ്യുന്നതുമെല്ലാം പ്രൈവറ്റ് കമ്പനികളാണ്. ഇതൊഴിവാക്കി യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായി IT സെല്‍ രൂപീകരിക്കുക, റിസള്‍ട്ടുകള്‍ കൃത്യമായ കാലയളവില്‍ പ്രസിദ്ധീകരിക്കുക, ന്യായമായ ക്രെഡിറ്റുകള്‍ മാനദണ്ഡമാക്കി മാത്രം ഇയര്‍ബാക്ക് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഞങ്ങള്‍ സമരത്തിലൂടെ മുന്നോട്ട് വച്ചിരുന്നത്. എല്ലാം ചെയ്തുതരാമെന്ന വാഗ്ദാനങ്ങള്‍ എല്ലാം വാഗ്ദാനങ്ങളായി മാത്രം ബാക്കി നില്‍ക്കുന്നു.

ഇവര്‍ അംഗീകരിച്ച്,നടപ്പില്‍ വരുത്തിയ ഒരു വാഗ്ദാനം, പുനര്‍മുല്യനിര്‍ണ്ണയത്തിനടച്ച പണം മാര്‍ക്കുകളില്‍ മാറ്റം വന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുനല്കുമെന്നാണ്. രണ്ടുദിവസം മുന്‍പ് ഇതിന്റെ അറിയിപ്പുകള്‍ കോളേജുകളില്‍ എത്തി. എന്നാല്‍ വന്ന നോട്ടിഫിക്കേഷന്‍ പ്രകാരം, പണമടച്ചവര്‍ക്ക് റീഫണ്ട് ലഭിച്ചതുമില്ല, പണമടക്കാത്തവര്‍ക്ക് റീഫണ്ട് അനുവദിച്ചുമിരിക്കുന്നു. യൂണിവേഴ്‌സിറ്റിയുടെ നിലവാരത്തകര്‍ച്ച എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ ഇതിലും വലിയ ഉദാഹരണങ്ങള്‍ തിരയേണ്ട ആവശ്യമില്ല. ഇതോടൊപ്പം റീവാലുവേഷന്‍ നല്‍കിയ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും മാര്‍ക്കുകള്‍ കുത്തനെ കുറയുകയാണ് ചെയ്തത്. A ഗ്രേഡ് ഉണ്ടായിരുന്ന പലരും പുനര്‍മൂല്യനിര്‍ണ്ണയ റിസള്‍ട്ടില്‍ തോറ്റതായിക്കാണിക്കുന്നു. A ഗ്രേഡും തോല്‍വിയും തമ്മില്‍ ഏകദേശം 45 മാര്‍ക്കിന്റെ വ്യത്യാസമുണ്ട്. എങ്ങനെയാണ് അത്ര വലിയ മാര്‍ക്കിന്റെ നോട്ടപ്പിശക് സംഭവിച്ചത്?

പ്രൊഫ. രവീന്ദ്രനാഥ്, മന്ത്രി ചെയ്യേണ്ടത് വാഗ്ദാനം നല്‍കി ഇറങ്ങിപ്പോവുകയല്ല; പ്രശ്നപരിഹാരമുണ്ടാക്കുകയാണ്

ന്യായമായ ചില ചുരുങ്ങിയ ആവശ്യങ്ങള്‍ മാത്രമാണ് ഈ സമരത്തിലൂടെ ഞങ്ങള്‍ മുന്നോട്ടു വച്ചത്. കേരളാ യൂണിവേഴ്‌സിറ്റിക്ക് ശേഷം കേരളത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയാണ് കെ.ടി.യു. എന്നാല്‍ നിലവാരത്തകര്‍ച്ചയുടെ അങ്ങേയറ്റം എത്തിയിരിക്കുന്നു. അധികാരികള്‍ തന്ന ഉറപ്പിന്മേലാണ് തല്‍ക്കാലികമെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പേ ഞങ്ങള്‍ സമരം നിര്‍ത്തി വെച്ചത്. അതൊന്നും നടപ്പിലാക്കാത്ത പക്ഷം സമരം തുടരാനാണ് വിദ്യാര്‍ത്ഥി സംഘടന തീരുമാനിച്ചിരിക്കുന്നത്.

എക്‌സാം അടുത്തിരിക്കുന്നു. എക്‌സാം മുടക്കിക്കൊണ്ട് സമരം ചെയ്യാനാണ് തീരുമാനം. എക്സാമുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് സമരം നടത്തിയ മുന്‍ അനുഭവം ഞങ്ങള്‍ക്കുണ്ട്. അത് വീണ്ടും ആവര്‍ത്തിക്കും. പരീക്ഷകള്‍ നടത്താന്‍ അനുവദിക്കാതിരിക്കുക എന്നതെല്ലാം ഞങ്ങളുടെ അക്കാദമിക്കിനേയും കരിയറിനെയും സാരമായി ബാധിക്കും. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. കാരണം ഇത് ഞങ്ങളുടെ നിലനില്പിനായുള്ള പോരാട്ടമാണ്. കഥകളില്‍ മാത്രം കേട്ടു പരിചയമുള്ള ഏകാധിപതിമാര്‍ക്ക് സമാനമായി ഭരണം നടത്തുന്ന ഒരു യൂണിവേഴ്‌സിറ്റി ഭരണകൂടത്തിനെതിരെയും വൈസ് ചാന്‍സിലര്‍ എന്ന ഭരണാധികാരിക്കുമെതിരെ ഒരു പറ്റം വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം.”

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍