UPDATES

ട്രെന്‍ഡിങ്ങ്

‘ശബരിമല വിഷയത്തില്‍ മുങ്ങിപ്പോയ ഞങ്ങളുടെ സമരം അതിനു ശേഷമെങ്കിലും മാധ്യമങ്ങളും ജനങ്ങളും ശ്രദ്ധിക്കുമെന്ന് കരുതി’; നിപയില്‍ നിന്ന് കേരളത്തെ രക്ഷിച്ചവര്‍ ഇന്ന് പെരുവഴിയിലാണ്

നിപ്പാ വാര്‍ഡില്‍ ജോലി ചെയ്തവര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയുണ്ടാക്കില്ലെന്ന സര്‍ക്കാരിന്റെ വാക്ക് എവിടെപ്പോയെന്ന്‌ സമരത്തില്‍ പങ്കെടുക്കുന്ന നഴ്സിംഗ് അസിസ്റ്റന്റ് മിനി ചോദിക്കുന്നു.

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം ഏട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ കെട്ടിയ സമരപ്പന്തലില്‍ രാപ്പകല്‍ ഇരുന്ന് സമരം ചെയ്യുകയാണ് നാല്‍പ്പത്തിയഞ്ചു ജീവനക്കാര്‍. നിപ്പാക്കാലത്ത് സ്ഥിരം ജീവനക്കാരാരും ജോലിക്കെത്താതിരുന്നപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജീവന്‍ പോലും പണയം വച്ച് വാര്‍ഡിലെ ചുമതലകളേറ്റെടുത്തവരുടെ അതിജീവന സമരം പക്ഷേ, നാളിത്രയായിട്ടും അധികൃതരോ മാധ്യമങ്ങളോ ഏറ്റെടുത്തിട്ടില്ല എന്ന പരാതിയാണിവര്‍ക്ക്.

‘ജനുവരി രണ്ടിന് വാര്‍ത്താസമ്മേളനമൊക്കെ വിളിച്ചതാണ്. പക്ഷേ ചില പത്രങ്ങളൊഴിച്ച് മറ്റാരും വാര്‍ത്ത കൊടുത്തതായി കണ്ടില്ല. കഴിഞ്ഞ നവംബറില്‍ ഈ പ്രശ്നം വന്നപ്പോള്‍ ഒറ്റ ദിവസത്തെ പ്രതിഷേധം കൊണ്ടു തന്നെ ഫലം കണ്ടിരുന്നു. ഇതിപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ വന്ന് പിന്തുണ പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ മറ്റെല്ലാവരും കണ്ടില്ലെന്നു നടിക്കുകയാണ്.’ ജീവനക്കാര്‍ പറയുന്നു.

ശബരിമല വിഷയത്തില്‍ മുങ്ങിപ്പോയ തങ്ങളുടെ സമരം അതിനു ശേഷമെങ്കിലും ജനങ്ങള്‍ ശ്രദ്ധിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍, നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴും സത്യാഗ്രഹപ്പന്തലില്‍ ഇവര്‍ തനിച്ചാണ്. മെഡിക്കല്‍ കോളേജ് അധികൃതര്‍ വന്നന്വേഷിക്കുകയോ വാക്കു തന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. ശുചീകരണത്തൊഴിലാളികളും നഴ്സുമാരും നഴ്സിംഗ് അസിസ്റ്റന്റുമാരുമടങ്ങുന്നവരെയാണ് ജനുവരി ഒന്നു മുതല്‍ ജോലിക്കെത്തേണ്ടെന്നു പറഞ്ഞ് തിരിച്ചയച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

സൂപ്രണ്ടിന്റേയും പ്രിന്‍സിപ്പാളിന്റേയും നഴ്സിംഗ് സൂപ്രണ്ടുമാരുടേയും ഇടപെടലാണ് തങ്ങളുടെ താല്‍ക്കാലിക ജോലി നഷ്ടപ്പെടാന്‍ കാരണമായതെന്ന് ഇവര്‍ പരാതിപ്പെടുന്നുണ്ട്. ജൂണില്‍ ജോലിക്കു കയറിയവരും സെക്യൂരിറ്റി സ്റ്റാഫടക്കമുള്ളവരും സ്ഥിരനിയമനം നേടിയപ്പോള്‍ തങ്ങള്‍ മാത്രം എങ്ങിനെ പുറത്തായി എന്നാണ് ഇവര്‍ക്കു ചോദിക്കാനുള്ളത്. നാല്‍പത്തിയഞ്ചു പേരുടേയും കാര്യത്തില്‍ തീരുമാനമുണ്ടായ ശേഷമേ സമരത്തില്‍ നിന്നും പിന്തിരിയുകയുള്ളൂ എന്നും ഇവര്‍ പറയുന്നുണ്ട്.

വനിത മതിലും ശബരിമല യുവതി പ്രവേശനവും മാത്രമല്ല, നിപ്പ കാലത്ത് ജീവന്‍ പണയംവച്ച് ജോലി ചെയ്ത ഈ സ്ത്രീകളുടെ സമരവും ചര്‍ച്ച ചെയ്യണം കേരളം

എന്നാല്‍, ജീവനക്കാര്‍ തനിക്കെതിരെ പരാതിപ്പെടുമ്പോഴും ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന് മെഡിക്കല്‍ കോളേജിനുള്ള പരിമിതികള്‍ വ്യക്തമാക്കുകയാണ് സൂപ്രണ്ട് ഡോ.സജിത് കുമാര്‍. ജീവനക്കാരെ സ്ഥിരപ്പെടുത്താനോ ജോലിയില്‍ തുടരാനുള്ള സാഹചര്യമൊരുക്കാനോ സൂപ്രണ്ടെന്ന നിലയില്‍ തനിക്ക് അധികാരമില്ലെന്ന് ഡോ.സജിത് കുമാര്‍ പറയുന്നു.

‘ഞാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് മാത്രമാണ്. എനിക്ക് ഇഷ്ടംപോലെ ആളുകളെ നിയമിക്കാനുള്ള അനുമതിയൊന്നുമില്ല. മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിലെ മെഡിക്കല്‍ പ്രൊഫസറാണ് ഞാന്‍. അതിനൊപ്പം ഞാന്‍ ചെയ്യുന്ന ജോലിയാണിത്. നിപ പനി പടര്‍ന്ന കാലത്ത് അധിക ജോലിക്കായി ആളുകളെ ആവശ്യം വന്നപ്പോള്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചവരാണ് ഇപ്പോള്‍ സമരം ചെയ്യുന്നവര്‍. 89 ദിവസത്തേക്കായിരുന്നു ആ നിയമനം. അതിനു ശേഷം മറ്റൊരു 89 ദിവസം കൂടി ഇവര്‍ക്ക് നീട്ടിക്കൊടുക്കുകയും ചെയ്തതാണ്. താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ച ആളുകളെ കരാര്‍ കാലാവധി കഴിഞ്ഞാല്‍ തുടരാന്‍ അനുവദിക്കുന്നതെങ്ങനെയാണ്? കരാര്‍ കാലാവധി കഴിഞ്ഞാല്‍പ്പിന്നെ ഏതു ഫണ്ടില്‍ നിന്നാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കുക?

കാലാവധി കഴിഞ്ഞിട്ടും നിപാക്കാലത്ത് ജോലി ചെയ്തവര്‍ എന്ന പരിഗണനയിലാണ് സര്‍ക്കാര്‍ എല്ലാവര്‍ക്കും 89 ദിവസം അധികമായി നീട്ടിക്കൊടുത്തത്. അക്കാലത്ത് പ്രതിഫലം കൊടുത്തിട്ടുള്ള ഫണ്ടൊക്കെ മറ്റൊരു വിധത്തില്‍ റിസ്‌കെടുത്ത് വകയിരുത്തിയതാണ്. അതിനിനി ഓഡിറ്റ് ഒബ്ജക്ഷന്‍ വരുമോയെന്നും അറിയില്ല. കഴിഞ്ഞ നവംബറില്‍ ആരോഗ്യമന്ത്രി ഇടപെട്ട് വീണ്ടും ഒരു മാസം കൂടി നീട്ടിക്കൊടുത്തിരുന്നു. ആ കാലാവധി ഡിസംബര്‍ 31ന് തീര്‍ന്നതാണ്. ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളേജിനും സൂപ്രണ്ടിനും തീരുമാനമെടുക്കുന്നതില്‍ പരിമിതികളുണ്ട്. അടുത്ത ദിവസവേതന നിയമനത്തിന്റെ ഇന്റര്‍വ്യൂകള്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുത്താല്‍, ഇവര്‍ക്ക് മുന്‍ഗണന കൊടുക്കാം എന്നതാണ് നമുക്കു ചെയ്യാന്‍ പറ്റുന്ന കാര്യം. പ്രതിനിധികള്‍ സംസാരിക്കാനെത്തിയപ്പോള്‍ അക്കാര്യം അറിയിച്ചതുമാണ്. പക്ഷേ, ഈ ഇന്‍ര്‍വ്യൂവില്‍ ഇവരാരും പങ്കെടുത്തിട്ടില്ല എന്നാണ് ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.’ഡോ.സജിത് കുമാര്‍  വ്യക്തമാക്കി.

താല്‍ക്കാലിക നിയമനത്തിന് ഒഴിവുകള്‍ വരുമ്പോള്‍ ഈ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും, എന്നാല്‍ അതിനായി അവര്‍ അഭിമുഖത്തിന് ഹാജരാകേണ്ടി വരുമെന്നും സൂപ്രണ്ട് വിശദീകരിക്കുന്നുണ്ട്. എന്നാല്‍, സൂപ്രണ്ടിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്കും തടസ്സങ്ങളുണ്ടെന്നാണ് ജീവനക്കാരുടെ പക്ഷം. അഭിമുഖത്തിനെത്തിയാല്‍ നാല്‍പത്തിയഞ്ചു പേര്‍ക്കും ജോലി ലഭിക്കുമോയെന്നും നിപ്പാ വാര്‍ഡില്‍ ജോലി ചെയ്തവര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയുണ്ടാക്കില്ലെന്ന സര്‍ക്കാരിന്റെ വാക്ക് എവിടെപ്പോയെന്നും സമരത്തില്‍ പങ്കെടുക്കുന്ന നഴ്സിംഗ് അസിസ്റ്റന്റ് മിനി ചോദിക്കുന്നു.

EXPLAINER: നിപ വൈറസ് അറിയേണ്ടതെല്ലാം; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

‘ഈ പറയുന്ന അഭിമുഖത്തില്‍ ഞങ്ങള്‍ പങ്കെടുത്താല്‍ പുതുതായി ജോലി തേടുന്നവരുടെ കൂട്ടത്തിലാവില്ലേ. നിപ വാര്‍ഡില്‍ ജോലി ചെയ്തവരാണ് ഞങ്ങള്‍. ഇത്ര കാലത്തെ പ്രവര്‍ത്തിപരിചയവും അത്യാവശ്യ ഘട്ടത്തില്‍ മെഡിക്കല്‍ കോളജിനൊപ്പം നിന്ന പാരമ്പര്യവുമുള്ളവരാണ്. ഇനി അഭിമുഖത്തിന് പോയാല്‍ത്തന്നെ ഞങ്ങള്‍ നാല്‍പത്തിയഞ്ചു പേര്‍ക്കും ഈ പരിഗണന തന്ന് ജോലിക്കെടുക്കാന്‍ സാധിക്കുമോ? ഞങ്ങള്‍ക്ക് തന്ന വാക്കു പാലിക്കാത്തതിന്റെ കാരണം മാത്രമേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ.

മാത്രമല്ല, ദിവസവേതനത്തില്‍ ജോലി ചെയ്യാന്‍ ഇപ്പോള്‍ ശുചീകരണത്തൊഴിലാളികളെയാണ് വിളിച്ചിരിക്കുന്നത്. നഴ്സുമാരേയും എടുത്തിട്ടുണ്ട്. അത്തരമൊരു ഇന്റര്‍വ്യൂ നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്ക് ഇല്ലതാനും. ഞങ്ങള്‍ നാല്‍പത്തിയഞ്ചു പേരെ എടുത്തതിനു ശേഷം ബാക്കിയുള്ള ഒഴിവുകളിലേക്ക് പുതിയ ആളുകളെ എടുത്താല്‍ പോരേ? ഫണ്ടില്ല എന്നു പറയുമ്പോഴും നൂറോളം പേരെ പുതിയതായി എടുത്തല്ലോ. അപ്പോള്‍ ഞങ്ങളെ എങ്ങിനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയല്ലേ ഇവര്‍ക്കുള്ളത്?’ മിനി പറഞ്ഞുനിര്‍ത്തി.

നവംബറില്‍ ജോലിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ ഇടപെട്ടാണ് ഇവര്‍ക്ക് ഡിസംബര്‍ 31 വരെ സമയം നല്‍കിയതും, സ്ഥിരമായി ജോലി നല്‍കുമെന്ന് വാക്കു കൊടുത്തതും. എന്നാല്‍, ഇക്കാര്യവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളോ ഉത്തരവുകളോ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് സൂപ്രണ്ടും പറയുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി സ്ഥിരമായി നല്‍കാന്‍ നിയമപ്രകാരം വ്യവസ്ഥയില്ലെന്ന് അറിയാമെങ്കിലും, സര്‍ക്കാരും മന്ത്രിമാരും നല്‍കിയ വാക്കുകള്‍ വിശ്വസിച്ചുവെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ വാക്കുപാലിക്കാതെ പിന്മാറ്റമില്ലെന്നാണ് ഇവരുടെ പക്ഷം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍