സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ.ബി. മേനോന്‍ മുതല്‍ ഇരു മുന്നണികളിലും മത്സരിച്ചു ജയിച്ചിട്ടുള്ള കെ.പി. ഉണ്ണികൃഷ്ണന്‍ വരെയുള്ളവര്‍ക്കു വേണ്ടി വടകരയോട് വോട്ടു ചോദിച്ചിട്ടുള്ള കാളങ്ങള്‍ ഇത്തവണ പി.ജയരാജനു വേണ്ടിയും വോട്ടഭ്യര്‍ത്ഥനയുമായിറങ്ങും
‘പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ഓരോന്നും..’ എന്ന ആഹ്വാനവുമായി സൈക്കിളിലും ചെറിയ വാഹനങ്ങളിലും സഞ്ചരിച്ചും, കവലകളില്‍ കൂടിനിന്നും പാര്‍ട്ടിക്കാരും സ്ഥാനാര്‍ത്ഥികളും വോട്ടു ചോദിച്ചിരുന്ന തെരഞ്ഞെടുപ്പു കാലങ്ങളുടെ ഓര്‍മകള്‍ പഴമക്കാര്‍ക്ക് ഇപ്പോഴും പറയാനുണ്ടാകും. കാലം മാറിയതിനനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചരണരീതികളും വല്ലാതെ മാറിക്കഴിഞ്ഞു. വാട്സ്ആപ്പും ഫേസ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങളാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ചൂടേറിയ മാധ്യമങ്ങള്‍. നോട്ടീസുകളുടെയും അനൗണ്‍സ്മെന്റുകളുടെയും കാലം പതിയെയാണെങ്കിലും വിടവാങ്ങിത്തുടങ്ങുകയാണ്. ഡിജിറ്റല്‍ പ്രചരണോപാധികള്‍ അരങ്ങുവാഴുന്ന ഇക്കാലത്തും, തലശ്ശേരിയിലെ ഗ്രാമങ്ങളില്‍ വോട്ടഭ്യര്‍ത്ഥന ഇപ്പോഴും മെഗാഫോണ്‍ വഴി തന്നെയാണ്. വൈദ്യുതി വഴി പ്രവര്‍ത്തിക്കുന്ന ആധുനിക മെഗാഫോണല്ല, തകിടു പരത്തി കൈകൊണ്ടുണ്ടാക്കുന്ന പഴയ മെഗാഫോണ്‍. അഥവാ, നാട്ടുഭാഷയില്‍ കാളം. കാളത്തിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയതാകട്ടെ, സമീര്‍ എന്ന തലശ്ശേരിക്കാരനും.
പിതാവ് ഹസ്സന്‍ കാളങ്ങളുണ്ടാക്കിയിരുന്ന കാലത്ത്, ഒട്ടേറെ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ ഈ മെഗാഫോണുകള്‍ വഴി കേട്ട അനുഭവമുണ്ട് സമീറിന്. തലശ്ശേരിയുള്‍പ്പെടുന്ന വടകര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പടുത്താല്‍, ഹസ്സന്റെ പഴയ തകരക്കടയിലും തിരക്കേറുമായിരുന്നു. വിവിധ പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ത്തന്നെ തകരക്കാളങ്ങള്‍ നിര്‍മിച്ചു വാങ്ങിക്കാനെത്തിയിരുന്ന പഴയ കാലത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും സമീറിനെ വിട്ടുപോയിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം കാളങ്ങള്‍ തിരിച്ചുവരവു നടത്തുന്നതും അതേ തകരക്കടയിലൂടെയായതില്‍ സമീറിന് അഭിമാനവുമുണ്ട്. ഹസ്സന്റെ തകരക്കട സാജിറ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ സമീര്‍ ഇപ്പോഴും പഴയ മാര്‍ക്കറ്റില്‍ നടത്തിപ്പോരുന്നുണ്ട്. അപ്രതീക്ഷിതമായിട്ടാണ്, ഒരിക്കല്‍ നിര്‍ത്തവച്ച കാളങ്ങളുടെ നിര്‍മാണം സാജിറ ഇന്‍ഡസ്ട്രീസില്‍ വീണ്ടും പുനരാരംഭിക്കുന്നത്. 2015ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു കാലത്താണ് സമീറിനോട് ആദ്യമായി ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ കാളങ്ങള്‍ നിര്‍മിച്ചുനല്‍കാമോ എന്ന് ചോദിക്കുന്നത്. എത്രയോ വര്‍ഷക്കാലങ്ങള്‍ക്കു ശേഷം, ഓര്‍മയില്‍ നിന്നും പൊടിതട്ടിയെടുത്ത് അങ്ങിനെ സമീര്‍ വീണ്ടും ഒരു കാളമുണ്ടാക്കി. തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തലശ്ശേരി മണ്ഡലത്തിലെ പ്രചരണങ്ങള്‍ക്കായി സമീറിന്റെ കാളങ്ങള്‍ തേടി ധാരാളം ഓര്‍ഡറുകളെത്തി.
‘ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് കുറച്ചാളുകള്‍ ഓര്‍ഡര്‍ തന്നിരുന്നു. പഴയ രീതിയിലുള്ള മെഗാഫോണുകള്‍ ആവശ്യപ്പെട്ട് എത്തിയവരാണ് സത്യത്തില്‍ ഇത് രണ്ടാമത് ഉണ്ടാക്കാനുള്ള സാഹചര്യമൊരുക്കിയത്. ഗ്രാമസഭകളും വാര്‍ഡ് സഭകളും കൂടുമ്പോള്‍ കാളങ്ങള്‍ ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. സഭ നടക്കുന്നയിടത്ത് കൊണ്ടുവയ്ക്കും. വാപ്പയുടെ കാലത്ത് ധാരാളമായി കാളങ്ങള്‍ ഉണ്ടാക്കിയിരുന്നത് കണ്ടിട്ടുണ്ട്. വാപ്പയുടെ വാപ്പയ്ക്കും ഇതേ മേഖലയിലായിരുന്നു തൊഴില്‍. ആ പഴയ തൊഴിലിന്റെ ഓര്‍മയ്ക്കായാണ് ഇന്ന് ഈ കട കൊണ്ടു നടക്കുന്നതും. ഇപ്പോള്‍ ടൗണില്‍ രണ്ടു കടകളുണ്ട് ഞങ്ങള്‍ക്ക്. പണ്ട് ജനകീയാസൂത്രണം, സാക്ഷരതാ പദ്ധതികള്‍ ഒക്കെ നിലവില്‍ വന്നിരുന്ന കാലത്ത് കാളങ്ങള്‍ വന്‍തോതില്‍ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. എന്റെയൊക്കെ ചെറുപ്പകാലത്താണ്. അക്കാലത്താണ് ഇതിന് ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്നതും, വലിയ തോതില്‍ ഉപയോഗിക്കപ്പെട്ടിരുന്നതും. ഇത്തരം പദ്ധതികളൊക്കെ ഓരോ പ്രദേശത്തും പോയി അനൗണ്‍സ് ചെയ്ത് ആളുകളെ അറിയിച്ച്, എല്ലാവരെയും ഇതില്‍ പങ്കാളികളാക്കാനുള്ള മാര്‍ഗ്ഗമായിരുന്നു കാളങ്ങള്‍. അക്കാലത്തിനു ശേഷം പിന്നെ ഇപ്പോഴാണ് കാളം വീണ്ടും ഇവിടെയൊക്കെ കണ്ടു തുടങ്ങുന്നത്. പഴയ ആളുകള്‍ക്കൊക്കെ ഇത് കണ്ടും കേട്ടും ശീലമാണ്. പക്ഷേ, പുതിയ തലമുറക്കാര്‍ക്ക് കാളം വലിയ കൗതുകമാണ്. ശബ്ദമലിനീകരണം കാരണം ഇപ്പോള്‍ മൈക്കുകള്‍ക്കൊന്നും പലയിടത്തും അനുമതി കൊടുക്കുന്നില്ലല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ഈ മെഗാഫോണുകള്‍ വലിയ അനുഗ്രഹമാണ്.’ തിരികെയെത്തുന്ന ‘കാളം തരംഗ’ത്തെക്കുറിച്ചും, വീണ്ടും ഇവ നിര്‍മിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സമീര്‍ പറയുന്നു.
സി.പി.എം തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ തലശ്ശേരി ടൗണ്‍ മേഖലാ സെക്രട്ടറിയുമായ സമീറിന്, ഓര്‍ഡറുകള്‍ ഏറെ ലഭിക്കുന്നത് സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും തന്നെയാണ്. സമീര്‍ നേരിട്ടുണ്ടാക്കുന്നവയാണ് ഓരോ കാളവും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും പങ്കെടുക്കേണ്ടതിനാല്‍ പുതിയ ഓര്‍ഡറുകള്‍ കുറച്ചുമാത്രമേ എടുക്കുന്നുള്ളൂ എന്ന് സമീര്‍ പറയുന്നു. ജോലിയില്‍ സമീറിനെ സഹായിക്കാനായി ഗോഡൗണില്‍ തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെങ്കിലും, ഓരോ കാളത്തിന്റെയും അവസാനവട്ട മിനുക്കുപണിയില്‍ സമീറിന്റെ കൈ പതിഞ്ഞേ മതിയാകൂ. എയര്‍ ഫ്ളോയും എക്കോയുമെല്ലാം പരിശോധിച്ച്, അനൗണ്‍സ് ചെയ്യാന്‍ വായോടു ചേര്‍ന്നു വയ്ക്കുന്ന നാളം പോലുള്ള ഭാഗത്ത് ഫിനിഷിംഗ് വര്‍ക്കും ചെയ്തെങ്കിലേ കാളത്തിന്റെ ജോലി പൂര്‍ത്തിയാകുന്നുള്ളൂ. ഇത് ചെയ്യേണ്ടത് സമീര്‍ തന്നെയാണ്. 250 രൂപ മുതലാണ് ഒരു കാളം ഉണ്ടാക്കാന്‍ ചെലവിടേണ്ടിവരുന്ന തുക. വലിയ ലാഭം പ്രതീക്ഷിച്ചല്ല താന്‍ മെഗാഫോണ്‍ നിര്‍മാണം ആരംഭിച്ചതെന്നു പറയുന്ന സമീര്‍, ചെലവാകുന്ന തുക മാത്രമേ ആവശ്യക്കാരില്‍ നിന്നും ഈടാക്കാറുള്ളൂ. ഫോണ്‍ വഴിയും അല്ലാതെയും ആവശ്യവുമായി എത്തുന്നതില്‍ അധികവും തന്റെ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയായതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ നിര്‍മാണത്തെ കാണാനാണിഷ്ടമെന്നാണ് സമീറിന്റെ പക്ഷം.
കഴിഞ്ഞ നിയമസഭാ-മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ചേര്‍ത്ത് അമ്പതില്‍ത്താഴെ കാളങ്ങളാണ് പണിതീര്‍ത്തു കൊടുത്തതെങ്കില്‍, അതിലുമെത്രയോ അധികമാണ് ഇപ്പോള്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍. ഇന്നലെ വരെ സമീര്‍ പണിഞ്ഞു നല്‍കിയത് 130 കാളങ്ങളാണ്. അതിലുമേറെ ഓര്‍ഡറുകള്‍ ഇനിയും ബാക്കി കിടക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പു പ്രചരണത്തിന് ഇനിയുമേറെ നാളുകളുള്ളതിനാല്‍, അല്പം സമയമെടുത്താലും ആഴ്ചകള്‍ക്കുള്ളില്‍ പണി തീര്‍ത്തു തന്നാല്‍ മതി എന്ന നിര്‍ദ്ദേശത്തോടെയാണ് ഇപ്പോള്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ഇവയിലേറെയും ബൂത്ത് കമ്മറ്റികളില്‍ നിന്നുമുള്ളവയാണ്. പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ, ഓര്‍ഡറുകളിലും വന്‍ വര്‍ദ്ധനവാണ്. നേരത്തേ തകരഷീറ്റിലാണ് മെഗാഫോണ്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍, ഇപ്പോള്‍ സിങ്ക് ഷീറ്റാണ് സമീര്‍ ഉപയോഗിക്കുന്നത്. ഓര്‍ഡറുകള്‍ അധികമായിട്ടും, വിലയില്‍ മാറ്റമില്ലതാനും. ആളുകള്‍ക്ക് കൗതുകം തോന്നിപ്പിക്കുന്ന പുതിയ പ്രചരണരീതികള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തലമുറക്കാര്‍ കാളങ്ങള്‍ തിരഞ്ഞിറങ്ങിയതെന്നുതന്നെയാണ് സമീറിന്റെ പക്ഷം. ‘പഴയ കാലത്തെ കാളം’ അന്വേഷിച്ച് ആളുകളെത്തുന്നത് ഈ കൗതുകത്തിന്റെ ചുവടുപിടിച്ചാവാതിരിക്കാന്‍ തരമില്ലെന്ന് സമീര്‍ പറയുന്നു.
‘മലയോര മേഖലകളില്‍ നിന്നുമാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഇരിട്ടി, മട്ടന്നൂര്‍, മമ്പറം, പിണറായി എന്നീ ഗ്രാമപ്രദേശങ്ങളിലേക്കാണ് ഓര്‍ഡറുകള്‍ കൂടുതലും. ടൗണ്‍ ഭാഗത്തുനിന്നും ആവശ്യക്കാര്‍ താരതമ്യേന കുറവാണ്. ഇവിടെയൊക്കെ വൈകീട്ട് ആറു മണിക്കും ഏഴുമണിക്കും ശേഷം അല്പം ഉയര്‍ന്ന പ്രദേശത്ത് കയറിനിന്ന് കാളം വച്ച് അനൗണ്‍സ് ചെയ്താല്‍, പത്തിരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ വരെ കേള്‍ക്കാം. നിശ്ശബ്ദമായ സമയമായിരിക്കുമല്ലോ. അതുകൊണ്ടാവും ടൗണിനെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ വരുന്നത്. ഒരെണ്ണം ഉണ്ടാക്കാന്‍ നാല്‍പ്പത്തിയഞ്ചു മിനുട്ടു മുതല്‍ ഒരുമണിക്കൂര്‍ വരെ സമയമെടുത്തേക്കാം. ധര്‍മടം ചിറക്കുനിയിലാണ് ഞങ്ങളുടെ വീട്. പണ്ട് ചെറുപ്പകാലത്ത് ഞാന്‍ തന്നെ ഒരു കാളം ഉണ്ടാക്കി അവിടത്തെ ഒരു ക്ലബ്ബിനു കൊടുത്തിരുന്നു. വാപ്പയുടെ പണി കണ്ടു പഠിച്ചു ചെയ്തതാണ്. അതായിരുന്നു എന്റെ ആദ്യത്തെ കാളം. കുറേക്കാലം മുന്‍പ് ക്ലബ്ബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതുവരെ അതവിടെത്തന്നെ ഉണ്ടായിരുന്നു. മെയിന്റനന്‍സും അളവുകളുമൊക്കെ പഠിച്ചത് ഇങ്ങനെ വാപ്പയുടെ പണി നോക്കിയിട്ടാണ്. രണ്ടളവിലാണ് കാളം ഉണ്ടാക്കുക. വലിപ്പം കൂടുന്തോറും എക്കോ അധികം കിട്ടും.’
സിങ്ക് ഷീറ്റുകള്‍ ചേര്‍ത്തുവളച്ച് കാളമുണ്ടാക്കുന്ന സമീര്‍ തിരികെക്കൊണ്ടുവരുന്നത് ഒരു കാലഘട്ടത്തെത്തന്നെയാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തെരഞ്ഞെടുപ്പുകളെ വരവേറ്റിരുന്ന കാളത്തിന്റെ സ്വരവും, കവലകളില്‍ കാളം വച്ച് ഉച്ചത്തില്‍ കേട്ടുകൊണ്ടിരുന്ന വോട്ടഭ്യര്‍ത്ഥനയും ഈ തെരഞ്ഞെടുപ്പുകാലത്ത് തലശ്ശേരിയിലെ നാട്ടിന്‍പുറങ്ങളില്‍ വീണ്ടും കേള്‍ക്കാം. ഇടക്കാലത്ത് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഗാഫോണും മൈക്കു സെറ്റും കളത്തിലിറങ്ങിയപ്പോള്‍ കാണാതായിപ്പോയ കാളങ്ങള്‍ സമീറിലൂടെ വീണ്ടും തിരിച്ചെത്തുമ്പോള്‍, കൗതുകത്തിലുപരി ചരിത്രത്തിലേക്കുള്ള ഒരു സൂചികയായിത്തന്നെ അതിനെ കാണേണ്ടതുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ.ബി. മേനോന്‍ മുതല്‍ ഇരു മുന്നണികളിലും മത്സരിച്ചു ജയിച്ചിട്ടുള്ള കെ.പി. ഉണ്ണികൃഷ്ണന്‍ വരെയുള്ളവര്‍ക്കു വേണ്ടി വടകരയോട് വോട്ടു ചോദിച്ചിട്ടുള്ള കാളങ്ങള്‍ ഇത്തവണ പി.ജയരാജനു വേണ്ടിയും വോട്ടഭ്യര്‍ത്ഥനയുമായിറങ്ങും.
Read: കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര